ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇതാ ഒരു ഫ്രീ സോണ്‍

ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇതാ ഒരു ഫ്രീ സോണ്‍

ദുബായി കോമ്മര്‍ സിറ്റിയെന്ന പേരിലാണ് ഫ്രീസോണ്‍ ആരംഭിച്ചിരിക്കുന്നത്

ദുബായ്: ഇ-കൊമേഴ്‌സ് മേഖലയ്ക്ക് അഭൂതപൂര്‍വമായ വളര്‍ച്ചയാണ് പല രാജ്യങ്ങളിലും ഉണ്ടാകുന്നത്. യുഎഇയും വ്യത്യസ്തമല്ല. ആമസോണും നൂണ്‍ഡോട്‌കോമുമെല്ലാം ഗള്‍ഫ് മേഖലയിലെ ഈ സാധ്യതകള്‍ മുതലെടുക്കാന്‍ തന്നെയാണ് തീരുമാനിച്ചിരിക്കുന്നതെന്ന് അവരുടെ അടുത്തിടെയുള്ള നിക്ഷേപങ്ങള്‍ പരിശോധിച്ചാല്‍ തന്നെ വ്യക്തമാകും. ഇപ്പോള്‍ ഇതാ ഇ-കൊമേഴ്‌സ് മേഖലയ്ക്കായി ഇപ്പോള്‍ ഒരു ഫ്രീസോണും തുടങ്ങിയിരിക്കുന്നു ദുബായില്‍.

ദുബായ് കോമര്‍സിറ്റിയെന്ന സംരംഭത്തിന് തുടക്കമിട്ടിരിക്കുന്നത് ദുബായ് എയര്‍പോര്‍ട്ട് ഫ്രീ സോണ്‍ അതോറിറ്റിയും വസ്ല്‍ അസറ്റ് മാനേജ്‌മെന്റ് ഗ്രൂപ്പും ചേര്‍ന്നാണ്. നഗരത്തിന്റെ ഉം റമൂല്‍ മേഖലയിലാണ് പുതിയ സംരംഭം. ഏകദേശം 740 മില്ല്യണ്‍ ഡോളര്‍ മുതല്‍മുടക്കിലാണ് ഇ-കൊമേഴ്‌സ് ഫ്രീ സോണ്‍ വരുന്നത്.

മിഡില്‍ ഈസ്റ്റ് & നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഇ-കൊമേഴ്‌സ് രംഗത്തിന് മാത്രമായി ഇത്തരമൊരു ഫ്രീ സോണ്‍ വരുന്നത് ഇതാദ്യമാണ്. നഗരത്തെ കൂടുതല്‍ സ്മാര്‍ട്ട് ആക്കുന്നതിന്റെ ഭാഗമായാണ് പദ്ധതിയെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.

ജിസിസി മേഖലയില്‍ 2020 ആകുമ്പോഴേക്കും ഇ-കൊമേഴ്‌സ് വിപണിയുടെ വളര്‍ച്ച 20 ബില്ല്യണ്‍ ഡോളറാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതിനെ ത്വരിതപ്പെടുത്തുകയെന്നതാണ് പുതിയ ഫ്രീ സോണിന്റെ ലക്ഷ്യം.

മിഡില്‍ ഈസ്റ്റ് & നോര്‍ത്ത് ആഫ്രിക്ക മേഖലയില്‍ ഇ-കൊമേഴ്‌സ് രംഗത്തിന് മാത്രമായി ഇത്തരമൊരു ഫ്രീ സോണ്‍ വരുന്നത് ഇതാദ്യമാണ്.

ഓഫീസ് സ്‌പേസുകളും ലോജിസ്റ്റിക്‌സ് യൂണിറ്റുകളുമായി 427,000 സ്‌ക്വയര്‍ മീറ്ററിലാണ് ദുബായ് കോമര്‍ സിറ്റി വരുന്നത്. മൊത്തത്തിലുള്ള ലീസബിള്‍ ഏരിയ 176,000 സ്‌ക്വയര്‍ കിലോമീറ്ററാണ്.

മൂന്ന് ക്ലസ്റ്ററുകളായി ഫ്രീസോണിനെ വേര്‍തിരിച്ചിട്ടുണ്ട്. ഒന്നാമത്തേത് ബിസിനസ് ക്ലസ്റ്റര്‍ ആണ്. രണ്ടാമത്തേത് ലോജിസ്റ്റിക്‌സ് ക്ലസ്റ്റര്‍ മൂന്നാമത്തേത് സോഷ്യല്‍ ക്ലസ്റ്റര്‍. 13 ഓഫീസ് ബില്‍ഡിംഗുകളാണ് ബിസിനസ് ക്ലസ്റ്ററിലുള്ളത്. സോഷ്യല്‍ ക്ലസ്റ്ററിലാകട്ടെ 84 യൂണിറ്റുകളും. സോഷ്യല്‍ ക്ലസ്റ്ററിലുണ്ടാകുക ആര്‍ട്ടി ഗാലറികളും റസ്റ്ററന്റുകളും കഫേകളുമാണ്.

ദുബായിലെ മൊത്തം വാണിജ്യ പ്രവര്‍ത്തനങ്ഹള്‍ക്ക് പുതിയ ദിശാബോധം നല്‍കാന്‍ ക്ലസ്റ്ററിന് സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അതോറിറ്റി ചെയര്‍മാന്‍ ഷേഖ് അഹമ്മദ് ബിന്‍ സയിദ് അല്‍ മക്തൂം പറഞ്ഞു.

ദുബായുടെ സുസ്ഥിര സമ്പദ് വ്യവസ്ഥയിലേക്കുള്ള പ്രധാനപ്പെട്ട പടിയായി പുതിയ ഫ്രീസോണ്‍ വര്‍ത്തിക്കുമെന്നാണ് ദുബായ് എയര്‍പോര്‍ട്ട് ഫ്രീസോണ്‍ അതോറിറ്റി ഡയറക്റ്റര്‍ ജനറല്‍ ഡോ. മൊഹമ്മദ് അല്‍ സറൂനി അഭിപ്രായപ്പെട്ടത്.

Comments

comments

Categories: Arabia