പരിസ്ഥിതി സൗഹൃദ എല്‍പിജി ശ്മശാനങ്ങളുമായി കേരള സര്‍ക്കാര്‍

പരിസ്ഥിതി സൗഹൃദ എല്‍പിജി ശ്മശാനങ്ങളുമായി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: നിലവിലുള്ള ഇലക്ട്രിക് പൊതു ശ്മശാനങ്ങളുടെ സ്ഥാനത്ത് കൂടുതല്‍ പരിസ്ഥിതി സൗഹൃദവും ചെലവു കുറഞ്ഞതുമായ എല്‍പിജി ശ്മശാനങ്ങള്‍ ആരംഭിക്കാന്‍ പദ്ധതിയിട്ട് കേരള സര്‍ക്കാര്‍. ഇലക്ട്രിക് ശ്മശാനങ്ങള്‍ ധാരാളം ഊര്‍ജം ഉപയോഗിക്കുന്നതിനാല്‍ ചെലവ് കൂടുതലാണ്. മാത്രമല്ല പവര്‍ വിതരണം തടസപ്പെടുന്ന സമയത്ത് വലിയ ബുദ്ധിമുട്ടാണ് ഉണ്ടാകുന്നത്. ഇക്കാരണത്താലാണ് കൂടുതല്‍ ചെലവു കുറഞ്ഞ പുകശല്യമോ ദുര്‍ഗന്ധമോ ഇല്ലാതെ വേഗത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്യാസ് ശ്മശാനങ്ങള്‍ എന്ന ആശയത്തിലേക്ക് സര്‍ക്കാര്‍ തിരിയുന്നത്.

സംസ്ഥാനത്തെ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ നോഡല്‍ ഏജന്‍സിയായ ശുചിത മിഷനാണ് നിര്‍ദിഷ്ട എല്‍പിജി ഉപയോഗിച്ചുള്ള ശ്മശാനം രൂപകല്‍പ്പന ചെയ്യുന്നതും പദ്ധതിക്കുള്ള സാങ്കേതിക പിന്തുണ നല്‍കുന്നതും. കിഫ്ബിയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുകകയെന്നും സര്‍ക്കാര്‍ പദ്ധതിക്കായി 110 കോടി രൂപ അനുവദിച്ചതായും ശുചിത്വ മിഷന്‍ ഡയറക്റ്റര്‍ സി വി ജോയ് അറിയിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപന തലത്തില്‍ ആരംഭിക്കുന്ന എല്‍പിജി ശ്മശാനങ്ങള്‍ക്കായി 15 അനുയോജ്യമായ സ്ഥലങ്ങള്‍ ഇതിനകം കണ്ടെത്തിക്കഴിഞ്ഞു. കുറഞ്ഞത് 200 സ്ഥലങ്ങളിലെങ്കിലും പദ്ധതി നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നത്. ശ്മശാനങ്ങളോട് ചേര്‍ന്ന് പുന്തോട്ടം നിര്‍മിക്കാനും പദ്ധതിയുണ്ട്.

Comments

comments

Categories: More