സൗദി അരാംകോ ഐപിഒ; നിരവധി ചേദ്യങ്ങള്‍ ഇപ്പോഴും ബാക്കി

സൗദി അരാംകോ ഐപിഒ; നിരവധി ചേദ്യങ്ങള്‍ ഇപ്പോഴും ബാക്കി

2018ല്‍ തന്നെ ഐപിഒ നടക്കുമെന്നാണ് സൂചനയെങ്കിലും ആരെല്ലാം പങ്കെടുക്കുമന്നോ ഏതെല്ലാം വിപണികളില്‍ ലിസ്റ്റ് ചെയ്യുമെന്നോ ഉള്ള കാര്യങ്ങളില്‍ ഇപ്പോഴും വ്യക്തതയില്ല

റിയാദ്: ലോകം മുഴുവന്‍ കാത്തിരിക്കുന്ന സൗദി അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന(ഐപിഒ)യെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ സൗദി അറേബ്യ കഴിഞ്ഞ ദിവസങ്ങളില്‍ സംഘടിപ്പിച്ച ആഗോള നിക്ഷേപസംഗമത്തോട് അനുബന്ധിച്ച് പുറത്തുവരുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. ഐപിഒ 2018ല്‍ തന്നെ നടക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്. എന്നാല്‍ ആരെല്ലാം ഐപിഒയില്‍ പങ്കെടുക്കുമെന്നോ ഏതെല്ലാം വിപണികളിലാണ് എണ്ണ ഭീമന്‍ ലിസ്റ്റ് ചെയ്യപ്പെടുകയെന്നോ ഉള്ള കാര്യത്തില്‍ ഇതു വരെ വ്യക്തത വന്നിട്ടില്ല.

സൗദി അരാംകോയുടെ ഐപിഒയെ സംബന്ധിച്ച എല്ലാ കാര്യങ്ങളും സുഗമമായി മുന്നേറുകയാണ്. 2018ല്‍ തന്നെ ഐപിഒ നടക്കും-ഈ സന്ദേശമായിരുന്നു സൗദി അറേബ്യയുടെ ഡെവോസ് ഇന്‍ ദി ഡെസേര്‍ട്ട് എന്ന പേരില്‍ അരങ്ങേറിയ നിക്ഷേപക സംഗമത്തില്‍ അധികൃതര്‍ പറഞ്ഞത്.

എന്നാല്‍ ആവര്‍ത്തിച്ച് സൗദി ഭരണകൂടം പറഞ്ഞുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. ഇതിനപ്പുറത്തേക്ക് അരാംകോയുടെ ഐപിഒയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് വ്യക്തത വരുത്താന്‍ സൗദിക്ക് കഴിഞ്ഞിട്ടില്ല.

ഐപിഒയുടെ വലുപ്പം ഇതുവരെ വ്യക്തമല്ല. ലോകത്തെ ഏറ്റവും വലിയ പ്രഥമ ഓഹരി വില്‍പ്പന ആകും ഇതെന്നാണ് നിക്ഷേപകരും ആഗോള കണ്‍സള്‍ട്ടന്‍സി സ്ഥാപനങ്ങളും വിലയിരുത്തുന്നത്. എന്നാല്‍ എത്രമാത്രം വലുപ്പമുള്ളതാകും ഐപിഒ എന്ന കാര്യം സൗദി ഇതുവരെ വ്യക്തമാക്കിയിട്ടില്ല. സൗദിയുടെ സാമ്പത്തിക പരിഷ്‌കരണ പദ്ധതിയായ വിഷന്‍ 2030ന്റെ നട്ടെല്ലാണ് അരാംകോയുടെ പ്രഥമ ഓഹരി വില്‍പ്പന. ഇതിന്റെ മുഖ്യ ചുമതലക്കാരനാകട്ടെ രാജ്യത്തിന്റെ കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാനും. അതുകൊണ്ടുതന്നെ അരാംകോയുമായി ബന്ധപ്പെട്ട എന്തും ലോകമാധ്യമങ്ങള്‍ക്കും വലിയ വാര്‍ത്തയാണ്.

ന്യൂയോര്‍ക്ക്, ഹോംകോംഗ്, സിംഗപ്പൂര്‍, ടോക്ക്യോ, ടൊറോന്റോ തുടങ്ങിയ ഓഹരി വിപണികളും സൗദി അരാംകോയുടെ ഐപിഒ നേടിയെടുക്കാന്‍ മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ ഓഹരി വിപണികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സൗദിയുടെ തീരുമാനം അറിയാന്‍

സൗദിയുടെ വരുമാനസ്രോതസ്സുകള്‍ വൈവിധ്യവല്‍ക്കരിക്കുകയാണ് ഐപിഒയുടെ പ്രധാന ഉദ്ദേശ്യം. ഇതില്‍ നിന്നും സമാഹരിക്കുന്ന വന്‍തുക സൗദിയുടെ സമ്പദ് വ്യവസ്ഥയെ എണ്ണയുഗത്തില്‍ നിന്നും പുതുയുഗത്തിലേക്ക് നടക്കാന്‍ പ്രാപ്തമാക്കുമെന്നാണ് പ്രതീക്ഷ. എന്നാല്‍ കമ്പനി ഏതെല്ലാം ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നത് ഇതുവരേ തീരുമാനമായിട്ടില്ല. റിയാദിലെ ആഭ്യന്തര വിപണിയായ തഡാവുളിലും ചില വിദേശ ഓഹരി വിപണികളിലും ഐപിഒ നടക്കുമെന്നാണ് വിവരം. എന്നാല്‍ ഏതെല്ലാം വിദേശവിപണികളിലാണ് ഓഹരി വില്‍പ്പന നടക്കുക എന്നതാണ് ഇപ്പോള്‍ ഉയരുന്ന ഏറ്റവും പ്രസക്തമായ ചോദ്യം. 5 ശതമാനം ഓഹരിയാണ് കമ്പനി ലിസ്റ്റ് ചെയ്യുന്നത്. റിയാദിന് പുറമെ ഒന്നോ രണ്ടോ വിദേശ സ്‌റ്റോക് എക്‌സ്‌ചേഞ്ചുകളിലും ലിസ്റ്റിംഗ് ഉണ്ടാകുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍.

ലണ്ടന്‍ സ്‌റ്റോക് എക്‌സ്‌ചേഞ്ച് ഉള്‍പ്പടെ നിരവധി വിപണികള്‍ അരാംകോയുടെ ഐപിഒയ്ക്കായി മത്സരത്തിനുണ്ട്. ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചില്‍ അരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന നടത്തിക്കുന്നതിനായി സ്റ്റോക് എക്‌സ്‌ചേഞ്ച് അധികൃതര്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയെന്ന് നേരത്തെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതിനെതിരെ പിന്നീട് ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ച് സിഇഒ രംഗത്തെത്തി.

ന്യൂയോര്‍ക്ക്, ഹോംകോംഗ്, സിംഗപ്പൂര്‍, ടോക്ക്യോ, ടൊറോന്റോ തുടങ്ങിയ ഓഹരി വിപണികളും സൗദി അരാംകോയുടെ ഐപിഒ നേടിയെടുക്കാന്‍ മത്സരിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ലോകത്തെ ഓഹരി വിപണികള്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സൗദിയുടെ തീരുമാനം അറിയാന്‍.

Comments

comments

Categories: Arabia