സെപ്റ്റംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 16% വര്‍ധന

സെപ്റ്റംബറില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണത്തില്‍ 16% വര്‍ധന

ഓഗസ്റ്റില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 15.63 ശതമാനം വര്‍ധിച്ച് 96.90 ലക്ഷമായിരുന്നു

ന്യൂഡെല്‍ഹി: സെപ്റ്റംബറില്‍ രാജ്യത്തെ ആഭ്യന്തര വിമാന യാത്രക്കാരുടെ എണ്ണം 95.83 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ വര്‍ഷം സമാനകാലയളവിലെ 82.30 ലക്ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 16.43 ശതമാനം ഉയര്‍ച്ചയാണിത്. ഓഗസ്റ്റില്‍ ആഭ്യന്തര വിമാനയാത്രക്കാരുടെ എണ്ണം 15.63 ശതമാനം വര്‍ധിച്ച് 96.90 ലക്ഷമായിരുന്നു.

ജനുവരി-സെപ്റ്റംബര്‍ കാലയളവില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 17 ശതമാനം വര്‍ധനവുണ്ടായെന്ന് വ്യോമയാന റെഗുലേറ്ററായ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പുറത്തുവിട്ട ഡാറ്റ പറയുന്നു.

2017 ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ ആഭ്യന്തര വിമാന യാത്രികരുടെ എണ്ണം 849.94 ലക്ഷമാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 726.98 ലക്ഷം ആയിരുന്നു ആഭ്യന്തര യാത്രികരുടെ എണ്ണം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 16.91 ശതമാനം വര്‍ധനവാണ് ഇത്തവണയുണ്ടായതെന്ന് പ്രതിമാസ റിപ്പോര്‍ട്ടില്‍ ഡിജിസിഎ പറയുന്നു.

കുറഞ്ഞ ചെലവില്‍ വിമാനയാത്ര സാധ്യമാക്കുന്ന സ്‌പൈസ് ജെറ്റ് സെപ്റ്റംബറില്‍ പാസഞ്ചര്‍ ലോഡ് ഫാക്റ്റര്‍ (പിഎല്‍എഫ്) 94.2 ശതമാനം നേടി ഒന്നാം സ്ഥാനത്തെത്തി. പിഎല്‍എഫ് 90 ശതമാനത്തിലധികമെന്ന നേട്ടത്തിലേക്ക് സ്‌പൈസ്‌ജെറ്റ് പറക്കുന്ന തുടര്‍ച്ചയായ 31-ാം മാസമാണിത്. ആഗോള വ്യോമയാന ചരിത്രത്തില്‍ സമാനതകളില്ലാത്തതാണിത്-സ്‌പൈസ് ജെറ്റിന്റെ ചീഫ് റവന്യൂ ആന്‍ഡ് സെയില്‍സ് ഓഫീസര്‍ ശില്‍പ ഭാട്ടിയ പറഞ്ഞു.

സ്‌പെസ് ജെറ്റിന് പിന്നാലെ ബജറ്റ് വിമാനക്കമ്പനികളായ ഗോഎയര്‍ 88.5 ശതമാനം പിഎല്‍എഫും ഇന്‍ഡിഗോ 85.2 ശതമാനം പിഎല്‍എഫും നേടി

സ്‌പെസ് ജെറ്റിന് പിന്നാലെ ബജറ്റ് വിമാനക്കമ്പനികളായ ഗോഎയര്‍ 88.5 ശതമാനം പിഎല്‍എഫും ഇന്‍ഡിഗോ 85.2 ശതമാനം പിഎല്‍എഫും നേടി. വിനോദ സഞ്ചാര സീസണ്‍ അവസാനിച്ചതിനാല്‍ മുന്‍മാസത്തെ അപേക്ഷിച്ച് സെപ്റ്റംബറില്‍ പിഎല്‍എഫ് ഇടിഞ്ഞുവെന്ന് പ്രതിമാസ സ്ഥിതിവിവരക്കണക്ക് വിശകലനം ചെയ്യുന്നു.

നാല് പ്രധാന എയര്‍പോര്‍ട്ടുകളെ അടിസ്ഥാനമാക്കി വിമാനങ്ങളുടെ കൃത്യനിഷ്ടയുടെ കാര്യത്തില്‍ 89.8 ശതമാനം സ്‌കോറുമായി ഇന്‍ഡിഗോയാണ് ഒന്നാമത്. തൊട്ടുപിന്നില്‍ വിസ്താര (86.8 ശതമാനം), സ്‌പൈസ്‌ജെറ്റ് (86.4 ശതമാനം), എയര്‍ ഇന്ത്യയുടെ ആഭ്യന്തര സര്‍വീസുകള്‍ (78.4 ശതമാനം) എന്നിവയാണുള്ളത്. ഷെഡ്യൂള്‍ ചെയ്ത ആഭ്യന്തര എയര്‍ലൈനുകളുടെ മൊത്ത കാന്‍സലേഷന്‍ നിരക്ക് 2017 സെപ്റ്റംബറില്‍ 0.78 ശതമാനം ഉയര്‍ന്നു.കൂടാതെ വിമാനയാത്ര സംബന്ധിച്ച് മൊത്തം 606 പരാതികളാണ് കഴിഞ്ഞമാസം ലഭിച്ചത്.

വ്യോമയാന മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 38.2 ശതമാനം വിപണി പങ്കാളിത്തത്തോടെ ഇന്‍ഡിഗോ എയര്‍ലൈനനാണ് യാത്രക്കാര്‍ ഉപയോഗപ്പെടുത്തിയതില്‍ ഒന്നാം സ്ഥാനത്ത്. 15.4 ശതമാനത്തോടെ ജെറ്റ് എയര്‍വെയ്‌സ് രണ്ടാം സ്ഥാനത്തുണ്ട്. സ്‌പൈസ് ജെറ്റ് (13.8 ശതമാനം), എയര്‍ ഇന്ത്യ (13.5 ശതമാനം), ഗോ എയര്‍ (8.4 ശതമാനം), എയര്‍ ഏഷ്യ ഇന്ത്യ (4.1 ശതമാനം), വിസ്താര (3.8 ശതമാനം),ജെറ്റ്‌ലൈറ്റ് (2.3 ശതമാനം), ട്രൂജെറ്റ് (0.4 ശതമാനം) എന്നിങ്ങനെയാണ് മറ്റ് വിമാനക്കമ്പനികളുടെ വിപണി വിഹിതം.

Comments

comments

Categories: Business & Economy