നിങ്ങളുടെ ഡ്രൈവിംഗ് ശീലങ്ങള്‍ മാറ്റാനുറച്ച് നിതിന്‍ ഗഡ്കരി

നിങ്ങളുടെ ഡ്രൈവിംഗ് ശീലങ്ങള്‍ മാറ്റാനുറച്ച് നിതിന്‍ ഗഡ്കരി

2016 ല്‍ ഓരോ ദിവസവും ശരാശരി 1,317 റോഡ് അപകടങ്ങളിലായി 413 പേരാണ് മരിച്ചത്

ന്യൂ ഡെല്‍ഹി : 2015, 2016 വര്‍ഷങ്ങളില്‍ പത്ത് ലക്ഷം റോഡപകടങ്ങളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഇത്രയും അപകടങ്ങളിലായി മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. സ്റ്റാറ്റിസ്റ്റിക്‌സ് മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, 2016 ല്‍ ഓരോ ദിവസവും ശരാശരി 1,317 റോഡ് അപകടങ്ങളിലായി 413 പേരാണ് മരിച്ചത്. ഡ്രൈവ് ചെയ്യുന്നതിന് ഏറ്റവും അപകടകരമായ റോഡുകള്‍ ഹൈവേകളല്ലെന്ന് റോഡ് ഗതാഗത & ഹൈവേ മന്ത്രാലയത്തിനുകീഴിലെ ഗതാഗത ഗവേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. 34.5 ശതമാനം വാഹനാപകട മരണങ്ങള്‍ ദേശീയ പാതകളിലാണെങ്കില്‍, 27.9 ശതമാനം മരണങ്ങള്‍ സംസ്ഥാന പാതകളിലാണ്. എന്നാല്‍ മറ്റ് പാതകളിലാണ് ഏറ്റവുമധികം വാഹനാപകട മരണങ്ങള്‍ നടക്കുന്നത്. 37.6 ശതമാനം.

2015 നേക്കാള്‍ രൂക്ഷവും കഠോരവുമായിരുന്നു 2016 ലെ വാഹനാപകടങ്ങള്‍. 2015 ല്‍ നൂറ് വാഹനാപകടങ്ങളില്‍ 29.1 മരണങ്ങളാണ് നടന്നതെങ്കില്‍ 2016 ല്‍ ഇത് 31.4 ആയിരുന്നു. ഇന്ത്യന്‍ റോഡുകളിലെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന് നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ഈ കണക്കുകള്‍ വിരല്‍ ചൂണ്ടുന്നത്. നിങ്ങളുടെ ഡ്രൈവിംഗ് രീതികളും ശീലങ്ങളും മാറ്റുന്നതിനും കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനും ശ്രദ്ധേയമായ നടപടികളാണ് കേന്ദ്ര റോഡ് ഗതാഗത & ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി സ്വീകരിക്കുന്നത്.

വാഹന നിര്‍മ്മാതാക്കള്‍ക്കുള്ള നിര്‍ദ്ദേശങ്ങള്‍

കാര്‍ യാത്ര കൂടുതല്‍ സുരക്ഷിതമാക്കുന്ന തീരുമാനങ്ങളാണ് ഗതാഗത മന്ത്രാലയം ഈയിടെ പ്രഖ്യാപിച്ചത്. 2019 ജൂലൈ ഒന്നിനുശേഷം നിര്‍മ്മിക്കുന്ന എല്ലാ കാറുകളിലും എയര്‍ബാഗുകള്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലര്‍ട്ട് സംവിധാനങ്ങള്‍, റിവേഴ്‌സ് പാര്‍ക്കിംഗ് അലര്‍ട്ട്, അടിയന്തര സന്ദര്‍ഭങ്ങളില്‍ സെന്‍ട്രല്‍ ലോക്കിംഗ് സംവിധാനം മറികടന്നുള്ള മാന്വല്‍ ഓവര്‍റൈഡ് എന്നീ സുരക്ഷാ ഫീച്ചറുകള്‍ നിര്‍ബന്ധമാക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. മണിക്കൂറില്‍ 80 കിലോമീറ്ററിലധികം വേഗത്തില്‍ കാറോടിച്ചുതുടങ്ങുമ്പോള്‍ സ്പീഡ് അലാം നിങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിത്തുടങ്ങും.

കഴിഞ്ഞ വര്‍ഷം സംഭവിച്ച 1.51 ലക്ഷം വാഹനാപകട മരണങ്ങളില്‍ 74,000 ഓളം പേര്‍ മരിച്ചത് അമിത വേഗം മൂലമായിരുന്നു. ഇതേതുടര്‍ന്നാണ് പുതിയ കാറുകളില്‍ സ്പീഡ് ഓഡിയോ അലര്‍ട്ട് നിര്‍ബന്ധമാക്കുന്നത്. മണിക്കൂറില്‍ 100 കിലോമീറ്ററിലധികം വേഗത്തില്‍ കാറോടിക്കുകയാണെങ്കില്‍ അലര്‍ട്ട് സംവിധാനം ഉച്ചത്തിലാകും. 120 കിലോമീറ്റര്‍ വേഗം കടന്നാല്‍ അലാം നിര്‍ത്താതെ അടിച്ചുകൊണ്ടിരിക്കും.

നിയമനിര്‍മ്മാണ നടപടികള്‍

ഈ അപകടങ്ങളില്‍ 84 ശതമാനത്തോളം ഡ്രൈവറുടെ പിഴവുകളാല്‍ സംഭവിക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ഡ്രൈവറുടെ തെറ്റുകള്‍ക്ക് വലിയ പിഴ ചുമത്തുന്ന 2014 ലെ റോഡ് ഗതാഗത സുരക്ഷാ ബില്‍ ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൊണ്ടുവന്നതാണ്. എന്നാല്‍ തങ്ങളുടെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണെന്ന് പ്രസ്താവിച്ച് പല സംസ്ഥാന സര്‍ക്കാരുകളും ബില്ലിനെ എതിര്‍ത്തു.

അതേസമയം മോട്ടോര്‍ വാഹന നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം രാജ്യമാകെ ട്രാഫിക് പൊലീസ് ഓഫീസര്‍മാര്‍ രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം വലിയ തോതില്‍ വര്‍ധിച്ചിട്ടുണ്ട്. കര്‍ണ്ണാടക, ഉത്തര്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണത്തില്‍ 20 ശതമാനമാണ് വര്‍ധന. അതേസമയം നിതിന്‍ ഗഡ്കരിയുടെ നടപടികള്‍ ഇവിടംകൊണ്ട് അവസാനിക്കുന്നില്ല.

റോഡ് പ്രോജക്റ്റുകള്‍

മോശം റോഡുകളും വലിയതോതില്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാണ്. ഈയിടെ പ്രഖ്യാപിച്ച ഭാരത്മാല പദ്ധതിയനുസരിച്ച് 34,800 കിലോമീറ്റര്‍ ഹൈവേയാണ് നിര്‍മ്മിക്കുന്നത്. ആകെ ചെലവ് 5.35 ലക്ഷം കോടി രൂപ. റോഡിലെ കുഴികള്‍, സ്പീഡ് ബ്രേക്കറുകള്‍, അറ്റകുറ്റപ്പണി/ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന റോഡുകള്‍ എന്നിവ കാരണമാണ് 2015 ല്‍ 10,727 പേര്‍ മരിച്ചത്. റോഡുകളുടെ ഗുണനിലവാരം വളരെയധികം മെച്ചപ്പടുത്തണമെന്ന് കാര്യത്തില്‍ രണ്ടഭിപ്രായത്തിന് സ്ഥാനമുണ്ടാകില്ലല്ലോ.

ഭാരത്മാല എന്ന വമ്പന്‍ ഹൈവേ പ്രോജക്റ്റ് അനുസരിച്ച് 2022 ഓടെ 6.92 ലക്ഷം കോടി രൂപ ചെലവഴിച്ച് 83,677 കിലോമീറ്റര്‍ നീളം വരുന്ന റോഡുകളാണ് നിര്‍മ്മിക്കുന്നത്. താന്‍ ചുമതലയേറ്റശേഷം രാജ്യത്ത് ദിവസവും ശരാശരി 28 കിലോമീറ്റര്‍ റോഡുകളാണ് നിര്‍മ്മിക്കുന്നതെന്ന് ഗഡ്കരി കഴിഞ്ഞ മാസം അറിയിച്ചിരുന്നു. മുന്‍ സര്‍ക്കാരിന്റെ കാലത്ത് ഇത് രണ്ട് കിലോമീറ്റര്‍ മാത്രമായിരുന്നു. ഉയര്‍ന്ന സുരക്ഷയും മെച്ചപ്പെട്ട ഡ്രൈവിംഗ് അനുഭവവും പുതിയ റോഡുകള്‍ സമ്മാനിക്കും.

കൂടുതല്‍ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് ശ്രദ്ധേയമായ നടപടികളാണ് നിതിന്‍ ഗഡ്കരി സ്വീകരിക്കുന്നത്

ഇലക്ട്രിക് വാഹന രാജ്യം

നിതിന്‍ ഗഡ്കരിയുടെ പ്രധാനപ്പെട്ട പദ്ധതികളിലൊന്ന് ഇലക്ട്രിക് മൊബിലിറ്റിയാണ്. 2030 ഓടെ ഇന്ത്യ സമ്പൂര്‍ണ്ണ ഇലക്ട്രിക് വാഹന രാജ്യമാകണമെന്ന് കേന്ദ്ര സര്‍ക്കാറും നിതിന്‍ ഗഡ്കരിയും ലക്ഷ്യം വെയ്ക്കുന്നു. വാഹന നിര്‍മ്മാതാക്കള്‍ ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറുന്നുവെന്ന് അദ്ദേഹം ഉറപ്പുവരുത്തുന്നുണ്ട്. ഡെല്‍ഹി പോലുള്ള നഗരങ്ങളില്‍ വായു മലിനീകരണം രൂക്ഷവും അപകടകരവുമാണ്. ഇലക്ട്രിക് വാഹനങ്ങള്‍ വ്യാപകമായാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനം 30-40 ശതമാനം കുറയുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്. വായുമലിനീകരണത്തെതുടര്‍ന്നുള്ള മരണങ്ങള്‍ കുറയ്ക്കുകയെന്നതും കേന്ദ്ര സര്‍ക്കാരിന്റെയും ഗഡ്കരിയുടെയും അജണ്ടയാണ്.

Comments

comments

Categories: Auto