കാലം തളര്‍ത്താത്ത കാല്‍പ്പന്തിന്റെ കാവലാള്‍

കാലം തളര്‍ത്താത്ത കാല്‍പ്പന്തിന്റെ കാവലാള്‍

നൂറുകണക്കിന് കുട്ടികള്‍ക്ക് സൗജന്യ ഫുട്‌ബോള്‍ പരിശീലനം നല്‍കുന്ന ഗുരു

കാല്‍പ്പന്തുകളിയെ തളരാതെ നിര്‍ത്തിയിരിക്കുന്ന നിരവധി വ്യക്തിത്വങ്ങളുണ്ട് നമ്മുടെ നാട്ടില്‍. സര്‍ക്കാരും അധികൃതരും ശ്രദ്ധിച്ചിരുന്നങ്കില്‍, ഒന്നു പിന്തുണച്ചിരുന്നെങ്കില്‍ ലോകോത്തര കളിക്കാരുടെ പട്ടികയില്‍ പേരു വന്നിരിക്കാന്‍ തക്ക കഴിവുള്ളവര്‍. ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടില്‍ കുട്ടികള്‍ക്കു പരിശീലനം നല്‍കുന്ന റൂഫസ് ഡിസൂസ സംസ്ഥാനത്തിന്റെ ഫുട്‌ബോള്‍ ചരിത്രത്തെ ഹൃദയത്തിലും സിരകളിലും കൊണ്ടു നടക്കുന്ന അത്തരമൊരു വ്യക്തിത്വമാണ്.

കാല്‍പ്പാദങ്ങളില്‍ പന്തിനെയും, കൈകളില്‍ ഹോക്കി സ്റ്റിക്കിനെയും തുല്യ അളവില്‍ കൈകാര്യം ചെയ്യാന്‍ വൈദഗ്ധ്യം നേടിയ ഒരു ബഹുമുഖ പ്രതിഭയാണ് റൂഫസ് ഡിസൂസ. നാട്ടുകാര്‍ സ്‌നേഹത്തോടെ ഫുട്‌ബോള്‍ അങ്കിള്‍ എന്നു വിളിക്കുന്ന റൂഫസിന്, 86-ലും ഫുട്‌ബോളിനോട് പ്രണയം തന്നെ. ഫുട്‌ബോളിനോടുള്ള അടുപ്പമാണ് അദേഹത്തിന് പ്രായത്തെ വെല്ലുന്ന വീര്യം നല്‍കുന്നതും.

സൂര്യനു മുമ്പേ ഉണരും റൂഫസ് അങ്കിള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹത്തിന് ഇതു ശീലമായി കഴിഞ്ഞു. തുടര്‍ന്നു കുളി, പ്രാര്‍ത്ഥന, പ്രാതല്‍, പത്രവായന എന്നിവയ്ക്കു ശേഷം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്കു തിരിക്കും. അവിടെ അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളായി മാറും. പ്രായത്തെ വെല്ലുവിളിക്കും വിധമുള്ള ഊര്‍ജം നിറച്ച് പന്തുമായി ഓടും, ഡ്രിബിള്‍ ചെയ്യും, കിക്ക് ചെയ്യും. അതാണ് റൂഫസ് അങ്കിളിന്റെ ശൈലി.

”നിങ്ങള്‍ക്ക് പന്ത് കിക്ക് ചെയ്യാനും ഡ്രിബിള്‍ ചെയ്യാനും സാധിക്കില്ലെങ്കില്‍, ഒരിക്കലും നിങ്ങള്‍ക്ക് അതു പരിശീലിപ്പിക്കാന്‍ സാധിക്കില്ല. നിങ്ങള്‍ കോച്ച് ആണെങ്കില്‍, ഫുട്‌ബോളിനെ കുറിച്ച് പ്രസംഗിക്കുകയല്ല ചെയ്യേണ്ടത്, പകരം അത് പരിശീലിപ്പിക്കുകയാണ് വേണ്ടത് ” മൈതാനത്ത് തന്റെ ശിഷ്യരോടൊപ്പം പരിശീലനത്തിലേര്‍പ്പെട്ടിരിക്കുന്ന റൂഫസ് പറയുന്നു.

ഫോര്‍ട്ടുകൊച്ചി പരേഡ് ഗ്രൗണ്ടില്‍ രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകുന്നേരേം 4.30 മുതല്‍ 6.30 വരെയുമാണ് റൂഫസ് ഡിസൂസ പരിശീലനം നല്‍കുന്നത്. നൂറോളം കുട്ടികള്‍ പ്രതിദിനം പരിശീലനത്തില്‍ പങ്കെടുക്കുന്നു. ഞായറാഴ്ചയും മറ്റ് അവധിദിനങ്ങളിലും പരിശീലനമില്ല. റൂഫസിന്റെ കളരിയില്‍നിന്നു പിറവിയെടുത്തവരാണു പില്‍ക്കാലത്ത് ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായി മാറിയ റയില്‍വേയുടെ ജേക്കബ് വര്‍ഗീസ്, കേരള പൊലീസിലെ തോബിയാസ്, തമിഴ്‌നാടിനു വേണ്ടി കളിച്ച ബോബി ഹാമില്‍ട്ടന്‍, സെബാസ്റ്റ്യന്‍ നെറ്റോ, ആന്‍സന്‍, ഫിറോസ് ഷെരീഫ് എന്നിവര്‍. ഇവരില്‍ ഷെരീഫ് പ്രീ ഒളിംപിക്‌സ് മല്‍സരം കളിച്ച ഇന്ത്യന്‍ ടീമില്‍ അംഗവുമായിരുന്നു.

1950-കളില്‍, മട്ടാഞ്ചേരി യംഗ്‌സ്റ്റേഴ്‌സ് ക്ലബ്ബിലൂടെയാണ് റൂഫസ് ഫുട്‌ബോളില്‍ സജീവമായത്. കെ.എം. അബുവായിരുന്നു റൂഫസിന്റെ ഗുരു. കളിക്കാരനെന്ന നിലയില്‍ രണ്ട് പതിറ്റാണ്ട് നീണ്ടതായിരുന്നു റൂഫസ് ഡിസൂസയുടെ കായികജീവിതം. ചുരുക്കിപ്പറഞ്ഞാല്‍ 1951 മുതല്‍ 1972 വരെ. 1955-56 കാലത്ത്, സന്തോഷ് ട്രോഫിക്കുള്ള കേരള ടീമില്‍ ഇടം പിടിക്കുന്ന തലം വരെയെത്തിയെങ്കിലും അവസാന നിമിഷം കോര്‍ട്ടിനു പുറത്തു നടന്ന കളിയില്‍ റൂഫസ് പുറത്തായി. എങ്കിലും അദ്ദേഹം നിരാശനായില്ല. ജോലി തേടി മദ്രാസിലേക്കു തിരിച്ചു. ഗുരുവായ കെ എം അബുവിന്റെ നിര്‍ദേശാനുസരണം മദിരാശി ഫുട്‌ബോള്‍ ലീഗിലെ ഒരു ക്ലബ്ബായ നേതാജി സ്‌പോര്‍ട്ടിംഗിന്റെ സെക്രട്ടറിയെ കണ്ടു. എന്നാല്‍ ജോലിയില്‍ ചേരുന്നതിനു പകരം ടീമില്‍ പ്രവേശിക്കാനായിരുന്നു റൂഫസിനോട് സെക്രട്ടറി ആവശ്യപ്പെട്ടത്. കാരണം നേതാജി സ്‌പോര്‍ട്ടിംഗ് ക്ലബ്, സെന്റര്‍ ഫോര്‍വേഡിന്റെ കുറവ് അനുഭവിച്ചിരുന്ന സമയം കൂടിയായിരുന്നു അത്. പിന്നെ ഒട്ടും ചിന്തിച്ചില്ല, അന്നു തന്നെ നേതാജി ക്ലബിനു വേണ്ടി കളിക്കാനുള്ള കരാറില്‍ ഒപ്പുവച്ചു. ക്ലബ് മല്‍സരങ്ങളുള്ള ദിവസം ഒരു കളിക്കാരനു പത്തു രൂപയും ചെലവുമായിരുന്നു അക്കാലത്തെ പ്രതിഫലം.

സൂര്യനു മുമ്പേ ഉണരും റൂഫസ് അങ്കിള്‍. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി അദ്ദേഹത്തിന് ഇതു ശീലമായി കഴിഞ്ഞു. തുടര്‍ന്നു കുളി, പ്രാര്‍ത്ഥന, പ്രാതല്‍, പത്രവായന എന്നിവയ്ക്കു ശേഷം ഫോര്‍ട്ട് കൊച്ചി പരേഡ് ഗ്രൗണ്ടിലേക്കു തിരിക്കും. അവിടെ അദ്ദേഹം തന്റെ ശിഷ്യരില്‍ ഒരാളായി മാറും. പ്രായത്തെ വെല്ലുവിളിക്കും വിധമുള്ള ഊര്‍ജം നിറച്ച് പന്തുമായി ഓടും, ഡ്രിബിള്‍ ചെയ്യും, കിക്ക് ചെയ്യും. അതാണ് റൂഫസ് അങ്കിളിന്റെ ശൈലി

1960-ലെ മദിരാശി ഫുട്‌ബോള്‍ ലീഗില്‍ വന്‍തോക്കായിരുന്ന സതേണ്‍ റെയില്‍വേയെ 2-1 നു നേതാജി സ്‌പോര്‍ട്‌സ് ക്ലബ് പരാജയപ്പെടുത്തി. നേതാജി സ്‌പോര്‍ട്‌സിനു വേണ്ടി വിന്നിംഗ് ഗോള്‍ നേടിയ റൂഫസ് ഏവരുടെയും പ്രശംസ പിടിച്ചു പറ്റുകയും ചെയ്തു. ഇത് റൂഫസിനു കരിയറില്‍ ഒട്ടേറെ ഗുണം ചെയ്തു. റൂഫസിനെ അന്വേഷിച്ചു വമ്പന്‍ ക്ലബ്ബുകളെത്തി. റൂഫസിന് പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. പിറ്റേ വര്‍ഷം മുതല്‍ പ്രമുഖരായ വിംകോ സ്‌പോര്‍ട്‌സ് ക്ലബിനു വേണ്ടി റൂഫസ് ബൂട്ടണിഞ്ഞു. ഓരോ കളിക്കും 25 രൂപയായിരുന്നു അക്കാലത്ത് പ്രതിഫലം ലഭിച്ചിരുന്നതെന്ന് റൂഫസ് പറയുന്നു. 1963ലെ ബാംഗ്ലൂര്‍ നാഷണലില്‍ റൂഫസ് മദിരാശിയെ പ്രതിനിധീകരിച്ചു. ബാലഗോപാല്‍, തങ്കരാജ്, ജനാര്‍ദ്ദനന്‍, ഗോപാല്‍ എന്നിവരായിരുന്നു അക്കാലത്തെ മദിരാശിയുടെ ചുണക്കുട്ടികള്‍. ഈ ശ്രേണിയിലേക്ക് റൂഫസിന്റെ പേരും സ്ഥാനം പിടിച്ചു. അങ്ങനെ റൂഫസും മറ്റു ടീമുകളുടെ പേടി സ്വപ്‌നമായി മാറി.

പിന്നീട് സന്തോഷ് ട്രോഫിക്കു വേണ്ടിയുള്ള തമിഴ്‌നാട് സംസ്ഥാന ടീമിലും അംഗമായി. അങ്ങനെ കേരളം സന്തോഷ് ട്രോഫിയില്‍ നിന്നു പുറത്താക്കിയ റൂഫസിനോട് കാലം കാവ്യനീതി കാട്ടി. കഴിവിന്റെ മാത്രം അടിസ്ഥാനത്തില്‍ പ്രതിഭകളെ അംഗീകരിക്കുന്ന തമിഴ്‌നാടിന്റെ ഖ്യാതിക്ക് ഈ തെരഞ്ഞെടുപ്പ് വലിയ ലാഭവുമായി.

വിംകോ ടീമിലായിരുപ്പോള്‍ ആഞ്ജല വേലുവുമായും ആരോഗ്യസ്വാമിയുമായുള്ള പരിചയം റൂഫസിന് ഏറെ പ്രയോജനപ്പെട്ടു. രണ്ടു കാലുകള്‍ കൊണ്ട് ഏത് ആംഗിളുകളില്‍നിന്നും ഷോട്ടുകള്‍ ഉതിര്‍ക്കാന്‍ റൂഫസ് പഠിച്ചതും ഇവരില്‍നിന്നായിരുന്നു. ബ്രസീലിയന്‍ ലീഗില്‍ കളിച്ചിരുന്ന കുഞ്ഞ എന്ന കളിക്കാരന്‍ വിംകോയ്ക്കു വേണ്ടി ഒരു സീസന്‍ കളിച്ചിരുന്നു. ഇതും റൂഫസിനു ഗുണം ചെയ്തു. ബ്രസീലിയന്‍ ഫുട്‌ബോളിന്റെ സൗന്ദര്യത്തെ കുറിച്ചും ആകര്‍ഷണീയതയെ കുറിച്ചും കുഞ്ഞയില്‍നിന്ന്് റൂഫസ് ഒരുപാട് മനസിലാക്കി. മദിരാശി ഫുട്‌ബോള്‍ ലീഗില്‍ വിംകോയ്‌ക്കൊപ്പം കളിക്കുമ്പോള്‍ തന്നെ ഐടിസിക്കു വേണ്ടി ഹോക്കിയും റൂഫസ് കളിച്ചിരുന്നു എന്നതാണു മറ്റൊരു പ്രത്യേകത. 1972-ല്‍ ദേശീയ ഹോക്കി ചാംപ്യന്‍ഷിപ്പില്‍ കേരളത്തെ നയിച്ചത് റൂഫസായിരുന്നു. ഫുട്‌ബോള്‍, ഹോക്കി കളങ്ങളില്‍ എക്കാലത്തേയും മികച്ച താരങ്ങള്‍ക്കൊപ്പമാണ് റൂഫസ് അന്നു കളിച്ചത്.

ഗോള്‍ കീപ്പര്‍മാരായ തങ്കരാജ്, എസ് എസ് നാരായണന്‍, പാക്കിസ്ഥാനില്‍നിന്നു വന്ന അസീസ് ലത്തീഫ്, സലിം മന്ന, ജര്‍ണയില്‍ സിംഗ്, ഒളിംപ്യന്‍ റഹ്മാന്‍, പി കെ ബാനര്‍ജി, കിംഗ് ഓഫ് ട്രിബിള്‍ എന്നു വിശേഷിപ്പിക്കുന്ന അഹമ്മദ് ഖാന്‍, ചുനി ഗോസ്വാമി, 1956ല്‍ മെല്‍ബണ്‍ ഒളിംപിക്‌സില്‍ ഹാട്രിക് നേടിയ നെവില്‍ ഡിസൂസ എിവരോടൊപ്പം കളിക്കാനുള്ള ഭാഗ്യവും റൂഫസ് ഡിസൂസയ്ക്ക് ലഭിച്ചു.

ഫുട്‌ബോള്‍ പരിശീലിപ്പിക്കാന്‍ സാന്‍ഡോസ് എന്ന പേരില്‍ റൂഫസ് ഒരു ക്ലബ് സ്ഥാപിച്ചു. എറണാകുളം ജില്ലയിലെ തന്നെ ഒന്നാംനിര ഫുട്‌ബോള്‍ ക്ലബ്ബാണിന്നു സാന്‍ഡോസ്. വര്‍ഷത്തില്‍ ഒരു തവണ റൂഫസിന്റെ ക്ലബ്ബില്‍ ഇംഗ്ലണ്ട് കോച്ച് ടെറിമാന്‍ കുട്ടികളെ പരിശീലിപ്പിക്കാന്‍ എത്താറുമുണ്ട്. ഫുട്‌ബോളിനു വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച റൂഫസ്, അവിവാഹിതനാണ്. സഹോദരന്റെ കുടുംബത്തോടൊപ്പം ഫോര്‍ട്ടുകൊച്ചിയിലാണ് താമസം.

 

Comments

comments

Categories: FK Special, Slider