ഇന്ത്യയില്‍ വന്‍ നിക്ഷേപ അവസരമെന്ന് മുകേഷ് അംബാനി

ഇന്ത്യയില്‍ വന്‍ നിക്ഷേപ അവസരമെന്ന് മുകേഷ് അംബാനി

ടെലികോം സേവനദാതാക്കള്‍ക്കിടയില്‍ ഇപ്പോഴും സൗഹൃദം തുടരാന്‍ സാധിക്കും

മുംബൈ: ലോകത്ത് ഏറ്റവും നിക്ഷേപ അവസരമുള്ള രാജ്യം ഇന്ത്യയാണെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മൂന്നിരട്ടി വളര്‍ച്ച പ്രാപിക്കുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ആഗോളതലത്തില്‍ ഏറ്റവും മികച്ച നിക്ഷേപ സാധ്യതകളെയാണ് ഇന്ത്യ പ്രതിനിധാനം ചെയ്യുന്നത്. നിലവില്‍ 2.5 ട്രില്ല്യണ്‍ ഡോളറിന്റെ മൂല്യമുള്ള ഇന്ത്യന്‍ സമ്പദ് രംഗം മൂന്നിരട്ടി വളര്‍ച്ച കൈവരിച്ച് ഏഴ് ട്രില്ല്യണ്‍ ഡോളറിലെത്തും- കോര്‍പ്പറേറ്റ് മികവിനുള്ള ഇക്കണോമിക് ടൈംസിന്റെ ബിസിനസ് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വീകരിച്ചുകൊണ്ട് മുകേഷ് അംബാനി പറഞ്ഞു. രണ്ടാം തവണയാണ് ഈ അവാര്‍ഡിന് അദ്ദേഹം അര്‍ഹമാകുന്നത്. 2006ലും അംബാനി ഈ പുരസ്‌കാരം നേടിയിരുന്നു.

വിദേശ രാജ്യങ്ങളില്‍ നിക്ഷേപിക്കുന്ന രീതിയാണ് മുമ്പുണ്ടായിരുന്നത്. വിദേശത്ത് നിക്ഷേപിച്ചില്ലെങ്കില്‍ പലരും ദുഃഖിതരാവുന്നത് പതിവായിരുന്നു. റിലയന്‍സ് ഇന്‍ഡസ്ട്രീസ് 3.5 ലക്ഷം കോടി രൂപ ഇന്ത്യയില്‍ നിക്ഷേപിക്കാന്‍ തീരുമാനിച്ചു. അതിന്റെ ഗുണഫലം കമ്പനിക്ക് ലഭിക്കുകയും ചെയ്തു. നിക്ഷേപത്തില്‍ ഭൂരിഭാഗവും ജിയോ സേവനങ്ങളിലാണുള്ളതെന്നും അംബാനി വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സേവനമാരംഭിച്ച റിലയന്‍സ് ജിയോ ഇന്‍ഫോകോമാണ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ഡാറ്റയും സൗജന്യ കോളുകളും മുന്നില്‍വെച്ചത്. ജിയോയുടെ കടന്നുവരവോടെ പഴയ ടെലികോം കമ്പനികളില്‍ ശത്രുതാ മനോഭാവം വളര്‍ന്നിരുന്നു. എന്നാലിപ്പോള്‍ കമ്പനികളെല്ലാം സൗഹാര്‍ദത്തോടെയാണ് മുന്നോട്ടുപോകുന്നതെന്ന് അംബാനി വെളിപ്പെടുത്തി.

തുറന്നതും സുതാര്യവും ശരിയായ ദിശയിലുള്ളതുമായ നയങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ശക്തമായ നടപടികളിലൂടെ പ്രധാനമന്ത്രിയുടെ വീക്ഷണങ്ങളെ പിന്തുണയ്ക്കുന്നുണ്ട്. നിലവിലെ കമ്പനികളുടെ രോഷപ്രകടനങ്ങള്‍ സഹിക്കാവുന്നതാണ്. ടെലികോം സേവനദാതാക്കള്‍ക്കിടയില്‍ ഇപ്പോഴും സൗഹൃദം തുടരാന്‍ സാധിക്കും -ഭാരതി ഗ്രൂപ്പ് ചെയര്‍മാന്‍ സുനില്‍ മിത്തല്‍, ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍മംഗളം ബിര്‍ള, വോഡഫോണ്‍ ഇന്ത്യ സിഇഒ സുനില്‍ സൂദ് എന്നിവരുള്‍പ്പെട്ട സദസ്സിനെ സാക്ഷിയാക്കി അംബാനി പറഞ്ഞു.

ജിയോയുടെ 140 മില്ല്യണ്‍ ഉപഭോക്താക്കളിലൂടെ ലോകത്തിലെ ഒന്നാം നമ്പര്‍ ഡാറ്റ വിപണിയായി ഇന്ത്യ മാറിക്കഴിഞ്ഞു. ഡിജിറ്റല്‍ സാങ്കേതിക വിദ്യയിലും സാങ്കേതിക മുന്നേറ്റത്തിലും വിശ്വസിക്കുന്ന വ്യക്തിയാണ് ഞാന്‍. നിര്‍ണായകമായ ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ രാജ്യത്തിന് ജിയോ പ്രദാനം ചെയ്യുന്നുണ്ട്. ആഗോള സമ്പദ് വ്യവസ്ഥയില്‍ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യക്കാര്‍ ഒന്നാം നിര പൗരന്മാരാകണം. നിക്ഷേപം ആദ്യം വിദേശത്ത് പിന്നീട് പത്ത് വര്‍ഷം കഴിഞ്ഞ് ഇന്ത്യയില്‍ എന്ന നയത്തിന് കാതലായ മാറ്റം ആവശ്യമാണെന്നും മുകേഷ് അംബാനി നിര്‍ദേശിച്ചു.

Comments

comments

Categories: Business & Economy