ഇന്ത്യയിലെ 76% എല്‍ഇഡി ബള്‍ബുകളും വ്യാജമെന്ന് സര്‍വെ

ഇന്ത്യയിലെ 76% എല്‍ഇഡി ബള്‍ബുകളും വ്യാജമെന്ന് സര്‍വെ

ന്യൂഡെല്‍ഹി: ഇന്ത്യയില്‍ വിറ്റഴിക്കപ്പെടുന്ന നാലില്‍ മൂന്ന് എല്‍ഇഡി ബള്‍ബുകളും സര്‍ക്കാരിന്റെ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് റിപ്പോര്‍ട്ട്. വിപണി ഗവേഷണ സ്ഥാപനമായ നീല്‍സണ്‍ പുറത്തുവിട്ട സര്‍വെ റിപ്പോര്‍ട്ടിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്‌ലത്.

ജൂലൈയില്‍ മുംബൈ, ഹൈദരാബാദ്, അഹമ്മദാബാദ്, ന്യൂഡെല്‍ഹി തുടങ്ങി രാജ്യമെമ്പാടുമുള്ള നഗരങ്ങളിലെ 200 ഇലക്ട്രിക് റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. എല്‍ഇഡി ഉല്‍പ്പന്നങ്ങളില്‍ ഭൂരിഭാഗവും വ്യാജവും അപകടകരവുമാണെന്നും ഏറ്റവും കൂടുതല്‍ സുരക്ഷാ ലംഘനങ്ങള്‍ നടന്നിട്ടുള്ളത് രാജ്യതലസ്ഥാനമായ ഡെല്‍ഹിയിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

വ്യാജവും ബ്രാന്‍ഡഡ് അല്ലാത്തതുമായ എല്‍ഇഡി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെ കമ്പനികള്‍ക്ക് മാത്രമല്ല മേക്ക് ഇന്‍ ഇന്ത്യ പോലുള്ള സര്‍ക്കാരിന്റെ പ്രധാന പദ്ധതികള്‍ക്കും വന്‍ ഭീഷണിയാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി. രാജ്യത്ത് കൂടുതല്‍ നിര്‍മാണ യൂണിറ്റുകള്‍ സ്ഥാപിക്കുന്നതിനുള്ള സര്‍ക്കാര്‍ പദ്ധതിയെക്കുറിച്ചും റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നുണ്ട്. ഓഗസ്റ്റില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ്‌സ് (ബിഐഎസ്) എല്‍ഇഡി നിര്‍മാതാക്കളോട് അവരുടെ ഉല്‍പ്പന്നങ്ങള്‍ സുരക്ഷാ പരിശോധനയ്ക്കായി ബിഐഎസില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആവശ്യപ്പെട്ടിരുന്നു. ചൈനീസ് വ്യാജ ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വ്യാപകമായതിനെ തുടര്‍ന്നായിരുന്നു ഈ നിര്‍ദേശം.

ചൈനയില്‍ നിന്നുള്ള ഗുണമേന്മ കുറഞ്ഞ ഇറക്കുമതികള്‍ തടയുന്നതിന്റെ ഭാഗമായി ഉപഭോക്തൃ, മൂലധന ഉല്‍പന്നങ്ങളുടെ ഗുണനിലവാര മാനദണ്ഡങ്ങള്‍ ഉറപ്പാക്കുന്നത് ഇന്ത്യ ശക്തിപ്പെടുത്തുകയാണ്. വ്യാജ ഉല്‍പ്പന്നങ്ങള്‍ സര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ ആഘാതം സൃഷ്ടിക്കുന്നതായും നിക്ഷേപ ലക്ഷ്യങ്ങളെ ദുര്‍ബലപ്പെടുത്തുന്നതായും റിപ്പോര്‍ട്ട് പറയുന്നു. 48 ശതമാനം എല്‍ഇഡി ബള്‍ബ് ബ്രാന്‍ഡുകളില്‍ നിര്‍മാതാക്കളുടെ മേല്‍വിലാസത്തെക്കുറിച്ച് ഒന്നും തന്നെ പരാമര്‍ശിച്ചിട്ടില്ലെന്നും 31 ശതമാനത്തില്‍ നിര്‍മാതാവിന്റെ പേര് പോലും ഇല്ലെന്നും സര്‍വെയില്‍ കണ്ടെത്തിയിട്ടുണ്ട്.

Comments

comments

Categories: Slider, Top Stories