ഐഎംഎക്‌സ് ഇലക്ട്രിക് ക്രോസ്ഓവര്‍ കണ്‍സെപ്റ്റുമായി നിസ്സാന്‍

ഐഎംഎക്‌സ് ഇലക്ട്രിക് ക്രോസ്ഓവര്‍ കണ്‍സെപ്റ്റുമായി നിസ്സാന്‍

ഫുള്ളി ഓട്ടോണമസ് കാറിന് 600 കിലോമീറ്ററിലധികമാണ് ഡ്രൈവിംഗ് റേഞ്ച്

ടോക്കിയോ : 45-ാമത് ടോക്കിയോ മോട്ടോര്‍ ഷോയില്‍ നിസ്സാന്‍ ഐഎംഎക്‌സ് ഇലക്ട്രിക് ക്രോസ്ഓവര്‍ കണ്‍സെപ്റ്റ് അനാവരണം ചെയ്തു. ഫുള്ളി ഓട്ടോണമസ് സാങ്കേതികവിദ്യയുമായി വരുന്ന കണ്‍സെപ്റ്റ് കാറിന് 600 കിലോമീറ്ററിലധികമാണ് ഡ്രൈവിംഗ് റേഞ്ച്. ‘നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റി’ യുടെ ഭാഗമാണ് ഈ കാറെന്ന് കമ്പനി അറിയിച്ചു. ഡ്രൈവറും കാറും തമ്മില്‍ ശക്തമായ ബന്ധം സൃഷ്ടിക്കുംവിധമാണ് നിസ്സാന്‍ ഐഎംഎക്‌സ് കണ്‍സെപ്റ്റ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

ജനങ്ങളും കാറുകളും തമ്മില്‍ ആശയവിനിമയം നടത്തിക്കുകയാണ് നിസ്സാന്‍ ഇന്റലിജന്റ് മൊബിലിറ്റി എന്നതിലൂടെ ഉദ്ദേശിക്കുന്നതെന്ന് നിസ്സാന്‍ മോട്ടോറിന്റെ ഗ്ലോബല്‍ സെയ്ല്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ്, സീറോ-എമിഷന്‍ വെഹിക്ക്ള്‍സ്, ബാറ്ററി ബിസിനസ് വിഭാഗം എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡാനിയേല്‍ ഷില്ലാസി വ്യക്തമാക്കി.

ഉടമയെ കയറ്റിക്കൊണ്ടുപോകുന്നതിന് നിശ്ചിതസ്ഥലത്തേക്ക് വരാന്‍ ഈ കാറിന് കഴിയും

ആകര്‍ഷകമായ ഫ്യൂച്ചറിസ്റ്റിക് ഡിസൈനിലാണ് നിസ്സാന്‍ ഐഎംഎക്‌സ് വരുന്നത്. വി-മോഷന്‍ ഗ്രില്ല് കാറിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നു. കാബിന്‍ വളരെ വിശാലമാണ്. പനോരമിക് ഒഎല്‍ഇഡി ഇന്‍സ്ട്രുമെന്റ് പാനല്‍ കാറിനകത്ത് പുറംകാഴ്ച്ചകള്‍ ഡിസ്‌പ്ലേ ചെയ്യും. ഡോര്‍, സൈഡ് പാനല്‍ എന്നിവ പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ്. കണ്‍ചലനങ്ങള്‍ കൊണ്ടും കൈ ആംഗ്യങ്ങള്‍കൊണ്ടും ഇന്‍സ്ട്രുമെന്റ് പാനല്‍ നിയന്ത്രിക്കാന്‍ കാറിന്റെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് നിങ്ങളെ സഹായിക്കും. വളരെയധികം കംഫര്‍ട്ട് തരുന്നതാണ് കാബിന്‍.

ഫുള്ളി ഓട്ടോണമസ് വാഗ്ദാനം ചെയ്യുന്ന പ്രോപൈലറ്റിന്റെ പുതിയ വേര്‍ഷനാണ് കാറിലെ സാങ്കേതികവിദ്യ. ‘പ്രോപൈലറ്റ്’ ഡ്രൈവ് മോഡ് സെലക്റ്റ് ചെയ്താല്‍ സ്റ്റിയറിംഗ് വീല്‍ ഡാഷ്‌ബോര്‍ഡിനുള്ളിലേക്ക് കയറിപ്പോവുകയും സീറ്റുകളെല്ലാം ചാഞ്ഞുകിടക്കുകയും ചെയ്യും. ഡ്രൈവര്‍ക്ക് കൂടുതല്‍ സ്ഥലസൗകര്യങ്ങള്‍ ലഭിക്കുകയും യാത്രക്കാര്‍ക്ക് വിശ്രമിക്കുന്നതിനും യാത്ര ആസ്വദിക്കുന്നതിനും ഇതിലൂടെ കഴിയും. ഓട്ടോമാറ്റിക്കായി പാര്‍ക്ക് ചെയ്യാന്‍ കഴിവുള്ളതാണ് നിസ്സാന്‍ ഐഎംഎക്‌സ് ഇലക്ട്രിക് കണ്‍സെപ്റ്റ്. ഉടമയെ കയറ്റിക്കൊണ്ടുപോകാന്‍ നിശ്ചിതസ്ഥലത്തേക്ക് വരുന്ന കാര്യത്തിലും ഈ കാര്‍ മിടുക്കനാണ്.

മുന്നിലും പിന്നിലും നല്‍കിയ ഒരു ജോടി ഇലക്ട്രിക് മോട്ടോറുകളാണ് നിസ്സാന്‍ ഐഎംഎക്‌സിന് കരുത്ത് പകരുന്നത്. ഓള്‍-വീല്‍-ഡ്രൈവ് സാധ്യമാണ്. 429 ബിഎച്ച്പി കരുത്തും 700 എന്‍എം ടോര്‍ക്കുമാണ് രണ്ട് മോട്ടോറുകളും ചേര്‍ന്ന് പുറപ്പെടുവിക്കുന്നത്. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 600 കിലോമീറ്ററിലധികം സഞ്ചരിക്കാം. വൈദ്യുതി ഗ്രിഡിലേക്ക് തനിയെ കണക്റ്റ് ചെയ്യാനും ഗ്രിഡിലേക്ക് വൈദ്യുതി നല്‍കാനും ഐഎംഎക്‌സ് കണ്‍സെപ്റ്റിന് സാധിക്കും.

Comments

comments

Categories: Auto