ഏഴ് പതിറ്റാണ്ട് പിന്നിട്ട വൈദ്യരത്‌ന പാരമ്പര്യം

ഏഴ് പതിറ്റാണ്ട് പിന്നിട്ട വൈദ്യരത്‌ന പാരമ്പര്യം

അഷ്ടവൈദ്യപരമ്പരയിലെ അമൂല്യരത്‌നമാണ് മലയാളി ഹൃദയത്തോട് ചേര്‍ത്തു പിടിക്കുന്ന വൈദ്യരത്‌നം. ആയുര്‍വേദത്തിന്റെ അഷ്ടവൈദ്യ പാരമ്പര്യങ്ങള്‍കൊണ്ട് നൂറ്റാണ്ടുകളായി മലയാളിക്ക് ആയുരാരോഗ്യ സൗഖ്യം ചൊരിഞ്ഞവരാണ് കാലാകാലങ്ങളില്‍ വൈദ്യരത്‌നത്തെ നയിച്ചവരെല്ലാം. വൈദ്യരത്‌ന പരമ്പരയിലെ എളയടത്ത് തൈക്കാട്ട് നാരായണന്‍ മൂസ്സ് എന്ന പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ്സാണ് വൈദ്യരത്‌നത്തെ കേരളത്തിന്റെ ജനകീയ ബ്രാന്‍ഡായി പരിവര്‍ത്തനം ചെയ്യിച്ചത്. പത്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസിന്റെ പിതാമഹനായ ഇ ടി നാരായണന്‍ മൂസിന് 1924-ല്‍ ബ്രിട്ടീഷ് സര്‍ക്കാരിന്റെ കാലത്ത് ലഭിച്ച വൈദ്യരത്‌നം ബഹുമതിയാണ് തൈക്കാട് കുടുംബത്തിന്റെ കീര്‍ത്തി മുദ്രയായി മാറിയത്. ബ്രിട്ടീഷ് വൈസ്‌റോയിയില്‍ നിന്ന് ലഭിച്ച ‘വൈദ്യരത്നം’ ബഹുമതി പിന്നീട് എളേടത്ത് തൈക്കാടിന്റെ ബ്രാന്‍ഡ് നാമധേയമായി മാറി.

പരശുരാമന്‍ കേരളം സൃഷ്ടിച്ചപ്പോള്‍ അതിനെ പതിനെട്ടു തളികളായി തിരിച്ചുവെന്നും ഓരോ തളിക്കും ഓരോ വൈദ്യകുടുംബത്തെയും നിശ്ചയിച്ചെന്നും അതില്‍ പെരുവനം ഗ്രാമത്തിന്റെ വൈദ്യകുടുംബമാണ് തൃശ്ശൂര്‍ ജില്ലയില്‍ ഒല്ലൂരിനടുത്ത് തൈക്കാട്ടുശ്ശേരിയിലെ എളയടത്ത് തൈക്കാട്ട് മൂസ്സിന്റെ കുടുംബമെന്നുമാണ് ഐതിഹ്യം. കായ, ബാല, ഗ്രഹ, ഊര്‍ദ്ധ്വാഗ, ശല്യ, ദ്രംഷ്ട, ജര, വൃഷ ചികില്‍സകള്‍ ചേര്‍ന്ന അഷ്ടാംഗഹൃദയം മുഖ്യഗ്രന്ഥമായി പഠിച്ചും പഠിപ്പിച്ചും വന്നവരാണ് അഷ്ടവൈദ്യന്മാര്‍. അഷ്ടവൈദ്യപരമ്പരയില്‍ പാണ്ഡിത്യവും കൈപ്പുണ്യവും കര്‍മഗുണവും ജീവിതവിശുദ്ധിയും ഒരാളില്‍ സംഗമിച്ചതിന്റെ പേരാണ് പത്മഭൂഷണ്‍ എളയടത്ത് തൈക്കാട്ട് ഇ ടി നാരായണന്‍ മൂസ്സ്. ഈ വൈദ്യകുലപതിക്ക് 2017 സെപ്തംബര്‍ 16ന് 84 വയസ് തികയുന്ന വേളയില്‍ വൈദ്യരത്‌നത്തെ പുതിയ ഉയരങ്ങളിലേക്ക് കൈപിടിച്ച് നടത്തുന്ന അദ്ദേഹത്തിന്റെ പുത്രനും വൈദ്യരത്‌നം ഗ്രൂപ്പ് ഡയറക്റ്ററുമായ ഡോ ഇ ടി നീലകണ്ഠന്‍ മൂസ് ഫ്യൂച്ചര്‍ കേരളയോട് മനസ് തുറക്കുന്നു.

പണ്ടുകാലങ്ങളില്‍ രോഗികള്‍ വൈദ്യന്‍മാരെ കാണാന്‍ വരുമ്പോള്‍ അവര്‍ക്ക് ആവശ്യമായ മരുന്നുകള്‍ വൈദ്യന്‍ കുറുപ്പടിയില്‍ എഴുതി നല്‍കാറായിരുന്നു പതിവ്. പച്ചമരുന്നുകളും മറ്റും കണ്ടെത്തി മരുന്നു നിര്‍മിച്ചു കഴിക്കേണ്ടത് അന്ന് രോഗികളുടെ ചുമതലയായിരുന്നു. എന്നാല്‍ ഇത് രോഗികള്‍ക്ക് പല പ്രായോഗിക ബുദ്ധിമുട്ടുകളും ഉണ്ടാക്കിയിരുന്നു. തങ്ങളുടെ ഈ ബുദ്ധിമുട്ട് രോഗികള്‍ അറിയിച്ചതിനെ തുടര്‍ന്നാണു വൈദ്യരത്‌നം ഔഷധശാല സ്ഥാപിക്കപ്പെടുന്നത്. 1966ഓടെ ഔഷധ നിര്‍മാണ യന്ത്രവത്കൃത യൂണിറ്റിനു തുടക്കം കുറിച്ചു. ആവശ്യക്കാര്‍ ധാരാളവും മരുന്നിന്റെ ലഭ്യതക്കുറവും കൊണ്ടാണ് എളുപ്പത്തില്‍ മരുന്നു നിര്‍മിച്ചെടുക്കുന്നതിന് യന്ത്രവത്കരണം നടപ്പാക്കിയത്. 1976ല്‍ കാലിക്കറ്റ് സര്‍വകലാശാലയുടെ അംഗീകാരത്തോടെ തൈക്കാട്ടുശേരിയില്‍ തന്നെ വൈദ്യരത്‌നം കോളെജിനു തുടക്കം കുറിച്ചു. ഇന്ത്യയിലെങ്ങും വിദഗ്ധ ചികില്‍സയില്ലാതിരുന്ന അഞ്ച് തരം വാതരോഗങ്ങള്‍ ചികില്‍സിച്ചു ഭേദമാക്കിയിരുന്ന തൈക്കാട് മൂസമാരുടെ പ്രാഗത്ഭ്യമറിഞ്ഞ് കേന്ദ്രസര്‍ക്കാര്‍ 2013ല്‍ ഒരു പ്രത്യേക ആശുപത്രി അനുവദിച്ചു. ഇതിനുപുറമേ തൈക്കാട്ട് മൂസ്സുമാരുടെ പാരമ്പര്യമായിട്ടുള്ള ചികില്‍സകള്‍ക്കായി മറ്റൊരു നേഴ്‌സിംഗ് ഹോമും പ്രവര്‍ത്തിക്കുന്നുണ്ട്. തുടക്കകാലത്ത് നാരായണന്‍ മൂസിനെയും അച്ഛന്‍ നീലകണ്ഠന്‍ മൂസിനെയും കാണാന്‍ വന്നിരുന്ന രോഗികള്‍ക്കാവശ്യമായ മരുന്നുകള്‍ മാത്രം നിര്‍മിച്ചിരുന്ന ഔഷധശാല ഇന്ന് ആശുപത്രി, ഗവേഷണശാല, ആയുര്‍വേദ കോളേജ്, ആയുര്‍വേദ മ്യൂസിയം തുടങ്ങിയ സൗകര്യങ്ങളുള്ള ഒരു വൈദ്യകലാശാലയാണ്.

കേന്ദ്രസര്‍ക്കാറിന് ആയുര്‍വേദ മേഖലയെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ശുഭ സൂചനയാണു നല്‍കുന്നത്. ഇന്റഗ്രേറ്റഡ് മെഡിസിന്‍, അതായത് ഏത് വൈദ്യവിഭാഗത്തെകുറിച്ചു പഠിക്കുന്നവരും ആയുര്‍വേദത്തെ കുറിച്ചു പഠിക്കണം എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്

അഷ്ടവൈദ്യന്‍ ഇ ടി നീലകണ്ഠന്‍ മൂസ്

ഡയറക്റ്റര്‍ വൈദ്യരത്‌നം ഗ്രൂപ്പ്

കാലം കഴിയുന്തോറും ആയുര്‍വേദത്തിന് സ്വീകാര്യതയേറി വരികയാണല്ലോ?

ആയുര്‍വേദത്തിന്റെ പ്രത്യേകതകള്‍ ലോകാരോഗ്യ സംഘടന പോലും അംഗീകരിച്ചിട്ടുള്ളതാണ്. ലോകത്തിലെ ആദ്യത്തെ അറിയപ്പെടുന്ന ചികില്‍സാ സമ്പ്രദായമാണിത്. ആധുനിക വൈദ്യശാസ്ത്രം അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് പറഞ്ഞ പല സിദ്ധാന്തങ്ങളും ഇപ്പോള്‍ തെറ്റാണെന്നാണ് അവര്‍ തന്നെ അഭിപ്രായപ്പെടുന്നു. അന്ന് ഉപയോഗിച്ച മരുന്നുകള്‍ ഉപയോഗിക്കരുതെന്നും പകരം പുതിയവ നിര്‍മിച്ചിട്ടുണ്ടെന്നു പറയുമ്പോള്‍ ഇന്നു മനുഷ്യര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുന്ന പല അലോപതി മരുന്നുകളും അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം അപകടകരമാണെന്ന് പറയുന്ന സ്ഥിതിയാണുള്ളത്. എന്നാല്‍ 7000ത്തോളം കൊല്ലങ്ങളായി മാറ്റമില്ലാതെ നിലനില്‍ക്കുന്നതാണ് ആയുര്‍വേദം.

 

ആയുര്‍വേദത്തിന്റെയും അലോപതിയുടെയും ചികില്‍സാ രീതികള്‍ക്കു തന്നെ വലിയ വ്യത്യാസമുണ്ട്. ആധുനികവൈദ്യം രോഗ ലക്ഷണങ്ങളെയാണു ചികില്‍സിക്കുന്നത് ആയുര്‍വേദമാകട്ടെ രോഗിയെയും. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി നല്ലതാണെങ്കില്‍ ഒരു രോഗവും കീഴ്‌പ്പെടുത്തില്ല. ശരീരത്തിന്റെ രോഗപ്രതിരോധശേഷി നശിക്കുന്നിടത്താണ് രോഗങ്ങളുടെ ഉത്ഭവം. 1000 കോടി മനുഷ്യര്‍ ലോകത്തുണ്ടെങ്കില്‍ അത്രതന്നെ ശരീരഘടനയുമുണ്ടെന്നാണ് ആയുര്‍വേദം അനുശാസിക്കുന്നത്. അതുകൊണ്ടുതന്നെ ഓരോ വ്യക്തിക്കും നല്‍കുന്ന ചികില്‍സകള്‍ക്ക് വ്യത്യാസമുണ്ട്.

അഷ്ടവൈദ്യന്‍ ഇ ടി പരമേശ്വരന്‍ മൂസ് ഡയറക്റ്റര്‍

സാധാരണക്കാര്‍ക്കു താങ്ങാവുന്നതിലും അപ്പുറമാണ് ആയുര്‍വേദ ചികില്‍സയെന്ന ആക്ഷേപത്തെ കുറിച്ച് ?

ആയുര്‍വേദ ചികില്‍സ ജനങ്ങള്‍ക്കു ചെലവേറിയതായതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ആയുര്‍വേദ ചികില്‍സയ്ക്ക് അത്യന്താപേക്ഷിതമായ മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള നെയ്യ്, വെളിച്ചെണ്ണ, എള്ളെണ്ണ, ശര്‍ക്കര, തേന്‍, പാല്‍, പഞ്ചസാര മുതലായവ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുകയാണെങ്കില്‍ ആ വില കുറവ് മരുന്നിന്റെ മൊത്ത വിലയിലും നല്‍കാന്‍ കഴിയും. അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയില്‍ സാധാരണഗതിയില്‍ പ്രശ്‌നമുണ്ടാകാറില്ലെങ്കിലും ചില സമയങ്ങളില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകാറുണ്ട്. പല ആയുര്‍വേദ സസ്യങ്ങളും ബഹുരാഷ്ട്ര കമ്പനികള്‍ അലോപതി മരുന്നുകള്‍ നിര്‍മിക്കുന്നതിനായി വിദേശത്തേക്കു കൊണ്ടു പോകുന്നതാണ് ഇതിന്റെ കാരണം. അവര്‍ വിപണിയില്‍ ഇടപെടുമ്പോള്‍ അസംസ്‌കൃതവസ്തുക്കള്‍ക്കു ഭീമമായ വിലക്കയറ്റമുണ്ടാകും. ഉദാഹരണത്തിന് 500 രൂപയുടെ അസംസ്‌കൃത വസ്തുവിന് ഒറ്റയടിക്ക് 6000-7000വരെ അവര്‍ വിലയിടും. ഈ അസംസ്‌കൃതവസ്തുക്കള്‍ വ്യാപകമായി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കുന്നുണ്ട്. അസംസ്‌കൃതവസ്തുക്കള്‍ അല്ലെങ്കില്‍ അവയുടെ എക്‌സ്ട്രാക്ടുകള്‍ അലോപതി മരുന്നുകള്‍ നിര്‍മിക്കാനായി ബഹുരാഷ്ട്ര കമ്പനികള്‍ ഉപയോഗിച്ചുവരുന്നു. മുംബൈയിലുള്ള എജന്റുമാര്‍ മുഖേന ഇവര്‍ ഇതിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ ശേഖരിക്കും. പണം എത്ര വേണമെങ്കിലും കൊടുക്കാന്‍ ഇത്തരം കമ്പനികള്‍ തയാറാണെന്നതു കൊണ്ടുതന്നെ ഇവയുടെ വിലയില്‍ വലിയ വ്യത്യാസം ഉണ്ടാകുന്നു.

അഷ്ടവൈദ്യന്‍ പദ്മഭൂഷണ്‍ ഇ ടി നാരായണന്‍ മൂസ് ചെയര്‍മാര്‍ ആന്‍ഡ് മാനേജിംഗ് ഡയറക്റ്റര്‍

കാടുകള്‍ മുഴുവന്‍ വെട്ടിത്തെളിച്ചതും അതു കാലാവസ്ഥയില്‍ ഉണ്ടാക്കിയ വ്യതിയാനവും കേരളത്തില്‍ സുലഭമായി ലഭിച്ചിരുന്ന കുറുന്തോട്ടി പോലുള്ള ഔഷധങ്ങളെ പോലും ക്രമേണ ഇല്ലാതാക്കുകയാണ്. ഇതു മരുന്നിനു വേണ്ട കൂട്ടുകള്‍ ലഭ്യമാകാതിരിക്കുന്നതിലേക്കു നയിക്കുന്ന മറ്റൊരു കാരണമാണ്. തണ്ണീര്‍ തടങ്ങളും നീര്‍ തടങ്ങളും നികത്തുന്നതും ഔഷധ സസ്യങ്ങളുടെ ലഭ്യതയെ കാര്യമായി ബാധിക്കുന്നുണ്ട്. സര്‍ക്കാര്‍ ചില പ്രവര്‍ത്തനങ്ങള്‍ക്കു മുന്‍കൈയെടുത്തിട്ടുണ്ട്. കെയര്‍ കേരളം പോലുള്ളവ ഇതിന്റെ ഉദാഹരണമാണ്. പക്ഷേ കെടുകാര്യസ്ഥത ഇത്തരം ആശയങ്ങളെ വേണ്ടരീതിയില്‍ പ്രയോജനം ലഭിക്കുന്ന തലത്തിലേക്ക് എത്തിക്കുന്നില്ല. ശേഖരിച്ചിട്ടുള്ള അസംസ്‌കൃത വസ്തുക്കള്‍ പോലും കൃത്യമായി വിതരണം ചെയ്യാനോ നിര്‍മാതാക്കളുടെ പക്കലേക്കെത്തിക്കാനോ ഇവര്‍ക്കു സാധിക്കുന്നില്ല. സര്‍ക്കാരിന്റെ ആശയങ്ങളെ കുറ്റപ്പെടുത്തുന്നില്ല. പക്ഷെ അതിന്റെ ഗുണം വേണ്ട രീതിയില്‍ നിര്‍മാതാക്കള്‍ക്ക് ലഭിക്കുന്നില്ല എന്നതാണു വാസ്തവം.

ആയുര്‍വേദ ചികില്‍സ ജനങ്ങള്‍ക്കു ചെലവേറിയതായതിന്റെ ഉത്തരവാദിത്വം സര്‍ക്കാരിനാണ്. ആയുര്‍വേദ ചികില്‍സയ്ക്ക് അത്യന്താപേക്ഷിതമായ മരുന്നുകള്‍ നിര്‍മിക്കുന്നതിനുള്ള നെയ്യ്, വെളിച്ചെണ്ണ, എള്ളെണ്ണ, ശര്‍ക്കര, തേന്‍, പാല്‍, പഞ്ചസാര മുതലായവ സര്‍ക്കാര്‍ സബ്‌സിഡി നിരക്കില്‍ നല്‍കുകയാണെങ്കില്‍ ആ വില കുറവ് മരുന്നിന്റെ മൊത്ത വിലയിലും നല്‍കാന്‍ കഴിയും. അസംസ്‌കൃതവസ്തുക്കളുടെ ലഭ്യതയില്‍ സാധാരണഗതിയില്‍ പ്രശ്‌നമുണ്ടാകാറില്ലെങ്കിലും ചില സമയങ്ങളില്‍ രൂക്ഷമായ പ്രതിസന്ധി ഉണ്ടാകാറുണ്ട്. പല ആയുര്‍വേദ സസ്യങ്ങളും ബഹുരാഷ്ട്ര കമ്പനികള്‍ അലോപതി മരുന്നുകള്‍ നിര്‍മിക്കുന്നതിനായി വിദേശത്തേക്കു കൊണ്ടു പോകുന്നതാണ് ഇതിന്റെ കാരണം

ആയുര്‍വേദരംഗത്ത് രാജ്യം എന്തു മാറ്റമാണ് കൈവരിക്കേണ്ടത്?

ചൈനയുടെ മൊത്തം കയറ്റുമതിയുടെ 26 ശതമാനം ചൈനീസ് മരുന്നുകളാണ്. ആയുര്‍വേദവുമായി വളരെ സമാനതകളുള്ള ടിബറ്റന്‍ ഔഷധങ്ങളാണിവ. ഇത് ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും കയറ്റി അയക്കുന്നു. ചികില്‍സാ സമ്പ്രദായത്തില്‍ അലോപതിക്കു നല്‍കുന്ന അതേ പ്രാധാന്യം തന്നെ സസ്യ സംബന്ധിയായ ഔഷധങ്ങള്‍ക്കും അവര്‍ നല്‍കുന്നു. ചൈനയില്‍ എംബിബിഎസ് പഠിക്കുന്ന ഒരാള്‍ ചൈനീസ് മെഡിസിനെ കുറിച്ച് നിര്‍ബന്ധമായും പഠിച്ചിരിക്കണം. അതുകൊണ്ടുതന്നെ രോഗികള്‍ക്ക് ഏതു മരുന്ന് വേണമെന്നുള്ളതു ഡോക്റ്റര്‍മാര്‍ക്കു തീരുമാനിക്കാം. അത്തരത്തില്‍ ഒരു സംവിധാനം ഇന്ത്യയില്‍ വരണം. ആദ്യകാലങ്ങളില്‍ ഇത്തരത്തിലൊരു സംവിധാനം ഇവിടുണ്ടായിരുന്നു എന്നാല്‍ ബ്രിട്ടീഷ് ഭരണകാലത്ത് ആയുര്‍വേദത്തെ തളര്‍ത്താന്‍ ലക്ഷ്യമിട്ട് ഇത് നിര്‍ത്തലാക്കുകയായിരുന്നു. ഇപ്പോഴത്തെ കേന്ദ്രസര്‍ക്കാറിന് ഈ മേഖലയെ കുറിച്ചുള്ള വ്യത്യസ്ത കാഴ്ചപ്പാടുകള്‍ ശുഭ സൂചനയാണു നല്‍കുന്നത്. ഇന്റഗ്രേറ്റഡ് മെഡിസിന്‍, അതായത് ഏത് വൈദ്യവിഭാഗത്തെകുറിച്ചു പഠിക്കുന്നവരും ആയുര്‍വേദത്തെ കുറിച്ചു പഠിക്കണം എന്ന ആശയം പ്രാവര്‍ത്തികമാക്കാനുള്ള പ്രാരംഭ നടപടികള്‍ നടന്നു കൊണ്ടിരിക്കുകയാണ്.

ആയുര്‍വേദത്തോട് വിദേശീയര്‍ക്കുള്ള താല്‍പര്യം വര്‍ധിച്ചിട്ടുണ്ടോ?

ഇന്ന് ഇന്ത്യയെക്കാള്‍ കൂടുതല്‍ ആയുര്‍വേദത്തെ കുറിച്ചു പഠന-ഗവേഷണങ്ങള്‍ നടത്തുന്നത് വിദേശത്തുള്ളവരാണ്. പ്രത്യേകിച്ച് ജര്‍മനി, ഹോളണ്ട്, ഇറ്റലി, സ്വിറ്റ്‌സര്‍ലാന്‍ഡ്, ചെക്കോസ്ലോവാക്കിയ തുടങ്ങിയ രാജ്യങ്ങളില്‍. അവിടെനിന്ന് കേരളത്തിലെത്തി ആയുര്‍വേദത്തെകുറിച്ച് പഠിച്ച് തിരിച്ചുപോയി ആയുര്‍വേദം പ്രാക്ടീസ് ചെയ്യുന്ന ഡോക്റ്റര്‍മാരും അവരുടെ സംഘടനകളും വരെ ഇവിടെയെല്ലാം ഇന്ന് ശക്തമായുണ്ട്. അതുകൊണ്ടുതന്നെ ലോകത്തിന്റെ പല ഭാഗങ്ങളിലും ആയുര്‍വേദത്തെ അനുകൂലിച്ചുകൊണ്ടുള്ള ശ്രമങ്ങള്‍ തുടര്‍ന്നും നടന്നുകൊണ്ടിരിക്കും. ഭാവിയില്‍ ആയുര്‍വേദത്തിന്റെ പ്രസക്തി കൂടുകയേ ഉള്ളു. കാരണം ആധുനിക ജീവിത രീതികളും ഭക്ഷണശീലവുമെല്ലാം മാറുന്നതിനനുസരിച്ച് നിരവധി രോഗങ്ങളാണ് മനുഷ്യര്‍ക്ക് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. അറിഞ്ഞോ അറിയാതെയോ ധാരാളം വിഷവസ്തുക്കള്‍ മനുഷ്യന്റെ ഉള്ളില്‍ കടക്കുന്നുണ്ട്. സംഘര്‍ഷപൂരിതമായ ജീവിതരീതികളും ക്രമമില്ലാത്ത ജീവിതാനുഷ്ടാനങ്ങളും ക്രിതൃമ ആഹാരങ്ങളുടെയും ജങ്ക് ഭക്ഷണങ്ങളുടെ ഉപയോഗവുമെല്ലാം ആധുനിക മനുഷ്യനെ വലിയ പ്രതിസന്ധിയിലേക്കാണ് എത്തിച്ചിരിക്കുന്നത്. ജനങ്ങള്‍ക്ക് ആയുര്‍വേദത്തില്‍ വിശ്വാസമുണ്ട് അത് ദിനംപ്രതി കൂടിവരികയുമാണ്.

Comments

comments

Categories: FK Special, Slider