ജുറാസിക് മല്‍സ്യത്തിന്റെ അവശിഷ്ടം കണ്ടെത്തി

ജുറാസിക് മല്‍സ്യത്തിന്റെ അവശിഷ്ടം കണ്ടെത്തി

ഡിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്നെന്നു കരുതപ്പെടുന്ന ഉരഗവിഭാഗത്തില്‍പ്പെട്ട വലിയ കടല്‍ ജീവികളായ ജുറാസിക് ഇക്തിയോസൗറിന്റെ അസ്ഥിപഞ്ജരം ഇന്ത്യയില്‍ കണ്ടെത്തിയതായി ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇക്തിയോസൗര്‍ എന്നാല്‍ ഗ്രീക്കില്‍ മല്‍സ്യ പല്ലി എന്നാണ് അറിയപ്പെടുന്നത്. ഇവയുടെ ഫോസിലുകള്‍ നോര്‍ത്ത് അമേരിക്കയിലും യൂറോപ്പിലുമാണു നേരത്തേ കാണപ്പെട്ടിരുന്നത്. കോടിക്കണക്കിനു വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഇവ ഡോള്‍ഫിനെപ്പോലെ സമുദ്രത്തില്‍ ജീവിച്ചിരുന്നതായി കരുതപ്പെടുന്നത്.

ഇപ്പോള്‍ ഗുജറാത്തില്‍ കണ്ടെത്തിയ ഇക്തിയോസൗറിന്റെ ഫോസിലിന് 15.2 കോടി വര്‍ഷം പഴക്കമുണ്ടെന്നു പ്ലോസ് വണ്‍ ബയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. ഇതാദ്യമായാണ് ഇന്ത്യയില്‍ നിന്ന് ജുറാസിക് ഇക്തിയോസറിന്റെ ഫോസില്‍ കണ്ടെടുക്കുന്നത്. കച്ച് മരുഭൂമിയില്‍ പരിശോധിക്കുന്നതിനിടെയാണ് പ്രഫ. ഗുണ്ടുപള്ളി. വി.ആര്‍.പ്രസാദിന്റെ നേതൃത്വത്തിലുള്ള ഗവേഷകര്‍ കല്ലില്‍ കുടുങ്ങിക്കിടക്കുന്ന ഫോസിലുകള്‍ കണ്ടെത്തിയത്. 5.5 മീറ്റര്‍ നീളമുള്ള ഫോസിലിന്റെ തലയുടെ ഒരു ഭാഗവും വാലിലെ ചില അസ്ഥികളും നഷ്ടപ്പെട്ടുവെന്നു ഗവേഷകര്‍ പറഞ്ഞു.

അസ്ഥികൂടം കൂടുതല്‍ പഠനങ്ങള്‍ക്കു വിധേയമാക്കേണ്ടതുണ്ടെന്നും ഗവേഷകര്‍ അറിയിച്ചു. ഡോള്‍ഫിനെ പോലെയുള്ള തലയും നീണ്ട മുഖവും ഉണ്ടായിരുന്ന ഇവയ്ക്ക് ഏകദേശം 40 കിലോമീറ്റര്‍ വേഗത്തില്‍ നീന്താന്‍ കഴിഞ്ഞിരുന്നു.

Comments

comments

Categories: FK Special