വെള്ളത്തില്‍ കൃഷിയിലേക്ക് തിരിയാം

വെള്ളത്തില്‍ കൃഷിയിലേക്ക് തിരിയാം

രണ്ട് ദശാബ്ദങ്ങളായി വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ബംഗ്ലാദേശിലെ ജനങ്ങള്‍ ഈ ആശയം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്

ഹോളിവുഡ് താരം കെവിന്‍ കോസ്റ്റനറുടെ ഒരു സിനിമയുണ്ട്-വാട്ടര്‍ വേള്‍ഡ്. ഭാവിയില്‍ നടക്കുന്ന ഒരു കഥയാണ്. ആഗോളതാപനം മൂലം മഞ്ഞുരുകി ജലനിരപ്പുയര്‍ന്ന് ഭൂമി മുഴുവന്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന (പ്രളയ) കാലത്തെ ഇതിവൃത്തമാക്കിയിട്ടുള്ള ഒരു സാങ്കല്‍പ്പിക കഥയാണ് ഈ സിനിമ പറയുന്നത്. അനതിവിദൂര ഭാവിയില്‍ അത്തരം ഒരു അവസ്ഥ സംജാതമായേക്കാം എന്ന് ഇപ്പോഴത്തെ ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു. അതു പോകട്ടെ, സാങ്കല്‍പ്പികം എന്ന് പറഞ്ഞ് നമുക്ക് തള്ളിക്കളയാം. പക്ഷേ, മാറി വരുന്ന കാലാവസ്ഥാ മാറ്റങ്ങള്‍ ഇപ്പോള്‍ മുമ്പത്തേക്കാള്‍ എത്രയോ പ്രകടമാണ്. കനത്ത മഴ മൂലമുള്ള വെള്ളപ്പൊക്കം ഇപ്പോള്‍ ലോകത്തില്‍ പല സ്ഥലങ്ങളിലും ഒരു വാര്‍ഷിക പ്രതിഭാസമാണ്. സ്ഥലദൗര്‍ലഭ്യം നേരിടുന്ന കേരളം പോലുള്ള സംസ്ഥാനങ്ങളില്‍ ആകെയുള്ള കൃഷിഭൂമി പോലും മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നു. അപ്പോള്‍ ഭാവിയില്‍ നമുക്ക് വേണ്ട പച്ചക്കറികളും മറ്റും എവിടെ വിളയിക്കും? എത്രകാലം നാം അയല്‍ സംസ്ഥാനങ്ങളെ ആശ്രയിച്ച് ജീവിക്കും? ഇതുപോലെയുള്ള ധാരാളം ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് വെള്ളത്തില്‍ ചെയ്യാവുന്ന കൃഷി-ഫ്‌ളോട്ടിംഗ് അഗ്രിക്കള്‍ച്ചര്‍ അഥവാ മോഡിഫൈഡ് ഹൈഡ്രോപോണിക്‌സ് എന്ന നൂതനാശയം.
അത്ര നൂതനമാണോ എന്നു ചോദിച്ചാല്‍ അല്ല എന്നു പറയേണ്ടിവരും. കാരണം, ഏതാണ്ട് രണ്ട് ദശാബ്ദങ്ങളായി

വെള്ളപ്പൊക്കം മൂലം ദുരിതമനുഭവിക്കുന്ന ബംഗ്ലാദേശിലെ ജനങ്ങള്‍ ഈ ആശയം വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്. യു എന്‍ ഇ പി (UNEP) ഈ കൃഷി രീതിയെ ആള്‍ട്ടര്‍നേറ്റ് ലൈവ്‌ലിഹുഡ് (Alternate Livelihood) സാധാരണ ജീവിത രീതിയ്ക്ക് പകരമായുള്ളത് എന്ന ആശയമായി പരിഗണിച്ച് അംഗീകരിച്ചിട്ടുണ്ട്. ഇതിനെക്കുറിച്ച് ധാരാളം പഠന ഗവേഷണങ്ങള്‍ അന്താരാഷ്ട്രതലത്തില്‍ നടന്നുകഴിഞ്ഞു. അത്യധികം സാധ്യതകളുള്ള ഈ സാങ്കേതിക വിദ്യയെക്കുറിച്ച് അല്‍പ്പം കാര്യങ്ങള്‍ വായനക്കാരുമായി പങ്കുവയ്ക്കാനാണ് ഈ ലേഖനം. ഇത് കേരളത്തില്‍ നടപ്പിലാക്കാനുള്ള സാധ്യതകളും മെച്ചങ്ങളും ആലോചനയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.

എടുത്തു പറയത്തക്ക ദോഷഫലങ്ങള്‍ ഒന്നും തന്നെ ഈ സാങ്കേതികവിദ്യയ്ക്ക് ഇല്ലെന്നു പറയാം. കീട നിയന്ത്രണത്തിന് ജൈവമാര്‍ഗങ്ങള്‍ അവലംബിക്കണം. കീടനാശിനികള്‍ ഉപയോഗിക്കാതെ സൂക്ഷിക്കണം. ജലത്തിലെ ലവണാംശം (ഉപ്പിന്റെ അളവ്) ഒരു പരിധിയില്‍ കൂടിയാല്‍ ഈ കൃഷിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഫാക്റ്ററി മാലിന്യങ്ങളും മറ്റും നിറഞ്ഞ ജലാശയങ്ങളില്‍ ഈ കൃഷി രീതി നടപ്പിലാക്കരുത്

വെള്ളത്തില്‍ എങ്ങനെ കൃഷി ചെയ്യാം?

മണ്ണില്ലാതെ പോഷകങ്ങള്‍ നിറഞ്ഞ ലായനിയില്‍ വേരുകള്‍ മുക്കിനിര്‍ത്തി ചെടികള്‍ വളര്‍ത്തുന്ന ആധുനിക കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ് എന്നു പറയുന്നത്. നൂതന സാങ്കേതികവിദ്യകളും സൂക്ഷ്മ നിരീക്ഷണവും ധാരാളം പണച്ചെലവുമുള്ള അത്യാധുനിക കൃഷിരീതിയാണ് ഇത്. എന്നാല്‍, മോഡിഫൈഡ് ഹൈഡ്രോപോണിക്‌സ് വളരെ ലളിതവും നമ്മുടെ സാഹചര്യങ്ങള്‍ക്ക് പറ്റിയതുമായ കൃഷിരീതിയാണിത്.

കേരളത്തിലെ ജലാശയങ്ങളില്‍ പ്രശ്‌നകാരികളായി വളരുന്ന കുളവാഴ, ആഫ്രിക്കന്‍ പായല്‍ മറ്റ് ജലസസ്യങ്ങള്‍ തുടങ്ങിയ ജലജന്യ കളകള്‍ കൊണ്ട് പൊങ്ങിക്കിടക്കുന്ന ‘മെത്ത’ (ബെഡ്) നിര്‍മിക്കണം. ഏതാണ്ട്, ഒന്നര മീറ്റര്‍ വീതി, അര മീറ്റര്‍ ഘനം, നീളം 50 മുതല്‍ 60 മീറ്റര്‍ വരെ. കയര്‍, മുള, ഈറ്റ എന്നിങ്ങനെ പ്രാദേശികമായി ലഭ്യമായ വസ്തുക്കള്‍ മെത്ത നിര്‍മാണത്തിനായി ഉപയോഗിക്കാം. തെങ്ങോല, ചെളി, ചാരം എന്നിവയും ആവശ്യാനുസരണം മെത്ത ബലപ്പെടുത്തുന്നതിനോ വളക്കൂറ് വര്‍ധിപ്പിക്കുന്നതിനോ ഉപയോഗിക്കാം. ഇത്തരം മെത്തകള്‍ നിര്‍മിച്ച ശേഷം വെള്ളത്തില്‍ കുറ്റി നാട്ടി കെട്ടിനിര്‍ത്തുന്നു. വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന ഇത്തരം മെത്തകളെ ബംഗ്ലാദേശുകാര്‍ ധാപ് (Dhap), ബെയ്‌റ (Baira), ഗെറ്റോ (Geto) എന്നീ പേരുകളിലാണ് വിളിക്കുന്നത്.

രണ്ട് ധാപുകള്‍ക്കിടയില്‍ ഒരു ചെറുവള്ളം സഞ്ചരിക്കുന്നതിനുള്ള ഇടമുണ്ടാകും. വിതയ്ക്കുക, നടുക. കളപറിയ്ക്കുക. വിളവെടുക്കുക തുടങ്ങിയവയെല്ലാം വള്ളത്തില്‍ സഞ്ചരിച്ചാണ് ചെയ്യേണ്ടത്. മണ്ണില്‍ നട്ട് മുളപ്പിച്ച തൈകളോ അല്ലെങ്കില്‍ വിത്തുകള്‍ നേരിട്ടോ നടാം. കംപോസ്റ്റ് വളമോ അല്‍പ്പം മണ്ണോ സഹിതം തൈകള്‍ നടുന്ന രീതിയും ചിലയിടങ്ങളില്‍ അവലംബിക്കാറുണ്ട്. പൂര്‍ണമായും ജൈവ വസ്തുക്കള്‍ കൊണ്ടാണ് ഇത്തരം ബെഡുകള്‍ എന്നതിനാല്‍ വേറെ രാസവസ്തുക്കളൊന്നും തന്നെ വേണ്ട. തൈകള്‍ വേരുപിടിയ്ക്കാനെടുക്കുന്ന ആദ്യകാലങ്ങളിലൊഴിച്ച് പിന്നീട് ജലസേചനത്തിന്റെ ആവശ്യം വരുന്നില്ല. ഏതാണ്ട് ഇരുപതോളം ഇനം പച്ചക്കറികള്‍ ബംഗ്ലാദേശുകാര്‍ ഈ കൃഷിരീതിയിലൂടെ വിളയിക്കുന്നുണ്ട്.

ഈ കൃഷിരീതിയുടെ മെച്ചങ്ങളും ഗുണഫലങ്ങളും

വെള്ളത്തില്‍ കൃഷിയുടെ മെച്ചങ്ങള്‍ ധാരാളമുണ്ട്. അവയില്‍ മുഖ്യമായവ താഴെ പറയുന്നു:

1. കൃഷിയോഗ്യമായ ‘സ്ഥല’ത്തിന്റെ വിസ്തൃതി കൂട്ടുവാന്‍ സഹായിക്കുന്നു
2. കൃഷിക്കാര്‍ക്കും കായലോര നിവാസികള്‍ക്കും പച്ചക്കറിയുടെ ലഭ്യതയിലും വരുമാനത്തിലും സ്വയംപര്യാപ്തത ഉറപ്പാക്കുന്നു
3. ഉല്‍പ്പാദന ക്ഷമത കരയിലെ കൃഷിയേക്കാള്‍ പത്ത് മടങ്ങ് കൂടുതലാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു
4. ഈ കൃഷിരീതി മൂലം ജലമലിനീകരണം ഉണ്ടാകാനുള്ള സാധ്യതകള്‍ വളരെ ചെറുതാണ്.
5. പൂര്‍ണമായും ജൈവമായതിനാല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില ലഭിക്കും
6. ജലജന്യ കളകള്‍ മൂലമുള്ള പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ക്ക് ഒരു ഫലപ്രദമായ പരിഹാരമായി ഇതിനെ പരിഗണിക്കാം.
7. ഇത്തരം കൃഷി നടക്കുന്ന സ്ഥലങ്ങളില്‍ ചിലയിനം മീനുകളുടെ ലഭ്യത കൂടിയതായി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
6. ഭക്ഷ്യ സുരക്ഷ, തൊഴില്‍ ലഭ്യത, സുസ്ഥിര വികസന സാധ്യതകള്‍, സ്ത്രീ തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ എന്നിവ ഉറപ്പാക്കുന്നു.
7. അഞ്ചാറു മാസത്തെ ഉപയോഗത്തിന് ശേഷം മിച്ചം വരുന്ന ജൈവ ഘടകങ്ങള്‍ അങ്ങനെ തന്നെയോ അല്ലെങ്കില്‍ ഉണക്കിയോ സമീപ പ്രദേശങ്ങളില്‍ ജൈവവളമായി ഉപയോഗിക്കാം

ദൂഷ്യഫലങ്ങള്‍

എടുത്തു പറയത്തക്ക ദോഷഫലങ്ങള്‍ ഒന്നും തന്നെ ഈ സാങ്കേതികവിദ്യയ്ക്ക് ഇല്ലെന്നു പറയാം. കീട നിയന്ത്രണത്തിന് ജൈവമാര്‍ഗങ്ങള്‍ അവലംബിക്കണം. കീടനാശിനികള്‍ ഉപയോഗിക്കാതെ സൂക്ഷിക്കണം. ജലത്തിലെ ലവണാംശം (ഉപ്പിന്റെ അളവ്) ഒരു പരിധിയില്‍ കൂടിയാല്‍ ഈ കൃഷിയെ ബാധിക്കാനുള്ള സാധ്യതയുണ്ട്. ഫാക്റ്ററി മാലിന്യങ്ങളും മറ്റും നിറഞ്ഞ ജലാശയങ്ങളില്‍ ഈ കൃഷി രീതി നടപ്പിലാക്കരുത്.

മണ്ണില്ലാതെ പോഷകങ്ങള്‍ നിറഞ്ഞ ലായനിയില്‍ വേരുകള്‍ മുക്കിനിര്‍ത്തി ചെടികള്‍ വളര്‍ത്തുന്ന ആധുനിക കൃഷിരീതിയാണ് ഹൈഡ്രോപോണിക്‌സ് എന്നു പറയുന്നത്. നൂതന സാങ്കേതികവിദ്യകളും സൂക്ഷ്മ നിരീക്ഷണവും ധാരാളം പണച്ചെലവുമുള്ള അത്യാധുനിക കൃഷിരീതിയാണ് ഇത്. എന്നാല്‍, മോഡിഫൈഡ് ഹൈഡ്രോപോണിക്‌സ് വളരെ ലളിതവും നമ്മുടെ സാഹചര്യങ്ങള്‍ക്ക് പറ്റിയതുമാണ് വെള്ളത്തില്‍ കൃഷി

നമുക്ക് ചെയ്യാവുന്നതും നാം ചെയ്യേണ്ടതും

നമ്മുടെ നാടിനെ സംബന്ധിച്ച് ചില കാര്യങ്ങള്‍ എടുത്തു പറയേണ്ടതുണ്ട്. 44 നദികളും 30ല്‍ പരം കായലുകളും അസംഖ്യം ജലസംഭരണികളും കനാലുകളും തോടുകളുമുള്ള കേരളത്തില്‍ ഈ പുതു കൃഷി രീതിയുടെ സാധ്യതകള്‍ അനന്തമാണ്. സമ്പൂര്‍ണ സാക്ഷരത, സാമാന്യ ജനങ്ങളിലും കര്‍ഷകരിലുമുള്ള ശാസ്ത്രബോധം, പത്ര-ടെലിവിഷന്‍-റേഡിയോ മുതലായ മാധ്യമങ്ങളുടെ സ്വാധീനവും വ്യാപ്തിയും എന്നീ ഘടകങ്ങള്‍ ഏതൊരു സാങ്കേതിവിദ്യയേയും വലിയ കാലതാമസം കൂടാതെ പരീക്ഷണശാലയില്‍ നിന്നും സമൂഹമധ്യത്തിലേക്കെത്തിക്കാന്‍ സഹായിക്കും. ഗ്രൂപ്പ് ഫാമിംഗ്, കര്‍ഷക സഹകരണ സംഘങ്ങള്‍ ജനകീയാസൂത്രണം തുടങ്ങിയവ വിജയകരമായി നടപ്പാക്കിയ അനുഭവ സമ്പത്ത് ഇവിടെയും നമ്മെ തുണയ്ക്കും. എന്നതിന് സംശയമില്ല. ചുരുക്കത്തില്‍ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് ഇല്ലാത്ത പല അനുകൂല ഘടകങ്ങളും നമുക്കുണ്ട്.

നാം ചെയ്യേണ്ടത് വ്യക്തമായ ലക്ഷ്യത്തോടു കൂടിയ പ്രവര്‍ത്തങ്ങളാണ്. ഈ കൃഷിരീതിയെക്കുറിച്ചുള്ള ഗവേഷണം പ്രോത്സാഹിപ്പിക്കണം. വിവിധ സര്‍ക്കാര്‍ വകുപ്പുകളെയും ഗവേഷണ സ്ഥാപനങ്ങളെയും സന്നദ്ധ സംഘടനകളെയും കര്‍ഷക സഹകരണ സംഘങ്ങളെയും ഏകോപിപ്പിച്ച് ഒരു പ്രത്യേക സംവിധാനം ഒരുക്കാവുന്നതാണ്. യുഎന്‍ഇപിക്കു വേണ്ടി ബംഗ്ലാദേശില്‍ നടത്തിയ പഠനങ്ങള്‍ ആധാരമാക്കി ബ്രിട്ടനിലെ സതാംപ്റ്റണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകരായ മാത്യു ലിന്‍ഹാം, റോബര്‍ട്ട് നിക്കോള്‍സ് എന്നിവര്‍ ഈ കൃഷിരീതിയുടെ മേന്മകളും സാധ്യതകളും സംശയലേശമന്യേ വെളിവാക്കുന്നുണ്ട്. കേരളത്തില്‍ ഈ കൃഷിരീതി പരീക്ഷിക്കുന്നതിന്റെ ആദ്യ പടിയായുള്ള ഗവേഷണ പദ്ധതി കേരള സംസ്ഥാന ശാസ്ത്ര-സാങ്കേതിക- പരിസ്ഥിതി കൗണ്‍സിലിന്റെ സഹായത്തോടെ ലേഖകന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ തുടങ്ങിയിട്ടുണ്ട്. ഇത് വിജയിച്ചാല്‍ പൊന്ന് വിളയിക്കുന്ന മണ്ണ് എന്ന പഴമൊഴി മാറ്റിയെഴുതേണ്ടി വന്നേക്കാം.

Comments

comments

Categories: FK Special, Slider