മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കയറ്റുമതി ഓര്‍ഡര്‍ നേടി ഹ്യുണ്ടായ് വെര്‍ണ

മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കയറ്റുമതി ഓര്‍ഡര്‍ നേടി ഹ്യുണ്ടായ് വെര്‍ണ

10,501 യൂണിറ്റിന്റെ റെക്കോഡ് കയറ്റുമതി ഓര്‍ഡറാണ് പുതു തലമുറ വെര്‍ണയെ തേടിയെത്തിയത്

ന്യൂ ഡെല്‍ഹി : മധ്യപൂര്‍വ്വ ദേശ രാജ്യങ്ങളില്‍നിന്ന് ഏറ്റവും വലിയ കയറ്റുമതി ഓര്‍ഡര്‍ നേടി ഇന്ത്യന്‍ നിര്‍മ്മിത ഹ്യുണ്ടായ് വെര്‍ണ ചരിത്രം സൃഷ്ടിച്ചു. 10,501 യൂണിറ്റിന്റെ റെക്കോഡ് കയറ്റുമതി ഓര്‍ഡറാണ് പുതു തലമുറ വെര്‍ണയുടെ പേരില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ തേടിയെത്തിയത്. ആക്‌സന്റ് എന്ന പേരിലാണ് വെര്‍ണ മധ്യപൂര്‍വ്വ രാജ്യങ്ങളിലെ വിപണികളില്‍ വില്‍ക്കുക.

പുതു തലമുറ വെര്‍ണ പുറത്തിറക്കിയശേഷം ലഭിക്കുന്ന ഏറ്റവും വലിയ സിംഗിള്‍ ഓര്‍ഡറാണ് ഇതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യാ പ്രസ്താവിച്ചു. മുന്‍ തലമുറകളിലെ വെര്‍ണ, ആക്‌സന്റ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കയറ്റുമതി ഓര്‍ഡര്‍ വലിയ ആവേശം പകരുന്നതാണ്. ഇന്ത്യയില്‍നിന്ന് ഏറ്റവുമധികം പാസഞ്ചര്‍ വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്ന കമ്പനിയാണ് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ.

സൗദി അറേബ്യ, ഒമാന്‍, യുഎഇ തുടങ്ങിയ മിഡില്‍ ഈസ്റ്റ് രാജ്യങ്ങളിലെയും വിയറ്റ്‌നാം, ഫിലിപ്പീന്‍സ്, ശ്രീലങ്ക തുടങ്ങിയ മറ്റ് ഏഷ്യന്‍ രാജ്യങ്ങളിലെയും 33 ഡിസ്ട്രിബ്യൂട്ടര്‍മാരെ ചെന്നൈ പ്ലാന്റ് സന്ദര്‍ശിക്കാന്‍ സെപ്റ്റംബറില്‍ ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ ക്ഷണിച്ചിരുന്നു. പ്ലാന്റില്‍ വിശദമായ സന്ദര്‍ശനം നടത്തിയവര്‍ ഹ്യുണ്ടായ് വെര്‍ണ സംബന്ധിച്ച പ്രസന്റേഷന്‍ കാണാനും തയ്യാറായി.

ആക്‌സന്റ് എന്ന പേരിലാണ് മധ്യപൂര്‍വ്വ രാജ്യങ്ങളിലെ വിപണികളില്‍ വെര്‍ണ വില്‍ക്കുക

പുതു തലമുറ വെര്‍ണയ്ക്ക് ആഭ്യന്തര വിപണിയില്‍നിന്നും കയറ്റുമതി വിപണികളില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യ എംഡി ആന്‍ഡ് സിഇഒ വൈ കെ കൂ പറഞ്ഞു. ഇത്രയും വലിയ സിംഗിള്‍ കയറ്റുമതി ഓര്‍ഡര്‍ ലഭിച്ചതില്‍ വളരെ സന്തോഷവും അഭിമാനവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘മേക്ക് ഇന്‍ ഇന്ത്യ, ഫോര്‍ ദ വേള്‍ഡ്’ എന്നാണ് ഹ്യുണ്ടായുടെ പ്രതിജ്ഞാബദ്ധത. 2018 തുടക്കം മുതല്‍ ദക്ഷിണാഫ്രിക്ക, മറ്റ് ഗള്‍ഫ്-ഏഷ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്ക് പുതിയ ഹ്യുണ്ടായ് വെര്‍ണയുടെ കയറ്റുമതി തുടങ്ങും.

ആഭ്യന്തര വിപണിയിലും പുതു തലമുറ വെര്‍ണയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ഇന്ത്യയില്‍ പുറത്തിറക്കി രണ്ട് മാസത്തിനുള്ളില്‍ 18,600 ബുക്കിംഗുകളും 1,43,00 എന്‍ക്വയറികളും ഹ്യുണ്ടായ് മോട്ടോര്‍ ഇന്ത്യയെ തേടിയെത്തി. പുതിയ കയറ്റുമതി ഓര്‍ഡറുകള്‍ ഡിസംബറില്‍ കപ്പലില്‍ അയച്ചുതുടങ്ങും. കൂടാതെ ഡിസംബര്‍ അവസാനത്തോടെ ആഭ്യന്തര വിപണിയില്‍ 20,000 യൂണിറ്റ് പുതു തലമുറ വെര്‍ണ ഡെലിവറി ചെയ്യും. സെപ്റ്റംബറില്‍ ആഭ്യന്തര വിപണിയില്‍ 6,054 യൂണിറ്റ് ഹ്യുണ്ടായ് വെര്‍ണയാണ് വിറ്റത്. ഹോണ്ട സിറ്റി, മാരുതി സുസുകി സിയാസ് എന്നീ മോഡലുകളെയാണ് പിന്നിലാക്കിയത്.

Comments

comments

Categories: Auto