ലെക്‌സസ് ഇന്ത്യയില്‍ അസ്സംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കും

ലെക്‌സസ് ഇന്ത്യയില്‍ അസ്സംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കും

ജപ്പാന്‍, വടക്കേ അമേരിക്ക കഴിഞ്ഞാല്‍ കമ്പനിയുടെ മൂന്നാമത്തെ പ്രാദേശിക അസ്സംബ്ലിംഗ് കേന്ദ്രമായി ഇന്ത്യ മാറും

മുംബൈ : ടൊയോട്ട മോട്ടോര്‍ കോര്‍പ്പറേഷന്റെ ലക്ഷ്വറി കാര്‍ ബ്രാന്‍ഡായ ലെക്‌സസ് ഇന്ത്യയില്‍ അസ്സംബ്ലിംഗ് പ്ലാന്റ് സ്ഥാപിക്കുന്ന കാര്യം പരിഗണിക്കുന്നു. മൂന്ന് ഹൈബ്രിഡ് വാഹനങ്ങളുമായി ഈ വര്‍ഷമാദ്യമാണ് കമ്പനി ഇന്ത്യന്‍ വിപണിയില്‍ പ്രവേശിച്ചത്. ഉയര്‍ന്ന ഇറക്കുമതി ചുങ്കം നല്‍കേണ്ടിവരുന്ന അവസ്ഥ ഒഴിവാക്കുന്നതിനാണ് ഇന്ത്യയില്‍ കാര്‍ നിര്‍മ്മിക്കാമെന്ന് കമ്പനി ആലോചിക്കുന്നത്. ചരക്ക് സേവന നികുതിക്കുകീഴില്‍ ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ഉയര്‍ന്ന സെസ്സ് ചുമത്തിയത് ലെക്‌സസിനെയും ബാധിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ അന്തിമമായി തീരുമാനിച്ചാല്‍ കമ്പനിയുടെ മൂന്നാമത്തെ പ്രാദേശിക അസ്സംബ്ലിംഗ് കേന്ദ്രമായി നമ്മുടെ രാജ്യം മാറും. ജപ്പാന്‍, വടക്കേ അമേരിക്ക എന്നിവിടങ്ങളിലാണ് നിലവില്‍ ലെക്‌സസ് വാഹനങ്ങള്‍ നിര്‍മ്മിക്കുന്നത്. ഇന്ത്യയില്‍ കാര്‍ നിര്‍മ്മിക്കുന്ന കാര്യം പരിശോധിച്ചുവരികയാണെന്നും എന്നാല്‍ പ്ലാന്റ് എപ്പോള്‍ സ്ഥാപിക്കുമെന്ന് ഇപ്പോള്‍ പറയാന്‍ കഴിയില്ലെന്നും ലെക്‌സസ് പ്രസിഡന്റ് യോഷിഹിരോ സവാ വ്യക്തമാക്കി.

ഇഎസ്300എച്ച് സെഡാന്‍, ആര്‍എക്‌സ്450എച്ച് ക്രോസ്ഓവര്‍, എല്‍എക്‌സ്450ഡി എസ്‌യുവി എന്നിവയാണ് ലെക്‌സസ് ഇന്ത്യയില്‍ വില്‍ക്കുന്നത്

ഇറക്കുമതി ചുങ്കം 100 ശതമാനത്തില്‍ കൂടുതലാണെങ്കില്‍, ഇന്ത്യയില്‍ അസ്സംബ്ള്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കുമേലുള്ള നികുതി 30-40 ശതമാനമാണ്. ലെക്‌സസിന്റെ ആഗോള എതിരാളികളായ മെഴ്‌സിഡസ്-ബെന്‍സ്, ബിഎംഡബ്ല്യു, ഔഡി എന്നിവര്‍ക്കെല്ലാം ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണശാലകളുണ്ട്. സ്വീഡിഷ് കാര്‍ നിര്‍മ്മാതാക്കളായ വോള്‍വോ ഈയിടെ ഇന്ത്യയില്‍ കാര്‍ നിര്‍മ്മാണം ആരംഭിച്ചിരുന്നു.

ഇന്ത്യയില്‍ ന്യൂ ഡെല്‍ഹി, ഗുരുഗ്രാം, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലാണ് ലെക്‌സസ് നാല് ഡീലര്‍ഷിപ്പുകള്‍ തുറന്നിരിക്കുന്നത്. ഇഎസ്300എച്ച് സെഡാന്‍, ആര്‍എക്‌സ്450എച്ച് ക്രോസ്ഓവര്‍, എല്‍എക്‌സ്450ഡി എസ്‌യുവി എന്നീ കാറുകളാണ് ഇന്ത്യയില്‍ വില്‍ക്കുന്നത്. ഇന്ത്യയില്‍ ടൊയോട്ട കിര്‍ലോസ്‌കറുമായി വേര്‍പ്പെട്ട് തനിച്ച് സ്വതന്ത്രമായി പ്രവര്‍ത്തിക്കുമെന്ന് ലെക്‌സസ് നേരത്തെ പ്രഖ്യാപിച്ചിരുന്നു.

വളര്‍ന്നുവരുന്ന ഇന്ത്യന്‍ വിപണിയില്‍ സ്വന്തം ഇടം കണ്ടെത്തേണ്ടതുണ്ടെന്ന് യോഷിഹിരോ സവാ പറഞ്ഞു. ഇവിടെ കൂടുതല്‍ വാഹനങ്ങള്‍ അവതരിപ്പിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ഡീലര്‍ഷിപ്പുകളുടെ എണ്ണം വര്‍ധിപ്പിക്കും. ഇന്ത്യയില്‍ ധാരാളം ലെക്‌സസ് കാറുകള്‍ വിറ്റുപോകുന്നതിന്റെ ലക്ഷണങ്ങളാണ് കാണുന്നത്. ഭാവി ശോഭനമാണെന്നും യോഷിഹിരോ സവാ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Auto