വൃഥാവിലാകുന്ന വിദ്യാഭ്യാസം

വൃഥാവിലാകുന്ന വിദ്യാഭ്യാസം

പരസ്പരം കൂടിപ്പിണഞ്ഞും കുഴഞ്ഞും കീഴ്‌മേല്‍ മറിഞ്ഞും കിടക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കുള്ളിലാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖല

കേരളത്തില്‍ നിന്ന് എന്‍ജിനീയറിംഗ് പഠനം കഴിഞ്ഞ് പുറത്തിറങ്ങുന്നവരുടെ എണ്ണം സ്വിറ്റ്‌സര്‍ലന്‍ഡിലെ മൊത്തം ജനസംഖ്യയേക്കാള്‍ കൂടുതലാണ്. പക്ഷേ, ഗ്ലോബല്‍ ഇന്നൊവേഷന്‍ ഇന്‍ഡക്‌സില്‍ ഇന്ത്യ 78ാം സ്ഥാനത്തും സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാമതുമാണ്. കേരളത്തിലെ എന്‍ജിനീയറിംഗ് കോളെജുകളിലെ പഠന നിലവാരത്തിന്റെ പ്രശ്‌നം മാത്രമായി ഇതിനെ ചുരുക്കിക്കാണാന്‍ കഴിയില്ല. മലയാളിയുടെ വിദ്യാഭ്യാസ സംസ്‌കാരവും പ്രൈമറി തലം മുതലുള്ള വിദ്യാഭ്യാസ സമ്പ്രദായവും വിദ്യാഭ്യാസ മേഖലയിലെ കച്ചവടവല്‍ക്കരണവും തുടങ്ങി നിരവധി കാരണങ്ങള്‍ ഉന്നതവിദ്യാഭ്യാസ മേഖലയിലെ നിലവാരത്തകര്‍ച്ചക്ക് പിന്നിലുണ്ട്.

പരസ്പരം കൂടിപ്പിണഞ്ഞും കുഴഞ്ഞും കീഴ്‌മേല്‍ മറിഞ്ഞും കിടക്കുന്ന സങ്കീര്‍ണമായ പ്രശ്‌നങ്ങള്‍ക്കുള്ളിലാണ് ഇന്ന് കേരളത്തിലെ വിദ്യാഭ്യാസ മേഖല. രാജ്യത്തിന്റെ പൊതുവിദ്യാഭ്യാസ മേഖലയുമായി ബന്ധപ്പെട്ടു നില്‍ക്കുമ്പോഴും കേരളത്തിലെ വിദ്യാഭ്യാസ മേഖലയുടെ പ്രശ്‌നങ്ങള്‍ വേറിട്ടതാണ്. അടിസ്ഥാന വിദ്യാഭ്യാസ മേഖലയില്‍ പ്രീ-പ്രൈമറി മുതല്‍ തുടങ്ങുന്ന പ്രശ്‌നങ്ങള്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെത്തുമ്പോള്‍ പരിഹരിക്കാന്‍ കഴിയാത്തവിധത്തില്‍ രൂക്ഷമായി മാറുന്നു. പ്രൈമറിയില്‍ നിന്ന് സെക്കന്‍ഡറി, ഹയര്‍സെക്കന്‍ഡറി തലങ്ങളിലൂടെ പരുവപ്പെടുന്ന വിദ്യാര്‍ഥികള്‍ ഉന്നത വിദ്യാഭ്യാസത്തിലേക്ക് കടക്കുമ്പോള്‍ മാത്രമാണ് അവര്‍ അഭിമുഖീകരിക്കുന്ന യഥാര്‍ഥ പ്രശ്‌നങ്ങള്‍ പുറത്തേക്ക് വരിക. അതുവരെ ഗ്രേസ് മാര്‍ക്കിന്റെയും ഗ്രേഡിംഗിന്റെയും ആനുകൂല്യത്തില്‍ കാര്യമായ ഒരു വെല്ലുവിളിയും കൂടാതെ കുട്ടികള്‍ ജയച്ചു കയറിക്കൊണ്ടിരിക്കും.

ഇവിടെ പ്രശ്‌നങ്ങള്‍ പല തലങ്ങളിലാണ് നിലനില്‍ക്കുന്നത്. അടിസ്ഥാന വിദ്യാഭ്യാസത്തിലെ ന്യൂനതകളുടെ ഇരകളായി ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വരുന്ന വിദ്യാര്‍ഥികളുടെ നിലവാരമില്ലായ്മ, ഇതേ വിദ്യാര്‍ഥികള്‍ പഠിച്ചിറങ്ങി അധ്യാപകരാകുമ്പോള്‍ ഉണ്ടാകുന്ന നിലവാരത്തകര്‍ച്ച എന്നിവ ഒരു വശത്ത്. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അപര്യാപ്തതകള്‍, സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന കഴുത്തറുപ്പന്‍ കച്ചവടം, വിവിധ ശക്തികളുടെ താല്‍പര്യങ്ങള്‍ക്ക് കീഴ്‌വഴങ്ങി പ്രവര്‍ത്തിക്കുന്ന സര്‍ക്കാരുകള്‍ സ്വീകരിക്കുന്ന നയസമീപനങ്ങള്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ എന്നിവ മറുവശത്ത്. ആത്യന്തികമായി സംസ്ഥാനത്തിന്റെ മനുഷ്യവിഭവ ശേഷിയില്‍, വൈദഗ്ധ്യം ആവശ്യപ്പെടുന്ന വിവിധ മേഖലകളില്‍ അവയുടെ നിലവാരത്തില്‍, ഔന്നത്യത്തില്‍ ഒക്കെയാണ് ഇതിന്റെയെല്ലാം തിക്തഫലങ്ങള്‍ ഉണ്ടാകുന്നത്. അതാകട്ടെ വേണ്ടത്ര തിരിച്ചറിയപ്പെടാതെ പോകുകയും ചെയ്യുന്നു.

പുറത്തുവരുന്നത് പ്രതിബദ്ധതയില്ലാത്ത പ്രൊഫഷണലുകള്‍

നിലവാരവും മൂല്യബോധവും പ്രതിബദ്ധതയുമില്ലാത്ത ഡോക്റ്റര്‍മാരുടെയും എന്‍ജിനീയര്‍മാരുടെയും ഒരു തലമുറയെയാണ് നമ്മുടെ വിദ്യാഭ്യാസ മേഖല വാര്‍ത്തെടുത്ത് സമൂഹത്തിലേക്ക് ഇറക്കിവിട്ടുകൊണ്ടിരിക്കുന്നത്. ഇവര്‍ സമൂഹത്തിന് സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സാമൂഹ്യശാസ്ത്രജ്ഞരുടെ ഗൗരവതരമായ പഠനം അര്‍ഹിക്കുന്നുണ്ട്. ആഗോളവല്‍ക്കരണ കാലത്തെ കമ്പോളം ആവശ്യപ്പെടുന്നത് ധാര്‍മികതയും മൂല്യബോധവുമില്ലാത്ത പ്രൊഫഷണലുകളെയാണ്. ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം വാര്‍ത്തെടുത്തു പുറത്തുവിട്ടുകൊണ്ടിരിക്കുന്നതും അത്തരം പ്രൊഫഷണലുകളെയാണ്. മൂല്യബോധവും നിലവാരവും പ്രതിബദ്ധതയുമുള്ള ഒരു തലമുറ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് പുറത്തുവരണമെങ്കില്‍ അകത്തും പുറത്തുമുള്ള സാഹചര്യങ്ങള്‍ മാറേണ്ടതുണ്ട്. ഇന്നത്തെ സാഹചര്യത്തില്‍ അത് അസാധ്യവുമാണ്. കാരണം ഓരോ മലയാളിയും ചിലന്തിവല പോലെ സങ്കീര്‍ണമായ ഒരു കെട്ടുപാടിനുള്ളിലാണ്. മകന്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യതയില്ലാത്തയാളാണെങ്കിലും അവനെ തന്റെ സ്റ്റാറ്റസിന് ചേരാത്ത ഒരു പഠനമേഖലയിലേക്കോ തൊഴില്‍ മേഖലയിലേക്കോ കൊണ്ടു പോകാന്‍ ഇന്ന് ഒരു രക്ഷിതാവും തയാറാകില്ല. കൈയില്‍ പണമുണ്ടെങ്കില്‍ ഏത് രക്ഷിതാവിനും അവനെ ഉന്നത വിദ്യാഭ്യാസം ചെയ്യിക്കാം. വിജയിപ്പിക്കാം. സ്വാധീനമുണ്ടെങ്കില്‍ അവനെ ഉന്നത പദവികളില്‍ അവരോധിക്കുകയും ചെയ്യാം. അതാണ് സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വലിയ പങ്കും നിര്‍വഹിച്ചുകൊണ്ടിരിക്കുന്ന ദൗത്യം. ഏതൊരു സമൂഹത്തിനും അത് അര്‍ഹിക്കുന്ന തരത്തിലുള്ള വിദ്യാഭ്യാസ സമ്പ്രദായങ്ങളാണ് രൂപപ്പെടുത്താന്‍ കഴിയുക. ഈ സമൂഹം തന്നെയാണ് ഈ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ രൂപകല്‍പ്പന നടത്തുന്നത്. അഴിമതിയും നിലവാരത്തകര്‍ച്ചയും ഗ്രസിച്ചിരിക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും ബ്യൂറോക്രാറ്റിക് സംവിധാനങ്ങളും ജൂഡീഷ്യറിയും മാധ്യമമേഖലയും നിയന്ത്രിക്കുന്ന എല്ലാ തലങ്ങളിലും പിന്നോക്കം നില്‍ക്കുന്ന നാട്ടില്‍ എങ്ങനെ വിദ്യാഭ്യാസ സമ്പ്രദായങ്ങള്‍ വേറിട്ടതായി നിലനില്‍ക്കും. ആത്യന്തികമായി ഇതിന് ഇങ്ങനെയൊക്കെ മാത്രമേ മുന്നോട്ടു പോക്ക് സാധ്യമാകൂ.

അറിവിന്റെ കുത്തൊഴുക്കില്‍ കഴിവ് മറയുന്നു

നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അടിസ്ഥാന ന്യൂനത അത് വിദ്യാര്‍ഥികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നത് നല്‍കാതിരിക്കുകയും ആവശ്യമില്ലാത്തത് നിര്‍ബന്ധപൂര്‍വം അടിച്ചേല്‍പ്പിക്കുകയും ചെയ്യുന്നുവെന്നതാണ്. അടിസ്ഥാന വിദ്യാഭ്യാസം എന്ന പേരില്‍ ഇന്ന് വിദ്യാര്‍ഥികള്‍ക്ക് നല്‍കുന്ന അറിവുകള്‍ 90 ശതമാനം പേര്‍ക്കും അവരുടെ ജീവിതത്തിലൊരിക്കലും ഉപയോഗിക്കേണ്ടതായിട്ടില്ലാത്തതാണ്. എന്നാല്‍ ദൈനംദിന ജീവിതത്തില്‍ അവര്‍ക്ക് ഉപയോഗിക്കേണ്ടിവരുന്ന അടിസ്ഥാന പാഠങ്ങള്‍ പലതും പത്താം ക്ലാസ് വരെ അവരെ പഠിപ്പിക്കുന്നതുമില്ല. പഠനത്തില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുകയും പത്താം ക്ലാസ് കോപ്പിയടിച്ചിട്ടും തോല്‍ക്കുകയും പിന്നീട് സംഗീതസംവിധാന രംഗത്ത് താരമായി ഉയരുകയും ചെയ്ത ഗോപീസുന്ദര്‍ അല്‍പ്പം പോലും കുറ്റബോധമില്ലാതെ പറഞ്ഞത് സ്‌കൂളില്‍ പഠിക്കാനുണ്ടായിരുന്ന കെമിസ്ട്രിയും ഫിസിക്‌സുമൊക്കെ തനിക്ക് ജീവിതത്തിലൊരിക്കലും ആവശ്യമില്ലാത്തതായിരുന്നുവെന്നാണ്. അയാള്‍ക്ക് ആവശ്യം സംഗീതമായിരുന്നു. അത് സ്‌കൂളില്‍ നിന്ന് അല്‍പ്പം പോലും ലഭിച്ചതുമില്ല. അവന് സംഗീതം പഠിക്കാന്‍ സ്‌കൂളില്‍ നിന്ന് ജീവിതത്തിലേക്ക് ഇറങ്ങേണ്ടിവന്നു. ഇത്തരം ഗോപീസുന്ദര്‍മാരുടേതാണ് നമ്മുടെ സമൂഹം. നമ്മളില്‍ പലരിലും ഈ ഗോപീസുന്ദര്‍ ഉണ്ട്.

ഇംഗ്ലീഷും ഹിന്ദിയും ഐച്ഛിക വിഷയമായെടുത്ത് പത്താം ക്ലാസോ പ്ലസ് ടുവോ ഡിഗ്രിയോ ഒക്കെ എടുക്കുന്നവര്‍ക്കു പോലും വഴിയില്‍ കാണുന്ന ഒരാളോട് ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കേണ്ടിവന്നാല്‍ ഒരക്ഷരം വായില്‍ നിന്ന് പുറത്തേക്ക് വരില്ല. കാരണം അവന്റെ ഭാഷാപഠനം വായനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. കുട്ടികളെക്കൊണ്ട് ഇംഗ്ലീഷും ഹിന്ദിയും സംസാരിപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പൊതുവിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം കൈയാളുന്നവര്‍ക്ക് ഇനിയും ബോധ്യമായിട്ടില്ല.

സാഹിത്യാഭിരുചിയുള്ള കുട്ടികള്‍ കണക്ക് പോലുള്ള വിഷയങ്ങളില്‍ പിന്നിലാകുന്നതാണ് പൊതുവില്‍ കാണുന്ന രീതി. സാഹിത്യത്തിലെ അവനുള്ള അഭിരുചി പരിപോഷിപ്പിക്കാനുള്ള അവസരം സ്‌കൂള്‍ സിലബസില്‍ ഇല്ല. അവന്റെ യഥാര്‍ഥ പ്രതിഭയെ പരിപോഷിപ്പിക്കാനും വളര്‍ത്തിയെടുക്കാനും ഉതകുന്നതൊന്നും ക്ലാസ് മുറികളില്‍ നിന്ന് ലഭിക്കില്ല. ഫലമോ സംഗീതത്തിലും സാഹിത്യത്തിലുമൊക്കെ പ്രതിഭയാകേണ്ട കുട്ടികള്‍ മണ്ടനെന്ന് മുദ്രയടിക്കപ്പെട്ട് പരാജയത്തിന്റെ പടുകുഴിയില്‍ വീഴുന്നു. ഇന്ന് ലോകമെങ്ങും ആരാധിക്കപ്പെടുന്ന സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്‍ സ്‌കൂള്‍പഠനം പോലും പൂര്‍ത്തിയാക്കാതെ പുറത്തു പോകേണ്ടിവന്നയാളാണ്. പഠനത്തില്‍ പിന്നോക്കമായതിന്റെ പേരില്‍ എല്ലാവരാലും അവഗണിക്കപ്പെട്ട് കടുത്ത അപകര്‍ഷതാബോധത്തിന്റെ പിടിയിലമര്‍ന്ന ഈ കുട്ടി പിന്നീട് സ്‌കൂളില്‍ നിന്ന് പുറത്തുവന്ന ശേഷം തന്റെ നൈസര്‍ഗികമായ കഴിവുകളില്‍ സ്വയം സാക്ഷാത്കാരം കണ്ടെത്തുകയായിരുന്നു.

വളര്‍ത്തിയെടുക്കേണ്ടത് കഴിവുകള്‍

യഥാര്‍ഥത്തില്‍ കുട്ടികളിലുള്ള കഴിവ് കണ്ടെത്തി അത് വളര്‍ത്തിയെടുക്കാന്‍ കഴിയുന്ന തരത്തിലെ വിദ്യാഭ്യാസം നല്‍കിയാല്‍ നമ്മുടെ നാടിന്റെ മാനവവിഭവ ശേഷിയില്‍ അതുണ്ടാക്കാനിടയുള്ള വിപ്ലവകരമായ മാറ്റത്തെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ധന്‍മാര്‍ ചിന്തിക്കുന്നില്ലെന്നത് അവരും ഇതേ സമ്പ്രദായത്തില്‍ പഠിച്ചുവളര്‍ന്നവരായതു കൊണ്ടാകണം. എഴുത്തില്‍, കലകളില്‍, എന്‍ജിനീയറിംഗില്‍, സയന്‍സില്‍, സാമൂഹ്യ-രാഷ്ട്രീയ വിഷയങ്ങളില്‍ കുട്ടികള്‍ക്കുള്ള അഭിരുചി ചെറിയ ക്ലാസുകളില്‍ തന്നെ തിരിച്ചറിഞ്ഞ് അത് വളര്‍ത്തിയെടുക്കാനും ഇതരവിഷയങ്ങളില്‍ അവനുള്ള പിന്നോക്കാവസ്ഥ മറികടക്കാനുമുള്ള സംവിധാനമുണ്ടായാല്‍ നമ്മുടെ കുട്ടികള്‍ക്കിടയില്‍ നിന്നും അല്‍ഭുതപ്രതിഭകള്‍ ഉയര്‍ന്നുവരും. പത്താം ക്ലാസ് കഴിയുമ്പോള്‍ മാത്രമാണ് ഇപ്പോള്‍ കുട്ടികളുടെ പ്രതിഭ കണ്ടെത്തി അവര്‍ക്കിഷ്ടപ്പെട്ട വിഷയങ്ങളിലേക്ക് തിരിഞ്ഞു പോകാനുള്ള അവസരമുള്ളത്. ജനിതകപരമായ സവിശേഷത മൂലം തലയില്‍ കയറാത്ത വിഷയങ്ങള്‍ പത്താം ക്ലാസ് വരെ അവന്‍ കയ്ക്കുന്ന കഷായം പോലെ കുടിച്ചുകൊണ്ടിരിക്കണം.

പ്രായോഗിക ജീവിതത്തില്‍ ഇന്ന് ഭാഷാപരമായി ഏറ്റവും ആവശ്യമായത് ഇംഗ്ലീഷ്, ഹിന്ദി ഭാഷകളില്‍ ആശയവിനിമയം നടത്താനുള്ള കഴിവാണ്. ഇംഗ്ലീഷും ഹിന്ദിയും ഐച്ഛിക വിഷയമായെടുത്ത് പത്താം ക്ലാസോ പ്ലസ് ടുവോ ഡിഗ്രിയോ ഒക്കെ എടുക്കുന്നവര്‍ക്കു പോലും വഴിയില്‍ കാണുന്ന ഒരാളോട് ഹിന്ദിയോ ഇംഗ്ലീഷോ സംസാരിക്കേണ്ടിവന്നാല്‍ ഒരക്ഷരം വായില്‍ നിന്ന് പുറത്തേക്ക് വരില്ല. കാരണം അവന്റെ ഭാഷാപഠനം വായനയില്‍ മാത്രം ഒതുങ്ങി നില്‍ക്കുന്നതാണ്. കുട്ടികളെക്കൊണ്ട് ഇംഗ്ലീഷും ഹിന്ദിയും സംസാരിപ്പിച്ചു പഠിപ്പിക്കേണ്ടതിന്റെ ആവശ്യകത പൊതുവിദ്യാഭ്യാസ മേഖലയുടെ നിയന്ത്രണം കൈയാളുന്നവര്‍ക്ക് ഇനിയും ബോധ്യമാകാതെ നില്‍ക്കുകയാണ്. കുട്ടികളെ, അവര്‍ നേരിടുന്ന പ്രശ്‌നങ്ങളെ, മനഃശാസ്ത്രപരമായി സമീപിക്കാനും കൈകാര്യം ചെയ്യാനുമുള്ള സംവിധാനങ്ങളും നമ്മുടെ കരിക്കുലത്തിന് അന്യമാണ്. കുട്ടികളില്‍ ആത്മവിശ്വാസം വളര്‍ത്തുന്നതിന്, അവര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെ, വെല്ലുവിളികളെ തിരിച്ചറിഞ്ഞ് തിരുത്തുന്നതിന്, പരിഹരിക്കുന്നതിന് സിലബസ് ഒന്നും തന്നെ വിഭാവനം ചെയ്യുന്നില്ല. കുട്ടികളുടെ മനസ് മനസിലാക്കാത്ത വിദ്യാഭ്യാസ സംവിധാനത്തിന് എങ്ങനെ അവരുടെ കഴിവുകളും കുറവുകളും തിരിച്ചറിഞ്ഞ് വളര്‍ത്തിക്കൊണ്ടുവരാന്‍ കഴിയും.

Comments

comments

Categories: FK Special, Slider
Tags: education