ബിഹാര്‍: മദ്യനിരോധനത്തിന്റെ ബാക്കിപത്രം

ബിഹാര്‍: മദ്യനിരോധനത്തിന്റെ ബാക്കിപത്രം

മദ്യനിരോധനത്തിന്റെ സാമൂഹിക പ്രത്യാഘാതങ്ങള്‍ ബിഹാറിന്റെ സാമൂഹിക സാമ്പത്തിക രംഗങ്ങളെ ദോഷകരമായി ബാധിക്കുന്നു

കേരളത്തില്‍ ചാരായം നിരോധിച്ചതിനു സമാനമായി 2016 ഏപ്രില്‍ ഒന്നിനാണ് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംസ്ഥാനത്ത് മദ്യനിരോധനം പ്രഖ്യാപിച്ചത്. 1996 ഏപ്രില്‍ ഒന്നിനായിരുന്നു കേരളത്തില്‍ മുന്‍ മുഖ്യമന്ത്രി എ കെ ആന്റണി ചാരായം നിരോധിച്ചത്. ബിഹാറിലെ സമ്പൂര്‍ണ മദ്യനിരോധനം സംസ്ഥാനഭരണത്തെ ത്രിശങ്കുവിലാക്കിയേക്കാവുന്ന രാഷ്ട്രീയനീക്കങ്ങളെ പ്രതിരോധിക്കാനുള്ള തുറുപ്പുചീട്ടായിരുന്നുവെങ്കിലും നിതീഷിനെ അത് മദ്യവിരുദ്ധ പ്രചാരകരുടെ പുതിയ അപ്പോസ്തലനാക്കി. രാജ്യത്തിന്റെ വിവിധ സ്ഥലങ്ങളില്‍ മദ്യവിരുദ്ധ പ്രചാരണയോഗങ്ങളില്‍ നിതീഷ് മുഖ്യാതിഥിയായി. മദ്യപാനത്തിന്റെ ദോഷങ്ങള്‍ ഒരു സുവിശേഷപ്രസംഗകന്റെ ചാതുര്യത്തോടെ അദ്ദേഹം വേദികളില്‍ നിരത്തി. മദ്യനിരോധനത്തിനു പിന്തുണയാവശ്യപ്പെട്ട് നാലുകോടി ജനങ്ങളെ അണിനിരത്തി ബിഹാര്‍ തലസ്ഥാനം പട്‌നയില്‍ അദ്ദേഹം ഈവര്‍ഷം ജനുവരിയില്‍ ഗംഭീര മനുഷ്യച്ചങ്ങല തീര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇത്തരം പ്രചാരണവേദികള്‍ക്ക് ഒരു ന്യൂനപക്ഷത്തെ മാത്രമേ കൈയിലെടുക്കാന്‍ സാധിച്ചുള്ളൂവെന്നതിനാല്‍ ഒരു ദേശീയനേതാവാകാന്‍ ഇത് അദ്ദേഹത്തെ തുണച്ചില്ല.

ഒരു വര്‍ഷത്തിനിപ്പുറം ബിഹാറിലെ ഉദ്യോഗസ്ഥരെ വലയ്ക്കുന്ന മദ്യനിരോധനത്തിനെതിരേ ഔദ്യോഗികതലത്തില്‍ത്തന്നെ മുറുമുറുപ്പുയരുന്നതായാണു റിപ്പോര്‍ട്ട്. ബിഹാര്‍- ജാര്‍ഖണ്ഡ് അതിര്‍ത്തിയായ രജൗലിയിലെ സൂപ്രണ്ട് പ്രേംപ്രകാശും സഹപ്രവര്‍ത്തകരും കര്‍ത്തവ്യനിര്‍വഹണത്തിനിടെ ഇത്രയും കാലം നേരിട്ടിട്ടില്ലാത്ത വലിയ തലവേദനയാണ് ഒരു വര്‍ഷമായി അനുഭവിക്കുന്നത്. രജൗലി ചെക്ക് പോസ്റ്റില്‍ നീളുന്ന വാഹനങ്ങളുടെ നീണ്ട നിരയല്ല പ്രശ്‌നം. യാത്രക്കാര്‍ മദ്യം കടത്തുന്നുണ്ടോയെന്നും മദ്യപിച്ചിട്ടുണ്ടോയെന്നും പരിശോധിക്കുന്നതാണ് തലവേദന. ദിവസവും ജാര്‍ഖണ്ഡില്‍ നിന്നു വരുന്ന നൂറുകണക്കിനു വാഹനങ്ങള്‍ പിടിച്ചു നിര്‍ത്തി പരിശോധിക്കേണ്ട അവസ്ഥയാണുള്ളത്. പത്തു കോടി ജനങ്ങള്‍ അധിവസിക്കുന്ന ബിഹാറില്‍ 71,000 പേരാണ് മദ്യപാനത്തിന്റെ പേരില്‍ ജയിലിലായത്. അഞ്ചു വര്‍ഷം വരെയാണ് ശിക്ഷയുടെ കാലാവധി.

സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ള രാഷ്ട്രീയപരിഹാരമാണ് മദ്യനിരോധനം പോലെയുള്ള നീക്കങ്ങളെന്ന് മുതിര്‍ന്ന രാഷ്ട്രീയകാര്യ ലേഖകനായ ഹര്‍ത്തോഷ് സിംഗ് ബാല്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരെ കൈയിലെടുക്കാനുള്ള ഏറ്റവും ജനപ്രിയമാര്‍ഗമാണിത്. മദ്യപാനം ദരിദ്രകുടുംബങ്ങളെ ഏറ്റവും മോശമായി ബാധിക്കുന്ന സാമൂഹിക വിപത്താണ്. അതിനാല്‍ പാവപ്പെട്ട സ്ത്രീകളെ മദ്യനിരോധനം എളുപ്പം സ്വാധീനിക്കുകയും നിരോധിക്കുന്ന പാര്‍ട്ടിക്ക് അവരുടെ വോട്ട് നേടിക്കൊടുക്കുകയും ചെയ്യുന്നു

സുഗമമായ മാറ്റമായിരുന്നില്ല ഇത്. മില്യണ്‍ ലിറ്ററോളം മദ്യമാണ് നിരോധനത്തിനു ശേഷം പൊലീസ് പിടിച്ചെടുത്തത്. എന്നാല്‍ ഇതില്‍ ഒട്ടുമുക്കാലും അപ്രത്യക്ഷമായെന്നും അതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എലിശല്യം മൂലമാണ് ഇത് കാണാതായതെന്നാണ് ഔദ്യോഗികവിശദീകരണം. ഇത്രയും മദ്യം എലികള്‍ കുടിച്ചു തീര്‍ത്തെന്ന വാദം അവിശ്വസനീയമാണെന്ന് മാധ്യമങ്ങളും പറയുന്നു. കഴിഞ്ഞമാസം മദ്യം വിറ്റതിന് അറസ്റ്റിലായ ആറുപേര്‍ ജയില്‍ ചാടിയിരുന്നു. കാവല്‍ക്കാര്‍ മദ്യപിച്ചു മദോന്മത്തരായി മയങ്ങിക്കിടന്ന അവസരം നോക്കിയാണ് തങ്ങള്‍ രക്ഷപെട്ടതെന്ന് അവര്‍ വ്യക്തമാക്കി. എന്നാല്‍ ജയില്‍ അധികൃതര്‍ അത് നിഷേധിച്ചു.

പലരും വിമര്‍ശിച്ച നടപടിയാണ് മദ്യനിരോധനം. നിരോധനം പ്രഖ്യാപിച്ചതിനു ശേഷം ഫലപ്രാപ്തിയെക്കുറിച്ചുള്ള പ്രതിപക്ഷം ഉയര്‍ത്തിയ ആശങ്കകളും പൊലീസിനെ ഉപയോഗിച്ച് ഏതു വിധേനയും നിരോധനം വിജയിപ്പിക്കാനുള്ള തന്ത്രങ്ങളും സംസ്ഥാനം ഭരിക്കുന്ന ഐക്യജനതാദളിന് വോട്ട് നേടിക്കൊടുത്തുവെന്നതാണു സത്യം. നിരോധനം നടപ്പാക്കിയ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസിച്ചു. ഭാവിതലമുറയെ സംരക്ഷിക്കാനുള്ള നിതീഷിന്റെ ശ്രമത്തെ എല്ലാവരും പിന്തുണയ്ക്കണമെന്ന് മോദി ആവശ്യപ്പെട്ടു. നിതീഷിനെ പിന്തുടര്‍ന്ന് മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, രാജസ്ഥാന്‍, തമിഴ്‌നാട് എന്നിവിടങ്ങളിലെ രാഷ്ട്രീയനേതാക്കളും മദ്യനിരോധനത്തിന് ആവശ്യപ്പെട്ടിട്ടുണ്ട്.

സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്ക് ഏറ്റവും എളുപ്പത്തിലുള്ള രാഷ്ട്രീയപരിഹാരമാണ് ഇത്തരം നിരോധനങ്ങളെന്ന് മുതിര്‍ന്ന രാഷ്ട്രീയകാര്യ ലേഖകനായ ഹര്‍ത്തോഷ് സിംഗ് ബാല്‍ ചൂണ്ടിക്കാട്ടുന്നു. സാധാരണക്കാരെ കൈയിലെടുക്കാനുള്ള ഏറ്റവും ജനപ്രിയമാര്‍ഗമാണിത്. മദ്യപാനം ദരിദ്രകുടുംബങ്ങളെ ഏറ്റവും മോശമായി ബാധിക്കുന്ന സാമൂഹിക വിപത്താണ്. അതിനാല്‍ പാവപ്പെട്ട സ്ത്രീകളെ മദ്യനിരോധനം എളുപ്പം സ്വാധീനിക്കുകയും നിരോധിക്കുന്ന പാര്‍ട്ടിക്ക് അവരുടെ വോട്ട് നേടിക്കൊടുക്കുകയും ചെയ്യുന്നു. മുഖ്യമന്ത്രി നിതീഷ് കുമാര്‍ തന്നെ ഇക്കാര്യം പരോക്ഷമായി സമ്മതിക്കുന്നുണ്ട്. പാവങ്ങള്‍ക്കു വേണ്ടിയാണ് മദ്യനിരോധനം നടപ്പാക്കിയത്. ഇതവരെ എത്രമാത്രം സന്തോഷിപ്പിക്കുന്നുവെന്ന് നിങ്ങള്‍ക്ക് ഊഹിക്കാന്‍ പോലുമാകില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു. സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുടെയും ഗാര്‍ഹികപീഡനങ്ങളുടെയും എണ്ണം ഗണ്യമായി കുറഞ്ഞു. ഗൃഹനാഥന്മാരുടെ മദ്യപാനം ഇല്ലാതായതാണ് ഇതിനു കാരണമെന്നും അദ്ദേഹം ഒരു വേദിയില്‍ വ്യക്തമാക്കി.

എന്നാല്‍ എക്‌സൈസ്, പൊലീസ് വകുപ്പുകള്‍ക്ക് ആവശ്യത്തിന് ആയുധങ്ങളും പശ്ചാത്തല സംവിധാനങ്ങളുമില്ലാത്തത് മദ്യനിരോധനം ഫലപ്രദമായി നടപ്പാക്കാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. പ്രേംപ്രകാശും സംഘവും വാഹനപരിശോധന നടത്തുന്ന രജൗലി ചെക്ക് പോസ്റ്റ്, പട്‌നയില്‍ നിന്ന് 150 കിലോമീറ്റര്‍ അകലെയാണ്. വിവാഹ സല്‍ക്കാരം, ഉല്‍സവാഘോഷങ്ങള്‍, കരിഞ്ചന്തയിലെ വില്‍പ്പന തുടങ്ങി മദ്യക്കടത്തിനു പിടിക്കപ്പെടുന്നവര്‍ പല കാരണങ്ങളാണു പറയുന്നത്. മദ്യം കടത്താന്‍ കുട്ടികളെയും ഉപയോഗിക്കുന്നുണ്ടെന്നു ഉദ്യോഗസ്ഥര്‍ അറിയിക്കുന്നു. മുതിര്‍ന്നവരെപ്പോലെ ഇവരെ കാര്യമായി പരിശോധനയ്ക്കു വിധേയരാക്കാത്തതാണ് ഇതിനു കാരണം. ബിഹാര്‍ അതിര്‍ത്തിയില്‍ താമസിക്കുന്നവര്‍ മദ്യപിക്കാനായി ഇതരസംസ്ഥാനങ്ങളിലേക്കും അയല്‍രാജ്യമായ നേപ്പാളിലേക്കും വരെ യാത്ര ചെയ്യുന്നു.

ഇതിനോടൊപ്പം മദ്യപാനം രക്ഷിച്ച കുടുംബങ്ങള്‍ സംസ്ഥാനത്തുണ്ടെന്നതു കാണാതിരുന്നുകൂടാ. പട്‌നയിലെ ടാക്‌സി ഡ്രൈവറായ ജാഗ്രു മഹാതോയ്ക്കു പറയാനുള്ളത് നിരോധനം എങ്ങനെയാണ് തന്റെ ജീവിതം മാറ്റിമറിച്ചതെന്നതിനെക്കുറിച്ചാണ്. താനൊരു മുഴുക്കുടിയനായിരുന്നു. എന്നാല്‍ നിരോധനത്തോടെ അറസ്റ്റും ജയിലും ഭയന്നിട്ടാണെങ്കിലും കുടി നിര്‍ത്തി. ഭാര്യ ഇപ്പോള്‍ വളരെ സന്തോഷവതിയാണ്. മദ്യം നിരോധിച്ച സര്‍ക്കാരിനാണ് അവള്‍ ഇതിന് നന്ദി പറയുന്നതെന്നും മഹാതോ വ്യക്തമാക്കുന്നു. ഇതേ കഥയാണ് ബിഹാറിലെ പിന്നാക്ക പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക്, പ്രത്യേകിച്ചു സ്ത്രീകള്‍ക്കു പറയാനുള്ളത്. സംസ്ഥാനത്തെ വോട്ടര്‍മാരില്‍ പിന്നാക്ക സമുദായങ്ങളാണ് ബഹുഭൂരിപക്ഷം. നിരോധനം സംസ്ഥാനത്ത് വലിയ സ്വാധീനം ഉണ്ടാക്കാന്‍ കാരണമിതാണ്. ഇത് നിതീഷിന് തുടര്‍ഭരണത്തിന് പ്രതീക്ഷ നല്‍കുന്നു.

മദ്യനിരോധനം സംസ്ഥാനത്തിന്റെ വിനോദസഞ്ചാരരംഗത്തെ വരുമാനം ഇടിയാന്‍ കാരണമാകുമെന്ന് പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പോലും ഇത് സംഭവിക്കുമെന്നാണു കരുതിയത്. എന്നാല്‍ ഇത്തരം പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടുള്ള ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ് സംസ്ഥാനത്തുണ്ടായതെന്നു നിതീഷ് അവകാശപ്പെട്ടു

ദരിദ്രസംസ്ഥാനമായ ബിഹാറിന്റെ സമ്പദ്‌വ്യവസ്ഥയെ മദ്യനിരോധനം വലച്ചിരിക്കുന്നു. മദ്യനിരോധനത്തെ തുടര്‍ന്ന് 800 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംസ്ഥാന ഖജനാവിനുണ്ടായിരിക്കുന്നത്. എന്നാല്‍ മദ്യത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വരുമാനനഷ്ടം അതു മൂലമുണ്ടാകുന്ന പൗരന്മാരുടെ ആരോഗ്യ, സാമൂഹിക നേട്ടങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഒന്നുമല്ലെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ആദിത്യകുമാര്‍ ദാസ് പറയുന്നു. ദരിദ്രരായ വീട്ടമ്മമാര്‍ക്ക് നിരോധനം അനുഗ്രഹമായി. മുമ്പ് മദ്യശാലകളില്‍ ചെലവഴിച്ചിരുന്ന ഗൃഹനാഥന്മാരുടെ വരുമാനം ഇപ്പോള്‍ പലചരക്കുകടകളിലേക്കു എത്തുന്നതിനാലാണിതെന്ന് അദ്ദേഹം പറയുന്നു. ഇത് പാവപ്പെട്ട കുടുംബങ്ങളില്‍ ആഹ്ലാദം കൊണ്ടുവരുന്നു. കുടുംബവരുമാനം ഉയര്‍ന്നത് സ്ത്രീശാക്തീകരണത്തിനും സഹായകമായി.

എന്നാല്‍ ഇത്തരം പ്രചാരണങ്ങളെ നിതീഷ് കുമാര്‍ തള്ളിക്കളഞ്ഞു. മദ്യനിരോധനം സംസ്ഥാനത്തിന്റെ വിനോദസഞ്ചാരരംഗത്തെ വരുമാനം ഇടിയാന്‍ കാരണമാകുമെന്ന് പല കോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പോലും ഇത് സംഭവിക്കുമെന്നാണു കരുതിയത്. എന്നാല്‍ ഇത്തരം പ്രതീക്ഷകളെ അസ്ഥാനത്താക്കിക്കൊണ്ടുള്ള ടൂറിസ്റ്റുകളുടെ കുത്തൊഴുക്കാണ് സംസ്ഥാനത്തുണ്ടായതെന്നു നിതീഷ് അവകാശപ്പെട്ടു. ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളുടെ എണ്ണം കൂടിയിട്ടുണ്ടെന്ന് അദ്ദേഹം നിയമസഭയില്‍ പറഞ്ഞു. 2015ല്‍ 1.69 കോടി ആഭ്യന്തരടൂറിസ്റ്റുകളാണ് സംസ്ഥാനത്തേക്കു വന്നിരുന്നതെങ്കില്‍ 2016ല്‍ അവരുടെ എണ്ണം 2.85 ലക്ഷമായി, 68 ശതമാനത്തിന്റെ വളര്‍ച്ച. വിദേശസഞ്ചാരികളുടെ എണ്ണം 2015ലെ 9.23 ലക്ഷത്തില്‍ നിന്ന് 2016ല്‍ 10.10 ലക്ഷമായി, ഒമ്പത് ശതമാനത്തിന്റെ വളര്‍ച്ച. മദ്യനിരോധനം സംസ്ഥാനഖജനാവിനെ തകര്‍ത്തു കളയുമെന്ന വാദഗതികളുടെ മുനയൊടിക്കാനാണ് അദ്ദേഹം ഇത്തരമൊരു വാദമുയര്‍ത്തിയത്.

എന്നാല്‍ സര്‍ക്കാരിന്റെ ഇത്തരം അവകാശവാദങ്ങളെ പുച്ഛിച്ചു തള്ളുന്നവരുമുണ്ട്. മദ്യനിരോധനം പ്രഖ്യാപിച്ചതിനുശേഷം സംസ്ഥാനത്ത് ആദ്യം ചാര്‍ജ് ചെയ്ത കേസിലൊന്നു തന്നെ നിയമം അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കെതിരേയുള്ള ആയുധമാണെന്ന ആരോപണത്തിന് ഉത്തമോദാഹരണമാണ്. ബിഹാറിലെ ഏറ്റവും താഴെത്തട്ടിലുള്ള വിഭാഗമാണ് ഗിരിവര്‍ഗത്തില്‍പ്പെട്ട മുസാഹറുകള്‍. ഈ വിഭാഗത്തില്‍പ്പെട്ട ജഹനാബാദ് ജില്ലയിലെ പട്ടികവര്‍ഗ കോളനിയില്‍ താമസക്കാരായ മസ്താന്‍, പൈന്തര്‍ മാഞ്ചി സഹോദരന്മാര്‍ക്കെതിരേ മദ്യപാനത്തിന് പൊലീസ് കേസെടുത്തു. അത്താഴപ്പട്ടിണിക്കാരായ ഇരുവരും ഭാര്യമാരോടും ആറു മക്കളോടുമൊപ്പം ഇടുങ്ങിയ മണ്‍കുടിലിലാണ് താമസിച്ചിരുന്നത്. കോടതി ഇരുവരെയും അഞ്ചുവര്‍ഷം തടവിനും ഒരു ലക്ഷം രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു.

ദരിദ്രസംസ്ഥാനമായ ബിഹാറിന്റെ സമ്പദ്‌വ്യവസ്ഥയെ മദ്യനിരോധനം വലച്ചിരിക്കുന്നു. മദ്യനിരോധനത്തെ തുടര്‍ന്ന് 800 മില്യണ്‍ ഡോളറിന്റെ നഷ്ടമാണ് സംസ്ഥാന ഖജനാവിനുണ്ടായിരിക്കുന്നത്. എന്നാല്‍ മദ്യത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന വരുമാനനഷ്ടം അതു മൂലമുണ്ടാകുന്ന പൗരന്മാരുടെ ആരോഗ്യ, സാമൂഹിക നേട്ടങ്ങളുമായി തുലനം ചെയ്യുമ്പോള്‍ ഒന്നുമല്ലെന്ന് സംസ്ഥാന എക്‌സൈസ് കമ്മീഷണര്‍ ആദിത്യകുമാര്‍ ദാസ് പറയുന്നു

പൊലീസ് പറയുമ്പോള്‍ മാത്രമാണ് കേസിനെപ്പറ്റി അറിയുന്നതെന്ന് പൈന്തര്‍ മാഞ്ചിയുടെ ഭാര്യ ക്രാന്തി ദേവി പറയുന്നു. സര്‍ക്കാര്‍ തങ്ങളെപ്പോലെയുള്ള പാവപ്പട്ടവരെ ഒരിക്കലും പരിഗണിക്കുന്നില്ല. പൊലീസിന്റെ ഇത്തരം നടപടികള്‍, തങ്ങളെ ഏതു സമയവും പീഡിപ്പിക്കാനുള്ള ആയുധമാകുന്നുവെന്നത് കടുത്ത ആശങ്കയിലാഴ്ത്തുന്നു. ഭര്‍ത്താക്കന്മാരെ ജാമ്യത്തിലിറക്കുന്നതിനുള്ള തുക പോയിട്ട്, അടുത്ത നേരം ഭക്ഷണത്തിനുള്ള വക കണ്ടെത്താന്‍ പോലും കഴിയാത്തവരാണു തങ്ങള്‍. അതു നല്‍കാനാകാത്ത സര്‍ക്കാര്‍ ഭര്‍ത്താക്കന്മാരെ പിടിച്ചു പൂട്ടിയിട്ടിരിക്കുന്നതിന്റെ ധാര്‍മ്മികതയെ ക്രാന്തി ദേവി ചോദ്യംചെയ്യുന്നു. മദ്യാസക്തരെ പുനരധിവസിപ്പിക്കാന്‍ മതിയായ നടപടികളെടുക്കാത്ത സര്‍ക്കാര്‍നയത്തിനെതിരേയും വിമര്‍ശനമുയരുന്നുണ്ട്.

മദ്യനിരോധനം നടപ്പാക്കിയ ഇടങ്ങളിലെല്ലാം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്‌നമാണ് വ്യാജമദ്യത്തിന്റെ ഒഴുക്ക്. വ്യാജമദ്യ നിര്‍മാണവും മദ്യത്തിന്റെ കരിഞ്ചന്തയും ഇതുമായി ബന്ധപ്പെട്ട അധോലോകത്തിന്റെ വളര്‍ച്ചയും സംസ്ഥാനത്തിന്റെ ക്രമസമാധാനത്തിനു തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുന്നു. പട്‌നയില്‍ കരിഞ്ചന്തയില്‍ മദ്യം സുലഭമാണ്. മൂന്നോ നാലോ മടങ്ങ് പണം മുടക്കിയാല്‍ ആര്‍ക്കും ലഭിക്കും. മദ്യനിരോധനം ഇന്ത്യയില്‍ എവിടെയും പ്രായോഗികമായി വിജയിച്ചിട്ടില്ലെന്ന ആരോപണത്തെ ശരിവെക്കും വിധമാണ് ബിഹാറിലെയും സ്ഥിതി. സ്വാതന്ത്ര്യാനന്തരം വിവിധ സംസ്ഥാനങ്ങള്‍ മദ്യം നിരോധിച്ചിരുന്നുവെങ്കിലും സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്. പല സംസ്ഥാനങ്ങളിലും നിരോധനം പിന്‍വലിക്കേണ്ടി വന്നു. നാഗാലാന്‍ഡ് ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാണ് ബിഹാറിനു പുറമെ മദ്യനിരോധനമുള്ളത്.

ചാരായ നിരോധനത്തിനു ശേഷം കേരളത്തില്‍ ഒരു സര്‍ക്കാരും സമ്പൂര്‍ണ മദ്യനിരോധനത്തിന് തുനിഞ്ഞിട്ടില്ല. ഘട്ടം ഘട്ടമായുള്ള മദ്യനിരോധനം മുന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഇതിന്റെ പ്രായോഗികതയില്‍ രാഷ്ട്രീയനേതൃത്വത്തിനു തന്നെ വിശ്വാസമില്ലായിരുന്നുവെന്ന് തെളിയിക്കുന്ന നടപടികളാണ് പിന്നീടുണ്ടായത്. മുന്‍സര്‍ക്കാരിന്റെ മദ്യനയം, ടൂറിസമടക്കമുള്ള രംഗങ്ങളെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന വാദമുയര്‍ന്നതോടെ നയം പുനഃപരിശോധിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയെയും മദ്യനയം ദോഷകരമായി ബാധിച്ചുവെന്നതിന്റെ പശ്ചാത്തലത്തിലാണിത്. മദ്യനിരോധനം മദ്യഉപഭോഗം അവസാനിപ്പിക്കാനുള്ള ഫലപ്രദമായ മാര്‍ഗമല്ലെന്നു തന്നെ ദേശീയമാധ്യമങ്ങള്‍ സോദാഹരണം പലകുറി വ്യക്തമാക്കിയിട്ടുണ്ട്. ഇത് സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ധിപ്പിക്കുകയും വ്യക്തികളുടെ ആരോഗ്യത്തെയും സംസ്ഥാനത്തിന്റെ സാമ്പത്തികാവസ്ഥയെയും ബാധിക്കുകയും ഭരണത്തിന് വിനാശകരമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും ചെയ്യുമെന്നാണ് അനുഭവം.

Comments

comments

Categories: FK Special, Slider

Related Articles