കൊച്ചിയുടെ മെട്രോമാന്‍

കൊച്ചിയുടെ മെട്രോമാന്‍

കൊച്ചി മെട്രോ യാഥാര്‍ഥ്യമാക്കിയതില്‍ ഇ ശ്രീധരനോടൊപ്പം ചേര്‍ത്ത് പറയാന്‍ കഴിയുന്ന പേരാണ് ഏലിയാസ് ജോര്‍ജിന്റേത്. കെ എം ആര്‍ എല്ലിനെ മികച്ച ഒരു പ്രൊഫഷണല്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനമായി വളര്‍ത്തിയെടുക്കുന്നതില്‍ അദ്ദേഹം നല്‍കിയ സംഭാവന നിസ്തുലമാണ്. ഒരു വര്‍ഷ കാലാവധി കൂടി ബാക്കിയിരിക്കെ ഏലിയാസ് ജോര്‍ജ് കെ എം ആര്‍ എല്‍ എം ഡി സ്ഥാനത്തു നിന്ന് രാജി വെച്ചൊഴിയുകയാണ്.

ഇ ശ്രീധരന്‍ ഇന്ത്യയുടെ മെട്രോമാനാണെങ്കില്‍ കൊച്ചിയുടെ മെട്രോമാനാണ് ഏലിയാസ് ജോര്‍ജ്. അഞ്ച് വര്‍ഷം മുമ്പ് ഏലിയാസ് ജോര്‍ജ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ മാനേജിംഗ് ഡയറക്ടറായി വരുമ്പോള്‍ മെട്രോ റെയില്‍ പദ്ധതി കടലാസില്‍ മാത്രമായിരുന്നു. പ്രകടനപരതയോ തലക്കനമോ ഇല്ലാതെ മാധ്യമങ്ങളില്‍ നിന്ന് പോലും അകന്നു നിന്ന് സ്വന്തം ജോലിയില്‍ മുഴുവന്‍ ശ്രദ്ധയും അദ്ദേഹം അര്‍പ്പിച്ചതിന്റെ കൂടി ഫലമാണ് കൊച്ചി മെട്രോയുടെ സാക്ഷാത്കാരം. മെട്രോയേക്കാള്‍ കൊച്ചിക്ക് അദ്ദേഹത്തിന്റെ സംഭാവന മെട്രോ റെയിലും ബസും ബോട്ടുകളും സംയോജിപ്പിച്ച് നടപ്പാക്കുന്ന ഏകീകൃത ഗതാഗത സംവിധാനമായ ഉംടയാണ്. കൊച്ചിയുടെ ഗെയിം ചേഞ്ചറാകാന്‍ പോകുന്നത് ഉംടയാണെന്നും രണ്ടുവര്‍ഷം കൊണ്ട് അത് കൊച്ചിയുടെ മുഖച്ഛായ മാറ്റുമെന്നും ഏലിയാസ് ജോര്‍ജ് പറയുന്നു.

മെട്രോയുടെയും അനുബന്ധ പദ്ധതികളുടെയും പൂര്‍ത്തീകരണത്തിന് കാത്തു നില്‍ക്കാതെ ഏലിയാസ് ജോര്‍ജ് കൊച്ചിയോട് വിടപറയുകയാണ്. കഴിഞ്ഞ വര്‍ഷം സര്‍വീസില്‍ നിന്ന് വിരമിച്ച അദ്ദേഹത്തിന് സര്‍ക്കാര്‍ രണ്ടു വര്‍ഷം നീട്ടി നല്‍കിയിരുന്നു. നീട്ടിക്കിട്ടിയ കാലാവധിക്ക് കാത്തു നില്‍ക്കാതെ അദ്ദേഹം രണ്ടാഴ്ചക്കകം മെട്രോയുടെ എം ഡി സ്ഥാനം ഒഴിയും. മെട്രോ മുന്നോട്ടുവെച്ച വെല്ലുവിളികളെക്കുറിച്ച്, നല്‍കിയ സൗഭാഗ്യങ്ങളെക്കുറിച്ച്, മെട്രോയുടെ ഭാവിയെക്കുറിച്ച് അദ്ദേഹം മനസ് തുറക്കുന്നു.

എന്തുകൊണ്ട് ഒരു വര്‍ഷം ബാക്കിയുള്ളപ്പോള്‍ പടിയിറങ്ങുന്നു

അഞ്ച് വര്‍ഷമായി ഞാന്‍ കെ എം ആര്‍ എല്‍ മാനേജിംഗ് ഡയറക്ടറുടെ കസേരയിലിരിക്കുന്നു. ഇവിടെ ഞാന്‍ വരുമ്പോള്‍ ഒരു ഡി പി ആര്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഇത്രയുമാക്കാന്‍ സാധിച്ചത് ഭാഗ്യമായി കരുതുന്നു. ഗവണ്‍മെന്റ് പറഞ്ഞു തുടരാന്‍. പക്ഷെ കഴിയില്ലെന്ന് അറിയിച്ചു. എന്റെ സര്‍വീസിലെ ഏറ്റവും നല്ല ജോലി കൊച്ചി മെട്രോ ആയിരുന്നു. അതുകൊണ്ടു തന്നെ ഇത് ഉപേക്ഷിച്ചു പോകാന്‍ ബുദ്ധിമുട്ടുണ്ട്. പക്ഷെ എല്ലാത്തിനും ഒരു സമയമുണ്ടല്ലോ. എന്റെ സമയമായെന്ന് തോന്നിയതിനാലാണ് അവസാനിപ്പിക്കുന്നത്. പുതിയ ചിന്തകള്‍ വരട്ടെ. കൂടുതല്‍ ഊര്‍ജവും ആര്‍ജവവുമുള്ള ആള്‍ വരട്ടെ. സര്‍വിംഗ് ഐ എ എസ് ഓഫീസറായാല്‍ സെക്രട്ടേറിയറ്റില്‍ നിന്ന് കാര്യങ്ങള്‍ നടന്നുകിട്ടാന്‍ എളുപ്പമുണ്ട്.

തുടക്കം മുതല്‍ ഒടുക്കം വരെ ഒരു പ്രോജക്ടിലിരിക്കാന്‍ ഐ എ എസ് ഓഫീസര്‍മാര്‍ക്ക് കഴിയാറില്ല. മെട്രോ റെയില്‍ പദ്ധതിയും അനുബന്ധ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു നാല് വര്‍ഷം കൂടിവേണ്ടിവരും. എനിക്ക് പിന്നാലെ വരുന്ന ആള്‍ നാലു വര്‍ഷം തുടര്‍ച്ചയായി ഇരുന്നാലെ കൊച്ചി മെട്രോയും അനുബന്ധ പദ്ധതികളും പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. തൃപ്പൂണിത്തുറ തീരാന്‍ കുറഞ്ഞത് രണ്ടു വര്‍ഷമെടുക്കും. കാക്കനാട് എക്സ്റ്റന്‍ഷന് ഒന്നര വര്‍ഷം വേണ്ടിവരും. വാട്ടര്‍മെട്രോ 2020-21ലേ പൂര്‍ത്തിയാകൂ. അടുത്ത റീച്ചില്‍ കൂടുതല്‍ ടാലന്റും എനര്‍ജിയുമുള്ള പുതുരക്തം വരട്ടെ. മാറ്റം വേണമെങ്കില്‍ ഇതാണ് ഏറ്റവും നല്ല സമയം. കുടുംബം ഡല്‍ഹിയിലാണ്. ഡല്‍ഹിക്ക് പോകാന്‍ ആഗ്രഹിക്കുന്നു. അക്കാദമിക് വര്‍ക്കോ പാര്‍ട്ട് ടൈം കണ്‍സള്‍ട്ടന്‍സിയോ ചെയ്യണം എന്ന് ആഗ്രഹിക്കുന്നു. ആവശ്യമായി വന്നാല്‍ കൊച്ചിയുടെ സേവനത്തിന് തുടര്‍ന്നും എന്നാല്‍ കഴിയുന്നത് ചെയ്യാന്‍ തയ്യാറാണ്.

കേരളത്തില്‍ പ്രോജക്ട് ചെയ്യണമെങ്കില്‍ ഉദ്ദേശ്യശുദ്ധിയും ജനങ്ങളെ അത് വിശ്വസിപ്പിക്കലുമാണ് ഏറ്റവും പ്രധാന കാര്യം. ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനം. ആളുകള്‍ നമ്മുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി കൂടെ നിന്നു കഴിഞ്ഞാല്‍, ഇത് വേണ്ട ഒരു പ്രോജക്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നിക്കഴിഞ്ഞാല്‍ കേരളത്തില്‍ ഇന്‍ഫ്രാ പ്രോജക്ടുകള്‍ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. അഞ്ച് വര്‍ഷം കൊണ്ട എനിക്ക് ബോധ്യപ്പെട്ട കാര്യമാണത്.

പുതിയ എം ഡിക്ക് മുന്നിലുള്ള വെല്ലുവിളികള്‍

വലിയ വെല്ലുവിളികളുണ്ട്. മെട്രോ തൃപ്പൂണിത്തുറ വരെയുള്ള രണ്ടാം ഘട്ടവും കാക്കനാട് എക്സ്റ്റന്‍ഷനും വാട്ടര്‍ മെട്രോയും പൂര്‍ത്തിയാക്കുക വലിയ ജോലിയാണ്. കാക്കനാട് എക്സ്റ്റന്‍ഷന് ക്ലിയറന്‍സ് വൈകാതെ കിട്ടും. 2019 മാര്‍ച്ച് ആകുമ്പോഴേക്കും വാട്ടര്‍ മെട്രോയുടെ ബോട്ടുകള്‍ വെള്ളത്തിലിറങ്ങേണ്ടതാണ്. സ്റ്റീല്‍ ബോട്ട് വേണോ ഫൈബര്‍ ബോട്ട് വേണോ അലൂമിനിയം ബോട്ട് വേണോ എന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. വാട്ടര്‍മെട്രോയ്ക്കായി 38 ബോട്ട് ജെട്ടികള്‍ നിര്‍മിക്കണം, ഹൈക്കോടതി ജെട്ടിയില്‍ ലോക നിലവാരത്തിലുള്ള മറീന നിര്‍മിക്കണം. ഉംട ബില്‍ ഒന്നു രണ്ടാഴ്ചക്കകം മന്ത്രിസഭയുടെ പരിഗണനക്കെത്തും. നിയമസഭയില്‍ വെച്ച് അത് ആക്ടായി വരേണ്ടതുണ്ട്. കൊച്ചി വണ്‍ കാര്‍ഡിന്റെ ഫീച്ചേഴ്‌സ് ഇതുവരെ വന്നിട്ടില്ല. അതു കൊണ്ടുവരണം. കൊച്ചി വണ്‍ കാര്‍ഡ് ഉയോഗിച്ച് വൈദ്യുതി ബില്ലും വാട്ടര്‍ബില്ലും അടക്കുന്നതിനും സ്വകാര്യ ഇടപാടുകള്‍ നടത്തുന്നതിനും ആവശ്യമായ അധികാരം വാങ്ങിയെടുക്കേണ്ടതുണ്ട്. മെട്രോ സ്‌റ്റേഷനുകളില്‍ നിന്നുള്ള ഫീഡര്‍ ബസുകളും ഇ ഓട്ടോകളും താമസിയാതെ വരണം. സൈക്കിള്‍ ഷെയറിംഗ് വേണം. ആലുവ, ഇടപ്പള്ളി സ്‌റ്റേഷനുകളെ വേള്‍ഡ് ക്ലാസ് ജംഗ്ഷനുകളായി മാറ്റുന്നതിന് ഇടപ്പള്ളിയിലും ആലുവയിലും തുടങ്ങിവെച്ച വര്‍ക്ക് ഡിസംബറോടെ പൂര്‍ത്തിയാക്കേണ്ടതുണ്ട്. അതിന്റെ ഡ്രെയിനേജ്- ഡക്ടിംഗ് ജോലികളാണ് നടക്കുന്നത്. ബാക്കിയുള്ള സ്‌റ്റേഷനുകളില്‍ തീമിംഗ് ചെയ്യാന്‍ തീരുമാനിച്ചിട്ടുണ്ട്. തൃപ്പൂണിത്തുറ വരെ കേരളത്തിന്റെ പരമ്പരാഗത വാസ്തു ശൈലിയില്‍ തീമിംഗ് നടത്തുന്ന കാര്യം ചര്‍ച്ചയിലാണ്. ഇതെല്ലാം പുതിയ മാനേജിംഗ് ഡയറക്ടറുടെ നേതൃത്വത്തില്‍ നടക്കേണ്ട കാര്യങ്ങളാണ്.

കൊച്ചി മെട്രോ നടപ്പാക്കിയപ്പോള്‍ നേരിട്ട വെല്ലുവിളികള്‍

കേരളത്തില്‍ പ്രോജക്ട് ചെയ്യണമെങ്കില്‍ ഉദ്ദേശ്യശുദ്ധിയും ജനങ്ങളെ അത് വിശ്വസിപ്പിക്കലുമാണ് ഏറ്റവും പ്രധാന കാര്യം. ജനങ്ങളുടെ പിന്തുണയാണ് ഏറ്റവും പ്രധാനം. ആളുകള്‍ നമ്മുടെ ഉദ്ദേശ്യശുദ്ധി മനസിലാക്കി കൂടെ നിന്നു കഴിഞ്ഞാല്‍, ഇത് വേണ്ട ഒരു പ്രോജക്ടാണെന്ന് ജനങ്ങള്‍ക്ക് തോന്നിക്കഴിഞ്ഞാല്‍ കേരളത്തില്‍ ഇന്‍ഫ്രാ പ്രോജക്ടുകള്‍ ചെയ്യാന്‍ ഒരു പ്രയാസവുമില്ല. അഞ്ച് വര്‍ഷം കൊണ്ട എനിക്ക് ബോധ്യപ്പെട്ട കാര്യമാണത്. കൊച്ചിയില്‍ ഞങ്ങള്‍ 500 സ്ഥലത്ത് ഭൂമിയെടുത്തു. ലാന്റ് അക്വിസിഷന്‍ ആക്ട് ഇല്ലാതിരുന്ന സമയത്ത് പോലും സ്ഥലമെടുക്കാന്‍ സാധിച്ചു. ആളുകളുടെ കണ്ണായ സ്ഥലങ്ങളാണ് എടുത്തത്. എല്ലാവരുടെയും പിന്തുണ ലഭിച്ചു. ജില്ലാ ഭരണകൂടം, സംസ്ഥാന ഗവണ്‍മെന്റ്, കേന്ദ്ര ഗവണ്‍മെന്റ്, ഡി എം ആര്‍ സി, കോടതികള്‍, ഭൂമി നഷ്ടപ്പെട്ടവര്‍, വ്യാപാരികള്‍ ഇങ്ങനെ കൊച്ചി മെട്രോയില്‍ നിരവധി സ്‌റ്റേക്ക് ഹോള്‍ഡേഴ്‌സുണ്ട്. ഇവരെല്ലാം ഒരുമിച്ചു നിന്നത് പൊതുതാല്‍പര്യം കൊണ്ടു മാത്രമാണ്.

സംസ്ഥാന ഗവണ്‍മെന്റിന്റെ പൂര്‍ണ പിന്തുണ പദ്ധതിക്ക് ഉണ്ടായിരുന്നു. മുന്‍ സര്‍ക്കാരും ഇപ്പോഴത്തെ സര്‍ക്കാരും മെട്രോയെ അകമഴിഞ്ഞ് പിന്തുണച്ചു. ഇപ്പോഴത്തെ മുഖ്യമന്ത്രി മെട്രോയുടെ ചാര്‍ജുള്ള മന്ത്രി കൂടിയായതിനാല്‍ വളരെ എളുപ്പത്തില്‍ അംഗീകാരങ്ങള്‍ നേടിയെടുക്കാന്‍ സാധിച്ചിട്ടുണ്ട്. ആവശ്യങ്ങളുമായി മുഖ്യമന്ത്രിയെ സമീപിച്ചാല്‍ അപ്പോള്‍ തന്നെ തീരുമാനങ്ങള്‍ എടുത്തു തന്നിട്ടുണ്ട്. വളരെപെട്ടെന്ന് തന്നെ തീരുമാനങ്ങളെടുത്തു മുന്നോട്ടു പോകാന്‍ അതുകൊണ്ട് ഞങ്ങള്‍ക്ക് സാധിച്ചു.

കെ എം ആര്‍ എല്‍ കൈവരിച്ച വളര്‍ച്ച

കെ എം ആര്‍ എല്‍ ഒരു അതിശയിപ്പിക്കുന്ന ഒരു ഓര്‍ഗനൈസേഷനാണ്. ഇത് മലയാളികള്‍ മാത്രമുള്ള സംഘടനയല്ല. ഇന്ത്യയുടെ പലഭാഗങ്ങളില്‍ നിന്നുള്ളവര്‍ ജോലി ചെയ്യുന്നുണ്ട്. ശരാശരി 32 വയസുള്ളവരാണ് കെ എം ആര്‍ എല്ലില്‍ ജോലി ചെയ്യുന്നത്. അവരുടെ ഊര്‍ജസ്വലതയും വിഷനുമാണ് മെട്രോ പ്രോജക്ട് ഇത്ര ഭംഗിയാക്കാന്‍ സഹായിച്ചത്. വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍, തീമിംഗ്, കലയും സാഹിത്യവുമൊക്കെ ഇവരുടെ ആശയങ്ങളാണ്. ഞാന്‍ വരുമ്പോള്‍ 20 പേരാണ് ഇവിടെ ഉണ്ടായിരുന്നത്. ഇപ്പോള്‍ 500 പേരുണ്ട്. ഈ കുട്ടികള്‍ വിചാരിച്ചാല്‍ കൊച്ചിയെ മാറ്റിമറിക്കാന്‍ സാധിക്കുമെന്നതിന് സംശയമില്ല.

കെ എം ആര്‍ എല്‍ കണ്‍സല്‍ട്ടന്‍സിയിലേക്ക് കടക്കുകയാണ്. കോഴിക്കോട് കോര്‍പറേഷന് വേണ്ടി സര്‍ക്കാര്‍ കെ എം ആര്‍ എല്ലിന് കണ്‍സള്‍ട്ടന്‍സി നല്‍കിക്കഴിഞ്ഞു. വളരെ യോഗ്യതയുള്ള ചെറുപ്പക്കാര്‍ കെ എം ആര്‍ എല്ലിലുണ്ട്. കൊച്ചി മെട്രോ കമ്മീഷന്‍ ചെയ്തതോടെ ലോകത്തുള്ള മറ്റ് മെട്രോസ് അവരെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ട്. അത് വലിയ ഭയമാണ്. നല്ല കുട്ടികള്‍ പോകുമോ എന്ന് ആശങ്കയുണ്ട്. നല്ല കരിയര്‍ ഓഫര്‍ ലഭിക്കുന്നവരെ തടഞ്ഞുവെക്കാന്‍ കഴിയില്ല. സിസ്റ്റംസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം പോയി. രണ്ട് ജനറല്‍ മാനേജര്‍മാര്‍ പോകുന്നുണ്ട്.

മുമ്പ് കെ എം ആര്‍ എല്‍ എന്ന് പറഞ്ഞാല്‍ ഡി എം ആര്‍ സിയാണോ എന്ന് ആളുകള്‍ ചോദിച്ചിരുന്നു. ഇന്ന് കെ എം ആര്‍ എല്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ അറിയും. റോഡിലൂടെ നടന്നു പോകുമ്പോള്‍ ആള്‍ക്കാരുടെ മുഖത്ത് തിരിച്ചറിയുമ്പോഴുണ്ടാകുന്ന നിറഞ്ഞ ചിരിയും ഷെയ്ക്ക് ഹാന്റും സെല്‍ഫിയെടുപ്പും അവരുടെ സന്തോഷമാണ് കാണിക്കുന്നത്.

യഥാര്‍ഥത്തില്‍ മെട്രോ റെയിലിനേക്കാള്‍ വാട്ടര്‍മെട്രോയാണ് കൊച്ചിയുടെ ഗെയിം ചേഞ്ചറാകാന്‍ പോകുന്നത്. കൊച്ചിയെ ഒരു ഗ്ലോബല്‍ സിറ്റിയാക്കാനും ടൂറിസം ഡെസ്റ്റിനേഷനാക്കാനും ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റാനും സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കാനും ഏറ്റവുമധികം ശേഷിയുള്ളത് വാട്ടര്‍മെട്രോക്കാണ്. ഇത്രയും എക്‌സൈറ്റിംഗായ ഒരു പ്രോജക്ട് ഇന്ത്യയില്‍ ഉണ്ടാകില്ല. ഇങ്ങനെ മെട്രോ റെയിലും വാട്ടര്‍ മെട്രോയും സമന്വയിച്ച ഒരു പ്രോജക്ട് തന്നെ ലോകത്ത് തന്നെ വിരളമാണ്.

ഗെയിം ചേഞ്ചര്‍ വാട്ടര്‍മെട്രോ

യഥാര്‍ഥത്തില്‍ മെട്രോ റെയിലിനേക്കാള്‍ വാട്ടര്‍മെട്രോയാണ് കൊച്ചിയുടെ ഗെയിം ചേഞ്ചറാകാന്‍ പോകുന്നത്. കൊച്ചിയെ ഒരു ഗ്ലോബല്‍ സിറ്റിയാക്കാനും ടൂറിസം ഡെസ്റ്റിനേഷനാക്കാനും ജനങ്ങളുടെ ജീവിതരീതി തന്നെ മാറ്റാനും സാധാരണക്കാര്‍ക്ക് അവസരങ്ങള്‍ ഉണ്ടാക്കാനും ഏറ്റവുമധികം ശേഷിയുള്ളത് വാട്ടര്‍മെട്രോക്കാണ്. ഇത്രയും എക്‌സൈറ്റിംഗായ ഒരു പ്രോജക്ട് ഇന്ത്യയില്‍ ഉണ്ടാകില്ല. ഇങ്ങനെ മെട്രോ റെയിലും വാട്ടര്‍ മെട്രോയും സമന്വയിച്ച ഒരു പ്രോജക്ട് തന്നെ ലോകത്ത് തന്നെ വിരളമാണ്. ലണ്ടനിലും ഹോളണ്ടിലും ഇസ്താബൂളിലും ഉണ്ടെങ്കിലും കൊച്ചിയില്‍ ഉദ്ദേശിക്കുന്നതുപോലെ പൂര്‍ണതോതില്‍ സംയോജിപ്പിച്ചുള്ള മെട്രോ സര്‍വീസ് ഒരിടത്തും കാണാന്‍ സാധിച്ചില്ല. കൊച്ചിയിലെ മൊബിലിറ്റി മറ്റൊരു ലെവലിലായിരിക്കും. രണ്ടു വര്‍ഷം കൂടി കഴിഞ്ഞാല്‍ കൊച്ചി ഇന്നു കാണുന്നതു പോലെ ആയിരിക്കില്ല. സമീപ ദ്വീപുകളില്‍ താമസിക്കുന്നവര്‍ക്കെല്ലാം സിറ്റിയില്‍ 15 മിനിറ്റുകൊണ്ട് എത്തിച്ചേരാന്‍ സാധിക്കും. സിറ്റിയുടെ നേട്ടങ്ങള്‍ അവിടേക്ക് കൂടി പോകുകയും ചെയ്യും.

കൊച്ചി മെട്രോ ലാഭകരമായി മുന്നോട്ടുപോകുമോ

200 മെട്രോസ് ലോകത്തുള്ളതില്‍ ക്യാപിറ്റല്‍ കോസ്റ്റ് റിക്കവര്‍ചെയ്ത ഒരു മെട്രോപോലും ഇല്ല. ലാഭമുണ്ടാക്കുന്നത് ഹോങ്കോങ് മെട്രോ പോലെ ഏഴെട്ടെണ്ണമേ ഉള്ളൂ. മെട്രോ റെയില്‍ ഉണ്ടാക്കുന്നത് ലാഭത്തിന് വേണ്ടിയല്ല. നഗരത്തിലെ ഗതാഗത സൗകര്യങ്ങള്‍മെച്ചപ്പെടുത്തുന്നതിനാണ്. അതുകൊണ്ട് തന്നെ പുതിയ മെട്രോപോളിസിയില്‍ ഫിനാന്‍ഷ്യല്‍ ഇവാല്യുവേഷന്‍ എടുത്തു കളഞ്ഞിരിക്കുകയാണ്. പ്രോഫിറ്റബിലിറ്റി ഒരു ക്രൈറ്റീരിയയല്ല. പക്ഷെ അധിക വരുമാനമാര്‍ഗം കെ എം ആര്‍ എല്‍ കണ്ടിട്ടില്ലെങ്കില്‍ ഭാവിയില്‍ അത് ബുദ്ധിമുട്ടുണ്ടാക്കും. ഇത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. പുറത്തു നിന്ന് ഇന്‍കം സോഴ്‌സസ് നമ്മള്‍ കണ്ടുപിടിക്കണം.
ബാംഗളൂര്‍ മെട്രോക്ക് പ്രോപ്പര്‍ട്ടി ടാക്‌സിന്റെ ഷെയറും എഫ് എസ് ഐ ഇന്‍ഡക്‌സ് റേറ്റിന്റെ ഭാഗവും കിട്ടുന്നുണ്ട്. നമുക്കും റവന്യു കളക്ഷന്‍ മെച്ചപ്പെടുത്താന്‍ സാധിക്കണം. വരുമാന മാര്‍ഗങ്ങള്‍ സംബന്ധിച്ച വ്യക്തമായ നിര്‍ദേശങ്ങളുണ്ടെങ്കിലേ പുതിയ മെട്രോ പ്രോജക്ടുകള്‍ക്ക് അനുമതി നല്‍കൂവെന്നാണ് കേന്ദ്ര ഗവവണ്‍മെന്റിന്റെ തീരുമാനം. കാക്കനാട് എക്‌സ്റ്റന്‍ഷന്‍ വരുമ്പോള്‍ ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടും. സംസ്ഥാന ഗവണ്‍മെന്റിന് ഇത് ബോധ്യമായിട്ടുണ്ട്. ഉന്നതതലത്തില്‍ ഇക്കാര്യത്തില്‍ ഗൗരവതരമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഗവണ്‍മെന്റിന് ചില പ്രപ്പോസലുകള്‍ കെ എം ആര്‍ എല്‍ കൊടുത്തിട്ടുണ്ട്. കാക്കനാട് 17 ഏക്കറില്‍ പാര്‍പ്പിടസമുച്ചയ പദ്ധതി പ്ലാന്‍ ചെയ്തിട്ടുണ്ട്. ഇതൊക്കെ ഉണ്ടാക്കിയെടുത്താല്‍ മാത്രമേ കൊച്ചി മെട്രോ ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിജയമായി എന്ന് പറയാന്‍ സാധിക്കൂ.

കാക്കനാട് പാര്‍പ്പിട സമുച്ചയത്തിന് ബിഡ് വന്നിട്ടുണ്ട്. പരിശോധിച്ചുവരികയാണ്. മറ്റുള്ള സ്വകാര്യ വില്ലകളേക്കാള്‍ കുറഞ്ഞ നിരക്ക് ലഭിച്ചാലേ ചെയ്യൂ. വളരെ കുറഞ്ഞ നിരക്കില്‍ നിരക്കില്‍ മറ്റുള്ള ബില്‍ഡര്‍മാര്‍ നല്‍കുന്ന അതേ സൗകര്യങ്ങള്‍ നല്‍കിക്കൊണ്ട് വില്‍പന നടത്താനാണ് ഉദ്ദേശിക്കുന്നത്. കെ എം ആര്‍ എല്ലിന്റെ ബ്രാന്‍ഡ് ഇക്വിറ്റി വെച്ച് വലിയ ഡിമാന്‍ഡ് ഉണ്ടാകുമെന്നും നല്ല റവന്യു ലഭിക്കുമെന്നുമാണ് പ്രതീക്ഷ.

കൊച്ചി മെട്രോ നെടുമ്പാശേരിയില്‍ എത്തുമോ

ഇന്നത്തെ സാഹചര്യത്തില്‍ നെടുമ്പാശേരിക്ക് നീട്ടിയാല്‍ വയബിള്‍ ആകില്ലെന്നാണ് എന്റെ അഭിപ്രായം. യൂറോപ്പിലൊക്കെ എയര്‍ കമ്യൂട്ടിംഗ് ഉണ്ട്. രാവിലെ ബ്രസല്‍സില്‍ നിന്ന് പാരീസില്‍ പോയി ജോലി ചെയ്ത് വൈകീട്ട് തിരിച്ചെത്തുന്ന രീതി. നമ്മുടെ വിമാന യാത്രക്കാര്‍ ഗള്‍ഫില്‍ നിന്ന് വര്‍ഷത്തിലൊരിക്കല്‍ വരുന്നവരാണ്. വര്‍ഷത്തിലൊരിക്കലോ രണ്ടു തവണയോ സഞ്ചരിക്കുന്നവരാണ് നമ്മുടെ വിമാനയാത്രക്കാര്‍ കുടുതല്‍. കുടുംബവും പെട്ടിയുമായി കുറേ പേര്‍ ചേര്‍ന്ന് കാറില്‍ യാത്രയയക്കുകയും സ്വീകരിച്ചു കൊണ്ടു പോകുകയും ചെയ്യുന്ന രീതിയാണ്. ഇവര്‍ മെട്രോയില്‍ കയറാനുള്ള സാധ്യത കുറവാണ്. സിറ്റിയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് സ്ഥിരം യാത്രക്കാര്‍ ഉണ്ടെങ്കിലേ സര്‍വീസ് വയബിള്‍ ആകൂ. ഡല്‍ഹിയില്‍ എയര്‍പോര്‍ട്ട് കണക്ടിവിറ്റി വിജയമായിരുന്നില്ല. ഇപ്പോള്‍ ദ്വാരക വന്നപ്പോഴാണ് യാത്രക്കാരുള്ളത്. 200 കോടി രൂപയാണ് ഒരു കിലോമീറ്റര്‍ മെട്രോറെയില്‍ നിര്‍മിക്കാന്‍ ചെലവ് വരിക. അങ്കമാലി വരെ മെട്രോ നീളുന്ന ഘട്ടത്തില്‍ നെടുമ്പാശേരി വഴി കൊണ്ടുവരുന്ന കാര്യം പരിഗണിക്കപ്പെടും. കൊച്ചി ശരിക്കും അങ്കമാലിയിലാണ് തുടങ്ങുന്നത്. അങ്കമാലി വരെ എന്നെങ്കിലും മെട്രോ വരേണ്ടത് ആവശ്യമാണ്.

മെട്രോയുടെ ഭൂമി ഏറ്റെടുക്കല്‍ നിലച്ചിരിക്കുകയാണല്ലോ

ലാന്റ് അക്യുസിഷന്‍ റെഗുലേഷന്‍ ആക്ട് (ലാറ) വന്നതോടെ ഭൂമി ഏറ്റെടുക്കലില്‍ മാന്ദ്യം ഉണ്ടായിട്ടുണ്ട്. ഇന്ത്യയില്‍ ലാറ പ്രകാരം ഭൂമിയെടുക്കുന്ന ആദ്യ സ്ഥാപനം കൊച്ചി മെട്രോയാണ്. മറ്റ് സംസ്ഥാനങ്ങളില്‍ സ്വന്തമായി എല്‍ എ ആക്ട് ഉണ്ട്. ലാറ ആക്ട് പ്രകാരം സ്ഥലം എടുത്താല്‍ കൂടുതല്‍കിട്ടും എന്ന തോന്നല്‍ ഉള്ളതിനാല്‍ ആരും സ്ഥലംവിട്ടുകൊടുക്കുന്നില്ല. അടുത്ത ഡിസംബര്‍ 15നുള്ളില്‍ പേട്ട വരെ സ്ഥലം എടുത്തു തരാമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞിട്ടുണ്ട്.

വളരെ യോഗ്യതയുള്ള ചെറുപ്പക്കാര്‍ കെ എം ആര്‍ എല്ലിലുണ്ട്. കൊച്ചി മെട്രോ കമ്മീഷന്‍ ചെയ്തതോടെ ലോകത്തുള്ള മറ്റ് മെട്രോസ് അവരെ കൊണ്ടു പോകാന്‍ ശ്രമിക്കുന്നുണ്ട്. അത് വലിയ ഭയമാണ്. നല്ല കുട്ടികള്‍ പോകുമോ എന്ന് ആശങ്കയുണ്ട്. നല്ല കരിയര്‍ ഓഫര്‍ ലഭിക്കുന്നവരെ തടഞ്ഞുവെക്കാന്‍ കഴിയില്ല. സിസ്റ്റംസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം പോയി. രണ്ട് ജനറല്‍ മാനേജര്‍മാര്‍ പോകുന്നുണ്ട്.

ഇ ശ്രീധരനുമായുള്ള സഹകരണം

ഇ ശ്രീധരന്‍ കൂടെ ഉള്ളതു കൊണ്ട് ജനത്തിന്റെ വിശ്വാസം നേടിയെടുക്കാന്‍ സാധിച്ചു. കാര്യങ്ങളൊക്കെ പെട്ടെന്ന് നടക്കുമെന്ന വിശ്വാസം ജനങ്ങള്‍ക്കിടയിലുണ്ടായി. ആരുടെയും ഉപദ്രവം അതിനാല്‍ ഉണ്ടായില്ല. കൊച്ചി മെട്രോയുടെ കാക്കനാട് എക്‌സ്റ്റന്‍ഷന് ഡി എം ആര്‍ സി ഇല്ലെങ്കിലും കെ എം ആര്‍ എല്ലിന്റെ അഡൈ്വസറായി അദ്ദേഹത്തോട് വരാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. തീര്‍ച്ചയായും അദ്ദേഹം സമ്മതിക്കുമെന്നാണ് വിശ്വാസം.
ഡി എം ആര്‍ സിയുടെ എഞ്ചിനീയര്‍മാരാണ് മെട്രോ റെയിലിന് വേണ്ടി വെയിലുകൊണ്ട് പ്രവര്‍ത്തിച്ചത്. ഡി എം ആര്‍ സിയും കെ എം ആര്‍ എല്ലുമായി സഹകരിച്ചാണ് പ്രവര്‍ത്തിച്ചത്. തുടക്കത്തിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ പിന്നീട് മാറി ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചു.

യാത്രക്കാര്‍ പ്രതീക്ഷിച്ച പോലെ മെട്രോയെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ടോ

ഇപ്പോള്‍ മെട്രോയില്‍ സ്ഥിരം യാത്രക്കാര്‍ ആയിക്കഴിഞ്ഞു. ടൂറിസ്റ്റ് താല്‍പര്യം തീരുമ്പോള്‍ ആളില്ലാതാകുമോ എന്ന ആശങ്ക തുടക്കത്തില്‍ ഉണ്ടായിരുന്നു. മഹാരാജാസ് വരെ എത്തിയതോടെ അത് മാറി. താമസിയാതെ ഡിസ്‌കൗണ്ട് പാക്കേജ് പ്രഖ്യാപിക്കാന്‍ പോകുകയാണ്. സ്ഥിരം യാത്രക്കാര്‍ക്ക് പാര്‍ക്കിംഗ് ഫീസിലടക്കം ഇളവുകള്‍ കൊടുക്കും. ഒന്നോ രണ്ടോ ആഴ്ചക്കുള്ളില്‍ ഇത് നിലവില്‍ വരും. കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്കാണ് ഇളവ് ലഭിക്കുക.

പാലാരിവട്ടം വരെ പൂര്‍ത്തിയായപ്പോള്‍ റൈഡര്‍ഷിപ്പ് 30,000 ആയിരുന്നു. ഇരട്ടി ദൂരമുള്ള ചെന്നൈ മെട്രോയില്‍ തുടക്കത്തില്‍ 30,000 ആയിരുന്നു റൈഡര്‍ഷിപ്പ്. അതിനെ അപേക്ഷിച്ച് കൊച്ചി മെട്രോയില്‍ യാത്രക്കാര്‍ കൂടുതലുണ്ടെന്ന് പറയാം.

മെട്രോ കൊണ്ടുവന്ന മാറ്റങ്ങള്‍

ഫീഡര്‍ സര്‍വീസുകള്‍ പാലാരിവട്ടത്ത് തുടങ്ങിയപ്പോള്‍ ട്രാഫിക് കുറവായിട്ടുണ്ട്. ബസുകള്‍ റെഡിയാണ്. ഏഴ് കമ്പനികള്‍ ആയിട്ടുണ്ട്. ഉംട ബില്‍ കൂടി വന്നുകഴിഞ്ഞാല്‍ എല്ലാം ശരിയാകും. ബസും ബോട്ടും മെട്രോ റെയിലും ഒരു സിംഗിള്‍ സിസ്റ്റമാക്കി ഒറ്റ ടിക്കറ്റും ഒരേ ടൈംടേബിളുമാക്കിക്കഴിഞ്ഞാല്‍ ഇപ്പോള്‍ കാറുപയോഗിക്കുന്നവര്‍ ഇതിലേക്ക് മൈഗ്രേറ്റ് ചെയ്യും. ലോകത്തിലുള്ള എല്ലാ നഗരങ്ങളും ഇത്തരമൊരു സംവിധാനത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ ഇത് ആദ്യമായി നടപ്പാക്കുന്ന സംസ്ഥാനമായി കൊച്ചി മാറാന്‍ പോകുകയാണ്.

അടുത്തിടെ കൊച്ചയില്‍ വന്ന ഒരു ഗ്ലോബല്‍ മെട്രോ എക്‌സ്പര്‍ട്ട് പറഞ്ഞത് കസ്റ്റമറുടെ കാഴ്ചപ്പാടില്‍ നോക്കിയാല്‍ കൊച്ചി മെട്രോ പോലെ മറ്റൊരു മെട്രോ അദ്ദേഹം കണ്ടിട്ടില്ലെന്നാണ്. അത്രക്ക് സാംസ്‌കാരികവും കലാപരവുമായി കൊച്ചി മെട്രോ സമ്പന്നമാണ്. ഇനിയും കൂടുതല്‍ മെച്ചപ്പെടുത്താന്‍ പോകുകയാണ്. ഇതൊക്കെ പുതിയ എംഡിയുടെ മുന്നിലുള്ള വെല്ലുവിളികളാണ്.

Comments

comments

Categories: FK Special, Slider