മാരുതി സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

മാരുതി സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കും

സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ 4,040 കോടി രൂപയുടെ അറ്റാദായം നേടി. 3.8 ശതമാനം വര്‍ധന

ന്യൂ ഡെല്‍ഹി : മാരുതി സുസുകി ഇന്ത്യയില്‍ ഇലക്ട്രിക് കാറുകള്‍ നിര്‍മ്മിക്കുമെന്ന് ചെയര്‍മാന്‍ ആര്‍സി ഭാര്‍ഗവ. സമയക്രമം ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ കഴിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ഇലക്ട്രിക് കാറുകളുടെ കാര്യത്തിലും തങ്ങള്‍ തന്നെയായിരിക്കും മാര്‍ക്കറ്റ് ലീഡര്‍. എന്നാല്‍ ഇപ്പോള്‍ നോണ്‍-ഇലക്ട്രിക് കാറുകളെ ഹൈബ്രിഡ് കാറുകളാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നികുതി കാര്യങ്ങളില്‍ സര്‍ക്കാരിന്റെ തീരുമാനത്തിന് അനുസരിച്ചിരിക്കും ഹൈബ്രിഡ് കാറുകളുടെ ഭാവിയെന്ന് ആര്‍സി ഭാര്‍ഗവ പ്രസ്താവിച്ചു. മാരുതി സുസുകിയുടെ മൈല്‍ഡ് ഹൈബ്രിഡ് വാഹനങ്ങളുടെ വില്‍പ്പനയില്‍ വലിയ ഇടിവാണ് സംഭവിച്ചിരിക്കുന്നത്. ജിഎസ്ടി നടപ്പാക്കിയശേഷം എസ്എച്ച്‌വിഎസ് മൈല്‍ഡ് ഹൈബ്രിഡ് മാരുതി സുസുകി സിയാസിന്റെ വില്‍പ്പന കുറയുകയാണ് ചെയ്തത്.

ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ നിക്ഷേപം തുടരുമെന്ന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി

അതേസമയം ഹൈബ്രിഡ്, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയില്‍ നിക്ഷേപം തുടരുമെന്ന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി. സാക്ഷാല്‍ ഇലോണ്‍ മസ്‌കിന്റെ ടെസ്‌ല കഴിഞ്ഞാല്‍ നിലവില്‍ ലോകത്ത് ഏറ്റവും മൂല്യമുള്ള ഓട്ടോമൊബീല്‍ ഓഹരി മാരുതി സുസുകിയുടേതാണ്.

കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ടനുസരിച്ച് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചര്‍ വാഹന നിര്‍മ്മാതാക്കള്‍ 4,040 കോടി രൂപയുടെ അറ്റാദായം നേടിയിട്ടുണ്ട്. മുന്‍ സാമ്പത്തിക വര്‍ഷം ഇതേ കാലയളവിനേക്കാള്‍ 3.8 ശതമാനത്തിന്റെ വര്‍ധന. പ്രവര്‍ത്തന ലാഭം 16 ശതമാനമാണ് വര്‍ധിച്ചത്. അറ്റ വില്‍പ്പന വരുമാനം 3,857 കോടി രൂപയാണ്. 19.5 ശതമാനം വര്‍ധന.

രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍ 2017) 4,92,118 യൂണിറ്റ് വാഹനങ്ങളാണ് വിറ്റത്. മുന്‍ വര്‍ഷം ഇതേ കാലയളവുമായി താരതമ്യം ചെയ്യുമ്പോള്‍ 17.6 ശതമാനം വര്‍ധന. ബിസിനസ്സിനെയും ഡിമാന്‍ഡിനെയും ജിഎസ്ടി ബാധിച്ചിട്ടില്ലെന്ന് ആര്‍സി ഭാര്‍ഗവ വ്യക്തമാക്കി.

Comments

comments

Categories: Auto