അപരാഹ്നത്തിന്റെ കാഹളം

അപരാഹ്നത്തിന്റെ കാഹളം

കണ്ണില്‍ കണ്ണില്‍ നോക്കുകയും വര്‍ത്തമാനം പറയുകയും ചോദ്യങ്ങള്‍ മനസിലാക്കി ഉത്തരം പറയുകയും ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന, മനുഷ്യനൊപ്പമെത്തിയ, നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് സോഫിയ കഴിഞ്ഞയാഴ്ച ലോകമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു.

‘To be human is to be ‘a’ human, a specific person with a life history and idisoyncrsay and point of view; artificial intelligence suggest that the line between intelligent machines and people blurs most when a pure is made of that identtiy.’
-Brian Christian, ‘The Most Human Human: What Talking with Computers Teaches Us About What It Means to Be Alive’

പര്‍ദ്ദയിടാത്ത ഒരു വനിത പാശ്ചാത്യ വസ്ത്രങ്ങളണിഞ്ഞ് വേദിയില്‍ വന്ന് നിന്ന് സദസ്യരെ അഭിസംബോധന ചെയ്ത് അവരുമായി സരസഭാഷണം നടത്തിയ അപൂര്‍വ്വ സംഭവം കഴിഞ്ഞയാഴ്ച സൗദി തലസ്ഥാനമായ റിയാദില്‍ നടന്നു. അതേ ചടങ്ങില്‍ വച്ച് സൗദി അറേബ്യയുടെ പൗരത്വം സമര്‍പ്പിക്കപ്പെട്ട സോഫിയ എന്ന ആ മഹിള, ഒരു പുതിയ ചരിത്രത്തിന്റെ ആരംഭമാണ് കുറിക്കുന്നത്. ഏതെങ്കിലും രാജ്യം മനുഷ്യനൊപ്പം പൗരത്വം നല്‍കുന്ന ആദ്യ റോബോട്ട് ആണ് സോഫിയ. കണ്ണില്‍ കണ്ണില്‍ നോക്കുകയും വര്‍ത്തമാനം പറയുകയും ചോദ്യങ്ങള്‍ മനസിലാക്കി ഉത്തരം പറയുകയും ചിരിക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന, മനുഷ്യനൊപ്പമെത്തിയ, നിര്‍മിത ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്ന റോബോട്ട് സോഫിയ കഴിഞ്ഞയാഴ്ച ലോകമൊട്ടാകെ വാര്‍ത്തകളില്‍ നിറഞ്ഞ് നിന്നു.

1990 മുതല്‍ നടത്തിയ 147 ശാസ്ത്രസാമൂഹ്യ പ്രവചനങ്ങളില്‍ 86 ശതമാനത്തിലും കൃത്യത പുലര്‍ത്തിയ ഫ്യൂച്ചറിസ്റ്റ്, ഗൂഗിളിന്റെ എന്‍ജിനീയറിംഗ് ഡയറക്റ്റര്‍, റേ കഴ്‌സ്‌വീല്‍ പ്രവചിക്കുന്നത് 2029 ആകുമ്പോഴേക്കും നിര്‍മിതബുദ്ധിയുടെ കഴിവുകള്‍ മനുഷ്യബുദ്ധിയെ കവച്ചുവെയ്ക്കും എന്നാണ്.

2029 പലതിനും വഴിത്തിരിവുണ്ടാക്കുന്ന നാഴികക്കല്ല് വര്‍ഷമാണ്. അപ്പോള്‍ തന്നെയാണ് വന്‍മരങ്ങള്‍ നിലം പൊത്തുന്ന വന്‍ സാമ്പത്തിക തകര്‍ച്ച ലോകത്ത് സംജാതമാവുക. അതേ വര്‍ഷത്തോടൊപ്പമായിരിക്കും ലോകരാജ്യങ്ങളുടെ അതിര്‍വരമ്പുകള്‍ ചിലതെല്ലാം മാറ്റിവരയ്ക്കപ്പെടുക. അതേ വര്‍ഷം തന്നെ ഭാരതത്തില്‍ പുതിയ ഒരു നവകക്ഷി അല്ലെങ്കില്‍ കക്ഷിരഹിത രാഷ്ട്രീയ ഭരണസംവിധാനം നിലവില്‍ വന്നേക്കും. നൂറ്റാണ്ടുകളായി പിന്തുടര്‍ന്ന് വരുന്ന പല മൂല്യസംഹിതകളും ലോകമൊട്ടാകെ മാറിമറിയും. ഭാരതവും ചൈനയും അതിന് തേര്‍ തെളിക്കും എന്നാണ് വിശ്വസിക്കപ്പെടുന്നത്. അങ്ങനെ കഴിഞ്ഞ നൂറ്റാണ്ടിലേത് പോലെത്തന്നെ ഈ നൂറ്റാണ്ടിലും ഇരുപത്തൊമ്പതാം വര്‍ഷം നിര്‍ണ്ണായകമാകും. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിതബുദ്ധി ഒരു ഭാഗത്ത് പ്രകാശവേഗത്തില്‍ ജ്യാമിതീയ അനുപാതത്തില്‍ പെരുകി വളരുമ്പോള്‍, മനുഷ്യരാശിയുടെ നൈസര്‍ഗിക നിലനില്‍പ്പ് മറുവശത്ത് വെല്ലുവിളികള്‍ നേരിടും. 2029 ഒരു ‘പത്തുപറ വര്‍ഷം’ തന്നെയായിരിക്കും. അതായത്, കാലാവസ്ഥയിലും ഒരു ദശാസന്ധിയാണ് 2029ല്‍ കാണുന്നത്.

പിന്നീടൊരു പതിനാറ് വര്‍ഷം പിന്നിടുമ്പോഴേക്കും (അതായത് 2029ല്‍ കുമാരീകുമാരന്മാരായിരുന്നവര്‍ യൗവ്വനദശ പിന്നിടുമ്പോള്‍), 2045ല്‍, ലോകത്ത് അര്‍ഹരായ അവിവാഹിതരുടെ എണ്ണം വിവാഹിതരുടെ എണ്ണത്തെക്കാള്‍ കൂടുതലാവും. നിര്‍മിതബുദ്ധിയുടെ പ്രയാണവഴിയില്‍ മനുഷ്യസഹജമായ വികാരവിചാരങ്ങള്‍ യന്ത്രവല്‍ക്കരിക്കപ്പെടുന്നു എന്ന അത്യനലഭഷണീയമായ എന്നാല്‍ അനിവാര്യമായ ദുരന്തം ഇപ്പോള്‍ ഓരോ കൈനാട്ടികള്‍ പിന്നിടുമ്പോഴും നമുക്കൊത്ത് യാത്ര ചേരുന്നുണ്ട്.

ലൈംഗികത മനുഷ്യരാശിയുടെ വളര്‍ച്ചയിലെ അങ്ങേയറ്റം അടിസ്ഥാനപരമായ ആവശ്യവും ഏറ്റവും മനോഹരമായ വികാരവുമാണ്. കനകം മൂലമുള്ള കലഹത്തിനും കാമിനി ഒരു കാരണമാണ്. പുരുഷന്റെയും സ്ത്രീയുടെയും കാമമോഹങ്ങള്‍ ബന്ധങ്ങള്‍ വൃഷ്ടിച്ചു; യുദ്ധങ്ങള്‍ സൃഷ്ടിച്ചു. രാജ്യങ്ങള്‍ ശിഥിലമാക്കി; പുതിയവ രൂപപ്പെട്ടു. അതിരുകള്‍ പുതുക്കിയെഴുതപ്പെട്ടു. പരാശരമഹര്‍ഷി സത്യവതിയുടെ തോണിയില്‍ യമുനാനദി കടന്നപ്പോഴേക്കും ആ മത്സ്യഗന്ധിയുടെ ഉദരത്തില്‍ വ്യാസന് ജന്മം കൊടുത്തിരുന്നു. സത്യവതിയുടെ തോണിയില്‍ പിന്നീട് ശന്തനു മഹാരാജാവ് പുഴ കടന്നില്ലായിരുന്നുവെങ്കില്‍ വ്യാസന് ചിത്രാംഗദനും വിചിത്രവീര്യനും സഹോദരന്മാരായി ഉണ്ടാവുകയോ, ഹസ്തിനപുരത്തിലെ രാജ്യഭാരം പേറുന്ന കുരുവംശജരുടെ കഥ അദ്ദേഹവുമായി ബന്ധപ്പെടുകയോ ഇല്ലായിരുന്നു. കാലാകാലങ്ങളായി മനുഷ്യചിന്തയുടെ നല്ലൊരു ഭാഗം ലൈംഗികതയുമായി നേരിട്ടോ അല്ലാതെയോ ബന്ധപ്പെട്ടിരിക്കുന്നു.

1960 കളില്‍ ലോകത്ത് 50 ശതമാനവും ഇന്ത്യയില്‍ 95 ശതമാനവും വിവാഹങ്ങള്‍ അറേന്‍ജ്ഡ് മാര്യേജസ് ആയിരുന്നു. ഇന്ന് ലോകത്ത് പതിനഞ്ച് ശതമാനത്തില്‍ താഴെയും ഇന്ത്യയില്‍ നാല്‍പ്പത് ശതമാനത്തില്‍ താഴെയുമാണ്. അന്ന് പെണ്‍കുട്ടികള്‍ക്ക് 20 വയസും ആണ്‍കുട്ടികള്‍ക്ക് 23 വയസും ആയിരുന്നു ശരാശരി വിവാഹപ്രായമെങ്കില്‍ ഇന്നത് യഥാക്രമം 29 ഉം 30 ഉം ആണ്. അമേരിക്കയിലെ അവിവാഹിതരില്‍ 40% പേരും ഓണ്‍ലൈന്‍ ഡേറ്റിംഗ് സര്‍വീസ് ഉപയോഗിക്കുന്നവരാണ്. അമേരിക്കന്‍ ഓണ്‍ലൈന്‍ ഡേറ്റിംഗ് ഇന്ന് 240 കോടി ഡോളര്‍ വാര്‍ഷിക വിറ്റുവരവുള്ള വ്യവസായമാണ്.

ഓണ്‍ലൈന്‍ ഡേറ്റിംഗ് ആരംഭിച്ചത് ഏകദേശം 1990കളുടെ ആദ്യത്തിലാണ്. അതുവരെ ‘ഫ്രണ്ട്‌സും ഫാമിലിയും’ അടക്കിവാണിരുന്ന ഡേറ്റിംഗ് അവസരങ്ങള്‍ അതിന് ശേഷം ഓണ്‍ലൈനിലേക്ക് പൊടുന്നനെ വളര്‍ന്നു. വിവാഹപ്രായം വീണ്ടും കുറഞ്ഞുവരാന്‍ മാത്രമല്ല ഇത് ഇടയാക്കുന്നത്. ബന്ധങ്ങളെ ഗൗരവമറിയാത്തവരുടെ കുട്ടിക്കളിയായി ഇത് ഇകഴ്ത്തുന്നു. മനുഷ്യബന്ധങ്ങളെ അല്ലെങ്കില്‍ മനുഷ്യരെത്തന്നെ ഇത് ചരക്കുവല്‍ക്കരിക്കുന്നു. ശരീരസംഗമത്തിന്റെ പുതിയ തലങ്ങളില്‍, താളങ്ങളില്‍, ജനസംഖ്യാതലത്തിലും താളപ്പെരുക്കങ്ങള്‍ ക്രമം തെറ്റുന്നു.

അടുത്ത് തന്നെ ഓണ്‍ലൈന്‍ ഡേറ്റിംഗ് നിര്‍മിതബുദ്ധി ഏറ്റെടുക്കും. മനുഷ്യരുടെ ശാരീരിക, മാനസിക അവസ്ഥകള്‍ അടക്കം വിശകലനം ചെയ്ത് കമിതാക്കളെ പരസ്പരം ബന്ധിപ്പിക്കുന്ന അതിയാഥാര്‍ഥ്യ (augmented reality) കണ്ണടകള്‍ പരസ്പരം അനാട്ടമിയും മനസികചിന്തകളും പിടിച്ചെടുത്ത് നല്‍കുന്നു. മറ്റെല്ലാ സാങ്കേതികവിദ്യയുമെന്നപോലെ ഓഗ്മെന്റഡ് റിയാലിറ്റി കണ്ണടകളും ഇരുതലമൂര്‍ച്ചയുള്ളവയാണ്. ആരോഗ്യകരവും ആസ്വാദ്യവുമായ ഇണജീവിതം വിജയിപ്പിക്കാന്‍ അത് സഹായിക്കുമ്പോള്‍ അങ്ങനെയല്ലാത്തൊരവസ്ഥയില്‍ അത് മാനസികവും ശാരീരികവുമായ സ്വകാര്യതകളിലേക്കുള്ള കടന്നുകയറ്റമാവുന്നു. ഇത്തരമൊരു തലത്തില്‍ നിര്‍മിതബുദ്ധി വളരെ ബുദ്ധിശൂന്യമായാണ് പെരുമാറുക.

ലൈംഗികത ഇപ്പോള്‍ തന്നെ സാംഖ്യവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു. ഡിജിറ്റലൈസ് ചെയ്യപ്പെട്ട മാനവിക കാമനകള്‍ യഥാര്‍ഥതലത്തില്‍ നിന്ന് വളരെയധികം അകന്ന് ഡീമാറ്റ് രൂപത്തിലായിട്ടുണ്ട്. ഇത്രയധികം ജനാധിപത്യവല്‍ക്കരണം ഈ രംഗത്ത് നടന്നത് ആശാസ്യതയുടെ എല്ലാ പരിധികളും ലംഘിച്ചാണ്. ഇന്റര്‍നെറ്റിന്റെ വ്യാപനം പോണോഗ്രാഫി എവിടെയും എല്ലായിടത്തും ആരിലും എത്തിച്ചു. ജനസമ്മതിയുള്ള ഒരു പോണ്‍ സൈറ്റ് കഴിഞ്ഞ വര്‍ഷം മാത്രം അവരുടെ ഉപയോക്താക്കള്‍ എല്ലാം ചേര്‍ന്ന് 430 കോടി മണിക്കൂറുകള്‍ 8700 കോടി വീഡിയോകള്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ന് പോണ്‍ വ്യവസായം 9700 കോടി ഡോളര്‍ വാര്‍ഷിക വിറ്റുവരവാണ് രേഖപ്പെടുത്തുന്നത്. 93 ശതമാനം ആണ്‍കുട്ടികളും 62 ശതമാനം പെണ്‍കുട്ടികളും 18 വയസ്സിന് മുന്‍പ് ഒരു പോണ്‍ വീഡിയോയെങ്കിലും കണ്ടിട്ടുണ്ട്. പകുതിയോളം പേരും ആദ്യ വീഡിയോ കാണുന്നത് ശരാശരി 13 വയസ്സിലാണ് എന്നതാണ് ഞെട്ടിക്കുന്ന സത്യം. ആരോഗ്യകരമായ കിടപ്പറജീവിതം നയിക്കുന്നവര്‍ ഒരല്‍പ്പം കൂടി നിറവും രുചിയും പകരാന്‍ വശപ്പിശകുകളെ കൂട്ടുപിടിക്കുന്നതിനപ്പുറം, ജീവിതത്തിന്റെ പ്രായോഗികതകള്‍ മനസിലാക്കാത്ത പ്രായപൂര്‍ത്തിയാകാത്തവര്‍ (മാനസികപ്രായപൂര്‍ത്തിയും കൂടിയാണിവിടെ ഉദ്ദേശിക്കുന്നത്) ഇത്തരം സൈറ്റുകളിലെത്തുമ്പോള്‍ അതിന് വളരെ വലിയ സാമൂഹ്യപ്രത്യാഘാതങ്ങളുണ്ട്. ജുവനൈല്‍ റേപ്പുകള്‍ ആവര്‍ത്തിച്ച് സംഭവിക്കുന്നത് ഇവയുടെ സ്വാധീനത്തിന്റെ ബഹിര്‍സ്ഫുരണമാണ്.

പല ഇ-കൊമേഴ്‌സ് സൈറ്റുകളിലും ഇന്റിമസി ഉല്‍പ്പന്നങ്ങള്‍ എന്ന വിഭാഗം നോക്കിയാല്‍ ജനനനിയന്ത്രണത്തിനുള്ള, സൗരഭ്യം/രസം കലര്‍ത്തിയ ഉപാധികള്‍ക്കപ്പുറം, പല രൂപത്തിലുള്ള കൃത്രിമ ഇണകളും ലഭ്യമാണെന്ന് കാണാം. സിലിക്കണില്‍ നിര്‍മിച്ച ആണ്‍പെണ്‍ പ്രതിമകള്‍ക്ക് ഇന്ന് ലോകത്ത് ആവശ്യക്കാരേറെയാണ്. ഭാരതത്തില്‍ ഇവയുടെ വിപണനവും വില്‍പ്പനയും നിയമവിധേയമാണോ/ആക്കണോ എന്ന കാര്യത്തില്‍ വലിയ ചര്‍ച്ചയും നടക്കുന്നുണ്ട്. ഉല്‍പ്പാദനം, ഏതായാലും നടക്കുന്നത് ഭാരതത്തിന് പുറത്താണ്. നല്‍കുന്ന ചിത്രം അനുസരിച്ചുള്ള മുഖച്ഛായയില്‍ ഇത്തരം ലവ് ഡോളുകള്‍ നിര്‍മിച്ച് നല്‍കുന്ന സ്ഥാപനങ്ങളുമുണ്ട് പുറത്ത് പലയിടത്തും.

ഈ വസ്തുക്കളുടെ ലഭ്യത സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ക്ക് ഒരു പരിധിവരെ കുറവുണ്ടാക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഉണ്ട്. ലൈംഗിക ഉദാരത ഇല്ലാത്തതാണ് അക്രമങ്ങള്‍ക്ക് കാരണം എന്ന് വാദിക്കുന്ന അവര്‍ മുംബൈയിലെ മറൈന്‍ ഡ്രൈവും ഫൈവ്ഗാര്‍ഡന്‍സും ബാന്‍ഡ്സ്റ്റാന്‍ഡും എല്ലാം അവിടെ ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടെന്ന ഉദാഹരണവും ചൂണ്ടിക്കാണിക്കുന്നു. ലവ് ഡോളുകളുടെ ലഭ്യത ലൈംഗികാതിക്രമങ്ങള്‍ കുറയ്ക്കുമെന്ന് അവര്‍ ന്യായമായും വിശ്വസിക്കുന്നു. ശരിയാണോ എന്ന് കാലത്തിനേ തെളിയിക്കാനാവൂ.

ലവ് ഡോളുകളില്‍ നിര്‍മിതബുദ്ധി കൂട്ടിയിണക്കുമ്പോള്‍ അത് പ്രകൃതിനിയമങ്ങള്‍ക്കെതിരായ ഏറ്റവും വലിയ വെല്ലുവിളിയാകും. അതോടെ വിവാഹം എന്ന സങ്കല്‍പ്പവും കുടുംബം എന്ന സ്ഥാപനവും ഉടഞ്ഞ് പോവും. ജപ്പാനില്‍ പുതിയ തലമുറയിലെ ചെറുതല്ലാത്ത വിഭാഗം പുരുഷന്മാര്‍ പറയുന്നത് അവര്‍ക്ക് യഥാര്‍ത്ഥ പെണ്‍സുഹൃത്തുക്കളെക്കാള്‍ വെര്‍ച്വല്‍ പെണ്‍സുഹൃത്തുക്കളെയാണ് ഇഷ്ടമെന്നാണ്. അവര്‍ അവരുടെ ചൊല്‍പ്പടിക്ക് നില്‍ക്കും എന്നാണവരുടെ വാദം. 16 നും 24 നും ഇടയില്‍ പ്രായമുള്ള യുവതീയുവാക്കളില്‍ നടത്തിയ ഒരു സര്‍വേ ഫലം പറയുന്നത്, അതില്‍ 45% പെണ്‍കുട്ടികള്‍ക്കും 25% ആണ്‍കുട്ടികള്‍ക്കും യഥാര്‍ത്ഥ മനുഷ്യഇണയുമായി ശാരീരികബന്ധത്തിന് താല്‍പര്യമില്ല എന്നാണ്. അവരെല്ലാം വെര്‍ച്വല്‍ പങ്കാളിയില്‍ മനസും ശരീരവും അര്‍പ്പിക്കുന്നു. ഈ രീതി തുടര്‍ന്നാല്‍ ജപ്പാനിലെ ജനസംഖ്യ 2060 ആകുമ്പോഴേക്കും മൂന്നിലൊന്ന് കുറയുമെന്ന് അവിടത്തെ സാമൂഹ്യചിന്തകര്‍ ഭയപ്പെടുന്നു.

വെര്‍ച്വല്‍ റിയാലിറ്റി സൗഹൃദവും ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സും പോണ്‍ ചന്തയും കൂടിച്ചേരുമ്പോള്‍ വരുന്ന അവസ്ഥയില്‍ മനുഷ്യന്‍ എന്ന ജൈവസൃഷ്ടി തന്റെ എല്ലാ മുന്‍തലമുറകളെയും ജീവോല്‍പ്പത്തി മുതലുള്ള സാംസ്‌കാരിക വളര്‍ച്ചയെയും ഇന്റര്‍നെറ്റും നിര്‍മിതബുദ്ധിയും എല്ലാം കണ്ടുപിടിച്ച ധീഷണാ വളര്‍ച്ചയെയും അപമാനിക്കുന്നതിനോടൊപ്പം പിന്‍തലമുറക്ക് ജനിക്കാനും ജീവിക്കാനുമുള്ള അവകാശം നിഷേധിക്കുക കൂടിയാണ് ചെയ്യുന്നത്. ഇത് മനുഷ്യരാശിയോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരതയായിരിക്കും.
ശാസ്ത്രത്തിന്റെ വളര്‍ച്ച കാലാകാലങ്ങളിതുവരെയായി മനുഷ്യ ജീവിതത്തിന് കൂടുതല്‍ ഉയര്‍ച്ചയും എളുപ്പവും സൗകര്യവും സൗകുമാര്യവും നല്‍കുന്നതിനുള്ളതായിരുന്നു. എന്നാല്‍ ഇപ്പോഴിപ്പോള്‍ അത് മനുഷ്യനെ കവച്ചുവയ്ക്കാനും നിഷ്‌ക്രിയനാക്കാനും നിസാരനാക്കാനും നിരസിക്കാനുമാണ് ഒരുങ്ങുന്നത്. ഇതിലെ അപകടം മണത്തറിഞ്ഞ് വേണ്ട മുന്‍കരുതലുകളെടുക്കാന്‍ ശാസ്ത്രലോകം തന്നെ വഴി കാണിക്കണം. ‘ഒരു പകല്‍ നമ്മള്‍ സൃഷ്ടിച്ചുവെങ്കില്‍ ഇനിയതിന്നപരാഹ്നമായെന്നോ?’ എന്ന് ഒ എന്‍ വി ഭയപ്പെട്ടത് കൂടുതല്‍ കൂടുതല്‍ അടുത്ത് വരുന്നു.

Comments

comments

Categories: FK Special, Slider