തൊഴിലിടങ്ങളിലെ ലൈംഗികപീഡനം: ഇരകള്‍ക്കു പിന്തുണ

തൊഴിലിടങ്ങളിലെ ലൈംഗികപീഡനം: ഇരകള്‍ക്കു പിന്തുണ

സര്‍വേയില്‍ പങ്കെടുത്ത ബ്രിട്ടണിലെ 50 ശതമാനം സ്ത്രീകളും അഞ്ചിലൊന്നു പുരുഷന്മാരും ഓഫീസുകളില്‍ ലൈംഗികാതിക്രമങ്ങള്‍ക്കു വിധേയരാകുന്നുവെന്നു വെളിപ്പെടുത്തി

ലൈംഗികാതിക്രമങ്ങള്‍ക്കെതിരേ, ഇരകള്‍ക്കു പിന്തുണയര്‍പ്പിച്ച് ലോകത്തു തരംഗമായി മാറിയ മീ ടൂ കാംപെയ്‌നിനു തുടക്കമിട്ടത് തരാന ബുര്‍ക്ക് എന്ന സന്നദ്ധ പ്രവര്‍ത്തകയാണ്. ആരും തുറന്നുസമ്മതിക്കില്ലെന്നു വിചാരിച്ച അനുഭവങ്ങള്‍ പ്രമുഖരടക്കം തുറന്നു പറയാന്‍ സന്നദ്ധരായതോടെ ഇത് വലിയ കൊടുങ്കാറ്റായി മാറി. ഒപ്പം പുരുഷാധിപത്യ സമൂഹത്തെ വിറപ്പിക്കുകയും ചെയ്തു. പണ്ടെങ്ങോ ചെയ്ത പ്രവൃത്തികളുടെ പേരില്‍പ്പോലും പല പീഡകരും ഭയപ്പെടാന്‍ തുടങ്ങി. 10 വര്‍ഷം മുമ്പാണ് യുഎസില്‍ സഹാനുഭൂതിയിലൂടെ ശാക്തീകരണം എന്ന ആശയവുമായി ലൈംഗികപീഡനത്തിന്റെ ഇരകള്‍ക്കും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്കും വേണ്ടി അവര്‍ ഒരു പ്രസ്ഥാനമാരംഭിച്ചത്. ലൈംഗികപീഡനങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സ്വാഭാവിക വേഗത കൈവരിച്ചിട്ടുണ്ടെന്ന് അവര്‍ പറയുന്നു. എന്നാല്‍ പീഡനങ്ങള്‍ ഉടനെയൊന്നും നിലയ്ക്കാന്‍ പോകുന്നില്ലെന്നാണ് പ്രതികരണങ്ങളില്‍ നിന്നു മനസിലാകുന്നത്. ഇതൊരു ശക്തമായ നീക്കമായി മുമ്പോട്ടു കൊണ്ടു പോകുകയാണ് ലക്ഷ്യം. അക്രമങ്ങള്‍ക്കെതിരേ ഇനിയും ശബ്ദമുയര്‍ത്തും. ഇനിയും ഞങ്ങള്‍ ശല്യം തുടരും. ഞങ്ങളുടെ ശബ്ദം കേള്‍ക്കുംവരെ ഇക്കാര്യം ഉയര്‍ത്തിക്കൊണ്ടിരിക്കുമെന്നും തരാന വ്യക്തമാക്കുന്നു.

ഓഫീസുകളിലെ ലൈംഗികപീഡനം ഇന്ന് ലോകവ്യാപകമായി ചര്‍ച്ച ചെയ്യാന്‍ ആളുകള്‍ മടിക്കുന്നില്ല. സ്ത്രീശാക്തീകരണവും അവസരങ്ങളുടെ ആധിക്യവും ഇതിലേക്ക് നയിക്കുന്ന കാരണങ്ങളായി ചൂണ്ടിക്കാട്ടാം. എന്നാല്‍ പിന്തുണയും സഹാനുഭൂതിയും ഇതിനെ എതിര്‍ത്തു തോല്‍പ്പിക്കാന്‍ കരുത്തു പകരും. ബലാല്‍ക്കാരം മാത്രമല്ല, ലൈംഗികച്ചുവയോടെയുള്ള നോട്ടവും ലിംഗവിവേചനം പ്രകടിപ്പിക്കുന്ന രീതിയിലുള്ള പരാമര്‍ശവും വരെ ഇന്ന് ലൈംഗികപീഡനത്തിന്റെ പരിധിയില്‍ വന്നിരിക്കുന്നു. ഇത് സ്ത്രീകളിലും ദുര്‍ബലരിലും വലിയ ആത്മവിശ്വാസം വളര്‍ത്തുന്നതിനു കാരണമായിട്ടുണ്ട്. എങ്കിലും പലരും ഇതൊന്നും അക്ര കാര്യമായി എടുക്കാറില്ലെന്നതാണ് അനുഭവം. മാനസികമായി ഏറെ ബുദ്ധിമുട്ടു സൃഷ്ടിക്കുമ്പോഴും അഭിമാനത്തിനു കോട്ടം പറ്റുമെന്നോ വഴിയേ പോകുന്ന വയ്യാവേലി വിളിച്ചു വരുത്തേണ്ടതില്ലല്ലോയെന്നുമുള്ള ചിന്തകളാകാം ഇതിനു പിന്നില്‍. ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിംഗ് കോര്‍പ്പറേഷന്റെ റേഡിയോ ഫൈവ്, ദ് കോംറെസ് പോളുമായി സഹകരിച്ചു രണ്ടായിരത്തിലധികം പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ 63 ശതമാനം സ്ത്രീകള്‍ തൊഴിലിടങ്ങളില്‍ തങ്ങള്‍ക്കെതിരേ നടന്ന ലൈംഗികാതിക്രമങ്ങളെപ്പറ്റി റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നു വ്യക്തമാക്കി. പുരുഷന്മാരില്‍ 79 ശതമാനം ഇരകള്‍ പ്രശ്‌നം ഉള്ളിലൊതുക്കി.

സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ ലൈംഗികാതിക്രമത്തിനു വിധേയര്‍. 10ല്‍ ഒമ്പതു കേസുകളിലും പുരുഷന്മാരാണ് കുറ്റക്കാര്‍. 30 ശതമാനം സ്ത്രീകളും സ്ഥാപന മേധാവിയുടെയോ ഉന്നതോദ്യോഗസ്ഥന്റെയോ പീഡനത്തിനാണ് ഇരയായിട്ടുള്ളത്. 12 ശതമാനം പുരുഷന്മാരും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായി. ദുരനുഭവമുണ്ടായ പത്തിലൊന്നു സ്ത്രീകള്‍ക്ക് ജോലിയോ പഠനമോ സ്ഥലമോ ഉപേക്ഷിക്കേണ്ടതായും വന്നു

ചലച്ചിത്ര നിര്‍മാതാവ് ഹാര്‍വി വീന്‍സ്റ്റീനെതിരേ നടിയും എഴുത്തുകാരിയുമായ ബ്രിറ്റ് മാര്‍ലിംഗ് നല്‍കിയ വെളിപ്പെടുത്തലുകളാണ് സര്‍വേക്കു വഴി തെളിച്ചത്. തന്നെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന മാര്‍ലിംഗിന്റെ വെളിപ്പെടുത്തല്‍, ഇത്തരം നിരവധി സംഭവങ്ങള്‍ പുറത്തു വരുന്നതിന് ഇടയാക്കി. ഇത് മീ ടൂ പ്രചാരണത്തിന് ആക്കം കൂട്ടി. ആന്‍ജലീന ജോളി, ഗ്വിനെത്ത് പള്‍ട്രോവ്, റോസ് മക്‌ഗൊവാന്‍ തുടങ്ങി പ്രമുഖരായ നിരവധി നടികളാണ് ഇതേത്തുടര്‍ന്ന് വീന്‍സ്റ്റീനെതിരേ ആരോപണങ്ങളുമായി രംഗത്തു വന്നത്. എന്നാല്‍ നടികളുമായി ഉഭയസമ്മതപ്രകാരമുള്ള ബന്ധമേ പുലര്‍ത്തിയിരുന്നുള്ളൂവെന്നാണ് വീന്‍സ്റ്റീന്റെ വാദം. സര്‍വേയില്‍ പങ്കെടുത്ത 2,031 ബ്രിട്ടീഷ് പൗരന്മാരില്‍ 37 ശതമാനം പേര്‍ തൊഴിലിടങ്ങളില്‍ തങ്ങള്‍ ലൈംഗിക പീഡനത്തിനിരയായി എന്നു സമ്മതിച്ചു. ഇതില്‍ 53 ശതമാനം സ്ത്രീകളും 20 ശതമാനം പുരുഷന്മാരുമാണ്. മോശം സംസാരത്തില്‍ തുടങ്ങി ശാരീരികമായ കടന്നുകയറ്റം വരെയാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. 25 ശതമാനത്തിലധികം പേര്‍ പരിഹാസങ്ങള്‍ക്കു വിധേയരായിട്ടുണ്ട്. ഏഴില്‍ ഒരാള്‍ക്ക് മോശം സ്പര്‍ശനമേല്‍ക്കേണ്ടിയും വന്നതായി സര്‍വേയില്‍ വ്യക്തമാക്കിയിരിക്കുന്നു. ശല്യംചെയ്യലിനു വിധേയരായ സ്ത്രീകളില്‍ പത്തിലൊരാള്‍ ലൈംഗികാതിക്രമത്തിനു വിധേയരായി.

സ്ത്രീകളാണ് പുരുഷന്മാരേക്കാള്‍ ലൈംഗികാതിക്രമത്തിനു വിധേയര്‍. 30 ശതമാനം സ്ത്രീകളും സ്ഥാപന മേധാവിയുടെയോ ഉന്നതോദ്യോഗസ്ഥന്റെയോ പീഡനത്തിനാണ് ഇരയായിട്ടുള്ളത്. 12 ശതമാനം പുരുഷന്മാരും ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ക്ക് ഇരയായി. ദുരനുഭവമുണ്ടായ പത്തിലൊന്നു സ്ത്രീകള്‍ക്ക് ജോലിയോ പഠനമോ സ്ഥലമോ ഉപേക്ഷിക്കേണ്ടതായും വന്നു. എന്താണ് ലൈംഗികപീഡനം എന്നതിന്റെ നിര്‍വചനം ഇന്ന് വളരെയധികം മാറിയിരിക്കുന്നു. വാക്കുകളാലോ അല്ലാതെയോ ഭീഷണിപ്പടുത്തുകയോ അസ്വസ്ഥരാക്കുകയോ ചെയ്യുന്ന ഏതു പ്രവര്‍ത്തനവും പീഡനത്തിന്റെ പരിധിയില്‍ വരും. ജോലിസ്ഥലത്തെ ലൈംഗിക പീഡനത്തെ പൗരന്മാര്‍ക്കുള്ള നിര്‍ദേശങ്ങളില്‍ നിര്‍വചിച്ചിരിക്കുന്നത് ഇങ്ങനെയാണ്

നേരിട്ടോ ഇ മെയില്‍ വഴിയോ ഉള്ള ലൈംഗികച്ചുവയോടെയുള്ള സംസാരവും തമാശയും

തട്ടലും മുട്ടലും നുള്ളലും ആലിംഗനവുമടക്കം മോശം രീതിയിലുള്ള സ്പര്‍ശനം

അസ്വീകാര്യമായ ലൈംഗികകടന്നുകയറ്റശ്രമങ്ങളും ഇതര ലൈംഗികാഭാസങ്ങളും

ലൈംഗികതാല്‍പര്യത്തോടെയുള്ള തുറിച്ചുനോട്ടവും അര്‍ത്ഥം വെച്ചുള്ള ചൂളമടിയും

ലൈംഗികസ്വഭാവമുള്ള ദൃശ്യങ്ങള്‍ കാണിക്കുക. നഗ്ന ചിത്രങ്ങളും വീഡിയോയും പ്രദര്‍ശിപ്പിക്കുന്നത് പോലുള്ള കാര്യങ്ങള്‍

ലൈംഗികതാല്‍പര്യത്തോടെയുള്ള സമീപനം നിഷേധിക്കുന്നതോടെ അവഗണിക്കുകയോ പക്ഷപാതം കാണിക്കുകയോ ചെയ്യുന്നത്

ഇതില്‍ ഏതെങ്കിലും രീതിയില്‍ പ്രവര്‍ത്തിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ പരാതി നല്‍കാനും അവര്‍ക്ക് തക്കശിക്ഷ നേടിക്കൊടുക്കാനും ഏവര്‍ക്കും അവകാശമുണ്ട്.

പുരുഷന്മാര്‍ക്കെതിരേ എന്തു തരം ലൈംഗിക പീഡനമാണ് നടക്കുകയെന്ന് അല്‍ഭുതപ്പെടുന്നവരുണ്ടാകും. അവരുടെ ശ്രദ്ധയിലേക്കായി സര്‍വേയില്‍ പങ്കെടുത്ത ഒരു വ്യക്തിയുടെ അനുഭവം പങ്കുവെക്കാം. വനിതയായ സ്ഥാപനമേധാവിയില്‍ നിന്ന് തനിക്കു നേരിട്ട മോശം അനുഭവത്തെപ്പറ്റി അദ്ദേഹം വിവരിക്കുന്നതിങ്ങനെയാണ്. തന്നെ കാണുമ്പോള്‍ത്തന്നെ അവര്‍ കമന്റടിക്കാന്‍ തുടങ്ങുമായിരുന്നു. വസ്ത്രധാരണത്തെപ്പറ്റിയും നെഞ്ചിലെ രോമങ്ങളെപ്പറ്റിയും ഒരു സ്ത്രീയില്‍ എന്താണ് ഇഷ്ടപ്പെടുന്നതെന്നുമൊക്കെ ചോദിക്കുക പതിവായിരുന്നു. പരസ്യമായ അവരുടെ ഇത്തരം ചോദ്യങ്ങളും അഭിപ്രായപ്രകടനവുമെല്ലാം സഹപ്രവര്‍ത്തകമാരില്‍ ചിരി പടര്‍ത്തുമായിരുന്നു. ഇത് തന്നില്‍ അപമാനബോധവും അസ്വസ്ഥതയുമുണ്ടാക്കി. ഒടുവിലിത് ആത്മവിശ്വാസമില്ലാതാക്കുകയും വിഷാദരോഗത്തിലേക്ക് നയിക്കുകയും ചെയ്തുവെന്ന് അദ്ദേഹം പറയുന്നു.

സര്‍വേയില്‍ പങ്കെടുത്ത 2,031 ബ്രിട്ടീഷ് പൗരന്മാരില്‍ 37 ശതമാനം പേര്‍ തങ്ങള്‍ ലൈംഗികപീഡനത്തിനിരയായി എന്നു സമ്മതിച്ചു. ഇതില്‍ 53 ശതമാനം സ്ത്രീകളും 20 ശതമാനം പുരുഷന്മാരുമാണ്. മോശം സംസാരത്തില്‍ തുടങ്ങി ശാരീരികമായ കടന്നുകയറ്റം വരെയാണ് ഇവര്‍ക്കു നേരിടേണ്ടി വന്നത്. 25 ശതമാനത്തിലധികം പേര്‍ പരിഹാസങ്ങള്‍ക്കു വിധേയരായിട്ടുണ്ട്. ഏഴില്‍ ഒരാള്‍ക്ക് മോശം സ്പര്‍ശനമേല്‍ക്കേണ്ടി വന്നപ്പോള്‍ ശല്യംചെയ്യലിനു വിധേയരായ സ്ത്രീകളില്‍ പത്തിലൊരാള്‍ ലൈംഗികാതിക്രമത്തിനു വിധേയരായി

കേംബ്രിഡ്ജ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിനി സാറ കിള്‍കോയിന്‍ താന്‍ സ്‌കൂളിലും കോളെജിലും അധ്യാപകരാല്‍ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടുവെന്നു വെളിപ്പെടുത്തി. ഇത്തരം വേട്ടക്കാരെ തുറന്നു കാട്ടണമെന്ന് സാറ പറയുന്നു. ഇത്തരക്കാരെ തലപൊക്കാന്‍ അനുവദിക്കരുതെന്നും അവള്‍ ആവശ്യപ്പെട്ടു. വീന്‍സ്റ്റീന്‍ അപവാദം പടര്‍ന്നു പിടിച്ചതോടെ പല ഉന്നതരും സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ തുടങ്ങി. പലരും തങ്ങള്‍ക്കു നേരിട്ട അനുഭവങ്ങള്‍ വിവരിക്കാന്‍ തയാറായിട്ടുണ്ട്. വനിതാ പാര്‍ലമെന്റംഗങ്ങളായ ജെസ് ഫിലിപ്പും മേരി ക്രീഗും തങ്ങള്‍ നേരിട്ട ലൈംഗികപീഡനത്തെപ്പറ്റി തുറന്നു പറഞ്ഞത് കൂടുതല്‍ ഇരകള്‍ക്ക് ഇതേപ്പറ്റി മനസു തുറക്കാന്‍ പ്രോല്‍സാഹനമായി. ഒരു വിരുന്നിനിടെ തന്റെ മേധാവി ലൈംഗികാതിക്രമത്തിനു തുനിഞ്ഞത് തളര്‍ത്തിക്കളഞ്ഞെന്ന് ജെസ് ഫിലിപ്പ് ഒരു സായാഹ്ന പത്രത്തോട് വെളിപ്പെടുത്തിയത് വിവാദമായി. ഏഴു വയസുമാത്രമുള്ളപ്പോഴാണ് മേരി ക്രീഗിന് സ്‌കൂള്‍മൈതാനത്ത് പന്ത്രണ്ടോളം ആണ്‍കുട്ടികളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്.

ബ്രിട്ടണില്‍ 2010ല്‍ പാസാക്കിയ സമത്വനിയമത്തിന്റെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളില്‍ പീഡനത്തിനു വിധേയരാകുന്നവര്‍ക്കു സംരക്ഷണം കിട്ടുന്നു. സഹപ്രവര്‍ത്തകരുടെയോ മേധാവികളുടെയോ പെരുമാറ്റം നിങ്ങളെ അലോസരപ്പെടുത്തുന്ന പക്ഷം നിയമപരമായി അതിന് അറുതി വരുത്താന്‍ നിങ്ങളെ ഇത് പ്രാപ്തരാക്കുന്നു. പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിയോട് നേരിട്ടോ മറ്റു സഹപ്രവര്‍ത്തകരോടോ ഇക്കാര്യം പറഞ്ഞിട്ടും ഫലമില്ലെങ്കില്‍ നിയമപരമായിത്തന്നെ മുമ്പോട്ടു പോകുന്നതാണ് നല്ലത്. ഇതിന് ആദ്യം ചെയ്യേണ്ടത് ഇക്കാര്യം നിങ്ങളുടെ മാനേജരോട് രേഖാമൂലം ആവശ്യപ്പെടുകയാണ്. ഇതിന്റെ പകര്‍പ്പ് നിങ്ങളുടെ കൈവശം സൂക്ഷിക്കുക. പീഡനം സംബന്ധിച്ച എല്ലാ കാര്യങ്ങളും രേഖപ്പെടുത്തുക. എപ്പോഴാണു സംഭവിച്ചത്, ആരൊക്കെ കണ്ടു എന്നിങ്ങനെയുള്ള കാര്യങ്ങള്‍ ഇതില്‍ കുറിച്ചിരിക്കണം. സ്ഥാപനത്തിലെ എച്ച്ആര്‍ ഡിപ്പാര്‍ട്ട്‌മെന്റ്, തൊഴിലാളി സംഘന എന്നിവയില്‍ നിന്ന് എന്തു ചെയ്യണമെന്ന് ഉപദേശം സ്വീകരിക്കുക. ആവശ്യമെങ്കില്‍ നിങ്ങളുടെ സ്വകാര്യത സൂക്ഷിച്ചു കൊണ്ട് നേരിട്ടു പരാതിപ്പെടാതെ എഴുത്തിലൂടെയും മറ്റും സമീപിക്കുന്ന രീതിയും സ്വീകരിക്കാം. ഔപചാരികമായി ഒരു പരാതി തയാറാക്കുകയാണ് അവസാനമായി ചെയ്യേണ്ടത്. എല്ലാ സ്ഥാപനങ്ങളിലും തൊഴിലാളികളുടെ പരാതികള്‍ കേള്‍ക്കാന്‍ ഗ്രീവന്‍സ് സെല്ലുകള്‍ ഉണ്ടാക്കണമെന്ന് നിയമമുണ്ട്. നിങ്ങളെ പീഡിപ്പിച്ച വ്യക്തി എവിടെ വെച്ച് എന്താണു ചെയ്തതെന്നടക്കമുള്ള കാര്യങ്ങള്‍ ഈ പരാതിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. ഇത്രയും ചെയ്തിട്ടും നീതി ലഭിക്കുന്നില്ലെങ്കില്‍ നിങ്ങള്‍ക്ക് നിയമപോരാട്ടം കോടതിയിലേക്കു മാറ്റാം.

വീന്‍സ്റ്റീന്‍ അപവാദം പടര്‍ന്നു പിടിച്ചതോടെ പല ഉന്നതരും സമൂഹമാധ്യമങ്ങളില്‍ ഇതേക്കുറിച്ച് അഭിപ്രായപ്രകടനം നടത്താന്‍ തുടങ്ങി. വനിതാ പാര്‍ലമെന്റംഗങ്ങളായ ജെസ് ഫിലിപ്പും മേരി ക്രീഗും തങ്ങള്‍ നേരിട്ട ലൈംഗിക പീഡനത്തെപ്പറ്റി തുറന്നു പറഞ്ഞത് കൂടുതല്‍ ഇരകള്‍ക്ക് ഇതേപ്പറ്റി മനസു തുറക്കാന്‍ പ്രോല്‍സാഹനമായി. ഒരു വിരുന്നിനിടെ തന്റെ മേധാവി ലൈംഗികാതിക്രമത്തിനു തുനിഞ്ഞത് തളര്‍ത്തിക്കളഞ്ഞെന്ന് ജെസ് ഫിലിപ്പ് ഒരു സായാഹ്ന പത്രത്തോട് വെളിപ്പെടുത്തിയത് വിവാദമായി. ഏഴു വയസുമാത്രമുള്ളപ്പോഴാണ് മേരി ക്രീഗിന് സ്‌കൂള്‍ മൈതാനത്ത് പന്ത്രണ്ടോളം ആണ്‍കുട്ടികളില്‍ നിന്ന് പീഡനമേല്‍ക്കേണ്ടി വന്നത്

കോടതിയില്‍ നീതി ലഭിക്കുന്നതിന് വേണ്ടി നിങ്ങള്‍ കുറച്ചു കൂടി വ്യവസ്ഥാപിതമായ നീക്കങ്ങള്‍ സ്വീകരിക്കേണ്ടി വരും. നിങ്ങള്‍ തയാറാക്കിയ രേഖകള്‍ ഇവിടെ നിങ്ങളുടെ രക്ഷയ്‌ക്കെത്തും. തൊഴില്‍ ട്രിബ്യൂണലിന്റെ മുമ്പാകെ പരാതി നല്‍കുന്നതിനു മുമ്പു വരെ നിങ്ങള്‍ക്ക് അനുരഞ്ജനശ്രമങ്ങള്‍ക്ക് അവസരമുണ്ട്. ഇതിന് മധ്യസ്ഥഗ്രൂപ്പുകളെ ഉപയോഗിക്കാനാകും. ഉപദേശം, അനുരഞ്ജനം, തര്‍ക്കപരിഹാരം തുടങ്ങിയ സേവനങ്ങളാണ് ഇവരില്‍ നിന്നു ലഭിക്കുക. ഇവര്‍ പ്രായോഗികപരിഹാരം കാണാന്‍ നിങ്ങളെ സഹായിക്കും. പ്രധാനമായും ഒത്തുതീര്‍പ്പുചര്‍ച്ചകളാണ് ഇവര്‍ നടത്തുക. ഇത് സാധ്യമായില്ലെങ്കില്‍ ഓണ്‍ലൈനില്‍ ശ്രമിക്കാനാകും. ലിംഗഭേദമില്ലാതെ ഏതു തൊഴിലാളിക്കും ട്രെയിനിക്കും ഉദ്യോഗാര്‍ത്ഥിക്കും ട്രിബ്യൂണലിനെ സമീപിക്കാം. പീഡനം നടന്ന് മൂന്നു മാസത്തിനകം ട്രിബ്യൂണലിനു മുമ്പാകെ ഹര്‍ജി നല്‍കാം. തൊഴിലുടമയ്ക്കും അപരാധിക്കുമെതിരേ ഒരുമിച്ച് കേസ് ഫയല്‍ ചെയ്യാനാകും. ഒരു സാക്ഷിമൊഴി ഹര്‍ജിക്കൊപ്പം നല്‍കേണ്ടതുണ്ട്. എന്നാലിത് പരാതിക്കാരന്‍ കോടതിയില്‍ വായിക്കണമെന്നില്ല. കുറ്റാരോപിതന്‍ കുറ്റം ചെയ്‌തോയെന്ന് ജഡ്ജി പരിശോധിച്ച് വിധി പറയും. അഭിഭാഷകനെ വക്കാലത്ത് ഏല്‍പ്പിക്കുന്നതടക്കം കേസിനു വേണ്ടി വരുന്ന തുക ഈടാക്കിയായിരിക്കും ട്രിബ്യൂണല്‍ വിധി പ്രഖ്യാപിക്കുക.

ബിബിസി സര്‍വേയില്‍ പങ്കെടുത്ത പകുതിയിലേറെപ്പേരും പീഡനം അനുഭവിച്ചിട്ടും അധികൃതരോട് പരാതിപ്പെടാന്‍ തയാറായില്ലെന്നത് പരിതാപകരമാണ്. 10ല്‍ ഒമ്പതു കേസുകളിലും പുരുഷന്മാരാണ് കുറ്റക്കാര്‍. അഞ്ചില്‍ ഒന്നിലും ഇരകളുമായി നേരിട്ടു ബന്ധപ്പെടുന്ന തൊട്ട് മുകളിലുള്ള പദവിയിലുള്ള ഉദ്യോഗസ്ഥരും. നാണക്കേടു മൂലം 20 ശതമാനം പേര്‍ പരാതിപ്പെടാതിരിക്കുന്നു. 24 ശതമാനം പേര്‍ തങ്ങള്‍ പ്രശ്‌നത്തെ ഗൗരവമായി എടുത്തില്ലെന്നു പറയുന്നവരാണ്. തൊഴിലന്തരീക്ഷം വഷളാക്കാതിരിക്കാന്‍ വേണ്ടി പരാതിപ്പെടേണ്ടെന്നു കരുതിയവരാണ് 28 ശതമാനം പേരും. ജോലിക്കിടയില്‍ പീഡനത്തിനു വിധേയരാകുന്ന പുരുഷന്മാരും കുറവല്ല. ജോലി പോകുമെന്ന ഭയമാണ് പലരെയും പരാതി നല്‍കുന്നതില്‍ നിന്നു തടയുന്നത്. ഏതായാലും മീ ടൂ കാംപെയ്‌നില്‍ ലിംഗഭേദമില്ലാതെ കൂടുതല്‍ പേര്‍ പങ്കാളിത്തം വഹിക്കുന്നതും ഇരകള്‍ക്കു പിന്തുണ പ്രഖ്യാപിക്കുന്നതും മാറ്റത്തിനു നാന്ദിയാകട്ടെയെന്നു പ്രത്യാശിക്കാം.

Comments

comments

Categories: FK Special, Slider