നിക്കോ ഹോട്ടല്‍സിന് തുടക്കം

നിക്കോ ഹോട്ടല്‍സിന് തുടക്കം

കൊച്ചി: ഇന്ത്യ-ജപ്പാന്‍ സംയുക്ത സംരംഭമായ ഹിക്കാരി ഹോട്ടല്‍സ് കൊച്ചിയിലെ അവരുടെ ആദ്യ സംരംഭമായ നിക്കോ ഹോട്ടല്‍സിന് തുടക്കമിട്ടു. കടവന്ത്രയില്‍ കെ പി വള്ളോന്‍ റോഡില്‍ 10 കോടി രൂപ നിക്ഷേപത്തില്‍ ആരംഭിച്ച ബിസിനസ് ഹോട്ടല്‍ എറണാകുളം ജില്ലാ കളക്റ്റര്‍ കെ മുഹമ്മദ് വൈ സഫിറുള്ള ഉദ്ഘാടനം ചെയ്തു.

വിവിധ ഘട്ടങ്ങളിലായി കമ്പനി സ്ഥാപിക്കാന്‍ ഉദ്ദേശിക്കുന്ന ഹോട്ടല്‍ ശൃംഖലയിലെ ആദ്യത്തേതാണ് നിക്കോ ഹോട്ടല്‍സെന്ന് ഹിക്കാരി ഹോട്ടല്‍സ് മാനേജിംഗ് ഡയറക്റ്റര്‍ ഡേവിസ് സെബാസ്റ്റ്യന്‍ പറഞ്ഞു. 31 മുറികളുള്ള ഹോട്ടല്‍ കൊച്ചി ആസ്ഥാനമായ ഇന്‍ഡോകോസ്‌മോ ഗ്രൂപ്പും ടോക്കിയോ ആസ്ഥാനമായ ചിയോഡ ബില്‍ഡിംഗ് മാനേജ്‌മെന്റ് കമ്പനിയും തമ്മിലുള്ള 50:50 സംയുക്ത സംരംഭമാണ്.

ശുചിത്വം, സുഖസൗകര്യം, മിതമായ നിരക്ക് എന്നിവയില്‍ കേന്ദ്രീകരിച്ചുള്ള ജപ്പാനിലെ ബിസിനസ് ഹോട്ടല്‍ മാതൃകയിലാണ് നിക്കോ ഹോട്ടല്‍സ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് ഡേവിസ് സെബാസ്റ്റ്യന്‍ പറഞ്ഞു. ഹോട്ടലില്‍ മുറിയെടുക്കുന്നവര്‍ക്ക് അവരുടെ വസ്ത്രങ്ങള്‍ സ്വയം അലക്കാനും തേയ്ക്കാനും സൗകര്യമൊരുക്കുന്ന ലോണ്ടറി റൂം ഇതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു. ജപ്പാന്‍കാര്‍ക്കിടയില്‍ ആയുര്‍വേദം ഏറെ ജനപ്രീതി നേടുന്ന സാഹചര്യത്തില്‍ ഹോട്ടലില്‍ ആയുര്‍വേദ ചികിത്സാ സൗകര്യമൊരുക്കാനും ഉദ്ദേശമുണ്ടെന്നും ഡേവിസ് പറഞ്ഞു.

1988ലാണ് ഡേവിസ് സെബാസ്റ്റ്യന്‍ ആദ്യമായി ജപ്പാന്‍ സന്ദര്‍ശിക്കുന്നത്. തുടര്‍ന്ന് പത്ത് വര്‍ഷത്തോളം ജപ്പാനില്‍ താമസിക്കുകയും ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിരന്തരം യാത്ര ചെയ്യുകയും ചെയ്തു. കൊച്ചിയിലും ടോക്കിയോയിലും പ്രവര്‍ത്തിക്കുന്ന ഇന്‍ഡോകോസ്‌മോ എന്ന ഐടി സ്ഥാപനമാണ് ഗ്രൂപ്പിന്റെ ആദ്യസംരംഭം. ഡേവിസും അദ്ദേഹത്തിന്റെ ജപ്പാന്‍കാരിയായ ഭാര്യ മാമി ഡേവിസും ടൂറിസ്റ്റ് കേന്ദ്രമെന്ന നിലയില്‍ കേരളത്തെ ജപ്പാനില്‍ ഉയര്‍ത്തിക്കാട്ടുന്നതിലും ഏറെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ‘ആദ്യം ഞങ്ങളുടെ ഉല്‍പ്പന്നങ്ങളും സേവനങ്ങളും വില്‍ക്കുന്നതിലായിരുന്നു ശ്രദ്ധ. എന്നാല്‍ പിന്നീട് ഇന്ത്യയില്‍ നിക്ഷേപിക്കുന്നതിന്റെ സാധ്യതകളാണ് ജപ്പാന്‍കാര്‍ക്കു മുന്നില്‍ അവതരിപ്പിച്ചത്. മാമിയുടെ നേതൃത്വത്തിലുള്ള എവര്‍ഗ്രീന്‍ ട്രാവലിന്റെ ആഭിമുഖ്യത്തില്‍ വര്‍ഷംതോറും നൂറിലേറെ ജാപ്പനീസ് ടൂറിസ്റ്റുകളെ കേരളത്തില്‍ കൊണ്ടുവരുന്നുണ്ട്. ഇത് കൂടാതെ ഐടി മേഖലയിലെയും ടൂറിസം രംഗത്തെയും ഞങ്ങളുടെ പരിചയസമ്പത്ത് ഈ ഹോട്ടല്‍ പദ്ധതിക്ക് ഏറെ സഹായകമായി,’ ഡേവിസ് പറഞ്ഞു.

ഡേവിസ് സെബാസ്റ്റ്യന്റെ ഉടമസ്ഥതയിലുള്ള ഇന്‍ഡോകോസ്‌മോ ഗ്രൂപ്പ് സിഎസ്ആര്‍ രംഗത്തും ഏറെ സജീവമാണ്. ട്വിന്നിംഗ് പ്രോഗ്രാമുകള്‍ക്കായി കുസാറ്റിനെയും രാജഗിരി കോളേജിനെയും ജപ്പാനിലെ കുറുമെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സോജോ യൂണിവേഴ്‌സിറ്റി, ഷിമാനെ യൂണിവേഴ്‌സിറ്റി തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധിപ്പിക്കുന്നതിന് ഡേവിസാണ് മുന്‍കൈയ്യെടുത്തത്. ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍കിട പദ്ധതികള്‍ ഉള്‍പ്പെടെ അടുത്തുതന്നെ ഹോട്ടലുകളുടെ ശൃംഖല സ്ഥാപിക്കാനും കമ്പനിക്ക് പദ്ധതിയുണ്ട്.കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുക: www.nikoinn.com, www.indocosmo.com

Comments

comments

Categories: More

Related Articles