ഒഴിവാക്കണം ഈ ഒച്ചപ്പാട്

ഒഴിവാക്കണം ഈ ഒച്ചപ്പാട്

ഏഴു മഹാനഗരങ്ങളില്‍ ശബ്ദകോലാഹലങ്ങള്‍ അസഹനീയം

രാജ്യത്തെ ഏഴു വന്‍നഗരങ്ങളില്‍ ശബ്ദമലിനീകരണം അതിശക്തമാണെന്ന പഠനറിപ്പോര്‍ട്ടിനെ അധികരിച്ച് അധികൃതര്‍ നടപടിക്ക്. ഡെല്‍ഹി, മുംബൈ, കോല്‍ക്കത്ത, ചെന്നൈ, ബംഗളുരു, ഹൈദരാബാദ്, ലക്‌നൗ എന്നീ നഗരങ്ങളാണ് ശബ്ദശല്യം അസഹനീയമായി ഉയര്‍ന്ന നഗരങ്ങള്‍. 2015ല്‍ നടത്തിയ വിശകലനത്തില്‍ ഈ നഗരങ്ങളിലെ 70 കേന്ദ്രങ്ങള്‍ നിരീക്ഷണത്തിനു തെരഞ്ഞെടുത്താണ് പഠനം നടത്തിയത്. 17 നിശബ്ദ മേഖലകള്‍, 25 വാണിജ്യ മേഖലകള്‍, 16 ജനവാസ മേഖലകള്‍, 12 വ്യവസായ മേഖലകള്‍ എന്നിങ്ങനെ തിരിച്ചാണ് പഠനം നടത്തിയത്. സിഎസ്‌ഐആര്‍- നാഷണല്‍ ഫിസിക്കല്‍ ലബോറട്ടറി, ഡെല്‍ഹി സാങ്കേതിക സര്‍വകലാശാല, കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവയിലെ ഗവേഷകര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. പുലര്‍ച്ചെ ആറു മുതല്‍ രാത്രി 10 മണി വരെയയുള്ള സമയത്തെ പകലായും രാത്രി 10 മുതല്‍ പുലര്‍ച്ചെ ആറു വരെയുള്ള സമയത്തെ രാത്രി ആയും വിഭജിച്ചാണ് പഠനം നടത്തിയത്.

നിശബ്ദ മേഖലകള്‍, ജനവാസകേന്ദ്രങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയൊന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് കണ്ടെത്തി. നിശബ്ദ മേഖലയില്‍ പകല്‍ സമയത്ത് 50 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം രേഖപ്പെടുത്തരുതെന്ന മാനദണ്ഡം വെച്ചു. രാത്രിയില്‍ ഇത് 40 ഡെസിബെല്ലുമായിരുന്നു. എന്നാലിത് യഥാക്രമം 56- 77 എന്ന നിരക്കിലും 51- 75 എന്ന നിരക്കിലുമായിരുന്നു. മോട്ടോര്‍വാഹന നിയമപ്രകാരം ഹോണുകളുടെ ശബ്ദം 93- 112 ഡെസിബെല്‍ ക്രമത്തില്‍ നിജപ്പെടുത്തിയിരിക്കണം. 93 ഡെസിബെല്‍ ശബ്ദം എട്ടുമണിക്കൂര്‍ കേട്ടു കൊണ്ടിരുന്നാല്‍ കേള്‍വിശക്തി ഇല്ലാതാക്കും. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലുള്ള നോ ഹോണ്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഈ നിശബ്ദ മേഖലാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നടത്തിയ പഠനം വിരല്‍ ചൂണ്ടിയത് അടിയന്തര സമഗ്ര ശബ്ദശമന പാക്കേജ് എന്ന അവശ്യകതയിലേക്കാണ്.

93 ഡെസിബെല്‍ ശബ്ദം എട്ടുമണിക്കൂര്‍ കേട്ടു കൊണ്ടിരുന്നാല്‍ കേള്‍വിശക്തി ഇല്ലാതാക്കും. ആശുപത്രികളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പോലുള്ള നോ ഹോണ്‍ പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ഈ നിശബ്ദ മേഖലാ നിരീക്ഷണ കേന്ദ്രങ്ങളില്‍ നടത്തിയ പഠനം വിരല്‍ ചൂണ്ടിയത് അടിയന്തര സമഗ്ര ശബ്ദശമന പാക്കേജ് എന്ന അവശ്യകതയിലേക്കാണ്

ശബ്ദത്തിന്റെ ദൂഷിതവലയത്തില്‍ നിന്ന് ഇവയെ രക്ഷിക്കാന്‍ നടപടി വേണമെന്ന് സംഘം ശുപാര്‍ശ ചെയ്തു. ശബ്ദം ആഗിരണം ചെയ്യുന്ന വിധത്തില്‍ സ്ഥലത്തിന്റെ ഉചിത വിനിയോഗം, ബഫര്‍സോണ്‍ നിര്‍മാണം തുടങ്ങിയ കാര്യങ്ങളാണ് ശുപാര്‍ശയിലുണ്ടായിരുന്നത്. ആശുപത്രികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, വയോജന അഭയകേന്ദ്രങ്ങള്‍ തുടങ്ങിയവയിലേക്കുള്ള ശബ്ദശല്യങ്ങള്‍ തടയുന്നതിനുള്ള ഉപകരണങ്ങള്‍ സ്ഥാപിക്കുകയാണ് ഒരു പോംവഴി. വാഹനങ്ങള്‍ക്ക് ഉയര്‍ന്ന ശബ്ദപരിധി നിശ്ചയിക്കുകയും ജനവാസകേന്ദ്രങ്ങളെ നോ ഹോണ്‍ മേഖലകളായി പ്രഖ്യാപിക്കുകയും വേണം. റോഡ് ഗതാഗതത്തിലുണ്ടാകുന്ന ശബ്ദം നിയന്ത്രിക്കാനുള്ള അത്യാധുനിക സൗകര്യങ്ങള്‍ കൊണ്ടുവരണം.

അതേസമയം, ശബ്ദമലിനീകരണം കുറയ്ക്കാന്‍ ഡെല്‍ഹിസര്‍ക്കാര്‍ നടപടി സ്വീകരിച്ചു. സംസ്ഥാനാന്തര ബസ് ടെര്‍മിനലുകളില്‍ സൗണ്ട് ഹോണ്‍ മുഴക്കുന്നതിനു നിരോധനമേര്‍പ്പെടുത്തിക്കൊണ്ടാണിത്. നിരോധനം ലംഘിക്കുന്ന ഡ്രൈവര്‍മാര്‍ക്ക് 500 രൂപ പിഴ ചുമത്താനാണ് തീരുമാനം. ഇതിനു പുറമെ യാത്രികരോട് അപമര്യാദയോടെ പെരുമാറുന്ന ബസ് ജീവനക്കാരെ നിയന്ത്രിക്കാനും നിയമം കൊണ്ടുവന്നു. ബസ് യാത്രക്കാരെ ചീത്തവിളിക്കുന്ന ഡ്രൈവര്‍, കണ്ടക്റ്റര്‍ എന്നിവര്‍ക്ക് 100 രൂപയാണ് പിഴ. ബസുകളില്‍ യാത്രക്കാരെ വിളിച്ചു കയറ്റരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്. കശ്മീരെഗേറ്റ്, ആനന്ദ് വിഹാര്‍, സാരെ കാലെ ഖാന്‍ എന്നീ ബസ് ടെര്‍മിനലുകളിലാണ് നിയമം ആദ്യം നടപ്പാക്കിയത്. മൂന്നു ടെര്‍മിനലുകളില്‍ പ്രതിദിനം 5,703 ബസ്സുകളാണ് വരുകയും പോകുകയും ചെയ്യുന്നത്. എന്നാല്‍ ജീവനക്കാര്‍ നിയമം അവഗണിക്കുകയാണ്.

ഡെല്‍ഹി ട്രാസ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്‌മെന്റ് കോര്‍പ്പറേഷന്റെ (ഡിടിഡിസി) നിരോധനത്തോട് തണുത്ത പ്രതികരണമാണ് ബസ് ജീവനക്കാര്‍ പുലര്‍ത്തുന്നത്. നിരോധനം അപ്രായോഗികമാണെന്ന വാദമാണ് അവരുടേത്. ഹോണ്‍ മുഴക്കുമെന്നു തന്നെ അവര്‍ തറപ്പിച്ചു പറയുന്നു. ഇക്കാര്യത്തില്‍ നടപടി ഭയക്കുന്നില്ല. സാധാരണക്കാരെയാണ് തങ്ങള്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ബസ് ടെര്‍മിനലുകളെ ആശ്രയിക്കുന്നവര്‍ പാവപ്പെട്ടവരും ഇടത്തരക്കാരുമാണ്, വരേണ്യരല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത വകുപ്പില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പിഴ ലഭിച്ച ജീവനക്കാരുടെ എണ്ണം കാണിക്കുന്നതു തന്നെ നിയമത്തിന് അവര്‍ പുല്ലുവിലയാണ് കല്‍പ്പിച്ചിരിക്കുന്നതെന്നാണ്.

 

നിരോധന ഉത്തരവ് പ്രഖ്യാപിച്ച് 24 മണിക്കൂറിനുള്ളില്‍ 51 പേര്‍ക്കാണ് വകുപ്പ് പിഴയടയ്ക്കാന്‍ നോട്ടീസ് നല്‍കിയത്. മൂന്നു ടെര്‍മിനലുകളിലായി 32 പേര്‍ക്ക് ഹോണ്‍ മുഴക്കിയതിന് പിഴയടപ്പിച്ചെന്ന് ഡെപ്യൂട്ടി ട്രാസ്‌പോര്‍ട്ട് കമ്മീഷണര്‍ വി കെ മോംഗിയ പറഞ്ഞു. ബഹളംവെച്ച് യാത്രക്കാരെ വിളിച്ചു കയറ്റിയതിന് ടെര്‍മിനല്‍പരിസരങ്ങളില്‍ നിന്ന് 19 ജീവനക്കാര്‍ക്ക് നോട്ടീസ് നല്‍കി. ശബ്ദമലിനീകരണം നിയന്ത്രിക്കാന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗതവകുപ്പ് സ്‌പെഷല്‍ കമ്മീഷണര്‍ കെ കെ ദഹിയ ഉറപ്പു നല്‍കുന്നു. ചില പ്രശ്‌നങ്ങള്‍ നാമ്പെടുക്കുന്നതായി കാണാന്‍ കഴിഞ്ഞിട്ടുണ്ട്. എന്നാല്‍ അവ പരിഹരിക്കാനുള്ള അടിസ്ഥാനസൗകര്യം വര്‍ധിപ്പിക്കാന്‍ ശ്രമം തുടങ്ങിയിട്ടുണ്ട്. ഒരു മാസത്തിനകം മികച്ച യാത്രാസൗകര്യം പ്രദാനം ചെയ്യാനുതകുന്ന ആധുനിക സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തുമെന്നും തടസങ്ങള്‍ നേരത്തേ അറിയാന്‍ സാധ്യമാക്കുന്ന റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ സംവിധാനം അവതരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിയമലംഘനം നടത്തുന്നവരെ നിരീക്ഷിക്കാന്‍ മതിയായ ജീവനക്കാരില്ലെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഇത് പരിഹരിക്കാന്‍ നടപടിയെടുക്കണം. നിയമം കര്‍ശനമായി നടപ്പാക്കാന്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വിന്യസിക്കേണ്ടിയിരിക്കുന്നു. 10 ഉദ്യോഗസ്ഥരെയെങ്കിലും ടെര്‍മിനലുകളില്‍ ശബ്ദനിയന്ത്രണം ഉറപ്പാക്കുന്നതിന് ചുമതലപ്പെടുത്തേണ്ടതുണ്ടെന്ന് ഒരു ഉന്നതോദ്യോഗസ്ഥന്‍ വിലയിരുത്തുന്നു. ഹരിയാന, പഞ്ചാബ്, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലേക്കുള്ള യാത്രക്കാരാണ് കശ്മീരെഗേറ്റ് ടെര്‍മിനലില്‍ നിന്നുള്ള ബസ്സുകളിലധികവും. വഴിയോരക്കച്ചവടക്കാരും ബസ് ജീവനക്കാരും ഇവിടം ശബ്ദമുഖരിതമാക്കുന്നു. ഡെല്‍ഹി- ഹരിയാന റൂട്ടിലോടുന്ന ബസ്സുകളിലെ ജീവനക്കാരാണ് വിളിച്ചു കൂവി യാത്രക്കാരെ കയറ്റിക്കൊണ്ടു പോകുന്നതിലധികവും. ബസ് ജീവനക്കാര്‍ വലിയ ശബ്ദമലിനീകരണമാണ് ഇവിടെയുണ്ടാക്കുന്നത്.

ഹോണ്‍ മുഴക്കലിലും ഉച്ചസ്ഥായിയില്‍ വിളിച്ചു പറയുന്നതിലും ഹരിയാന സംസ്ഥാന ഗതാഗത വകുപ്പിന്റെ ബസ് ജീവനക്കാരാണ് മുമ്പിലെന്ന് ഹരിയാന സ്വകാര്യ റോഡ് വേയ്‌സ് കണ്ടക്റ്റര്‍ രണ്‍ദീപ് മല്ലിക് സാക്ഷ്യപ്പെടുത്തുന്നു. കശ്മീരെഗേറ്റ് ടെര്‍മിനലില്‍ നിരോധനം പ്രഖ്യാപിക്കുന്നതിനു മുമ്പായി ഗതാഗതമന്ത്രി കൈലാഷ് ഗെലോട്ട് സന്ദര്‍ശിച്ചിരുന്നു. ബസ് ടെര്‍മിനലുകളിലെ ശബ്ദമലിനീകരണത്തോത് അത്യധികം ഉയര്‍ന്നിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ മനസിലാക്കി. ഇത് കുറയ്ക്കാന്‍ അടിയന്തരമായി ഇടപെടേണ്ടതിന്റെ അവശ്യകത അവര്‍ക്ക് ബോധ്യപ്പെട്ടു. ഇതിനു വേണ്ട നടപടികള്‍ അവര്‍ സ്വീകരിക്കാന്‍ തുടങ്ങി. പൊതുജനങ്ങള്‍ക്കായുള്ള ബോധവല്‍ക്കരണ നടപടികളാണ് അവര്‍ ആസൂത്രണം ചെയ്തത്. ഇതിന് സര്‍ക്കാരില്‍ നിന്നുമാത്രമല്ല സ്ഥാപനങ്ങളില്‍ നിന്നും സഹായം തേടി.

ഡെല്‍ഹിയില്‍ ഏറ്റവും അന്തരീക്ഷ മലിനീകരണമുള്ള പ്രദേശമാണ് ഗുരുഗ്രാം. ശബ്ദമലിനീകരണത്തിലും ഈ ദീപാവലിക്കാലത്ത് ഗുരുഗ്രാം ഏറ്റവും മുമ്പിലെത്തി. 61. 4 ഡെസിബെല്‍ ശബ്ദമാണ് പഴയ ഗുരുഗ്രാം ബസ് സ്റ്റാന്‍ഡ് പരിസരത്ത് ദീപാവലി സന്ധ്യയില്‍ രേഖപ്പെടുത്തിയത്. ദീപാവലിയാഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിച്ചതിന്റെ ശബ്ദമാണിത്. വൈകിട്ട് 6.30 മുതല്‍ രാത്രി 9.30 വരെയുള്ള മൂന്നു മണിക്കൂര്‍ സമയത്താണ് ശബ്ദം രേഖപ്പെടുത്തിയത്. കരിമരുന്നു പ്രയോഗത്തിനുള്ള നിയന്ത്രണത്തില്‍ പഞ്ചാബ്- ഹരിയാന ഹൈക്കോടതി ഇളവു നല്‍കിയ സമയമായിരുന്നു ഇത്. ഇത്തവണത്തെ ശബ്ദമലിനീകരണത്തിന്റെ തോത് ഹരിയാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് 60- 61.4 ഡെസിബെല്ലാക്കി നിജപ്പെടുത്തിയിരുന്നു. ഇത്തവണത്തെ ദീപാവലിക്കാലത്തു രേഖപ്പെടുത്തിയ ദേശീയ ശരാശരി ശബ്ദം 55 ഡെസിബെല്ലായിരുന്നു. എന്നാല്‍ ഡെല്‍ഹി നഗരത്തെ അപേക്ഷിച്ച് ഗരുരുഗ്രാമില്‍ കുറച്ച് ശബ്ദമലിനീകരണമേ ഉണ്ടായിട്ടുള്ളൂവെന്നാണ് അധികൃതരുടെ ഭാഷ്യം. ഡെല്‍ഹിയില്‍ 61.4- 68.2 ഡെസിബെല്‍ നിരക്കിലായിരുന്നു ശബ്ദം രേഖപ്പെടുത്തിയത്.

ദീപാവലിപ്പടക്കം പൊട്ടിച്ചപ്പോഴുണ്ടായ നിയമലംഘനത്തിന് അത്രയ്ക്കു പ്രാധാന്യം കൊടുക്കേണ്ടെന്ന നിലപാടാണ് ഹരിയാന മലിനീകരണ നിയന്ത്രണ ബോര്‍ഡിനുള്ളത്. ചെറിതോതില്‍ കുറച്ചുസമയത്തേക്ക് ശബ്ദം ഉയര്‍ന്നെങ്കിലും അതുകാര്യമാക്കേണ്ടെന്ന് ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. പലയിടത്തായി ഘടിപ്പിച്ച നാലു നോയിസ് മീറ്ററുകളിലാണ് ശബ്ദം രേഖപ്പെടുത്തുക. ഇവയുടെ ശരാശരി എടുത്താല്‍ അനുവദനീയമായതിനേക്കാള്‍ കുറഞ്ഞ ശബ്ദമായിരിക്കും രേഖപ്പെടുത്തിയിരിക്കുക. പടക്കങ്ങളുടെ കാര്യത്തില്‍ ശബ്ദത്തില്‍ ഏറ്റക്കുറച്ചിലുകള്‍ വരുക സര്‍വ്വസാധാരണമാണ്. ഇത്തവണയാണെങ്കില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയതിനാല്‍ പടക്കം പൊട്ടിക്കുന്നതില്‍ ഗണ്യമായ കുറവും രേഖപ്പെടുത്തിയിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ സമര്‍ത്ഥിക്കുന്നു. ഇത്തവണത്തെ ശബ്ദമലിനീകരണത്തോതിന്റെ പരിധിയുടെ ദേശീയ ശരാശരി പകല്‍സമയം 55 ഡെസിബെല്ലായാണ് നിജപ്പെടുത്തിയിരുന്നത്. ജനവാസ കേന്ദ്രങ്ങളിലാണിത്. വാണിജ്യ പ്രദേശങ്ങളില്‍ 65ഉം വ്യാവസായിക കേന്ദ്രങ്ങളില്‍ 75ഉം ഡെസിബെല്‍ ശബ്ദം അനുവദനീയമായിരുന്നു. രാത്രികാലങ്ങളില്‍ ഇത് യഥാക്രമം 45, 55, 70 എന്നിങ്ങനെയാണ് നിജപ്പെടുത്തിയിരുന്നത്.

നിശബ്ദ മേഖലകള്‍, ജനവാസകേന്ദ്രങ്ങള്‍, വാണിജ്യകേന്ദ്രങ്ങള്‍ എന്നിവയൊന്നും മാനദണ്ഡങ്ങള്‍ പാലിക്കുന്നവയല്ലെന്ന് കണ്ടെത്തി. നിശബ്ദ മേഖലയില്‍ പകല്‍ സമയത്ത് 50 ഡെസിബെല്ലില്‍ കൂടുതല്‍ ശബ്ദം രേഖപ്പെടുത്തരുതെന്ന മാനദണ്ഡം വെച്ചു. രാത്രിയില്‍ ഇത് 40 ഡെസിബെല്ലുമായിരുന്നു. എന്നാലിത് യഥാക്രമം 56- 77 എന്ന നിരക്കിലും 51- 75 എന്ന നിരക്കിലുമായിരുന്നു

ഡെല്‍ഹിയിലെ അന്തരീക്ഷമലിനീകരണത്തിനെതിരേ സുപ്രീംകോടതി നിര്‍ദേശപ്രകാരം ശക്തമായ നടപടികളെടുത്തു വരുന്നതിനു പിന്നാലെയാണ് ശബ്ദമലിനീകരണത്തിനെതിരേ നിരോധനം കൊണ്ടുവരാന്‍ സര്‍ക്കാര്‍ ഒരുങ്ങിയത്. ദീപാവലിക്കു ശേഷമുണ്ടായ വായുമലിനീകരണത്തില്‍ നിന്നു രക്ഷനേടാന്‍ ഒരു ആശുപത്രി 5,000 എന്‍-95 മാസ്‌കുകള്‍ ഗുരുഗ്രാം പോലീസിനെ ഏല്‍പ്പിക്കുകയുണ്ടായി. പൊതു ഇടങ്ങളില്‍ വിന്യസിച്ചിരിക്കുന്ന ട്രാഫിക് പോലീസുകാര്‍ക്കും സന്നദ്ധ സേവകര്‍ക്കും പിസിആര്‍ വാഹനങ്ങളില്‍ റോന്ത് ചുറ്റുന്ന പോലീസുകാര്‍ക്കും ഇത് വിതരണം ചെയ്യുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ സന്ദീപ് ഖിര്‍വാര്‍ അറിയിച്ചു. ഇവിടത്തെ പോലീസുകാര്‍ക്ക് മാസ്‌കുകള്‍ ആശ്വാസമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡെല്‍ഹി നഗരത്തില്‍ ജോലി ചെയ്യുന്ന പോലീസുകാരാണ് ഏറ്റവും വിഷമയ അന്തരീക്ഷത്തില്‍ ജോലി ചെയ്യുന്നത്. ദീപാവലിക്കു ശേഷം ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ മേഖലയില്‍ കൂടിയിട്ടുണ്ട്. അന്തരീക്ഷ മലിനീകരണത്തോത് അമിതമായ തോതിലാണെന്ന് ശ്വാസകോശരോഗ വിദഗ്ധനായ ഡോ. ഹിമാംശു ഗാര്‍ഗ് പറയുന്നു. നിരത്തില്‍ ജോലി ചെയ്യുന്ന പോലീസുകാരാണ് അതിന്റെ പ്രധാന ഇരകളെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.

ഏതായാലും ഉല്‍സവകാലത്തോട് അനുബന്ധിച്ച് ഇത്തവണ ഡെല്‍ഹിനിവാസികള്‍ക്ക് കൂടുതല്‍ ശാന്തിയും സമാധാനവും കൈവരിക്കാനാകുന്നുവെന്നതു നല്ല കാര്യമാണ്. കരിമരുന്നു പ്രയോഗങ്ങളും മോട്ടോര്‍ വാഹനങ്ങളുടെ ആധിക്യവും നിയന്ത്രിച്ച ശേഷം ശബ്ദമലിനീകരണം കൂടി നിയന്ത്രിക്കുന്നതിലൂടെ വലിയൊരു ദിശാമാറ്റത്തിനാണ് അധികൃതര്‍ തയാറായിരിക്കുന്നത്. ഇനി ഡെല്‍ഹിക്കു പിന്നാലെ മറ്റു നഗരങ്ങള്‍ കൂടി ശബ്ദ മലിനീകരണം അടക്കമുള്ളവയ്‌ക്കെതിരേ രംഗത്തിറങ്ങിയാല്‍ ഇന്ത്യ ലോകരാജ്യങ്ങള്‍ക്കിടയില്‍ കൂടുതല്‍ ശോഭയോടെ തിളങ്ങും.

Comments

comments

Categories: FK Special, Slider