നഷ്ടത്തിലുള്ള സ്റ്റോറുകള്‍ കഫേ കോഫി ഡേ അടച്ചുപൂട്ടും

നഷ്ടത്തിലുള്ള സ്റ്റോറുകള്‍ കഫേ കോഫി ഡേ അടച്ചുപൂട്ടും

രാജ്യത്തുടനീളം 1,694 സിസിഡി ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്

മുംബൈ: ആഗോള കോഫി ശൃംഖലയായ കഫേ കോഫി ഡേ (സിസിഡി) നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന 30 ഓളം സ്‌റ്റോറുകള്‍ അടച്ചുപൂട്ടും. എന്നാല്‍ നൂറ് പുതിയ സ്റ്റോറുകള്‍ ഈ വര്‍ഷം തന്നെ തുറക്കാനും അവര്‍ പദ്ധതിയിടുന്നു. ലാഭം മെച്ചപ്പെടുത്തുകയാണ് ഈ നടപടികളുടെ ഉദ്ദേശം. രാജ്യത്തുടനീളം 1,694 സിസിഡി ഔട്ട്‌ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

നഷ്ടമുണ്ടാക്കിയ സ്റ്റോറുകള്‍ നിര്‍ത്തലാക്കിയതിലൂടെ നിലവിലുള്ള സ്റ്റോറുകളിലെ വില്‍പ്പന വളര്‍ച്ച കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി മെച്ചപ്പെടുത്താന്‍ സാധിച്ചു- സിസിഡി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ വേണു മാധവ് പറഞ്ഞു. ചെറിയ കഫേകള്‍ അടച്ചുപൂട്ടുന്നതോടൊപ്പം ഞങ്ങള്‍ മെനു കൂടുതല്‍ മെച്ചപ്പെടുത്തി, മധുരപലഹാരങ്ങളുടെ പട്ടികയില്‍ പുതിയ ഇനങ്ങള്‍ ഉള്‍പ്പെടുത്തി. ബര്‍ഗര്‍, പിസ, ബിരിയാണി, പാനീയങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി വില്‍പ്പന ഉയര്‍ത്താന്‍ കഴിഞ്ഞു. 500 മുതല്‍ 600 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ചെറിയ സ്റ്റോറുകള്‍ അടച്ചുപൂട്ടുന്നത് തുടരും. 1200 മുതല്‍ 1400 ചതുരശ്ര അടി വിസ്തീര്‍ണമുള്ള വലിയ സ്‌റ്റോറുകള്‍ തുറക്കുന്നതിലാണ് ശ്രദ്ധകേന്ദ്രീകരിക്കുന്നത്- വേണു കൂട്ടിച്ചേര്‍ത്തു.

ആദ്യപാദത്തില്‍ ആഗോള തലത്തിലെ സിസിഡി സ്‌റ്റോറുകളിലെ വില്‍പ്പന വളര്‍ച്ച 6.94 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ സാമ്പത്തിക വര്‍ഷം ആദ്യപാദത്തില്‍ ആഗോള തലത്തിലെ സിസിഡി സ്‌റ്റോറുകളിലെ വില്‍പ്പന വളര്‍ച്ച 6.94 ശതമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ തവണ ഇത് 5.2 ശതമാനമായിരുന്നു. അറ്റലാഭം 81 ശതമാനം വര്‍ധിച്ച് 10.3 കോടി രൂപയിലുമെത്തി. മൊത്ത വരുമാനം 14 ശതമാനം ഉയര്‍ന്ന് 504.7 കോടിയായി.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി നഷ്ടം സൃഷ്ടിക്കുന്ന സ്‌റ്റോറുകള്‍ അടച്ചുപൂട്ടുന്നതില്‍ കഫേ കോഫി ഡേ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇത് കമ്പനിയുടെ ലാഭക്ഷമത വര്‍ധിപ്പിക്കുന്നു. കഴിഞ്ഞ രണ്ട് വര്‍ഷമായി ചെറിയ സ്റ്റോറുകള്‍ നിര്‍ത്തലാക്കിക്കൊണ്ടിരിക്കുകയാണ്. ഭക്ഷണത്തിന്റെ നിലവാരം വര്‍ധിപ്പിക്കുക, ഉച്ചഭക്ഷണ സമയമടക്കം തിരക്കില്ലാത്ത വേളകളില്‍ വിപണനം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് കഫേ കോഫി ഡേയുടെ തന്ത്രം ഈ രംഗത്തെ വിദഗ്ധര്‍ പറഞ്ഞു.

Comments

comments

Categories: Business & Economy