ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്‌നാപ് ബിഡ് ക്ഷണിച്ചു

ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ സ്‌നാപ് ബിഡ് ക്ഷണിച്ചു

നവംബര്‍ 20 ഓടെ 300 ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ വിതരണം ചെയ്യണമെന്ന് ഇഇഎസ്എല്‍

ന്യൂ ഡെല്‍ഹി : ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാര്‍ സ്‌നാപ് ബിഡ് ക്ഷണിച്ചു. അടുത്ത മാസത്തോടെ ചാര്‍ജിംഗ് സ്‌റ്റേഷനുകളുടെ ലഭ്യത ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ആദ്യ ഘട്ടത്തില്‍ വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് ഉടനെ ലഭിച്ചുതുടങ്ങും.

നവംബര്‍ 20 ഓടെ 300 ഇലക്ട്രിക് വാഹന ചാര്‍ജറുകള്‍ വിതരണം ചെയ്യണമെന്നാണ് സ്‌നാപ് ബിഡ്ഡിലൂടെ സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ആദ്യ ബാച്ച് ഇലക്ട്രിക് വാഹനങ്ങള്‍ നവംബര്‍ പകുതിയോടെ ലഭിച്ചുതുടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആവശ്യമായ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ അതിവേഗം സ്ഥാപിക്കുന്നതിനാണ് സ്‌നാപ് ബിഡ് ക്ഷണിച്ചതെന്ന് എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്റ്റര്‍ സൗരഭ് കുമാര്‍ പറഞ്ഞു.

ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികളില്‍നിന്ന് വാങ്ങുന്ന 500 ഇലക്ട്രിക് കാറുകള്‍ നവംബര്‍ പകുതിയോടെ ലഭിക്കും

ഇലക്ട്രിക് വാഹനങ്ങള്‍ക്കായി 4,000 ചാര്‍ജറുകള്‍ വാങ്ങുന്നതിന് ഇഇഎസ്എല്‍ ഈ വര്‍ഷമാദ്യം ആഗോള ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. ചാര്‍ജറുകളുടെ സാങ്കേതിക യോഗ്യതകള്‍ മദ്രാസ് ഐഐടിയിലാണ് പരിശോധിക്കുന്നത്. എബിബി, സീമെന്‍സ്, ഭെല്‍, ഡെല്‍റ്റ പവര്‍ സൊലൂഷന്‍ ഇന്ത്യാ ലിമിറ്റഡ് തുടങ്ങി 14 കമ്പനികളാണ് ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന് രംഗത്തുവന്നത്. ഇതുവരെ ഒന്നോ രണ്ടോ കമ്പനികള്‍ മാത്രമാണ് മദ്രാസ് ഐഐടിയിലെ പരിശോധന പൂര്‍ത്തിയാക്കിയത്.

500 ഇലക്ട്രിക് കാറുകള്‍ക്കുവേണ്ടി ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിനാണ് സ്‌നാപ് ബിഡ് ക്ഷണിച്ചിരിക്കുന്നത്. ടാറ്റ മോട്ടോഴ്‌സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര കമ്പനികളില്‍നിന്നാണ് ഇഇഎസ്എല്‍ കാറുകള്‍ വാങ്ങുന്നത്. ആദ്യ ബാച്ച് ഇലക്ട്രിക് കാറുകള്‍ നവംബര്‍ 15 ന് ലഭിക്കും. ഊര്‍ജ്ജ, കല്‍ക്കരി, പുനരുല്‍പ്പാദന ഊര്‍ജ്ജ മന്ത്രാലയങ്ങളായിരിക്കും ഈ ഇലക്ട്രിക് കാറുകള്‍ ഉപയോഗിക്കുന്നത്.

Comments

comments

Categories: Auto