‘ഭക്ഷ്യ സംസ്‌കരണ, റീട്ടെയ്ല്‍ രംഗം പദ്ധതിയിടുന്നത് 10 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ’

‘ഭക്ഷ്യ സംസ്‌കരണ, റീട്ടെയ്ല്‍ രംഗം പദ്ധതിയിടുന്നത് 10 ബില്യണ്‍ ഡോളര്‍ എഫ്ഡിഐ’

കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദലാണ് ഈ പ്രതീക്ഷ പങ്കുവെച്ചത്

ന്യൂഡെല്‍ഹി: വിദേശ കമ്പനികളുടെ ഉടമസ്ഥതയിലുള്ള മള്‍ട്ടി ബ്രാന്‍ഡ് ഫുഡ് റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ 25 ശതമാനം ഹോം കെയര്‍, പേഴ്‌സണല്‍ കെയര്‍ ഉല്‍പന്നങ്ങള്‍ ഉള്‍പ്പെടുത്തുന്നത് സര്‍ക്കാര്‍ പരിഗണിച്ച് വരികയാണെന്ന് കേന്ദ്ര ഭക്ഷ്യ സംസ്‌കരണ വ്യവസായ വകുപ്പ് മന്ത്രി ഹര്‍സിമ്രത് കൗര്‍ ബാദല്‍.

ഭക്ഷ്യ സംസ്‌കരണ മേഖലയിലേക്ക് വിദേശ നിക്ഷേപകരെ ആകര്‍ഷിക്കുന്നതിനും 1 മില്യണ്‍ തൊഴിലുകള്‍ സൃഷ്ടിക്കുന്നതിനും ലക്ഷ്യമിട്ട് നവംബര്‍ 3-5 വരെ വേള്‍ഡ് ഫുഡ് ഇന്ത്യ പരിപാടി സര്‍ക്കാര്‍ നടത്തും. പരിപാടിയുടെ ഭാഗമായി ആഗോള കമ്പനികള്‍ ഭക്ഷ്യ സംസ്‌കരണം, സാങ്കേതികവിദ്യ, കോള്‍ഡ് ചെയ്ന്‍, റീട്ടെയ്ല്‍ മേഖലകളിലായി അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപം നടത്തും.

മെട്രോ, മൗണ്ടയ്ന്‍ ട്രെയ്ല്‍, ആമസോണ്‍ തുടങ്ങിയവയടക്കമുള്ള വിദേശ കമ്പനികള്‍ ഭക്ഷ്യ റീട്ടെയ്‌ലില്‍ നിക്ഷേപം നടത്തും. എന്നാല്‍ ഭക്ഷ്യേതര ഇനങ്ങളുടെ മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്‌ലില്‍ 100 ശതമാനം നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) പരിഗണനയിലില്ലെന്നും ബാദല്‍ പറഞ്ഞു.

ഒരു നയമെന്ന നിലയില്‍ ബിജെപി മള്‍ട്ടി ബ്രാന്‍ഡ് റീട്ടെയ്‌ലിന് എതിരാണ്. എന്നാല്‍ ഭക്ഷണ റീട്ടെയ്‌ലില്‍ എഫ്ഡിഐ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ അവരത് സമ്മതിച്ചു. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഈ വര്‍ഷം 40 ശതമാനം വര്‍ധനവാണ് എഫ്ഡിഐയില്‍ ഉണ്ടായത്. ഈ വര്‍ഷം 200 മില്യണ്‍ ഡോളര്‍ ഇതിനകം തന്നെ ലഭിച്ചു കഴിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

മറ്റ് ലക്ഷ്യങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന കാര്യത്തിനും വേള്‍ഡ് ഫുഡ് ഇന്ത്യ മെഗാ ഷോ പ്രാധാന്യം നല്‍കുന്നുണ്ട്

കാര്‍ഷിക-സംസ്‌കരണ വ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് വിദേശ കമ്പനികള്‍ക്ക് മെയ്ഡ്-ഇന്‍-ഇന്ത്യ ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് ഭക്ഷണ സ്റ്റോറുകള്‍ രാജ്യത്ത് സ്ഥാപിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയത്. എന്നാല്‍ തങ്ങളുടെ ബിസിനസ് കൂടുതല്‍ പ്രവര്‍ത്തനക്ഷമതയുള്ളതാക്കാന്‍ ഭക്ഷ്യേതര വസ്തുക്കളും വില്‍ക്കണമെന്ന ആവശ്യം ഭൂരിഭാഗം ആഗോള കമ്പനികളും ഉന്നയിച്ചു. മറ്റ് മേഖലകളെ അപേക്ഷിച്ച് കൂടുതല്‍ മൂലധന തീവ്രതയുള്ളതാണെന്നതാണ് ഭക്ഷ്യ വ്യവസായത്തിന്റെ മന്ദ പുരോഗതിയുടെ പ്രധാന കാരണങ്ങളിലൊന്ന്. കര്‍ഷകര്‍ക്ക് സംഭരണ സൗകര്യങ്ങളില്ലെന്നതും ഈ വ്യവസായം സീസണല്‍ ആണെന്നതും ഉള്‍പ്പടെയുള്ള കാര്യങ്ങളും മന്ത്രി ചൂണ്ടിക്കാട്ടി.

മറ്റ് ലക്ഷ്യങ്ങള്‍ക്കൊപ്പം കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന കാര്യത്തിനും വേള്‍ഡ് ഫുഡ് ഇന്ത്യ മെഗാ ഷോ പ്രാധാന്യം നല്‍കുന്നുണ്ട്. വെറും കൃഷിയില്‍ നിന്നും കാര്‍ഷിക സംസ്‌കരണത്തിലേക്ക് കര്‍ഷകര്‍ നീങ്ങണം. അവിടെയാണ് യഥാര്‍ത്ഥ ഭാവിയുള്ളത്. ഏറ്റവും വലിയ തൊഴില്‍ദാതാവായി ഈ മേഖല ഉയരും. 600 ബില്യണ്‍ ഡോളര്‍ റീട്ടെയ്ല്‍ മേഖലയുടെ 70 ശതമാവും ഭക്ഷ്യ റീട്ടെയ്‌ലാണ്. 2020 ആകുമ്പോഴേക്കും മൂന്നിരട്ടി വര്‍ധനവ് ഈ മേഖലയിലുണ്ടാലും. നമ്മള്‍ വാഗ്ദാനം ചെയ്യുന്ന വിപണി ലോകത്തില്‍ മറ്റെവിടെയുമുണ്ടാകില്ലെന്നും ബാദല്‍ പറഞ്ഞു.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഭക്ഷ്യ മേഖലയ്ക്ക് വളരാനുള്ള സാധ്യതയും പശ്ചാത്തല സൗകര്യവും സൃഷ്ടിക്കുന്നതിന് സര്‍ക്കാര്‍ നിരവധി നയ തീരുമാനങ്ങള്‍ കൈക്കൊണ്ടിട്ടുണ്ട്. ആഗോളതലത്തില്‍ മികച്ച കമ്പനികളുമായുള്ള പങ്കാളിത്തമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ വിപണിയെ അവഗണിക്കാന്‍ ആര്‍ക്കും സാധിക്കില്ല. ആമസോണ്‍ വിപണി നേതൃത്വത്തിലേക്കെതിയ ശേഷം വളരെയധികം കമ്പോള സാധ്യതകള്‍ ഇന്ത്യ നേടിയെന്നും അവര്‍ വ്യക്തമാക്കി.

ആഗോളമായി, ആരോഗ്യത്തിലേക്ക് നീങ്ങാന്‍ കമ്പനികള്‍ സമ്മര്‍ദ്ദപ്പെട്ടുവരികയാണ്. വിപണി പ്രവണതകളും ആ വഴിയില്‍ തന്നെയാണ്. മാത്രമല്ല എല്ലാ സ്ഥാപനങ്ങളും ആ ദിശയിലേക്കാണം സഞ്ചരിക്കേണ്ടത്. ആരോഗ്യ മന്ത്രാലയവും ഭക്ഷ്യ സംസ്‌കരണ മന്ത്രാലയവും ഒന്നിച്ച് പ്രവര്‍ത്തിച്ച് നിരവധി മാറ്റങ്ങള്‍ മേഖലയില്‍ വരുത്തിയിട്ടുണ്ടെന്നും ബാദല്‍ പറഞ്ഞു.

Comments

comments

Categories: Business & Economy