അനാവശ്യ നിയന്ത്രണങ്ങള്‍ യുഎസ് എടുത്തുകളയും

അനാവശ്യ നിയന്ത്രണങ്ങള്‍ യുഎസ് എടുത്തുകളയും

ഹ്യൂമണ്‍ കണ്‍ട്രോളുകള്‍ ഇല്ലാത്ത സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് ലക്ഷ്യം

കാലിഫോര്‍ണിയ : സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കുമേലുള്ള അനാവശ്യ നിയന്ത്രണങ്ങള്‍ എടുത്തുകളയുമെന്ന് നാഷണല്‍ ഹൈവേ ട്രാഫിക്-സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ (എന്‍എച്ച്ടിഎസ്എ). ഇതുസംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ തേടുകയാണ് അമേരിക്കയിലെ വാഹന സുരക്ഷാ ഏജന്‍സി. മനുഷ്യ ഡ്രൈവറിനായി കണ്‍ട്രോളുകള്‍ സജ്ജീകരിക്കാത്ത സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ സംബന്ധിച്ച നിയന്ത്രണങ്ങളിലാണ് പ്രധാനമായും മാറ്റം വരുത്താനൊരുങ്ങുന്നത്. നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നതിനോ മാറ്റിയെഴുതുന്നതിനോ ആണ് എജന്‍സിയുടെ തീരുമാനം. എന്നാല്‍ മാറ്റങ്ങള്‍ വരുത്തുന്നതിന് വര്‍ഷങ്ങളെടുത്തേക്കും.

നേരിടുന്ന പ്രതിബന്ധങ്ങള്‍ അറിയിക്കുന്നതിന് ഈ മാസം അവസാനത്തോടെ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് എന്‍എച്ച്ടിഎസ്എ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സെല്‍ഫ്-ഡ്രൈവിംഗ് വാഹനങ്ങളുടെ കാര്യത്തില്‍ വാഹന നിര്‍മ്മാതാക്കള്‍ 75 ഓളം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണമെന്നാണ് വ്യവസ്ഥ ചെയ്യുന്നത്. അത്യാവശ്യ ഘട്ടങ്ങളില്‍ വാഹനത്തിന്റെ നിയന്ത്രണത്തിനായി ലൈസന്‍സുള്ള ഡ്രൈവര്‍ കൂടെ ഉണ്ടായിരിക്കുമെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് പല വ്യവസ്ഥകളും എഴുതിചേര്‍ത്തിരിക്കുന്നത്. ഹ്യൂമണ്‍ കണ്‍ട്രോളുകള്‍ ഇല്ലാത്ത വാഹനങ്ങളുടെ കാര്യത്തില്‍ നിലവിലെ നിയന്ത്രണങ്ങള്‍ അനാവശ്യ തടസ്സങ്ങള്‍ സൃഷ്ടിക്കുന്നതായി എന്‍എച്ച്ടിഎസ്എ കഴിഞ്ഞ വര്‍ഷം അഭിപ്രായപ്പെട്ടിരുന്നു.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന് എന്‍എച്ച്ടിഎസ്എയെ അനുവദിക്കുന്ന നിയമം യുഎസ് പാര്‍ലമെന്റ് അംഗീകരിച്ചു

ഹ്യൂമണ്‍ കണ്‍ട്രോളുകള്‍ ഇല്ലാത്ത സെല്‍ഫ്-ഡ്രൈവിംഗ് കാറുകളുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് ലക്ഷ്യംവെച്ചുള്ള ബില്ലിന് ഈ മാസമാദ്യം യുഎസ് സെനറ്റ് കമ്മിറ്റി ഏകകണ്ഠമായി അനുമതി നല്‍കിയിരുന്നു. സെനറ്റിന്റെ കൊമേഴ്‌സ് കമ്മിറ്റി അംഗീകരിച്ച ബില്ല്, കഴിഞ്ഞ മാസം യുഎസ് പാര്‍ലമെന്റ് പാസ്സാക്കി. പുതിയ ബില്ല് കൊണ്ടുവരുന്നതിന് ജനറല്‍ മോട്ടോഴ്‌സ്, ആല്‍ഫബെറ്റ്, ഫോഡ് മോട്ടോര്‍ കമ്പനി തുടങ്ങിയ വാഹന നിര്‍മ്മാതാക്കള്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

മാനദണ്ഡങ്ങളില്‍ ഇളവ് വരുത്തുന്നതിന് നാഷണല്‍ ഹൈവേ ട്രാഫിക്-സേഫ്റ്റി അഡ്മിനിസ്‌ട്രേഷനെ അനുവദിക്കുന്നതാണ് യുഎസ് പാര്‍ലമെന്റ് ഇപ്പോള്‍ അംഗീകരിച്ച നിയമം. മൂന്ന് വര്‍ഷത്തിനിടെ വര്‍ഷംതോറും വിവിധ കമ്പനികളുടെ 80,000 വാഹനങ്ങള്‍ക്ക് വരെ സുരക്ഷാ മാനദണ്ഡങ്ങളില്‍ എന്‍എച്ച്ടിഎസ്എ ഇളവ് നല്‍കും. സെനറ്റിന്റെ നടപടിക്രമമനുസരിച്ച്, സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ക്കായി എന്‍എച്ച്ടിഎസ്എ സ്ഥിരം ചട്ടങ്ങള്‍ രൂപീകരിക്കേണ്ടതായി വരും.

Comments

comments

Categories: Auto