കുറ്റകൃത്യങ്ങളെ നേരിടാന്‍ ഫ്യൂച്ചര്‍ പൊലീസിംഗ്

കുറ്റകൃത്യങ്ങളെ നേരിടാന്‍ ഫ്യൂച്ചര്‍ പൊലീസിംഗ്

പുതുതലമുറയിലെ കുറ്റവാളികള്‍ അതിവിദഗ്ധന്മാരാണ്. പൊലീസിനോടും അന്വേഷണ ഏജന്‍സികളോടും കിടപിടിക്കാന്‍ പ്രാപ്തിയുള്ളവരാണ് അവര്‍. ഇത്തരക്കാരെ നേരിടാന്‍ വൈദഗ്ധ്യം സിദ്ധിച്ചവരെയാണ് അന്വേഷണ ഏജന്‍സികള്‍ക്കും ആവശ്യം. ആഗോളതലത്തില്‍ ഗവേഷണം പുരോഗമിക്കുകയാണ്. ടെക്‌നോളജിയുടെ വികാസം കുറ്റാന്വേഷണ ഏജന്‍സികളെ പുതുവഴികളിലൂടെ സഞ്ചരിക്കാന്‍ പ്രാപ്തമാക്കുകയും ചെയ്തിരിക്കുന്നു.

ടെക്‌നോളജിയുടെ മുന്നേറ്റത്തോടെ കുറ്റകൃത്യങ്ങളുടെ സ്വഭാവവും മാറി വരികയാണ്. ബസിലെ പോക്കറ്റടിക്കാരെയും അതുമല്ലെങ്കില്‍ നാട്ടിന്‍പുറങ്ങളിലെ കോഴി കള്ളന്മാരേയും പിടികൂടാന്‍ അവലംബിച്ചിരുന്ന രീതിയല്ല ഇന്നു സൈബര്‍ കുറ്റകൃത്യങ്ങളെ നേരിടാനായി പിന്തുടരേണ്ടത്. ആധുനിക ലോകത്തില്‍ അരങ്ങേറുന്ന ഹൈടെക്ക് കുറ്റകൃത്യങ്ങളെ നേരിടാന്‍ പര്യാപ്തമായിരിക്കണം കുറ്റാന്വേഷണ രീതികളുമെന്നു ബോദ്ധ്യപ്പെട്ടിരിക്കുന്നു. ക്രിമിനോളജി, ഫൊറന്‍സിക് രംഗത്ത് വിപ്ലകരമായ പുരോഗതി നടക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രവചനാത്മക പൊലീസിംഗ്, മൈക്രോബിയല്‍ ഫിംഗര്‍ പ്രിന്റിംഗ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഡിക്റ്റടീവ് തുടങ്ങിയ സംവിധാനങ്ങളെ വികസിപ്പിച്ചിരിക്കുന്നു. ഇവ ഉപയോഗപ്പെടുത്തിയായിരിക്കും കുറ്റകൃത്യങ്ങളെ ഭാവിയില്‍ നേരിടാന്‍ പോകുന്നത്.

പ്രവചനാത്മക പൊലീസിംഗ് (predictive policing)

സംഭവിക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങളെ മുന്‍കൂട്ടി അറിയുന്നതിനു വേണ്ടി സംഖ്യാശാസ്ത്രത്തെയും, വിശകലന ടെക്‌നിക്കുകളെയും പ്രവചനസ്വഭാവ രീതികളെയും ഉപയോഗിച്ചു നീതി നിര്‍വഹണം നടത്തുന്ന പ്രക്രിയയെയാണ് പ്രിഡിക്ടീവ് പൊലീസിംഗ് എന്നു പറയുന്നത്. ഈ രീതിക്ക് പൊതുവായി നാല് വിഭാഗങ്ങളുണ്ട്.
1) കുറ്റകൃത്യങ്ങള്‍ പ്രവചിക്കുന്നതിനുള്ള രീതി
2) കുറ്റവാളികളെ പ്രവചിക്കുന്നതിനുള്ള രീതി
3) കുറ്റവാളികളെ തിരിച്ചറിയാന്‍ കഴിയുന്ന രീതി
4) കുറ്റകൃത്യത്തിന്റെ ഇരകളെ പ്രവചിക്കാന്‍ കഴിയുന്ന രീതി

ടെക്‌നോളജിയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളെ തടയാന്‍ സാധിക്കുന്നതാണ് പ്രിഡിക്ടീവ് പൊലീസിംഗ്. ഒരു ക്രൈം ചെയ്യാന്‍ തുടക്കമിടുന്നതിനു മുന്‍പ് അതിനെ തടയാന്‍ സാധിക്കുന്ന ഈ സംവിധാനത്തെ വിപ്ലകരമായ ഇന്നൊവേഷന്‍ എന്നാണു പൊതുവേ വിശേഷിപ്പിക്കുന്നത്. ഇതിന്റെ വിജയം വിവിധ പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റുകളുടെ സഹകരണത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും. യുഎസില്‍ കാലിഫോര്‍ണിയ, വാഷിംഗ്ടണ്‍, ദക്ഷിണ കരോലിന, അരിസോണ, ടെന്നിസി, ഇല്ലിനോയ്‌സ് തുടങ്ങിയ പ്രവിശ്യകളില്‍ പ്രിഡിക്ടീവ് പൊലീസിംഗ് നടപ്പിലാക്കിയിട്ടുണ്ട്. പ്രിഡിക്ടീവ് പൊലീസിംഗില്‍ മുന്‍കാല കുറ്റകൃത്യങ്ങളുടെ സ്വഭാവം, സ്ഥലം, സമയം തുടങ്ങിയ ഡേറ്റകളാണ് പ്രധാനമായും ഉപയോഗിക്കുക. ഇവയായിരിക്കും ഭാവിയില്‍ നടക്കാന്‍ സാധ്യതയുള്ള കുറ്റകൃത്യങ്ങളെ തടയാന്‍ പൊലീസിനെ സഹായിക്കുക. ഈ ഡേറ്റകളായിരിക്കും എവിടെ, എപ്പോഴൊക്കെ എത്ര തവണ പട്രോളിംഗ് നടത്തണമെന്നു സേനയ്ക്കു മുന്നറിയിപ്പ് നല്‍കുന്നതും.

സൂക്ഷ്മാണു സംബന്ധിയായ കൈവിരലടയാളം (microbial finger printing)

ഓരോ മണിക്കൂറും നമ്മളുടെ ശരീരം കുറഞ്ഞത് 30 മില്യന്‍ (മൂന്ന് കോടി) അണുക്കളുടെ കോശങ്ങളെ ( bacterial cells) അന്തരീക്ഷത്തിലേക്കു പരത്തുന്നുണ്ട്. ഇത്തരത്തില്‍ വായുവില്‍ പ്രവേശിക്കുന്ന ബാക്ടീരിയ ഏതെങ്കിലും വസ്തുവില്‍, ഉദാഹരണമായി ഫര്‍ണിച്ചര്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയവയില്‍ പറ്റിചേരും. സൂക്ഷ്മാണു വ്യവസ്ഥയും നമ്മളുടെ ശരീരത്തിലുള്ള സൂക്ഷ്മാണുവും സമാനതകളില്ലാത്തവയായിരിക്കും. ഒരു കുറ്റവാളിയെ കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്നും ശേഖരിച്ച ബാക്ടീരിയയുടെ അടയാളം വച്ചു കണ്ടെത്താന്‍ സാധിക്കും. കുറ്റകൃത്യം നടന്ന സ്ഥലത്ത് അഥവാ അന്തരീക്ഷത്തില്‍ കുറ്റവാളിയുടെ ശരീരം അവശേഷിപ്പിച്ച ബാക്ടീരിയകളുടെ സാന്നിധ്യം തീര്‍ച്ചയായും ഉണ്ടാകും. ഇത് കുറ്റവാളിയെ കണ്ടെത്താനുള്ള നിര്‍ണായക തെളിവായി ഉപയോഗപ്പെടും. കുറ്റകൃത്യം നടന്ന് നാല് മണിക്കൂറിനു ശേഷം പോലും ഈ അന്തരീക്ഷത്തില്‍ ബാക്ടീരിയകളുടെ സാന്നിധ്യമുണ്ടാകുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്.

കൃത്രിമബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന കുറ്റാന്വേഷകന്‍….(AI detective)

നമ്മളില്‍ ഭൂരിഭാഗം പേരും വായിച്ചിട്ടുണ്ടാകും കുറ്റാന്വേഷകനായ ഷെര്‍ലക് ഹോംസിനെ. അനശ്വരനായ ഹോംസിന്റെ കുറ്റാന്വേഷണ ശൈലി ഉപയോഗിച്ച് എത്രയോ വലിയ പ്രമാദമായ കേസുകള്‍ തെളിയിച്ചിരിക്കുന്നു. സാഹിത്യസൃഷ്ടിയായ ഹോംസിനെ പോലെ ടെക്‌നോളജിയില്‍ ഒരു പുതിയ കുറ്റാന്വേഷകനെ രൂപപ്പെടുത്തിയിരിക്കുകയാണ്. പേര് വാല്‍ക്രി ( visual analytics for sense-making in criminal intelligence – VALCRI ) എന്നാണ്. ഒരു കുറ്റകൃത്യം നടന്നു കഴിഞ്ഞാല്‍, നിമിഷ നേരങ്ങള്‍ക്കുള്ളില്‍ തന്നെ ദശലക്ഷക്കണക്കിനു വരുന്ന പൊലീസ് രേഖകള്‍ പരിശോധിച്ചു വിവിധ കുറ്റകൃത്യങ്ങളെ ബന്ധപ്പെടുത്തുന്ന തുമ്പുകള്‍, തിരിച്ചറിയാന്‍ സഹായിക്കുന്ന മറ്റു വിവരങ്ങള്‍ തുടങ്ങിയവ ലഭ്യമാക്കുന്ന ആധുനിക സാങ്കേതികവിദ്യയാണു വാല്‍ക്രി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് വാല്‍ക്രി പ്രവര്‍ത്തിക്കുന്നത്. വാല്‍ക്രി എന്ന സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പണം ചെലവഴിക്കുന്നത് യൂറോപ്യന്‍ യൂണിയനാണ്. ഇതിന് നേതൃത്വം നല്‍കുന്നത് ലണ്ടനിലെ മിഡില്‍സെക്‌സ് സര്‍വകലാശാലയിലെ പ്രഫസര്‍ വില്യം വോങ്ങുമാണ്. നിലവില്‍ വാല്‍ക്രിയെ ഇംഗ്ലണ്ടിലുള്ള വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെയും ബെല്‍ജിയത്തെ ആന്റ്‌വെര്‍പിലുള്ള പൊലീസും പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.

സുപ്രധാന തെളിവായ മുടിയിഴകള്‍

വെസ്റ്റ് വിര്‍ജീനിയ സര്‍വകലാശാലയിലെ ഡോ. ഗ്ലെന്‍ ജാക്‌സന് ഒരു മുടിയിഴ നല്‍കിയാല്‍ അദ്ദേഹം നമ്മളുടെ പ്രായം, ലിംഗം എന്നിവ കൃത്യമായി പറയും. മാത്രമല്ല, നമ്മള്‍ വ്യായാമം ചെയ്യാറുണ്ടോയെന്നും നമ്മള്‍ എന്തൊക്കെ ഭക്ഷണമാണു കഴിക്കുന്നതെന്നും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ പറഞ്ഞു തരും. കുറ്റാന്വേഷണത്തില്‍ മുടിയിഴ നിര്‍ണായക തെളിവാണ്.

ജനറ്റിക് മഗ് ഷോട്ടുകള്‍….(genetic mugshots)

പൊലീസ് രേഖകളില്‍ സൂക്ഷിച്ചുവെക്കുന്ന കുറ്റവാളിയുടെ ഫോട്ടോകളാണു മഗ് ഷോട്ടുകള്‍. ഓരോ കുറ്റകൃത്യവും അരങ്ങേറുമ്പോള്‍ കുറ്റവാളികളെ തിരിച്ചറിയാന്‍ ഈ മഗ് ഷോട്ടുകളുടെ സഹായമാണു സാധാരണയായി അന്വേഷണ ഉദ്യോഗസ്ഥര്‍ തേടുന്നത്. എന്നാല്‍ ഇനി മുതല്‍ മഗ് ഷോട്ടുകള്‍ തേടി നടക്കേണ്ടി വരില്ല. പകരം സംഭവസ്ഥലത്തുനിന്നും ശേഖരിക്കുന്ന ഒരു തുള്ളി രക്തം മതിയാകും കുറ്റവാളിയെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാകാന്‍. എങ്ങനെയാണു ജീനുകള്‍ നമ്മളുടെ മുഖഭാവത്തെ രൂപപ്പെടുത്തുന്നതെന്നു തെളിയിക്കുന്ന ഗവേഷണത്തിലേര്‍പ്പെട്ടിരിക്കുകയാണു ശാസ്ത്രജ്ഞര്‍. ഈ ഗവേഷണം വിജയകരമാവുകയാണെങ്കില്‍ ഒരു ഡിഎന്‍എ സാംപിളില്‍നിന്നും ഒരു വ്യക്തിയുടെ മുഖം വീണ്ടും സൃഷ്ടിച്ചെടുക്കാന്‍ സാധിക്കും.

ഓഗ്‌മെന്റഡ് ക്രൈം സീന്‍

പോക്കിമോന്‍ ഗോ എന്ന മൊബൈല്‍ ഗെയിം കളിച്ചിട്ടുള്ളവര്‍ക്ക് അറിയാന്‍ സാധിക്കും ഓഗ്‌മെന്റഡ് റിയല്‍റ്റി (പ്രതീതി യാഥാര്‍ഥ്യം) എന്ന പുതിയ സാങ്കേതികവിദ്യ എത്രമാത്രം രസകരമാണ് വാഗ്ദാനം ചെയ്യുന്നതെന്ന്. എന്നാല്‍ ഡച്ച് പൊലീസ് ഓഗ്‌മെന്റഡ് റിയല്‍റ്റിയെ ഫണ്ണിനു വേണ്ടിയല്ല, വളരെ ഗൗരവകരമായൊരു കാര്യത്തിനു വേണ്ടി പ്രയോജനപ്പെടുത്താന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഒരു കുറ്റകൃത്യം സംഭവിച്ചു കഴിഞ്ഞാല്‍ അന്വേഷണ ഉദ്യോഗസ്ഥന്മാര്‍ക്ക് അധികം താമസിയാതെ തന്നെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിക്കേണ്ടതുണ്ട്. ഈ തെളിവുകള്‍ മലിനമാകുന്നതിനു മുന്‍പു തന്നെ ശേഖരിക്കുകയും വേണം. ഇത്തരത്തില്‍ ഓഗ്‌മെന്റഡ് റിയല്‍റ്റി പ്രകാരം, ഒരു കുറ്റകൃത്യം സംഭവിച്ച സ്ഥലത്തെത്തുന്ന അന്വേഷണ ഉദ്യോഗസ്ഥന്‍ ശരീരത്തില്‍ കാമറ ധരിക്കും. ഈ കാമറയിലൂടെ ദൂരെയിരിക്കുന്ന ഫൊറന്‍സിക് വിദഗ്ധനു വീഡിയോ സ്ട്രീം ചെയ്യും. ഇങ്ങനെ ദൃശ്യങ്ങള്‍ വീക്ഷിക്കുന്ന ഫൊറന്‍സിക് വിദഗ്ധന്‍, ക്രൈം സീനിനെ കുറിച്ചു വെര്‍ച്വലായി സ്മാര്‍ട്ട്‌ഫോണിന്റെ സഹായത്തോടെയോ തലയില്‍ വയ്ക്കുന്ന ഹെഡ് ഫോണ്‍ പോലുള്ള ഡിവൈസിന്റെ സഹായത്തോടെയോ വിശദീകരിക്കും. അതിലൂടെ സംഭവസ്ഥലത്തുള്ള ഉദ്യോഗസ്ഥനു തെളിവുകള്‍ നന്നായി രേഖപ്പെടുത്താന്‍ സാധിക്കും. അതോടൊപ്പം സാംപിളുകളും ശേഖരിക്കാനാവും.

Comments

comments

Categories: FK Special, Slider