വനിതാ സംരംഭകര്‍ക്ക് പ്രചോദനമായി ‘ഷീ2017’ ടെക് മീറ്റ്

വനിതാ സംരംഭകര്‍ക്ക് പ്രചോദനമായി ‘ഷീ2017’ ടെക് മീറ്റ്

വനിതാ സംരംഭകരില്‍ സാങ്കേതിക വിദ്യയുടെ വാണിജ്യ സാധ്യതകളെക്കുറിച്ചുള്ള അറിവ് വളര്‍ത്തുകയായിരുന്നു ലക്ഷ്യം

കൊച്ചി: സാങ്കേതിക മേഖലയിലെ വനിതാ പ്രാതിനിധ്യം പ്രോത്സാഹിപ്പിക്കുന്നതിനായി മേക്കര്‍ വില്ലേജ് സംഘടിപ്പിച്ച ത്രിദിന സമ്മേളനം ‘ഷീ2017’വിദ്യാര്‍ത്ഥികള്‍ക്കും സംരംഭകര്‍ക്കും പുത്തന്‍ ഉള്‍ക്കാഴ്ച പകര്‍ന്നു.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയേഴ്‌സും വിമന്‍ ഇന്‍ എന്‍ജിനീയറിംഗും സഹകരിച്ചാണ് അങ്കമാലി ഫിസാറ്റ് എന്‍ജിനീയറിംഗ് കോളേജില്‍ പരിപാടി സംഘടിപ്പിച്ചത്.

ഷീ2017 സമ്മേളനത്തിലൂടെ വനിതാ സംരംഭകരില്‍ സാങ്കേതിക വിദ്യയുടെ വാണിജ്യ സാധ്യതകളെക്കുറിച്ചുള്ള വിജ്ഞാനം വളര്‍ത്തുകയായിരുന്നു ഉദ്ദേശ്യം. ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസിന്റെ അസറ്റ് ലിവറേജ്ഡ് സൊല്യൂഷന്‍സ് അനലിറ്റിക്‌സ് ആന്‍ഡ് ഇന്‍സൈറ്റ് യൂണിറ്റ് ആഗോള മേധാവി സുജാത മാധവ് ചന്ദ്രന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആഗോളതലത്തില്‍ ഇന്ന് ഒരിടത്തും ലിംഗ വിവേചനമില്ലെന്ന് അവര്‍ പറഞ്ഞു. വിഷയത്തെക്കുറിച്ചുള്ള അറിവ് മാത്രമാണ് പ്രധാനം. അതിനാല്‍ തന്നെ സാങ്കേതിക മേഖലയിലെ വിജ്ഞാനം വര്‍ധിപ്പിക്കുകയാണ് വേണ്ടത്. സംരംഭകരാകാനുള്ള അദമ്യമായ ആഗ്രഹവും കഠിനാധ്വാനം ചെയ്യാനുള്ള കഴിവുമാണ് വേണ്ടതെന്നും അവര്‍ പറഞ്ഞു.ടിസിഎസിന്റെ ബൗദ്ധിക സ്വത്തവകാശം സംബന്ധിച്ച പദ്ധതിയുടെ മേധാവിയാണ് സുജാത.

ഷീ2017 സമ്മേളനത്തിലൂടെ വനിതാ സംരംഭകരില്‍ സാങ്കേതിക വിദ്യയുടെ വാണിജ്യ സാധ്യതകളെക്കുറിച്ചുള്ള വിജ്ഞാനം വളര്‍ത്തുകയായിരുന്നു ഉദ്ദേശ്യം.

ഇന്‍ക്യുബേറ്ററുകളുടെ അനന്ത സാധ്യത പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ച് മേക്കര്‍ വില്ലേജ് പ്രതിനിധികളായ കിരണ്‍ കൃഷ്ണ, ശ്രീജിത് വേണുഗോപാല്‍ എന്നിവര്‍ സമ്മേളനത്തില്‍ സംസാരിച്ചു. ഫിസാറ്റ് ചെയര്‍മാന്‍ പോള്‍ മുണ്ടാടന്‍ ആധ്യക്ഷത വഹിച്ചു.

സമ്മേളനത്തിന്റെ രണ്ടാം ദിവസം നാല് പരിശീലന കളരികളാണ് നടന്നത്. ഇതില്‍ മുന്നൂറിലേറെ വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. ‘ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സി’നെക്കുറിച്ചുള്ള ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനപ്രദമായി. വിവിധതരം പദ്ധതികള്‍ക്ക് മൈക്രോകണ്‍ട്രോളറുകള്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ചര്‍ച്ച നടന്നു. ആമസോണ്‍ വെബ് സര്‍വീസസ് അധിഷ്ഠിതമായ ക്ലൗഡ് കമ്പ്യൂട്ടിംഗ്, മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളിലെ ക്ലാസുകളും വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനകരമായി.

ഷീ2017 നോടനുബന്ധിച്ച് സാംസ്‌കാരിക സമ്മേളനവും സംഘടിപ്പിച്ചിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് സ്വമേധയാ പങ്കെടുക്കാവുന്നതായിരുന്നു പരിപാടികള്‍. സമ്മേളനത്തിന്റെ അവസാന ദിവസം കിരണ്‍ കൃഷ്ണ, ശ്രീജിത് വേണുഗോപാല്‍, എറണാകുളം അസി. കളക്റ്റര്‍ ഇഷ പ്രിയ എന്നിവരുടെ സംഭാഷണങ്ങളും വിനയ് മേനോനുമൊത്തുള്ള സ്റ്റാന്‍ഡ് അപ് കോമഡി എന്നിവയും സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി. ഇതോടൊപ്പം തങ്ങളുടെ പ്രോജക്ടുകള്‍ അവതരിപ്പിക്കുന്നതിന് വനിതകള്‍ക്കുള്ള മത്സരവും സംഘടിപ്പിച്ചു. മികച്ച പ്രോജക്റ്റുകള്‍ക്ക് മേക്കര്‍ വില്ലേജ് പ്രീ ഇന്‍ക്യുബേഷന്‍ സൗകര്യവും ആവശ്യമായ ഉപദേശവും നല്‍കും.

Comments

comments

Categories: Entrepreneurship