മോസ്‌കോയിലേക്ക് പുതിയ സര്‍വീസുമായി ഫ്‌ളൈദുബായ്

മോസ്‌കോയിലേക്ക് പുതിയ സര്‍വീസുമായി ഫ്‌ളൈദുബായ്

കൊച്ചി : മോസ്‌കോ ഷെറമറ്റിവോ രാജ്യാന്തര വിമാനത്താവളത്തിലേക്ക് ഫ്‌ളൈദുബായ് നവംബര്‍ 29ന് സര്‍വീസാരംഭിക്കും. ഫ്‌ളൈദുബായിയുടെ ദുബായിയില്‍ നിന്ന് മോസ്‌കോയിലേക്കുള്ള രണ്ടാമത്തെ സര്‍വീസാണിത്. മോസ്‌കോയിലെ മറ്റൊരു രാജ്യാന്തര വിമാനത്താവളമായ വിനുകോവോവിലേക്ക് ഫ്‌ളൈദുബായ് നിലവില്‍ സര്‍വീസ് നടത്തുന്നുണ്ട്. മൂന്ന് രാജ്യാന്തര വിമാനത്താവളങ്ങള്‍ മോസ്‌കോയ്ക്കുണ്ട്. ഡൊമോഡഡോവോയാണ് മൂന്നാമത്തെ വിമാനത്താവളം. യുഎയില്‍ നിന്ന് ഷെറമറ്റിവോ വിമാനത്താവളത്തിലേക്ക് സര്‍വീസാരംഭിക്കുന്ന പ്രഥമ എയര്‍ലൈനാണ് ഫ്‌ളൈദുബായ് എന്ന് ഫ്‌ളൈദുബായ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് പറഞ്ഞു.

2014-ല്‍ മോസ്‌കോയിലേക്ക് സര്‍വീസാരംഭിച്ച ഫ്‌ളൈദുബായിയുടെ റഷ്യയിലേക്കുള്ള സര്‍വീസുകളുടെ എണ്ണം 11 ആയിട്ടുണ്ട്. ഇതില്‍ മക്കച്ച്കാല, യുഫ, വോരോനേഴ് എന്നിവിടങ്ങളിലേക്ക് ഈ മാസം സര്‍വീസ് തുടങ്ങുകയാണ് കസാന്‍, ക്രാസ്‌നോഡാന്‍, മിനറലൈവോഡി, മോസ്‌കോയിലെ വിനുക്കോവോ, നോസ്റ്റോവ് – ഓണ്‍ – ഡോണ്‍, സമാറാ, യെകാറ്ററിന്‍ ബര്‍ഗ് എന്നിവിടങ്ങളിലേക്ക് നേരത്തെ തന്നെ സര്‍വീസ് നടത്തുന്നുണ്ട്. പ്രതിവാരം 47 ഫ്‌ളൈറ്റുകളാണ് റഷ്യയിലേക്കുള്ളത്.

നടപ്പ് വര്‍ഷം ആദ്യ 6 മാസക്കാലത്ത് റഷ്യയിലേക്കുള്ള ഫ്‌ളൈദുബായ് യാത്രക്കാരുടെ എണ്ണത്തില്‍ 45 ശതമാനം വളര്‍ച്ചയുണ്ടായതായി ഫ്‌ളൈദുബായ് വൈസ് പ്രസിഡന്റ് (കമേഴ്‌സ്യല്‍) ജെയ്ഹുന്‍ എഫന്റി പറഞ്ഞു. ഡിസംബര്‍ മധ്യത്തോടെ പ്രതിവാര ഫ്‌ളൈറ്റുകളുടെ എണ്ണം 47-ല്‍ നിന്ന് 52 ആയി വര്‍ധിപ്പിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. റഷ്യയില്‍നിന്നുള്ള യാത്രക്കാര്‍ക്ക് 30 ദിവസത്തെ എന്‍ട്രി വിസ അനുവദിക്കാനുള്ള യുഎഇ കാബിനറ്റിന്റെ തീരുമാനം റഷ്യയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ കാര്യമായ വളര്‍ച്ചയുണ്ടാകാന്‍ കാരണമായിട്ടുണ്ട്. 2009-ല്‍ മാത്രം പ്രവര്‍ത്തനമാരംഭിച്ച ഫ്‌ളൈദുബായ് നിലവില്‍ 44 രാജ്യങ്ങളിലായി 95 കേന്ദ്രങ്ങളിലേക്ക് സര്‍വീസ് നടത്തി വരുന്നു.

Comments

comments

Categories: Business & Economy