വാഹന ലോകത്തെ അമ്പരപ്പിച്ച് ടൊയോട്ടയുടെ കണ്‍സെപ്റ്റ്-ഐ സീരീസ്

വാഹന ലോകത്തെ അമ്പരപ്പിച്ച് ടൊയോട്ടയുടെ കണ്‍സെപ്റ്റ്-ഐ സീരീസ്

കണ്‍സെപ്റ്റ്-ഐ, കണ്‍സെപ്റ്റ്-ഐ റൈഡ്, കണ്‍സെപ്റ്റ്-ഐ വോക് എന്നിവയാണ് കണ്‍സെപ്റ്റ്-ഐ സീരീസില്‍ ഉള്‍പ്പെടുന്നത്

ടോക്കിയോ : ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, ടോക്കിയോ മോട്ടോര്‍ ഷോയില്‍ കണ്‍സെപ്റ്റ്-ഐ സീരീസ് പ്രദര്‍ശിപ്പിച്ചു. കണ്‍സെപ്റ്റ്-ഐ, കണ്‍സെപ്റ്റ്-ഐ റൈഡ്, കണ്‍സെപ്റ്റ്-ഐ വോക് എന്നിവയാണ് ടൊയോട്ടയുടെ കണ്‍സെപ്റ്റ്-ഐ സീരീസില്‍ ഉള്‍പ്പെടുന്നത്. കൃത്രിമ ബുദ്ധിയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്-എഐ) കണക്റ്റഡ് കാര്‍ സാങ്കേതികവിദ്യയും കണ്‍സെപ്റ്റ്-ഐ സീരീസിലെ മൂന്ന് വാഹനങ്ങള്‍ക്കും ടൊയോട്ട നല്‍കും. ഈ സാങ്കേതികവിദ്യകള്‍ വഴി ഡ്രൈവറെ നന്നായി മനസ്സിലാക്കുന്നതിനും ഇണങ്ങുന്നതിനും ഈ ഭാവി കാറുകള്‍ക്ക് കഴിയും. ഡ്രൈവിംഗ് കൂടുതല്‍ എളുപ്പവും സുരക്ഷിതവുമാകും.

സ്റ്റിയറിംഗ് വീല്‍, ആക്‌സലറേറ്റര്‍, ബ്രേക് പെഡലുകള്‍ എന്നിവയ്ക്കുപകരം കണ്‍സെപ്റ്റ്-ഐ റൈഡില്‍ ജോയ്‌സ്റ്റിക് ഉപയോഗിക്കാം !!

കണ്‍സെപ്റ്റ്-ഐ

കാലിഫോര്‍ണിയ ന്യൂപോര്‍ട്ട് ബീച്ചിലെ ടൊയോട്ടയുടെ കാല്‍ട്ടി ഡിസൈന്‍ റിസര്‍ച്ച് സെന്ററിലാണ് കണ്‍സെപ്റ്റ്-ഐ ഓട്ടോണമസ് കാര്‍ രൂപകല്‍പ്പന ചെയ്തത്. ജനങ്ങളുടെ ആവശ്യങ്ങള്‍ മുന്‍കൂട്ടി അറിയാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിയുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംവിധാനം കണ്‍സെപ്റ്റ്-ഐ കാറിന്റെ സവിശേഷതയാണ്. ഡ്രൈവറുമായി ‘കണക്റ്റ്’ ചെയ്യുന്നതിന് കൃത്രിമ ബുദ്ധി സംവിധാനം കാറിനെ സഹായിക്കും. ഡ്രൈവിംഗ് രീതികള്‍, ഷെഡ്യൂളുകള്‍, സ്റ്റോപ്പുകള്‍ തുടങ്ങിയ കാര്യങ്ങള്‍ ക്രമേണ ഡ്രൈവറില്‍നിന്ന് കാര്‍ പഠിച്ചെടുക്കും.

ഉദാഹരണത്തിന്, മുഖഭാവങ്ങള്‍, പ്രവൃത്തികള്‍, സംസാരം എന്നിവ ‘വായിച്ചെടുത്ത്’ ഡ്രൈവറുടെ മാനസികാവസ്ഥയും വാഹനമോടിക്കുമ്പോഴുള്ള ജാഗ്രതയും കണ്‍സെപ്റ്റ്-ഐ കണ്ടുപിടിച്ചുകളയും. മാത്രമല്ല, ഡ്രൈവറുടെ താല്‍പ്പര്യങ്ങള്‍ മനസ്സിലാക്കുന്നതിന് സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകള്‍, വെബ്‌സൈറ്റില്‍ തെരഞ്ഞ വാര്‍ത്തകള്‍, ജിപിഎസ് ആക്റ്റിവിറ്റി എന്നിവയെല്ലാം ഓര്‍ത്തുവെയ്ക്കും. 2020 ഓടെ ജപ്പാനില്‍ കണ്‍സെപ്റ്റ്-ഐ യുടെ റോഡ് ടെസ്റ്റുകള്‍ നടത്താനാണ് ടൊയോട്ട ആലോചിക്കുന്നത്.

കണ്‍സെപ്റ്റ്-ഐ റൈഡ്

കണ്‍സെപ്റ്റ്-ഐയുടെ അതുക്കുംമേലേയുള്ളതാണ് കണ്‍സെപ്റ്റ്-ഐ റൈഡ്. ഈ വാഹനം ‘യൂസര്‍-ഫ്രണ്ട്‌ലി സിറ്റി മൊബിലിറ്റി’ യാണെന്ന് ടൊയോട്ട വിശേഷിപ്പിക്കുന്നു. സാധാരണ ഡ്രൈവര്‍മാര്‍ക്കും വീല്‍ചെയര്‍ ഉപയോഗിക്കുന്നവര്‍ക്കും ഒരുപോലെ അനുയോജ്യമായിരിക്കും കണ്‍സെപ്റ്റ്-ഐ റൈഡ്. ഗള്‍-വിംഗ് ഡോറുകള്‍, ഇലക്ട്രിക് സ്ലൈഡിംഗ് സീറ്റ് എന്നിവ ഈ കാറിന്റെ സവിശേഷതകളാണ്. സ്റ്റിയറിംഗ് വീല്‍, ആക്‌സലറേറ്റര്‍, ബ്രേക് പെഡലുകള്‍ എന്നിവയ്ക്കുപകരം ജോയ്‌സ്റ്റിക് ഉപയോഗിക്കാം !!

ചക്രക്കസേര ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക് പ്രവേശിക്കുന്നതിനും പാര്‍ക്ക് ചെയ്യുന്നതിനും പുറത്തിറങ്ങുന്നതിനും സഹായിക്കുന്ന വലുപ്പം മാത്രമേ കണ്‍സെപ്റ്റ്-ഐ റൈഡ് കാറിനുള്ളൂ. ഇന്‍സ്ട്രുമെന്റ് പാനലിന്റെ വലിയ ഡിസ്‌പ്ലേയിലാണ് എഐ ഏജന്റ് സ്ഥാപിച്ചിരിക്കുന്നത്. ഔട്ടിംഗിന് സഹായിക്കുന്ന തരത്തിലുള്ള ഇന്‍ഫര്‍മേഷന്‍ ഇവിടെ പ്രദര്‍ശിപ്പിക്കും.

കണ്‍സെപ്റ്റ്-ഐ വോക്

കണ്‍സെപ്റ്റ്-ഐ വോക് എന്ന പേഴ്‌സണല്‍ മൊബിലിറ്റിയും കണ്‍സെപ്റ്റ്-ഐ സീരീസില്‍ ഉള്‍പ്പെടുന്നതാണ്. ഒരു വലിയ കെട്ടിടത്തിനുള്ളിലോ കാഴ്ച്ചകള്‍ കാണാനുള്ള സ്ഥലങ്ങളിലോ നടക്കുന്നതിന് പകരം യാത്ര ചെയ്യുന്നതിന് കണ്‍സെപ്റ്റ്-ഐ വോക് ഉപയോഗിക്കാം. വീല്‍ബേസ് വേരിയബിള്‍ മെക്കാനിസം, സ്റ്റിയറിംഗ് ഫംഗ്ഷന്‍, ലോ ഫ്‌ളോര്‍ ഹൈറ്റ് എന്നിവ ഈ മൂന്നുചക്ര വാഹനത്തിന്റെ സവിശേഷതകളാണ്. ഉപയോഗിക്കാന്‍ വളരെ എളുപ്പവും. ആവശ്യമുള്ള സന്ദര്‍ഭങ്ങളില്‍ റൈഡര്‍ക്കൊപ്പം ചേരുന്നതിന് ഐ വോക്കിലും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഏജന്റ് നല്‍കാന്‍ ടൊയോട്ട ആലോചിക്കുന്നുണ്ട്.

Comments

comments

Categories: Auto