ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടമെത്തിയതായി ആര്‍ ചന്ദ്രശേഖര്‍

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ കാലഘട്ടമെത്തിയതായി ആര്‍ ചന്ദ്രശേഖര്‍

റോബോട്ടിന് പൗരത്വം നല്‍കിയ സൗദിയുടെ നടപടി നിരവധി ധാര്‍മിക ചോദ്യങ്ങളുയര്‍ത്തും

ഹൈദരാബാദ്: ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ എഐ സാങ്കേതികവിദ്യ അതിന്റെ വികസന കാലഘട്ടത്തിലേക്കെത്തിയതായി ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്‌കോം പ്രസിഡന്റ് ആര്‍ ചന്ദ്രശേഖര്‍. മനുഷ്യനിര്‍മിത റോബോട്ടിന് പൗരത്വം നല്‍കാനുള്ള സൗദി അറേബ്യയുടെ തീരുമാനം അന്താരാഷ്ട്രതലത്തില്‍ മാധ്യമശ്രദ്ധ നേടിയ സാഹചര്യം മുന്‍നിര്‍ത്തിയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. മനുഷ്യന്‍ ചെയ്തിരുന്ന നിരവധി ജോലികള്‍ റോബോട്ടുകള്‍ ചെയ്യുന്ന ഒരു ഘട്ടത്തിലേക്ക് എഐ സാങ്കേതികവിദ്യ അതിവേഗം സഞ്ചരിച്ചുകൊണ്ടിരിക്കുകയാണെന്നും സൗദിയുടെ നടപടി പ്രതീകാത്മക തലത്തിലുള്ളതാണെന്നും ആര്‍ ചന്ദ്രശേഖര്‍ പറഞ്ഞു.

ലോക ചരിത്രത്തില്‍ ആദ്യമായാണ് മനുഷ്യനിര്‍മിത യന്ത്രമനുഷ്യന് പൗരത്വം അനുവദിക്കുന്നത്. തനിക്ക് പൗരത്വം ലഭിച്ചുവെന്ന് സോഫിയ എന്നു പേരിട്ടിട്ടുള്ള റോബോട്ട് തന്നെയാണ് വെളിപ്പെടുത്തിയത്. എഐ ഹ്യൂമനോയിഡ് റോബോട്ടിന് പൗരത്വം നല്‍കികൊണ്ടുള്ള റിയാദിന്റെ പുതിയ നീക്കം സാങ്കേതികവിദ്യയുടെ ഉപയോഗത്തിലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനുള്ള കഴിവിലും ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള പ്രതീകാത്മക നടപടിയായാണ് ആര്‍ ചന്ദ്രശേഖര്‍ കാണുന്നത്. ഇത്തരത്തിലൊരു നീക്കം ആവശ്യമില്ലാത്തതാണെന്നും ചന്ദ്രശേഖര്‍ പറയുന്നു. ധാര്‍മ്മികപരമായ നിരവധി ചോദ്യങ്ങള്‍ ഇതുയര്‍ത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വന്തമായി വിശകലനം ചെയ്ത് നിരവധി ജോലികള്‍ ചെയ്യാന്‍ സാധിക്കുന്ന തരത്തില്‍ മനുഷ്യന്മാരുമായി താരതമ്യം ചെയ്യാന്‍ പറ്റുന്ന ഘട്ടത്തിലേക്ക് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ വളര്‍ന്നുകഴിഞ്ഞിരിക്കുന്നുവെന്നതിന്റെ സൂചനയാണിതെന്നും ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.

എഐ മനുഷ്യര്‍ ചെയ്യുന്ന ജോലികളില്‍ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും അദ്ദേഹം പ്രതിപാദിച്ചു. യന്ത്രസാമഗ്രികകളുടെ ആവിര്‍ഭാവം മനുഷരുടെ തൊഴിലില്‍ കാര്യമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ചില ജോലികളില്‍ നിന്നും മനുഷ്യരെ മാറ്റി നിര്‍ത്താനും ഇത്തരം കണ്ടുപിടുത്തങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ട്. എന്നാല്‍ നഷ്ടപ്പെടുത്തുന്നതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ യന്ത്രങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്നതാണ് യതാര്‍ത്ഥ വസ്തുതയെന്നും ചന്ദ്രശേഖര്‍ പറഞ്ഞു. ഒരു തൊഴില്‍ ഇല്ലാതാകുമ്പോള്‍ മറ്റൊന്ന് സൃഷ്ടിക്കപ്പെടുന്നുണ്ട്. ചില രാജ്യങ്ങളില്‍ ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ എന്ന തലത്തില്‍ നിരവധി അവസരങ്ങള്‍ ഉണ്ടാകുന്നുണ്ടെന്നും അഞ്ച് വര്‍ഷം മുന്‍പ് ഇങ്ങനൊരു തൊഴില്‍ ഇല്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

Comments

comments

Categories: Slider, Top Stories