കേരം കേരളം കേരഫെഡ്

കേരം കേരളം കേരഫെഡ്

തെങ്ങ് വ്യാപകമായി വെട്ടിമാറ്റി അവിടെ റബ്ബര്‍ വെച്ചു പിടിപ്പിക്കുന്ന കാലം മാറിയിരിക്കുന്നു. നിരവധിയാളുകള്‍ റബ്ബര്‍ മരങ്ങള്‍ വെട്ടിമാറ്റി തെങ്ങുവെക്കാന്‍ തുടങ്ങി. നാളികേരത്തിന്റെയും അതില്‍ നിന്നുള്ള മൂല്യവര്‍ധിത ഉല്‍പന്നങ്ങളുടെയും വിപണി സാധ്യതകള്‍ മുമ്പെന്നത്തേക്കാളും വര്‍ധിച്ചിരിക്കുന്നു. നാളികേര മേഖലയുടെ ഈ പുനരുത്ഥാനത്തിന് ചുക്കാന്‍ പിടിക്കുകയാണ് കേരഫെഡ്

ഈ മലയാളവര്‍ഷം കേരവര്‍ഷമായി ആചരിക്കുകയാണ് കേരള സര്‍ക്കാര്‍. കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന നാളികേരത്തിന്റെ 20 ശതമാനമെങ്കിലും മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങളാക്കി മാറ്റുക, ഉല്‍പ്പാദന ക്ഷമത വര്‍ധിപ്പിക്കുക, കേരഗ്രാമം പദ്ധതി വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുക തുടങ്ങി ബൃഹത്തായ പരിപാടികള്‍ കൃഷി മന്ത്രി വിഎസ് സുനില്‍ കുമാര്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. നാളികേര കര്‍ഷകരെ വളരെയേറെ പിന്തുണയ്ക്കുന്ന കേരഫെഡ് പോലൊരു സ്ഥാപനത്തിന് അതുകൊണ്ടുതന്നെ ഈ വര്‍ഷം ഏറെ നിര്‍ണായകമാണ്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് കോടിക്കണക്കിന് രൂപയുടെ ബാധ്യതാ കണക്കുകള്‍ പറഞ്ഞിരുന്ന കേരഫെഡ് ഇപ്പോള്‍ വിപണിയിലെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ലാഭത്തിലേക്ക് വന്നു കൊണ്ടിരിക്കുകയാണ്. കേരഫെഡിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുമെന്ന് കൃഷിവകുപ്പു മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. സര്‍ക്കാരിന്റെ പിന്തുണയോടെ കേരവര്‍ഷത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജസ്വലമായിത്തന്നെ മുന്നോട്ടുകൊണ്ടുപോകുമെന്ന് കേരഫെഡ് മാനേജിംഗ് ഡയറക്റ്റര്‍ എന്‍ രവികുമാര്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു.

നാളികേരത്തിനായി..നാളികേര കര്‍ഷകര്‍ക്കായി

നാളികേര കര്‍ഷകരെ സഹകരണ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷനമതയും ഉയര്‍ത്തുന്നതിനാവശ്യമായ ഉപാധികളും സേവനങ്ങളും ലഭ്യമാക്കിയും കേരളത്തിലെ നാളികേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കേരഫെഡ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരഫെഡ് സംസ്ഥാത്തൊട്ടാകെ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു. കോഓപ്പറേറ്റീവ് സൊസൈറ്റികളുടെ അപ്പെക്‌സ് ബോഡിയായി 1987ലാണ് കേരഫെഡ് സ്ഥാപിക്കപ്പെടുന്നത്. 900 സൊസൈറ്റികളാണ് നിലവില്‍ കേരഫെഡില്‍ അംഗങ്ങളായിട്ടുള്ളത്. മൂന്ന് സോണുകളായാണ് സ്ഥാപനത്തിന്റെ പ്രവര്‍ത്തനം. നോര്‍ത്ത് സോണില്‍ അഞ്ച്, സെന്‍ട്രലില്‍ അഞ്ച്, സൗത്ത് സോണില്‍ നാല് ജില്ലകള്‍ എന്നിങ്ങനെയാണ് തരം തിരിച്ചിരിക്കുന്നത്. കാസര്‍ഗോഡ്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളാണ് നോര്‍ത്ത് സോണില്‍ വരുന്നത്. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട് എന്നീ ജില്ലകള്‍ സെന്‍ട്രല്‍ സോണിലും തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കൊല്ലം ജില്ലകള്‍ സൗത്ത് സോണിലും വരുന്നു. ഓരോ സോണിലും ഏതാണ്ട് 300ഓളം സൊസൈറ്റികളുണ്ട്. ഓരോ സോണിനും മാനേജര്‍മാരുണ്ട്. വര്‍ഷത്തില്‍ ഒന്നുരണ്ടു തവണയെങ്കിലും എല്ലാ സൊസൈറ്റികളെയും പങ്കെടുപ്പിച്ചുകൊണ്ട് സോണല്‍ മീറ്റിംഗുകള്‍ നടത്താറുണ്ട്. ഓരോ സൊസൈറ്റിയിലും ചുരുങ്ങിയത് 2000 മുതല്‍ 2500 അംഗങ്ങള്‍ വരെയുണ്ടാകും. ഫെഡറേഷന്‍ തുടങ്ങുന്ന സമയത്ത്, അന്ന് നിലവിലുള്ള പ്രൈമറി അഗ്രിക്കള്‍ച്ചര്‍ കോ -ഓപ്പറേറ്റീവ് സൊസൈറ്റികള്‍ക്ക് ഇതില്‍ അംഗത്വം നല്‍കുകയായിരുന്നു. കേവലമൊരു അഡൈ്വസറി റോളല്ല കേരഫെഡിനുള്ളത്. കേരകര്‍ഷകരില്‍ നിന്ന് പച്ചത്തേങ്ങ സംഭരിക്കുന്നതിനും അത് കൊപ്രയാക്കി മാറ്റുന്നതടക്കമുളള പ്രക്രിയകള്‍ക്കും പിന്തുണ നല്‍കുകയും, കൊപ്ര കര്‍ഷകരില്‍ നിന്ന് സംഭരിച്ച് തങ്ങളുടേതായ രീതിയില്‍ സംസ്‌കരിച്ച് അത് വിപണിയിലെത്തിക്കുകയുമാണ് കേരഫെഡ് ചെയ്യുന്നത്.

”ബഹുരാഷ്ട്ര കമ്പനികളുടേതു പോലെയൊരു വളര്‍ച്ചയിലേക്ക് എത്തിച്ചേരാന്‍ എല്ലാ ശേഷിയുമുള്ള സ്ഥാപനമാണ് കേരഫെഡ്. കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ കേര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാണ്. ഒരു ബിസിനസ് സ്ഥാപനമെന്ന നിലയില്‍ നല്ല് ടേണ്‍ഓവര്‍ നേടാന്‍ സാധിക്കുന്നുണ്ട്. സ്ഥാപനത്തെ ആശ്രയിച്ചിരിക്കുന്ന കര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കും പിന്തുണയും നിര്‍ദ്ദേശങ്ങളുമെല്ലാം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്,”

എന്‍ രവികുമാര്‍

മാനേജിംഗ് ഡയറക്റ്റര്‍

കേരഫെഡ്

നമ്പര്‍ വണ്‍ ബ്രാന്‍ഡ് കേര

കേരളീയര്‍ക്ക് അന്നും ഇന്നും പ്രിയപ്പെട്ട വെളിച്ചെണ്ണ ബ്രാന്‍ഡാണ് കേര. കേരഫെഡിന്റെ ഏറ്റവും പ്രസിദ്ധമായതും സ്വീകാര്യതയേറിയതുമായ ഉല്‍പ്പന്നമാണിത്. ”മുന്‍പ് ലൂസ് ഓയില്‍ സെയ്ല്‍സ് ആയിരുന്നു ചെയ്തിരുന്നത്. കൊല്‍ക്കത്തയിലേക്കും ബോംബെ മാര്‍ക്കറ്റിലേക്കും ഒക്കെ വെളിച്ചെണ്ണ ടാങ്കറുകളില്‍ എത്തിക്കുകയായിരുന്നു പതിവ്. മറ്റു കമ്പനികളുടെ ബ്രാന്‍ഡില്‍ ഈ എണ്ണ പിന്നീട് വിപണിയിലേക്കെത്തും. ഇന്ന് സ്വകാര്യമേഖലയില്‍ കേരഫെഡുമായി മല്‍സരിക്കുന്ന പല പ്രധാന ബ്രാന്‍ഡുകളും ഞങ്ങളില്‍ നിന്നും മുന്‍പ് എണ്ണ സ്വീകരിച്ചിട്ടുള്ളവരാണ്. ഇന്ന് അതുപോലെ ലൂസ് ഓയില്‍ സെയ്ല്‍സോ ടാങ്കര്‍ സെയ്ല്‍സോ ഇല്ല. കേര എന്ന ബ്രാന്‍ഡില്‍ തന്നെ വെളിച്ചെണ്ണയാക്കി, പല അളവിലും പാക്കിംഗിലും ഞങ്ങള്‍ കൊടുക്കുന്നു. കൂടാതെ വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി ഡെസിക്കേറ്റഡ് കോക്കനട്ട്, കോക്കനട്ട് ക്രീം, കേരജെന്‍ കേശാമൃത് തുടങ്ങിയ ഉല്‍പ്പന്നങ്ങളും ഞങ്ങള്‍ വിപണിയിലെത്തിക്കുന്നുണ്ട്. എന്നാല്‍ കേരയുടെ വിജയത്തിലേക്ക് ഇതിനൊക്കെ എത്താന്‍ സാധിച്ചിട്ടുണ്ടോ എന്നത് സംശയമാണ്,” രവികുമാര്‍ പറയുന്നു. നിലവില്‍ രണ്ട് ഫാക്റ്ററികളാണ് കേരഫെഡിനുള്ളത്. അതില്‍ ഒന്ന് കരുനാഗപ്പള്ളിയിലാണ്. കേരഫെഡിന്റെ ആദ്യം കമ്മീഷന്‍ ചെയ്ത ഫാക്റ്ററിയാണ് ഇത്. അന്ന് പ്രതിദിനം 200 ടണ്‍ ആയിരുന്നു പ്ലാന്റിന്റെ ശേഷി. ഒരു വര്‍ഷത്തില്‍ 60,000 ടണ്‍ വരെ ഉല്‍പാദന ശേഷി ഉണ്ടായിരുന്നു. ഇന്നിപ്പോള്‍ പ്രതിദിനം 250 ടണ്‍ കപ്പാസിറ്റി പ്ലാന്റിനുണ്ട്. ഇത്തരത്തില്‍ രാജ്യത്തുള്ള ഏറ്റവും വലിയ പ്ലാന്റുകളില്‍ ഒന്നാണിത്. കോഴിക്കോടാണ് അടുത്ത പ്ലാന്റുള്ളത്. രണ്ട് ഫാക്റ്ററികളിലുമായി 400 തൊഴിലാളികള്‍ ജോലി ചെയ്യുന്നു. കേരളത്തില്‍ കേര നമ്പര്‍ വണ്‍ തന്നെയാണന്ന് അദ്ദേഹം വ്യക്തമാക്കുന്നു. ”ബഹുരാഷ്ട്ര കമ്പനികളുടേതു പോലെയൊരു വളര്‍ച്ചയിലേക്ക് എത്തിച്ചേരാന്‍ എല്ലാ ശേഷിയുമുള്ള സ്ഥാപനമാണ് കേരഫെഡ്. കേരള കേരകര്‍ഷക സഹകരണ ഫെഡറേഷന്‍ കേര കര്‍ഷകര്‍ക്ക് വേണ്ടിയുള്ള സ്ഥാപനമാണ്. ഒരു ബിസിനസ് സ്ഥാപനമെന്ന നിലയില്‍ നല്ല ടേണോഓവര്‍ നേടാന്‍ സാധിക്കുന്നുണ്ട്. സ്ഥാപനത്തെ ആശ്രയിച്ചിരിക്കുന്ന കര്‍ഷകര്‍ക്കും സൊസൈറ്റികള്‍ക്കും പിന്തുണയും നിര്‍ദ്ദേശങ്ങളുമെല്ലാം കൊടുക്കാന്‍ സാധിച്ചിട്ടുണ്ട്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവാരം എന്നും പ്രധാനം

ഉന്നത നിലവവാരം തന്നെയാണ് കേര പോലുള്ള തങ്ങളുടെ ഉല്‍പ്പന്നങ്ങളെ ഉപഭോക്താക്കള്‍ നെഞ്ചേറ്റാനുള്ള പ്രധാന കാരണമെന്ന് രവികുമാര്‍ പറയുന്നു. ”ഏതൊരു ഉല്‍പ്പന്നവും ഉപഭോക്താക്കള്‍ സ്വീകരിക്കണം. ഉന്നത നിലവാരത്തിലുള്ളതാണെങ്കില്‍ പരസ്യം കൊടുത്താലും ഇല്ലെങ്കിലും അതിനെ ഉപഭോക്താക്കള്‍ സ്വീകരിക്കും. ഉപഭോക്താക്കള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കാന്‍ തുടക്കത്തില്‍ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. സര്‍ക്കാര്‍ സ്ഥാപനമായതുകൊണ്ടുതന്നെ ഫണ്ടുമായും മറ്റും ബന്ധപ്പെട്ട പരിമിതികള്‍ ഉണ്ടായിരുന്നു. ഉല്‍പ്പന്നത്തിന്റെ നിലവാരം കൊണ്ടുതന്നെയാണ് കേര ഒരു സുപ്രധാന ബ്രാന്‍ഡായി ഇന്നും വിപണിയില്‍ നിലനില്‍ക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി. കേരളത്തിന് പുറത്ത്, നേരത്തെ മധ്യപ്രദേശ്, കര്‍ണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിലും മുംബൈയിലുമൊക്കെ കേരഫെഡ് ഉല്‍പ്പന്നങ്ങള്‍ ലോഞ്ച് ചെയ്തിരുന്നു. ഇന്നിപ്പോള്‍ മറ്റു സംസ്ഥാനങ്ങളില്‍ അത്ര പ്രബലമല്ല. ” മാനേജിംഗ് ഡയറക്റ്റര്‍ എന്ന നിലയില്‍ ഈ വിപണികളിലെ സാന്നിധ്യം സുസ്ഥിരമാക്കാന്‍ സാധിക്കുമെന്ന ആത്മവിശ്വാസം ഇന്നിപ്പോള്‍ എനിക്കുണ്ട്. കാരണം ഇന്ന് ഈ ഉല്‍പ്പന്നത്തിനു കേരളത്തിലായാലും സംസ്ഥാനത്തിന് പുറത്തായാലും നല്ല ഡിമാന്‍ഡ് ഉണ്ട്. അതിനനുസരിച്ചുള്ള മാര്‍ക്കറ്റിംഗ്, അഡ്വര്‍ട്ടൈസിംഗ് സപ്പോര്‍ട്ട്, അവബോധമുണ്ടാക്കല്‍, വിതരണ ശ്രേണി ശക്തമാക്കല്‍ എന്നിവയെല്ലാം മികച്ച രീതിയില്‍ അതിനായി ആവിഷ്‌കരിക്കേണ്ടതുണ്ട്. മലയാളികള്‍ ഉള്ള എല്ലായിടത്തും കേര അംഗീകരിക്കപ്പെടുന്ന ഉല്‍പ്പന്നമാണ്,” രവികുമാര്‍ പറഞ്ഞു.

നാളികേര കര്‍ഷകരെ സഹകരണ അടിസ്ഥാനത്തില്‍ സംഘടിപ്പിച്ചും ഉല്‍പ്പാദനവും ഉല്‍പ്പാദനക്ഷനമതയും ഉയര്‍ത്തുന്നതിനാവശ്യമായ ഉപാധികളും സേവനങ്ങളും ലഭ്യമാക്കിയും കേരളത്തിലെ നാളികേര കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുകയാണ് കേരഫെഡ് എന്ന സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുഖ്യലക്ഷ്യം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കേരഫെഡ് സംസ്ഥാത്തൊട്ടാകെ ഇതുമായി ബന്ധപ്പെട്ട പരിപാടികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നു

മികച്ച പിന്തുണ നല്‍കി സര്‍ക്കാരും

ഒരു പ്രത്യേക ഉദ്ദേശ്യത്തോടുകൂടിയാണ് കേരഫെഡ് പോലൊരു സ്ഥാപനം സര്‍ക്കാര്‍ ആവിഷ്‌കരിച്ചത്. ആ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന ലക്ഷ്യത്തോടുകൂടിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. സര്‍ക്കാരിന്റെ ഭാഗത്തു നിന്നു വളരെ വലിയ പിന്തുണയാണ് ഇപ്പോള്‍ ലഭിക്കുന്നതെന്ന് ഇവര്‍ പറയുന്നു. കൃഷി മന്ത്രി സുനില്‍ കുമാറിന്റെ ഭാഗത്തു നിന്നും വളരെ വലിയ സഹകരണമാണ് ഉണ്ടാകുന്നത്. ”വര്‍ഷം മുഴുവന്‍ തേങ്ങയുടെ വില പിടിച്ചു നിര്‍ത്തുകയും, അതില്‍ നിന്നുള്ള നേട്ടം കര്‍ഷകന് കിട്ടുകയും ചെയ്യണമെന്ന് കരുതിയാണ് അന്നും ഇന്നും എന്നും ഞങ്ങള്‍ 25 രൂപ സപ്പോര്‍ട്ട് പ്രൈസ് തേങ്ങയ്ക്ക് കൊടുത്തിരിക്കുന്നത്. ഇന്ന് തേങ്ങയുടെ വില 50 രൂപയോളമാണ്. പക്ഷേ ആ വില ഇടിഞ്ഞ് 25 രൂപയിലും താഴെ പോവുകയാണെങ്കില്‍ തീര്‍ച്ചയായും കര്‍ഷകരെ പിന്തുണയ്ക്കാന്‍ ഇറങ്ങണം എന്നതു തന്നെയാണ് സര്‍ക്കാരിന്റെ നയം. ഭാവിയില്‍ വില കുറഞ്ഞാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മുന്‍കൂട്ടിക്കണ്ട് അതിനായി ഡിപ്പാര്‍ട്ടുമെന്റുകളെ സജ്ജീകരിക്കാനും കൃഷി മന്ത്രി നേതൃത്വം നല്‍കുന്നു. അടിസ്ഥാനപരമായി കര്‍ഷകര്‍ അഭിമുഖീകരിക്കുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ് എന്നു മനസിലാക്കി, അതുമറികടക്കാന്‍ എന്താണ് വേണ്ടത് എന്നതിനേക്കുറിച്ച് കൃത്യമായി അദ്ദേഹം ചിന്തിക്കുന്നുണ്ട്. കേര ഫെഡില്‍ മാത്രമല്ല, കൃഷി വകുപ്പില്‍ തന്നെ ഈ മാറ്റം കാണാനുണ്ട്. ഒരു പ്രൊഫഷണല്‍ ടച്ച് എല്ലാത്തിലും കാണാന്‍ സാധിക്കുന്നു,” അദ്ദേഹം വ്യക്തമാക്കി.

വളര്‍ച്ചാ ലക്ഷ്യങ്ങള്‍

കേരഫെഡ് ഒരു മാര്‍ക്കറ്റിംഗ് ഓര്‍ഗനൈസേഷനാണ്. വെളിച്ചെണ്ണ മാത്രമല്ല, തേങ്ങയുമായി ബന്ധപ്പെട്ടിട്ടുള്ള 25ഓളം ഉല്‍പ്പന്നങ്ങള്‍ കേരഫെഡിനുണ്ട്. പ്രധാന ഉല്‍പ്പന്നം വെളിച്ചെണ്ണയാണെന്ന് മാത്രം. വെളിച്ചെണ്ണയുടെ വില തേങ്ങയുടെയും കൊപ്രയുടേയുമെല്ലാം വിലയെ സ്വാധീനിക്കും. തെങ്ങുമായി ബന്ധപ്പെട്ട ഓരോ ഉല്‍പ്പന്നത്തിനും അതിന്റേതായ ഡിമാന്‍ഡ് ഉണ്ട്. അതുകൊണ്ടു ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന നിരവധി പേരുണ്ട്. അവര്‍ക്ക് നല്ല വില കിട്ടത്തക്ക രീതിയില്‍ അവര്‍ ഉണ്ടാക്കുന്ന ഉല്‍പ്പന്നങ്ങള്‍ മാര്‍ക്കറ്റില്‍ എത്തിക്കുന്നതിനുള്ള ഒരു പ്ലാറ്റ്‌ഫോം തയാറാക്കണം. ചിരട്ട പോലും ഐസ്‌ക്രീം കപ്പ് എന്ന തരത്തില്‍ വിദേശ രാജ്യങ്ങളേക്ക് കയറ്റിയയ്ക്കുന്നുണ്ട്. നിരവധി അനുബന്ധ ഉല്‍പ്പന്നങ്ങളുള്ള ഒരു മേഖലയാണിത്. കേരഫെഡിന് അതിലേക്കൊക്കെ എത്രകണ്ട് ഇറങ്ങാന്‍ പറ്റുമെന്നത് കണ്ടറിയണം. വളരെ പോസിറ്റീവായി തന്നെ ഈ വഴിക്ക് മുന്നോട്ട് പോകാന്‍ സാധിക്കുമെന്നുള്ള ശുഭാപ്തിവിശ്വാസത്തിലാണ്. വെളിച്ചണ്ണയില്‍ മാത്രം ഒതുങ്ങി നില്‍ക്കാതെ തെങ്ങില്‍ നിന്ന് കിട്ടുന്ന എല്ലാ ഉല്‍പ്പന്നങ്ങള്‍ക്കും വിപണിയും മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിയുമുണ്ടാക്കി, അതിനു പിന്തുണ കൊടുത്ത് മുന്നോട്ട് പോകാനാണ് കേരഫെഡ് ശ്രമിക്കുന്നത്. 200 കോടിക്കടുത്ത് ടേണോവര്‍ നിലവില്‍ സ്ഥാപനത്തിനുണ്ട്. വരും വര്‍ഷങ്ങളില്‍ 20 മുതല്‍ 25 ശതമാനം വളര്‍ച്ചയാണ് സ്ഥാപനം പ്രതീക്ഷിക്കുന്നത്.

Comments

comments