വെള്ളത്തിലും കരയിലും ഇറക്കാവുന്ന 100 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

വെള്ളത്തിലും കരയിലും ഇറക്കാവുന്ന 100 വിമാനങ്ങള്‍ വാങ്ങാനൊരുങ്ങി സ്‌പൈസ്‌ജെറ്റ്

നവംബറില്‍ വിമാനം വെള്ളത്തില്‍ ഇറക്കുന്നതിനുള്ള പരീക്ഷണ പറക്കല്‍ നടത്തിയേക്കും

ന്യൂഡെല്‍ഹി: പ്രാദേശിക സര്‍വീസുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ ബജറ്റ് വിമാനക്കമ്പനിയായ സ്‌പൈസ്‌ജെറ്റ് 100 വിമാനങ്ങള്‍ വാങ്ങാന്‍ പദ്ധതിയിടുന്നു. വെള്ളത്തിലും, പരുക്കന്‍ പ്രദേശങ്ങളിലും മറ്റ് തുറസായ ഇടങ്ങളിലും ഇറക്കാവുന്ന 100 ആംഫിബിയസ് കോഡിയാക് വിമാനങ്ങള്‍ വാങ്ങാനാണ് സ്‌പൈസ്‌ജെറ്റ് ഒരുങ്ങുന്നത്. ഏകദേശം 400 മില്യണ്‍ ഡോളറിന്റേതാണ് പദ്ധതി. ഏത് പ്രതലത്തിലും ഒരു പോലെ ഇറക്കാന്‍ കഴിയുന്ന വിമാനങ്ങള്‍ വാങ്ങുന്നതിന് ജപ്പാന്‍ കമ്പനിയായ സെറ്റൗച്ചി ഹോള്‍ഡിംഗ്‌സുമായി സ്‌പൈസ് ജെറ്റ് ചര്‍ച്ച നടത്തിവരികയാണ്.

രാജ്യത്തെ ചെറു നഗരങ്ങളെയും പട്ടണങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്നതിനും കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കാനും ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ഉഡാന്‍ പദ്ധതിക്കു കീഴില്‍ സര്‍വീസ് നടത്തുന്നതിനും ഇത്തരം വിമാനങ്ങള്‍ ഉപയോഗിക്കും. ഇന്ത്യയില്‍ വിമാനത്താവളങ്ങളുടെ എണ്ണം കുറവാണെന്നതും വളര്‍ന്നുരുന്ന നഗരങ്ങളില്‍ പലതിലും വിമാനങ്ങളില്ലെന്നതും കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് സ്‌പൈസ് ജെറ്റ് ചെയര്‍മാന്‍ അജയ് സിംഗ് പറഞ്ഞു. വിമാനത്താവളങ്ങളില്ലാത്ത ഇടങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതകളാണ് തങ്ങള്‍ നോക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

പത്തോ പതിനാലോ പേര്‍ക്ക് യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഒരു വിമാനത്തിലുണ്ടാകുക. വിമാനങ്ങള്‍ വാങ്ങുന്നതു സംബന്ധിച്ച് ചര്‍ച്ച തുടരുന്നതിനിടെ നവംബറില്‍ വിമാനം വെള്ളത്തില്‍ ഇറക്കുന്നതിനുള്ള പരീക്ഷണ പറക്കല്‍ നടത്താന്‍ സെറ്റൗച്ചി പദ്ധതിയിട്ടിട്ടുണ്ടെന്ന് കമ്പനിയുടെ വിദേശ ബിസിനസ് വിഭാഗം എക്‌സിക്യൂട്ടീവ് മാനേജിംഗ് ഡയറക്റ്റര്‍ ഗോ ഒകാസാകി പറഞ്ഞു. കരാര്‍ എപ്പോള്‍ പൂര്‍ത്തീകരിക്കാനാകുമെന്നതു സംബന്ധിച്ച് അദ്ദേഹം വ്യക്തത നല്‍കിയിട്ടില്ല. അതേസമയം, വില്‍പ്പന കരാര്‍ സംബന്ധിച്ച് മൂന്ന് മാസത്തിനുള്ളില്‍ ധാരണയിലെത്തുമെന്ന് സ്‌പൈസ്‌ജെറ്റ് അറിയിച്ചു. ക്വസ്റ്റ് എയര്‍ക്രാഫ്റ്റാണ് വിമാനങ്ങള്‍ നിര്‍മിക്കുന്നത്.

Comments

comments

Categories: Slider, Top Stories