എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഐപിഒ അടുത്ത വര്‍ഷം: ദീപക് പരേഖ്

എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ട് യൂണിറ്റ് ഐപിഒ അടുത്ത വര്‍ഷം: ദീപക് പരേഖ്

എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐപിഒ നവംബര്‍ ഏഴിന് ആരംഭിക്കും

മുംബൈ: എച്ച്ഡിഎഫ്‌സി (ഹൗസിംഗ് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്‍ ലിമിറ്റഡ്) മ്യൂച്വല്‍ ഫണ്ട് യൂണിറ്റിന്റെ പ്രഥമ ഓഹരി വില്‍പ്പന അടുത്ത വര്‍ഷം നടത്താന്‍ പദ്ധതിയിടുന്നതായി എച്ച്ഡിഎഫ്‌സി ചെയര്‍മാന്‍ ദീപക് പരേഖ്. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐപിഒ നവംബര്‍ ഏഴിന് നടക്കാനിരിക്കെയാണ് പുതിയ പ്രഖ്യാപനം. എച്ച്ഡിഎഫ്‌സി ലൈഫ് ഇന്‍ഷുറന്‍സിന്റെ ഐപിഒയ്ക്ക് ഈ മാസം തുടക്കത്തിലാണ് സെബിയുടെ അനുമതി ലഭിച്ചത്. ഐപിഒയില്‍ എച്ച്ഡിഎഫ്‌സി ലിമിറ്റഡിന്റെ കൈവശമുള്ള 9.55 ശതമാനം ഓഹരികളും സ്റ്റാന്‍ഡേര്‍ഡ് ലൈഫ് മൗറീഷ്യസിന്റെ 5.42 ശതമാനം ഓഹരികളും വിറ്റഴിക്കാനാണ് തീരുമാനം. നവംബര്‍ 9ന് ഐപിഒ സമാപിക്കും.

എച്ച്ഡിഎഫ്‌സിയുടെ അസറ്റ് മാനേജ്‌മെന്റ് ബിസിനസ് അടുത്ത വര്‍ഷം ആദ്യ പാദത്തില്‍ ലിസ്റ്റ് ചെയ്യുമെന്ന് ദേശീയ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ പരേഖ് അറിയിച്ചത്. സെപ്റ്റംബറില്‍ അവസാനിച്ച പാദത്തിലെ കണക്കു പ്രകാരം 2.69 ലക്ഷം കോടി രൂപയുടെ ആസ്തിയാണ് എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിനുള്ളത്. റിലയന്‍സ് നിപ്പോണ്‍ അസറ്റ് മാനേജ്‌മെന്റ് കമ്പനി ലിമിറ്റഡിനു ശേഷം ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യുന്ന രണ്ടാമത്തെ മ്യൂച്ച്വല്‍ ഫണ്ട് സംരംഭമായിരിക്കും എച്ച്ഡിഎഫ്‌സി അസറ്റ് മാനേജ്‌മെന്റ്. 81.45 മടങ്ങ് അധിക സബ്‌സ്‌ക്രിപ്ഷന്‍ നേടി കഴിഞ്ഞ വെള്ളിയാഴ്ചയാണ് റിലയന്‍സ് നിപ്പോണ്‍ ഐപിഒ സമാപിച്ചത്.

നിലവില്‍ ലൈഫ് ഇന്‍ഷുറന്‍സ്, മ്യൂച്വല്‍ ഫണ്ട് ബിസിനസുകളുടെ ഐപിഒയില്‍ മാത്രമാണ് എച്ച്ഡിഎഫ്‌സി ഗ്രൂപ്പ് ശ്രദ്ധകേന്ദ്രീകരിച്ചിട്ടുള്ളതെന്ന് ദീപക് പരേഖ് പറഞ്ഞു. റിയല്‍ എസ്റ്റേറ്റ് മേഖലയ്ക്ക് ഊന്നല്‍ നല്‍കികൊണ്ട് ഡിസ്ട്രസ്ഡ് അസറ്റ് ഫണ്ട് രൂപീകരിക്കുന്നതും എച്ച്ഡിഎഫ്‌സി യുടെ പരിഗണനയിലുണ്ട്. പദ്ധതി നടപ്പാക്കുന്നതിന് നാഷണല്‍ ഹൗസിംഗ് ബാങ്കില്‍ നിന്നും സഹായം തേടാനാണ് എച്ച്ഡിഎഫ്‌സി ശ്രമിക്കുന്നത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ബിസിനസില്‍ ഗ്രൂപ്പിന് താല്‍പ്പര്യമുണ്ടെന്നും പരേഖ് അറിയിച്ചു.

Comments

comments

Categories: Banking