മലപ്പുറം ജില്ലയിലെ കാക്കഞ്ചേരിയില്‍ 13 വര്‍ഷക്കാലമായി പ്രവര്‍ത്തിക്കുന്ന ചെരുപ്പ് നിര്‍മാണ വിപണന കമ്പനിയാണ് കാലിഫര്‍. ഗുണമേന്മയുള്ള പാദരക്ഷകള്‍ വിപണിയില്‍ എത്തിക്കുന്നതില്‍ എക്കാലവും മുന്‍നിരയിലാണ് കാലിഫര്‍. ലാഭം നോക്കാതെ ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയ്ക്ക് പ്രാധാന്യം നല്‍കുന്നതാണ് കമ്പനിയുടെ വിജയത്തിന് പിന്നിലെന്ന് കാലിഫര്‍ മാനേജിംഗ് ഡയറക്റ്റര്‍ കെ മൊയ്തീന് കോയ ഫ്യൂച്ചര്കേരളയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു
കാലിഫറിന്റെ തുടക്കത്തേകുറിച്ച് ?
തുടക്കത്തില്‍ വികെസിയുമായി ചേര്‍ന്നാണ് ബിസിനസ് നടത്തിയിരുന്നത്. പിന്നീട് കാലിഫര്‍ എന്ന പേരില്‍ സ്വന്തമായി ചെരുപ്പ് കമ്പനി തുടങ്ങി. ഇപ്പോള്‍ 13 വര്‍ഷമായി പ്രവര്‍ത്തനം തുടരുന്ന കമ്പനി ഞാനും രണ്ട് മക്കളും കൂടിയാണ് മുന്നോട്ട് കെണ്ടുപോകുന്നത്. ഏകദേശം 35 ല്‍പ്പരം തൊഴിലാളികള്‍ ഇവിടെ ജോലി ചെയ്യുന്നു.
കടുത്ത മത്സരങ്ങള്‍ നടക്കുന്ന മേഖലയാണിത്, ഇതു മറികടക്കാന്‍ പ്രത്യേക തന്ത്രങ്ങള്‍ ?
തീര്‍ച്ചയായും കടുത്ത മത്സരങ്ങള്‍ നടന്നുകെണ്ടിരിക്കുന്ന മേഖലകളില്‍ ഒന്നാണിത്. ആദ്യമായി ഞങ്ങളിവിടെ കമ്പനി തുടങ്ങുമ്പോള്‍ അത്രയധികം ചെരുപ്പ് കമ്പനികള്‍ ഉണ്ടായിരുന്നില്ല. അതല്ല ഇന്നത്തെ സ്ഥിതി. ഇക്കാലയളവിനിടയില്‍ നിരവധി പുതിയ ചെരുപ്പ് കമ്പനികള്‍ വന്നു, ഇനിയും വരും. കടുത്ത മത്സരങ്ങള്‍ക്കിടയിലും ഈ മേഖലയില്‍ പിടിച്ചു നില്ക്കാന് കഴിയുന്നത് ഗുണമേന്മയുള്ള ചെരുപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നത് കൊണ്ടുമാത്രമാണ്. ലാഭത്തിന് വേണ്ടി ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിധ വിട്ടുവീഴ്ച്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല.
നോട്ട് അസാധുവാക്കല്‍ ബിസിനസിനെ ബാധിച്ചിരുന്നോ? ജിഎസ്ടിയെകുറിച്ച് എന്താണ് അഭിപ്രായം?
തീര്‍ച്ചയായും. വളരെ ബുദ്ധിമുട്ടേറിയ ദിവസങ്ങളായിരുന്നു അത്. ഉല്‍പ്പന്നങ്ങള്‍ വിതരണം ചെയ്തവരില്‍ നിന്നും പണം ലഭിക്കാന്‍ ഏറെ വൈകി. നോട്ട് അസാധുവാക്കല്‍, പലര്‍ക്കും പണം നല്കാതിരിക്കാനുള്ള ഒരു കാരണമായി മാറി എന്നുതന്നെ പറയാം. അസംസ്കൃത വസ്തുക്കളെല്ലാം അപ്പോള്‍തന്നെ പണം നല്‍കിയാണ് വാങ്ങിച്ചിരുന്നത്. എന്നാല്‍ അവയെല്ലാം ഉല്‍പ്പന്നമാക്കി വിപണിയിലെത്തിച്ചപ്പോള്‍ പണം ലഭിക്കാതെ വരുന്ന അവസ്ഥ ബിസിനസിനെ വലിയ തോതില്‍ ബാധിക്കും. ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ എത്തിച്ചുകഴിഞ്ഞാല്‍ പത്തോ പതിനഞ്ചോ ദിവസത്തിനുള്ളില്‍ പണം ലഭിക്കുമായിരുന്നത് നോട്ട് അസാധുവാക്കല്‍ നടപ്പിലായതോടെ മൂന്ന്, നാല് മാസത്തോളം വൈകിയാണ് ലഭിക്കുന്നത്. ഞങ്ങള്‍ ഇവിടെ നിര്‍മ്മിക്കുന്ന ചെരുപ്പുകള്‍ക്ക് 5 ശതമാനം നികുതിയാണ് ഗവണ്മെന്റിന് നല്‍കുന്നത്. പക്ഷെ ചെരുപ്പു നിര്‍മിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കള്‍ക്ക് 18 ശതമാനമാണ് നികുതി.അതുകൊണ്ട് തന്നെ വളരെയധികം പ്രയാസം നേരിടുന്നുണ്ട്.
കടുത്ത മത്സരങ്ങള്‍ക്കിടയിലും ഈ മേഖലയില്‍ പിടിച്ചു നില്ക്കാന് കഴിയുന്നത് ഗുണമേന്മയുള്ള ചെരുപ്പുകള്‍ വിപണിയില്‍ എത്തിക്കുന്നതു കൊണ്ടുമാത്രമാണ്. ലാഭത്തിന് വേണ്ടി ഗുണമേന്മയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ച്ചയ്ക്കും ഞങ്ങള്‍ തയ്യാറല്ല
കെ മൊയ്തീന് കോയ
മാനേജിംഗ് ഡയറക്റ്റര്‍
കാലിഫര്‍
കാലിഫറിന്റെ ഭാവി പദ്ധതികള്‍ ?
ഹാന്‍ഡ്മെയ്ഡ് ചെരുപ്പുകള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്കി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാനാണ് അടുത്ത പ്ലാന്‍. ഇപ്പോള്‍ ഹാന്‍മെയ്ഡ് ചെരുപ്പുകള്‍ നിര്‍മിക്കുന്നുണ്ട്്, അതിന് ആവശ്യക്കാര്‍ കൂടുതലായതിനാല്‍ ഇതു വിപുലീകരിക്കും
ഈ പ്രായത്തിലും ഇത്ര എനര്‍ജറ്റിക് ആയതിന്റെ രഹസ്യം ?
പ്രത്യേകിച്ച് കാരണമൊന്നുമില്ല. വളരെ നാളുകളായുള്ള ശീലങ്ങളാണ് നേരത്തെ എഴുന്നേല്ക്കുന്നതും ഓഫീസിലേക്ക് വരുന്നതുമെല്ലാം. ഈ പ്രായത്തിലും ഞാന്‍ കാലത്ത് എഴുന്നേറ്റ് റെഡിയാകും. പക്ഷേ എന്റെ മക്കളെ കൃത്യസമയത്ത് ഓഫീസിലേക്ക് കൊണ്ടുവരാനാണ് ബുദ്ധിമുട്ട്. ഞാന്‍ കോഴിക്കോട് ജില്ലാ വ്യാവസായിക കേന്ദ്രം ജനറല്‍ മാനേജരായി വിരമിച്ച വ്യക്തിയാണ്. അതിനുശേഷമാണ് ഇതിലേക്ക് വന്നത്, കാലിഫര്‍ ന്റെ എല്ലാ കാര്യങ്ങളും ശ്രദ്ധിക്കുന്നത് മക്കളായ അബ്ദുള്‍ ലത്തീഫും അബ്ദുള്‍ ഷെരീഫും ചേര്‍ന്നാണ്.
പുതുസംരംഭകരോട് പറയാനുള്ളത് ?
ഇന്ന് ഒട്ടനവധി ആളുകള്‍ ബിസിനസിലേക്ക് കടന്നുവരുന്നുണ്ട്. പുതുസംരംഭകര്‍ എന്താണ് ഉല്‍പ്പന്നമെന്ന് മനസിലാക്കി അതിനെക്കുറിച്ച് ശരിയായി പഠിച്ചതിന് ശേഷം മാത്രം ബിസിനസിലേക്ക് കടന്നുവരണം. മറ്റുള്ളവര്‍ ചെയ്യുന്നതുകണ്ട് ആ ബിസിനസ് ചെയ്യാമെന്നു കരുതുന്നവര്‍ വിജയിക്കണമെന്നില്ല.