കാറുകള്‍ ഇനി സ്വന്തം ആവശ്യങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും

കാറുകള്‍ ഇനി സ്വന്തം ആവശ്യങ്ങള്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കും

മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍ പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കുന്നു

കേംബ്രിഡ്ജ് : നിങ്ങളുടെ കാര്‍ അതിന്റേതായ ആവശ്യങ്ങള്‍ ഇനി നിങ്ങളെ ഓര്‍മ്മിപ്പിക്കും. ഉദാഹരണത്തിന് മുന്നിലെ ഇടതുവശത്തെ ടയറില്‍ എയറിന്റെ ആവശ്യമുണ്ടെന്നോ അടുത്തയാഴ്ച്ചയോടെ എയര്‍ ഫില്‍റ്റര്‍ മാറ്റണമെന്നോ എന്‍ജിന് രണ്ട് പുതിയ സ്പാര്‍ക് പ്ലഗുകള്‍ വേണമെന്നോ കാര്‍ നിങ്ങളോട് പറഞ്ഞെന്നിരിക്കും. നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലായിരിക്കും ഈ വക ആവശ്യങ്ങള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരിക്കുന്നത്. ഇതുസംബന്ധിച്ച സോഫ്റ്റ്‌വെയറിന്റെ തയ്യാറാക്കിവരികയാണ് മസ്സാചുസെറ്റ്‌സ്് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകര്‍.

അടുത്ത ഒന്നോ രണ്ടോ വര്‍ഷത്തിനുള്ളില്‍ സംഗതി യാഥാര്‍ത്ഥ്യമാകും. സ്വന്തം വാഹനമെന്നല്ല, യാത്ര ചെയ്യുന്ന ഏതൊരു കാറും ഇത്തരം ഡയഗ്നോസ്റ്റിക് ഇന്‍ഫര്‍മേഷന്‍ നിങ്ങള്‍ക്ക് ലഭ്യമാക്കും. കാറിന്റെ ശബ്ദങ്ങളില്‍നിന്നും ഇളക്കങ്ങൡനിന്നും നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ മൈക്രോഫോണും ആക്‌സിലറോമീറ്ററുകളുമായിരിക്കും കൃത്യമായ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്.

മസ്സാചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകരാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിവരുന്നത്. എന്‍ജിനീയറിംഗ് ആപ്ലിക്കേഷന്‍സ് ഓഫ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന ജേര്‍ണലിന്റെ നവംബര്‍ ലക്കത്തില്‍ ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഗവേഷണ ശാസ്ത്രജ്ഞനായ ജോഷ്വ സീഗെല്‍, മെക്കാനിക്കല്‍ എന്‍ജിനീയറിംഗിലെ ഫ്രെഡ് ഫോര്‍ട്ട് ഫഌവേഴ്‌സ് ആന്‍ഡ് ഡാനിയേല്‍ ഫോര്‍ട്ട് ഫഌവേഴ്‌സ് പ്രൊഫസറും എംഐടിയിലെ ഓപ്പണ്‍ ലേണിംഗ് വിഭാഗം വൈസ് പ്രസിഡന്റുമായ സഞ്ജയ് ശര്‍മ്മയും മറ്റ് രണ്ടുപേരും ചേര്‍ന്നാണ് പ്രബന്ധം പ്രസിദ്ധീകരിച്ചത്.

പ്രത്യേക സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിക്കുന്നതിന്റെ തിരക്കിലാണ് ഗവേഷകര്‍. ആപ്പ് ഉപയോഗിക്കുന്നതിലൂടെ ഒരു ശരാശരി ഡ്രൈവര്‍ക്ക് പ്രതിവര്‍ഷം 125 ഡോളര്‍ മിച്ചം പിടിക്കാന്‍ കഴിയും. വാഹനത്തിന്റെ മൈലേജ് വര്‍ധിക്കുകയും ചെയ്യുമെന്ന് സീഗെല്‍ പറഞ്ഞു. ട്രക്കുകളുടെ കാര്യത്തിലാണെങ്കില്‍ ഒരു വര്‍ഷം 600 ഡോളര്‍ വരെ ലാഭിക്കാം. വാഹനം ബ്രേക്ഡൗണാകുന്ന സാഹചര്യം ഒഴിവാക്കുകയും ചെയ്യാം.

നിങ്ങളുടെ സ്മാര്‍ട്ട്‌ഫോണിലെ മൈക്രോഫോണും ആക്‌സിലറോമീറ്ററുകളുമായിരിക്കും കൃത്യമായ വിവരങ്ങള്‍ അറിയിച്ചുകൊണ്ടിരിക്കുന്നത്

സ്മാര്‍ട്ട്‌ഫോണ്‍ ഡാഷ്‌ബോര്‍ഡില്‍ വെച്ചാല്‍ കൂടുതല്‍ കൃത്യത ലഭിക്കുമെന്ന് സീഗെല്‍ പറഞ്ഞു. നിലവില്‍ 90 ശതമാനത്തിലധികം കൃത്യത ഉറപ്പാക്കാന്‍ സംവിധാനത്തിന് കഴിയുന്നുണ്ട്. കാറിന്റെ ആവശ്യങ്ങളും പ്രശ്‌നങ്ങളും ഡ്രൈവറെ അറിയിക്കാന്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് മതി.

നല്ലപോലെ ഓടുന്ന വാഹനങ്ങളും തകരാറുകളുള്ള വാഹനങ്ങളും ഉപയോഗിച്ച് നടത്തിയ പരീക്ഷണങ്ങളിലൂടെയാണ് ഗവേഷണം പുരോഗമിക്കുന്നത്. ചില സമയങ്ങളില്‍ കാര്‍ വാടകയ്‌ക്കെടുത്ത്, എന്ത് തകരാറാണോ കണ്ടുപിടിക്കേണ്ടത്, അത്തരത്തില്‍ കേട് വരുത്തിയായിരുന്നു ഗവേഷണ പ്രവര്‍ത്തനങ്ങള്‍. കാര്‍ പിന്നീട് ശരിയാക്കിയശേഷം ഉടമയ്ക്ക് തിരിച്ചുകൊടുക്കുകയായിരുന്നു പതിവ്. പുതിയ എയര്‍ ഫില്‍റ്ററുകള്‍, ടയറുകള്‍, ഓയില്‍ ചേഞ്ച് തുടങ്ങി നിരവധി കാര്യങ്ങള്‍ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് ഓര്‍മ്മിപ്പിച്ചു.

മെഷീന്‍ ലേണിംഗ് ഉപയോഗിച്ചാണ് കാറിന്റെ പല തകരാറുകളും ആവശ്യങ്ങളും കണ്ടെത്തുന്നത്. സമഗ്രമായ സ്മാര്‍ട്ട്‌ഫോണ്‍ ആപ്പ് വികസിപ്പിച്ചുവരുന്നതേയുള്ളൂ. ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തുന്നതിന് ആറ് മാസത്തിനുള്ളില്‍ ആപ്പ് റെഡിയാകുമെന്ന് സീഗെല്‍ അറിയിച്ചു. ഒരു വര്‍ഷത്തിനുശേഷം ആപ്പ് ലഭ്യമായിതുടങ്ങും. സീഗെല്‍ സ്ഥാപിച്ച ഡാറ്റ ഡ്രിവന്‍ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനി ഈ സംവിധാനം വാണിജ്യാടിസ്ഥാനത്തില്‍ ലഭ്യമാക്കും.

Comments

comments

Categories: Auto