യുഎസും ഇന്ത്യയും ഓസ്‌ട്രേലിയയുമായി തന്ത്രപ്രധാന ചര്‍ച്ചയ്ക്ക് ജപ്പാന്‍

യുഎസും ഇന്ത്യയും ഓസ്‌ട്രേലിയയുമായി തന്ത്രപ്രധാന ചര്‍ച്ചയ്ക്ക് ജപ്പാന്‍

ഇന്ത്യ-യുഎസ്-ജപ്പാന്‍-ഓസ്‌ട്രേലിയ സഖ്യം വികസിപ്പിക്കുമെന്ന് നേരത്തെ യുഎസ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു

ടോക്കിയോ: ചൈനയുടെ അധിനിവേശ പദ്ധതിയായ ബെല്‍റ്റ് റോഡിന്റെ വ്യാപനം തടയാന്‍ ലക്ഷ്യമിട്ട് അമേരിക്ക, ഇന്ത്യ, ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ നേതാക്കളുമായി തന്ത്രപ്രധാന ചര്‍ച്ചയ്ക്ക് ജപ്പാന്റെ ആലോചന.

ബിസിനസ് മാധ്യമമായ നിക്കൈയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജപ്പാന്‍ വിദേശകാര്യ മന്ത്രി താരോ കോനോയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നവംബര്‍ ആറിന് നടക്കുന്ന ഒരു ഉന്നതതല സമ്മേളനത്തില്‍ വെച്ച് ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സൊ അബെ ഈ ആശയം യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി പങ്കിടുമെന്നാണ് സൂചന. കര, കടല്‍ മാര്‍ഗ്ഗങ്ങള്‍ വഴിയുള്ള സ്വതന്ത്ര വ്യാപാര, പ്രതിരോധ സഹകരണം തെക്കുകിഴക്ക്, തെക്ക്, മധ്യേഷ്യകളിലേക്കും അതിനുമപ്പുറം പശ്ചിമേഷ്യയിലേക്കും ആഫ്രിക്കയിലേക്കും കൂടി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങളാണ് ചര്‍ച്ചയില്‍ പ്രധാനമായി നിര്‍ദേശിക്കുകയെന്നും കോനോ അഭിമുഖത്തില്‍ പറഞ്ഞു.

തന്ത്രപരമായ ഒരു വലിയ ചിത്രം വരച്ചുകൊണ്ട് നയതന്ത്രപരമായി ജപ്പാന്‍ സ്വയം മുന്നിട്ടിറങ്ങുന്ന കാലഘട്ടത്തിലാണ് നാമുള്ളതെന്നും സാമ്പത്തിക, സുരക്ഷിതത്വ മേഖലകളുടെ പരിപാലനത്തിനാണ് ചര്‍ച്ചയില്‍ ഊന്നല്‍ നല്‍കുകയെന്നും കാനോ പറഞ്ഞു. എഷ്യയിലും ആഫ്രിക്കയിലുമുടനീളം ഉയര്‍ന്ന നിലവാരമുള്ള ഇന്‍ഫ്രാസ്ട്രക്ചര്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്.

ബെല്‍റ്റ് റോഡ് പദ്ധതിയുടെ കാതലായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴ് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ് കടന്നുപോകുന്നത്‌

ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ബെല്‍റ്റ് റോഡ് അടിസ്ഥാനസൗകര്യ പദ്ധതി കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭരണഘടനയില്‍ ചൊവ്വാഴ്ച ഉള്‍പ്പെടുത്തിയിരുന്നു. ഇത് പദ്ധതി അത് വിധേനെയും നടപ്പിലാക്കുമെന്നുള്ള ധാര്‍ഷ്ട്യത്തിന്റെ സൂചന ആയാണ് ജപ്പാനും ഇന്ത്യയും കാണുന്നത്.

ബെല്‍റ്റ് റോഡ് സംരംഭത്തിലൂടെ അറുപതിലധികം രാജ്യങ്ങള്‍ക്കിടയില്‍ ആഗോള ഗതാഗതവും വ്യാപാരവും കെട്ടിപ്പടുക്കാനും ധനസഹായമൊരുക്കാനുമാണ് ചൈനയുടെ ലക്ഷ്യം. അന്താരാഷ്ട്ര രംഗത്ത് ഈ നീക്കത്തിലൂടെ കൂടുതല്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് ചൈന കണക്കാക്കുന്നത്. അതേസമയം പദ്ധതിയുടെ കാതലായ ചൈന-പാക്കിസ്ഥാന്‍ സാമ്പത്തിക ഇടനാഴ് ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിച്ചുകൊണ്ട് പാക്കിസ്ഥാന്‍ അധീന കശ്മീരിലൂടെയാണ് കടന്നുപോകുന്നത്.

പദ്ധതിയെ ഇന്ത്യ അംഗീകരിച്ചാല്‍ പാക്കിസ്ഥാന്‍ അധീന മേഖല ഇന്ത്യക്ക് എന്നെന്നേക്കുമായി നഷ്ടമാകും. ഇത്തരത്തിലുള്ള ഗൂഢനീക്കവും ചൈനയും പാക്കിസ്ഥാനും ചേര്‍ന്ന് ബെല്‍റ്റ് റോഡിന്റെ മറവില്‍ നടത്തുന്നുണ്ട്. മാത്രമല്ല, താങ്ങാവുന്നതിലും അധികം നിക്ഷേപം നല്‍കി വികസ്വര രാജ്യങ്ങളെ കടക്കെണിയിലേക്ക് തള്ളിയിടാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ബെല്‍റ്റ് റോഡ് പദ്ധതിയെന്ന വിമര്‍ശനങ്ങള്‍ ശക്തമായി വരികയാണ്.

Comments

comments

Categories: Slider, Top Stories