അടിസ്ഥാന സൗകര്യ മേഖല: ഇന്ത്യക്ക് 50 ലക്ഷം കോടിയുടെ നിക്ഷേപം ആവശ്യം- ക്രിസില്‍

അടിസ്ഥാന സൗകര്യ മേഖല: ഇന്ത്യക്ക് 50 ലക്ഷം കോടിയുടെ നിക്ഷേപം ആവശ്യം- ക്രിസില്‍

കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 24 ലക്ഷം കോടി രൂപ ചെലവഴിച്ചു

ന്യൂഡെല്‍ഹി: അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ പശ്ചാത്തല സൗകര്യ വികസന മേഖല 50 ലക്ഷം കോടി രൂപയുടെ നിക്ഷേപം കണ്ടെത്തണമെന്ന് ഗവേഷണ സ്ഥാപനമായ ക്രിസിലിന്റെ റിപ്പോര്‍ട്ട്. ഇതില്‍ മൂന്നില്‍ നാല് ഭാഗവും കവരുക വൈദ്യുതി, ഗതാഗത, നഗര വിഭാഗങ്ങളായിരിക്കുമെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

2013-17 സാമ്പത്തിക വര്‍ഷം വരെയുള്ള കാലയളവില്‍ പശ്ചാത്തല സൗകര്യ വികസന രംഗത്തെ നിക്ഷേപം 37 ലക്ഷം കോടി രൂപയായി ഉയരും. ജിഡിപിയുടെ 5.6 ശതമാനവും ഇതു കവരും. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ 24 ലക്ഷം കോടി രൂപ ചെലവഴിച്ച ഈ മേഖലയില്‍ 56 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. 2022 വരെയുള്ള സാമ്പത്തിക വര്‍ഷങ്ങളില്‍ അടിസ്ഥാന സൗകര്യവികസനത്തിനായുള്ള ചെലവിടല്‍ 50 ലക്ഷം കോടി രൂപയായി വര്‍ധിപ്പിക്കണമെന്ന് കരുതുന്നു. ഏഴ് ശതമാനം വാര്‍ഷിക ജിഡിപി വളര്‍ച്ചയും ഡിജിപിയുടെ 5.5 ശതമാനത്തിന് തുല്യമായ അടിസ്ഥാന സൗകര്യമേഖലയിലെ നിക്ഷേപങ്ങളും 2019 സാമ്പത്തിക വര്‍ഷത്തിന് ശേഷം സ്വകാര്യ മേഖലയിലെ നിക്ഷേപങ്ങളിലുണ്ടാകുന്ന വര്‍ധനവും പരിഗണിച്ചാണ് ഈ കണക്കുകൂട്ടലുകള്‍-ക്രിസില്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഇയര്‍ബുക്ക് 2017 വ്യക്തമാക്കി. സ്വകാര്യ നിക്ഷേപത്തിലുണ്ടായ വന്‍ ഇടിവും സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സ്ഥിതി ദുര്‍ബലപ്പെട്ടതും മൂലം 2016, 2017 ധനകാര്യ വര്‍ഷങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ചെലവിടലില്‍ ഭാഗികമായി കുറവ് വന്നിട്ടുണ്ടെന്ന് ഇയര്‍ബുക്ക് വിലയിരുത്തി.

ദുബായ് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന രണ്ട് കമ്പനികളുമായി കഴിഞ്ഞയാഴ്ച ആന്ധ്ര പ്രദേശ് സര്‍ക്കാര്‍ രണ്ട് സുപ്രധാന കരാറുകളില്‍ ഒപ്പു വെച്ചിരുന്നു. ഈ കരാറുകളിലൂടെ 7.5 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം ആന്ധ്രയിലെത്തും. എയറോ സിറ്റി ഹബ്ബ് സ്ഥാപിക്കുന്നതിന് ഏവിയേഷന്‍ സിറ്റി എല്‍എല്‍പിയുമായി 5.5 ബില്ല്യണ്‍ ഡോളറിന്റെ കരാറിലാണ് എപി ഇക്കണോമിക് ഡെവലപ്‌മെന്റ് ബോര്‍ഡ് (ഇഡിബി) ഒപ്പുവെച്ചത്. ഇത് കൂടാതെ, ബിന്‍ സയിദ് ഗ്രൂപ്പുമായി രണ്ട് ബില്ല്യണ്‍ ഡോളറിന്റെ ധാരാണാപത്രത്തിലും ബോര്‍ഡ് ഒപ്പുവെച്ചിട്ടുണ്ട്. വിവിധ ബിസിനസ് വിഭാഗങ്ങളിലായി 3551 കോടി രൂപ മൂല്യമുള്ള ഓര്‍ഡറുകള്‍ ലഭിച്ചതായി മുന്‍നിര എന്‍ജിനീയറിംഗ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ലാര്‍സണ്‍ & ടൗബ്രോ ബിഎസ്ഇ ഫൈലിംഗില്‍ കഴിഞ്ഞയാഴ്ച അറിയിച്ചിരുന്നു.

Comments

comments

Categories: Business & Economy