ഡിജിറ്റല്‍ ഇന്ത്യ: വേണ്ടത് അന്താരാഷ്ട്ര നിലവാരം

ഡിജിറ്റല്‍ ഇന്ത്യ: വേണ്ടത് അന്താരാഷ്ട്ര നിലവാരം

റിലയന്‍സ് ജിയോ കടന്നുവന്നതോടെ നിരക്കില്‍ വന്‍ കുറവും ഡാറ്റ ലഭ്യതയില്‍ കുത്തനെയുള്ള വര്‍ധനവും ഉണ്ടായത് ഉപഭോക്താക്കള്‍ക്ക് ലഭിച്ച വലിയ നേട്ടം തന്നെ

രാജ്യത്ത് ആദ്യമായി സെല്ലുലാര്‍ ഫോണ്‍ സേവനത്തിനുള്ള ലൈസന്‍സ് അനുവദിച്ചിട്ട് 2018ല്‍ കാല്‍ നൂറ്റാണ്ട് തികയാന്‍ പോകുകയാണ്. രാജ്യം ഡിജിറ്റല്‍ ഇന്ത്യയിലേക്ക് കുതിക്കുമ്പോള്‍ സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംസ്ഥാനമാകാനൊരുങ്ങുകയാണ് കേരളം.

സാമ്പത്തിക പുരോഗതിക്ക് ഐ സി ടി

സാമ്പത്തിക രംഗത്തും ജനങ്ങളുടെ ജീവിതരീതിയിലും കേരളമടക്കം രാജ്യത്ത് പൊതുവേ പലതരം പരിവര്‍ത്തനങ്ങള്‍ സൃഷ്ടിക്കുവാന്‍ ഐ സി ടി അഥവാ ഇന്‍ഫൊര്‍മേഷന്‍ ആന്‍ഡ് കമ്യൂണിക്കേഷന്‍ ടെക്‌നോളജിയുടെ, പ്രത്യേകിച്ച് ടെലികോം മേഖലയുടെ, സംഭാവനകള്‍ക്കു കഴിഞ്ഞിട്ടുണ്ട്.
ഇന്ത്യന്‍ ടെലികോം രംഗം കാതലായ വികസനങ്ങള്‍ക്കു തുടക്കം കുറിച്ച കാലത്തു തന്നെ ആ മേഖലയില്‍ സജീവമായിരിക്കാന്‍ കഴിഞ്ഞത് എനിക്ക് ഒരു ഗൃഹാതുര സ്മരണയാണ്. ഇന്ന് ടെലികോം, ഐ സി ടി മേഖലകള്‍ ശതകോടിയില്‍പ്പരം ഭാരതീയരെ ഒരുമിപ്പിച്ചുകൊണ്ട് രാജ്യത്ത് വലിയൊരു പരിവര്‍ത്തനം തന്നെ യാഥാര്‍ത്ഥ്യമാക്കുകയാണ്. കോടിക്കണക്കിനു ഡോളര്‍ നിക്ഷേപവും ദശലക്ഷക്കണക്കിനു തൊഴിലവസരങ്ങളും സര്‍ക്കാരിനു വന്‍തോതില്‍ വരുമാനവും പ്രദാനം ചെയ്യുന്ന മേഖലകളാണിവ രണ്ടും. മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തിന്റെ 6.5 ശതമാനം നല്‍കുന്ന പ്രസ്തുത മേഖലകള്‍ സാമ്പത്തിക വളര്‍ച്ചയിലേക്കുള്ള പ്രമുഖ മാര്‍ഗവുമാണ്. എന്നാല്‍ ഇന്ത്യന്‍ ടെലികോം രംഗത്തിന്റെ ചരിത്രത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ചില തെറ്റുകള്‍ നല്‍കുന്ന പാഠങ്ങള്‍ നമ്മള്‍ വേണ്ടവിധം ഉള്‍ക്കൊള്ളുന്നുണ്ടോ എന്നതാണ് പ്രധാനം.

സമീപകാലത്തായി ഈ രംഗത്ത് അര്‍ത്ഥസമ്പുഷ്ടങ്ങളായ ചില സംയോജനങ്ങള്‍ അരങ്ങേറുന്നത് വലിയ സന്തോഷം നല്‍കുന്നു. നിലനില്‍പ്പിനായി പെടാപ്പാടു പെടുന്ന ടാറ്റ സെല്ലുലാറിനെ സ്വന്തമാക്കാനാണ് എയര്‍ടെല്ലിന്റെ ശ്രമം. അതേസമയം, റിലയന്‍സ് കമ്യൂണിക്കേഷന്‍സിന് സ്വന്തം സ്ഥാനം നിലനിര്‍ത്താനുള്ള വ്യഗ്രതയും. റിലയന്‍സും ടാറ്റയും സി ഡി എം എ വ്യവസായത്തില്‍ അമ്പേ പരാജയപ്പെട്ടതും 2001ല്‍ ടെലികോം മേഖലയിലേക്ക് ഇരുവരും നടത്തിയ വിവാദ പ്രവേശനവും വ്യവസായ ഭീമന്മാര്‍ തമ്മിലുള്ള അവസാന പോരാട്ടമായി. കുത്തക കമ്പനികളും അവരുടെ സ്വാധീനത്തിന് വിധേയമായ നിയന്ത്രണ കേന്ദ്രങ്ങളും ചേര്‍ന്ന് ഡബ്ല്യു എല്‍ എല്‍ കുംഭകോണമെന്ന വലിയ അപഖ്യാതി രാജ്യത്തിന് വരുത്തിവച്ചുകൊണ്ടാണല്ലോ കിടമല്‍സരത്തിന്റെ ആ അധ്യായം അവസാനിച്ചത്.
ഇപ്പോള്‍ ഐഡിയയും വോഡഫോണും തമ്മില്‍ ചേരുമ്പോള്‍ ആഗോള ടെലികോം കമ്പനിയും ഇന്ത്യന്‍ കുത്തകയും കൂടിച്ചേര്‍ന്ന് പഴയ അങ്കത്തിന്റെ തനിയാവര്‍ത്തനമാണ് സൃഷ്ടിക്കുന്നത്. വിപണിയിലെ മല്‍സരവും ഉല്‍പ്പന്നങ്ങളുടെ വൈവിധ്യവും ഇല്ലാതാക്കുന്ന കമ്പനികളുടെ ഇത്തരം കൂടിച്ചേരലുകള്‍ ഉപഭോക്താക്കള്‍ക്ക് വലിയ വെല്ലുവിളിയാവും. മല്‍സരം കുറയുമ്പോള്‍ വില വര്‍ധിക്കും. കഴിഞ്ഞ കാല്‍നൂറ്റാണ്ടുകാലം നാം പഠിക്കാന്‍ വിട്ടുപോയ പാഠങ്ങള്‍ക്ക് ഇനി വലിയ വില നല്‍കേണ്ടിവരുമെന്നുറപ്പ്.

ഇന്ത്യന്‍ ഐ സി ടി, സാങ്കേതിക മേഖലകള്‍ ഇപ്പോള്‍ ഒരു സന്നിഗ്ദ്ധഘട്ടത്തിലാണ്. പുതുമയും സംരംഭകത്വവും ഉപഭോക്താക്കളുടെ ആവശ്യങ്ങളുമൊക്കെ ഉത്തരോത്തരം വളരുകയുമാണ്. പക്ഷേ, ഇതെല്ലാം നിയന്ത്രിക്കാനും നിലയ്ക്കു നിര്‍ത്താനും ആവശ്യമായ നിയമങ്ങളും നയങ്ങളും ആവിഷ്‌കരിക്കുന്നതില്‍ രാജ്യം ഏറെ പിന്നിലാണ്.
സാങ്കേതിക വിഹായസിലെ സ്പന്ദനങ്ങള്‍ തിരിച്ചറിയാത്ത ഉദ്യോഗസ്ഥ മേധാവിത്വത്തിന് ഇപ്പോഴും കടുംപിടിത്തമാണ്. വരും ദശകത്തില്‍ ലോകത്തിലെ പുത്തന്‍ സാങ്കേതികവിദ്യകളുടെ സൂപ്പര്‍പവര്‍ ആകാനുള്ള സാധ്യതകളെല്ലാം ഭാരതത്തിനു മുന്നിലുണ്ട.് ടെലികോമും ഐ സി ടിയും ഭാരതത്തിന്റെ ഭാവി നിര്‍ണ്ണയിക്കാന്‍ കെല്‍പ്പുള്ള മേഖലകളാണ് എന്നിരിക്കിലും ഇതൊക്കെ സാധ്യമാകണമെങ്കില്‍ ഇനിയും പഠിക്കാതെ പോയ ചില പാഠങ്ങള്‍ നാം പഠിച്ചേ തീരൂ. അതിന് ലോകനിലവാരമുള്ള നയങ്ങളും സ്ഥാപനങ്ങളും നിര്‍മിക്കേണ്ടത് അനിവാര്യമായിരിക്കുന്നു.

ട്രായ്ക്ക് ലോകനിലവാരം അനിവാര്യം

ട്രായ് അഥവാ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്‍ഡ്യ, കമ്യൂണിക്കേഷന്‍ മന്ത്രാലയം, ഇലക്‌ട്രോണിക്‌സ്, വിവരസാങ്കേതികവിദ്യാ മന്ത്രാലയം എന്നിവയാണ് മേഖലയിലെ നയരൂപീകരണ ചുമതലയുള്ള മൂന്ന് സ്ഥാപനങ്ങള്‍. ഇവ മൂന്നിന്റെയും ശൈലിയും ഘടനയും ശേഷിയും ഉടച്ചുവാര്‍ക്കണം. ഇന്റര്‍നെറ്റും ടെലികോമും ഭരിക്കേണ്ടത് രണ്ട് വ്യത്യസ്ത മന്ത്രാലയങ്ങളല്ല. ഐ ടി, ടെലികോം മന്ത്രാലയങ്ങളെ സംയോജിപ്പിക്കണം. ഒഴിവാക്കാനാവില്ലെങ്കില്‍ ഇലക്‌ട്രോണിക്‌സ് ഉല്‍പ്പാദനത്തിന്റെ ചുമതലയ്ക്കായി ഒരു പ്രത്യേക മന്ത്രാലയം ആകാം. നിയന്ത്രണാധികാരം കൈയേറ്റിരിക്കുന്ന സ്ഥാപനങ്ങളുടെയും നിയമ നിര്‍മാണ കേന്ദ്രങ്ങളുടെയും പങ്കെന്താണെന്നതു സംബന്ധിച്ച് ഇപ്പോഴും വലിയ അവ്യക്തതയുണ്ട്. നേരിട്ടുള്ള വിദേശ നിക്ഷേപം, സ്വകാര്യത തുടങ്ങിയ പ്രശ്‌നങ്ങള്‍ വരുമ്പോള്‍ നിയന്ത്രണ സ്ഥാപനങ്ങള്‍ നേരെ ചെന്ന് മന്ത്രാലയവുമായി ചര്‍ച്ച ചെയ്യുന്നതു പോലുള്ള വൈചിത്ര്യങ്ങള്‍ നിലവിലുള്ള ആശയക്കുഴപ്പത്തിന്റെ പ്രത്യക്ഷോദാഹരണങ്ങളാണ്.

വിപണിയില്‍ ആരോഗ്യകരമായ മല്‍സരം സൃഷ്ടിക്കുന്നതില്‍പ്പോലും ഈ ത്രിമൂര്‍ത്തികള്‍ക്ക് അടിപതറുന്നു. സേവനങ്ങള്‍, ഉല്‍പ്പന്നങ്ങള്‍ എന്നിവയുടെ പുതുമയും വിലയുമൊക്കെ മല്‍സരവിധേയമാകുമ്പോള്‍ മാത്രമെ ഉപഭോക്താക്കള്‍ക്ക് ഗുണമുണ്ടാവുകയുള്ളു എന്ന വാദം ഞാന്‍ ആവര്‍ത്തിക്കുകയാണ്. റിലയന്‍സ് ജിയോയുടെ കാര്യം തന്നെ നോക്കുക. ഒരു പരീക്ഷണമാണെന്നായിരുന്നു ജിയോയെക്കുറിച്ചുണ്ടായ ആദ്യ വിവാദം. എന്നാല്‍ പിന്നീട് 2016 ജൂണിലെ 154 എം ബി ഡാറ്റ ഉപയോഗം എന്നത് ആറര മടങ്ങ് വര്‍ധിച്ച് 2017 മാര്‍ച്ചോടെ 2000 എംബിയായി. ഒരു ജിബിക്ക് 121 രൂപയായിരുന്നത് പതിനേഴ് രൂപയിലേക്ക് താണു. എന്തൊക്കെ പറഞ്ഞാലും റിലയന്‍സ് ജിയോ കടന്നുവന്നതോടെ നിരക്കില്‍ വന്‍ കുറവും ഡാറ്റ ലഭ്യതയില്‍ കുത്തനെയുള്ള വര്‍ധനവും ഉണ്ടായത് ഉപഭോക്താക്കള്‍ക്ക് ലഭിച്ച വലിയ നേട്ടം തന്നെ.

എന്നാല്‍ ഈ പ്രവേശനം വലിയ വിവാദങ്ങളും ശബ്ദകോലാഹലങ്ങളും സൃഷ്ടിച്ചിരിക്കുന്നത് തികച്ചും നിരാശാജനകമാണ്. കാല്‍ നൂറ്റാണ്ടിനു ശേഷവും വിപണി മാല്‍സര്യം സുഗമമാക്കാന്‍ വേണ്ട നിയന്ത്രണ സംവിധാനങ്ങള്‍ ഇല്ലെന്നാണ് മനസിലാക്കേണ്ടത്. മന്ത്രാലയത്തിനും ട്രായ്ക്കും വിപണിയിലെ മാല്‍സര്യം പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ വിശ്വാസയോഗ്യവും സുതാര്യവുമായ നിയമങ്ങളും ചട്ടക്കൂടുകളും ഇല്ലെന്നത് ആശങ്കാജനകമാണ്.

ഒരു നിയന്ത്രണ സംവിധാനത്തിന്റെ അടിസ്ഥാന ആവശ്യങ്ങളല്ലേ ഇതൊക്കെ. സംരംഭകര്‍ തമ്മില്‍ ആരോഗ്യകരമായ മല്‍സരം സൃഷ്ടിക്കുന്നതും ഉപഭോക്താക്കള്‍ക്ക് ലഭിക്കേണ്ട നേട്ടം പരിരക്ഷിക്കുന്നതുമൊക്കെ മന്ത്രാലയവും നിയന്ത്രണ കേന്ദ്രങ്ങളും ചേര്‍ന്ന് നിര്‍വ്വഹിക്കേണ്ട പരമപ്രധാന ചുമതലകളല്ലേ? ശതകോടി ഡോളര്‍ ആസ്തിയുള്ള വ്യവസായികള്‍ പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ഓടിച്ചെല്ലുന്നത് അഭികാമ്യമല്ല. രാജ്യത്തെ നടപടിക്രമങ്ങളും നിയന്ത്രണ സംവിധാനങ്ങളും അപര്യാപ്തമാണെന്ന ധാരണയാണ് ഇത് വിദേശ നിക്ഷേപക സമൂഹത്തിന് നല്‍കുക. ലോകത്തിനു മുന്നില്‍ മാതൃകയെന്നോണം കാട്ടിക്കൊടുക്കേണ്ട ഒരു ഉല്‍കൃഷ്ട മേഖലയ്ക്ക് ഇതൊന്നും അനുയോജ്യമല്ല.

ട്രായ്‌യുടെ പ്രഖ്യാപിത ലക്ഷ്യങ്ങളും അതിന്റെ പരിമിതമായ ശേഷിയും തമ്മില്‍ വലിയ അന്തരമുണ്ട്. ഫോണ്‍ കോളുകള്‍ കട്ടായി പോകുന്ന വിഷയത്തില്‍ ട്രായ് പുറപ്പെടുവിച്ച ഉത്തരവ് സുപ്രീം കോടതിയുടെ നിശിത വിമര്‍ശനം നേരിട്ടു. ഇന്റര്‍കണക്റ്റ് യൂസേജ് ചാര്‍ജ് അഥവാ ഐ യു സി എന്ന അടിസ്ഥാന വിഷയം സംബന്ധിച്ച ട്രായ്‌യുടെ നിബന്ധനകള്‍ വരുത്തിവച്ച വിവാദം എന്നെ വല്ലാതെ വിസ്മയിപ്പിച്ചു. രണ്ട് പതിറ്റാണ്ട് മുന്‍പ് മേഖലയില്‍ വലിയ മേല്‍ക്കോയ്മയുണ്ടായിരുന്ന ബി എസ് എന്‍ എല്ലും എം ടി എന്‍ എല്ലും ശക്തമായി എതിര്‍ത്തിട്ടു കൂടി അന്ന് ട്രായ് ചെയര്‍മാനായിരുന്ന ജസ്റ്റിസ് സോധി വിവാദങ്ങള്‍ക്ക് പഴുതില്ലാതെ ഭംഗിയായി ചെയ്ത കാര്യമാണിത്. ഇതേ വിഷയത്തില്‍ ഇപ്പോള്‍ ട്രായ് കൈക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ തീരുമാനത്തോടും എനിക്ക് വിയോജിപ്പൊന്നും ഇല്ല. എന്നാല്‍ വലിയ മേധാവിത്വമുള്ള ഒരു സെല്ലുലാര്‍ കമ്പനി അഴിച്ചുവിട്ട പ്രചാരണങ്ങള്‍ക്ക് ട്രായ് വശംവദമായി എന്നത് സ്പഷ്ടമാണ്. ഇതിലൂടെ ട്രായ്‌യുടെ വിശ്വസനീയത തന്നെ ചോദ്യം ചെയ്യപ്പെടുകയാണ്. വിശ്വാസയോഗ്യമായ നിയന്ത്രണ സംവിധാനം ഉണ്ടാവുമ്പോഴെ ആഗോള നിക്ഷേപകര്‍ ഇങ്ങോട്ട് വരികയുള്ളൂ.

അപ്പോള്‍ ഐ സി ടി, ടെലികോം മേഖലയില്‍ ഇനി വേണ്ടത് ലോക നിലവാരത്തിലുള്ള നിയന്ത്രണ സ്ഥാപനവും മന്ത്രാലയവും തന്നെ. എഫ് സി സി, ഓഫ്‌ടെല്‍ തുടങ്ങിയ പാശ്ചാത്യ ടെലികോം നിയന്ത്രണ സ്ഥാപനങ്ങളോട് കിടപിടിക്കുന്ന സ്ഥാപനങ്ങള്‍ ഭാരതത്തെപ്പോലുള്ള ലോകത്തിലെ ഏറ്റവും വലിയ സാങ്കേതിക സമ്പദ് വ്യവസ്ഥയ്ക്ക് അനിവാര്യമാണ്. കാലപ്പഴക്കം ചെന്ന രൂപവും ഘടനയുമാണ് ട്രായ്ക്ക് ഇന്നുള്ളത്. കാര്യക്ഷമതയും കഴിവും പരിപോഷിപ്പിക്കുന്ന നടപടികളാണ് ട്രായ്ക്ക് വേണ്ടത്. മുന്‍വിധികളും പേറി വരുന്ന വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വന്നിരുന്ന് ആജ്ഞകള്‍ പുറപ്പെടുവിക്കാനുള്ള ഇടത്താവളമായി ട്രായ് ചുരുങ്ങിപ്പോകരുത്. കാര്യഗ്രാഹ്യത്തോടെയും അവധാനതയോടെയും തികഞ്ഞ പാടവത്തോടെയും സാമ്പത്തിക, സാങ്കേതിക നിയന്ത്രണം നടപ്പാക്കുകയാണ് ആവശ്യം. സര്‍ക്കാര്‍ മേഖലയില്‍ അത്തരം മികച്ച സംരംഭങ്ങള്‍ ആവിഷ്‌കരിക്കുന്നത് ദുഷ്‌കരമാണെങ്കില്‍ കൂടി അത് ഉണ്ടായേ തീരു.

ഭരണകൂടങ്ങള്‍ അവയുടെ പ്രവര്‍ത്തനം കൂടുതല്‍ സാങ്കേതികവല്‍ക്കരിക്കണം. പല സര്‍ക്കാര്‍ സംരംഭങ്ങളും അടച്ചിട്ട നിലവറകളാണ് ഇപ്പോഴും. മേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മിക്കപ്പോഴും സുതാര്യതക്ക് കോട്ടം തട്ടുന്നത്. സാങ്കേതിക വിദ്യകളും വ്യാപകമായ ഇന്‍ട്രാനെറ്റ് സംവിധാനങ്ങളും മുഖേന ഈ നിലവറപ്പൂട്ടുകളെ പൊളിച്ച് സുതാര്യമാക്കാം

ദേശീയ ടെലികോം സാങ്കേതികവിദ്യാ നയം 2018

സമഗ്രമായൊരു ടെലികോം നയം കേന്ദ്ര സര്‍ക്കാര്‍ ഏറ്റവും ഒടുവില്‍ രൂപപ്പെടുത്തിയത് 1999ലാണ്. അക്കാലത്തെക്കാള്‍ ധാരാളം മാറ്റങ്ങള്‍ക്ക് ഇന്റര്‍നെറ്റും സാങ്കേതികവിദ്യകളുമൊക്കെ വിധേയമായിട്ടുണ്ട്. സ്വിച്ചമര്‍ത്തിയാല്‍ സജീവമാവുന്ന പഴയ സര്‍ക്യൂട്ടുകളല്ല, ടെലികോമിന്റെ വന്‍ സാധ്യതകളാണ് ഇന്നിപ്പോള്‍ അനാവൃതമാവുന്നത്. വീഡിയോ-ഓണ്‍ ഡിമാന്‍ഡ്, കംപ്യൂട്ടറുകള്‍ക്ക് പുറമെ വിവിധ ഉപകരണങ്ങളിലൂടെയും ഇന്റര്‍നെറ്റ് ലഭ്യമാക്കുന്ന ഐ ഒ ടി, മെഷീന്‍ ഇന്റലിജന്‍സ്, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് തുടങ്ങി അത്യന്താധുനിക സങ്കേതങ്ങളില്‍ അധിഷ്ഠിതമായ സേവനമാണ് ടെലികോം കമ്പനികളും ഇന്റര്‍നെറ്റ് സേവനദാതാക്കളും ഇപ്പോള്‍ രാജ്യത്തിനകത്തും പുറത്തുമായി നല്‍കുന്നത്. ഈ സാഹചര്യത്തില്‍ ഇനി രാജ്യത്തിന് വേണ്ടത് ദേശീയ ടെലികോം സാങ്കേതികവിദ്യാ നയമാണ്. ഓരോ ഭാരതീയനിലേക്കും ഇന്റര്‍നെറ്റ് എത്തിക്കുവാനും ഇന്ന് നിലവിലുള്ള അത്യന്താധുനിക സാങ്കേതികവിദ്യകള്‍ക്കും അവയില്‍ അധിഷ്ഠിതമായ സംരംഭങ്ങള്‍ക്കും ഉത്തരോത്തരം വളര്‍ന്ന് പരിപോഷിക്കുവാനുമുള്ള സാഹചര്യം സൃഷ്ടിക്കുന്നതായിരിക്കണം പ്രസ്തുത നയം.

ഓരോ ഭാരതീയനും ഇന്റര്‍നെറ്റ് ലഭ്യത

ഓരോ ഭാരതീയനും ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്നതിന് വ്യവസ്ഥ ചെയ്യുന്നതായിരിക്കണം പുതിയ നയം. നവസാങ്കേതികവിദ്യകളും പുതുമകളും കടന്നുവരട്ടെ. ലൈസന്‍സ് വിതരണത്തിനും സ്‌പെക്ട്രം പങ്കുവയ്ക്കലിനും ഉപരിയായി കംപ്യൂട്ടര്‍ ഇതര ഉപകരണങ്ങളിലൂടെയുള്ള ഇന്റര്‍നെറ്റ് ലഭ്യത, സൈബര്‍ സുരക്ഷ, മെഷീന്‍ ഇന്റലിജന്‍സ് എന്നിവയ്ക്ക് പ്രാമുഖ്യം നല്‍കണം. ഗവേഷണങ്ങളും നവസംരംഭങ്ങളും അനുസ്യൂതം വളരുന്നതിന് ആവശ്യമായ നയങ്ങളും നിബന്ധനകളും രൂപീകരിക്കണം. ലോക നിലവാരത്തിനായി സര്‍ക്കാര്‍ തലത്തില്‍ അന്താരാഷ്ട്ര സംവിധാനങ്ങളുള്ള സ്ഥാപനം രൂപീകരിക്കണം.

ഉപഭോക്തൃ സംരക്ഷണം നിയമത്തില്‍ ഉള്‍പ്പെടുത്തുക

വിവിധ ഇന്റര്‍നെറ്റ് സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്ന കാര്യത്തില്‍ ഇന്റര്‍നെറ്റ് സേവനദാതാക്കള്‍ കൈക്കൊള്ളേണ്ട നിഷ്പക്ഷ സമീപനം അഥവാ നെറ്റ് നൂട്രാലിറ്റി, സ്വകാര്യത, സേവനങ്ങളുടെ ഗുണമേന്മ, അവതരണം, സൈബര്‍ സുരക്ഷ എന്നീ വിഷയങ്ങളിന്മേല്‍ അതാത് സേവനദാതാക്കള്‍ക്കുള്ള ഉത്തരവാദിത്തവും ഉപഭോക്താക്കളുടെ അവകാശങ്ങളും സ്പഷ്ടമാക്കണം. ഇക്കാര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നടപ്പാക്കിയ നിയമത്തിന് (റിയല്‍ എസ്റ്റേറ്റ് റെഗുലേഷന്‍ ആക്റ്റ്) തത്തുല്യമായ നിയമമാണ് സാങ്കേതികവിദ്യാ മേഖലയിലും ഉണ്ടാവേണ്ടത്. എന്നാല്‍ സംരക്ഷിക്കുന്നതിനു പകരം പൊതുജനങ്ങളുടെ അവകാശങ്ങള്‍ക്കു മേല്‍ കടന്നുകയറണമെന്ന ധാരണയാണ് ഭരണകൂടത്തിന്റെ ഭാഗത്ത് സമീപകാലത്ത് പ്രകടമാവുന്നത്. അത്തരം സമീപനം മാറണം, മാറിയേ തീരൂ.

സര്‍ക്കാരുകള്‍ നിലവറകള്‍ തുറന്നിടണം

അവസാനമായി, ഭരണകൂടങ്ങള്‍ അവയുടെ പ്രവര്‍ത്തനം കൂടുതല്‍ സാങ്കേതികവല്‍ക്കരിക്കണം. പല സര്‍ക്കാര്‍ സംരംഭങ്ങളും അടച്ചിട്ട നിലവറകളാണ് ഇപ്പോഴും. മേധാവിത്വം നിലനിര്‍ത്താനുള്ള ശ്രമങ്ങള്‍ക്കിടെയാണ് മിക്കപ്പോഴും സുതാര്യതക്ക് കോട്ടം തട്ടുന്നത്. സാങ്കേതിക വിദ്യകളും വ്യാപകമായ ഇന്‍ട്രാനെറ്റ് സംവിധാനങ്ങളും മുഖേന ഈ നിലവറപ്പൂട്ടുകളെ പൊളിച്ച് സുതാര്യമാക്കാം. mygov.in പോലുള്ള സംവിധാനങ്ങള്‍ പുരോഗമനപരമായ ഫലമുണ്ടാക്കും. പ്രധാനമന്ത്രിയും പൊതുജനങ്ങളുമായുള്ള ആശയവിനിമയം സകല മന്ത്രാലയങ്ങളെയും ഉള്‍പ്പെടുത്തി വികസിച്ച് സുതാര്യവും വിവരശേഖരത്തില്‍ അധിഷ്ഠിതമായ നയരൂപീകരണം സാധ്യമാക്കുന്നതും ആയിരിക്കുന്നു.

കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കാലമായുള്ള ഭാരതത്തിലെ ടെലികോം സാങ്കേതികവിദ്യാ മേഖലകളിലെ വളര്‍ച്ചക്ക് സാക്ഷ്യം വഹിക്കാനും പങ്കാളിയാകാനും കഴിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വരും ദശകത്തില്‍ ഭാരതം സാങ്കേതികവിദ്യയില്‍ ഒരു സൂപ്പര്‍ ശക്തിയാവുമെന്ന കാര്യത്തില്‍ എനിക്ക് തെല്ലും സംശയമില്ല. എന്നാല്‍ ആ ലക്ഷ്യസാക്ഷാത്ക്കാരം സ്വാഭാവികവുമല്ല, മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ളതുമല്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപ്പാക്കുന്ന സൃഷ്ടിപരമായ ചട്ടക്കൂടുകളിലും നയങ്ങളിലും അധിഷ്ഠിതമായിരിക്കും ഇക്കാര്യത്തിലുള്ള പുരോഗതി. പക്ഷേ, അത് നടപ്പാവും എന്നെനിക്കുറപ്പുണ്ട്.

ശ്രേഷ്ഠമായ കര്‍മ്മ പൈതൃകമുയര്‍ത്തിപ്പിടിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ചേര്‍ന്ന് 2018ഓടു കൂടി പുതുമയുള്ള ഒരു ടെലികോം, സാങ്കേതികവിദ്യാ പദ്ധതിക്ക് രൂപം നല്‍കുമെന്നും അങ്ങനെ രാജ്യം ഡിജിറ്റല്‍ ഭാരതം, നവഭാരതം, പരിവര്‍ത്തനോന്മുഖ ഭാരതം എന്നിവയുടെ സാക്ഷാത്കാരത്തിലേക്ക് മുന്നേറുമെന്നും വിശ്വസിക്കുന്നു.

Comments

comments

Categories: FK Special, Slider