ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വ്യാപനത്തിന് സഹായിക്കുമെന്ന് എഡിബി

ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയില്‍ ഇലക്ട്രിക് കാര്‍ വ്യാപനത്തിന് സഹായിക്കുമെന്ന് എഡിബി

ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് തല്‍ക്കാലം ചെയ്യേണ്ടതെന്ന് എഡിബി

ന്യൂ ഡെല്‍ഹി : ബാറ്ററി സ്വാപ്പിംഗ് ഇന്ത്യയുടെ ഇലക്ട്രിക് കാര്‍ വിപ്ലവത്തിന് ഊര്‍ജ്ജം പകരുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. വെല്ലുവിളികള്‍ക്കിടയിലും ഇലക്ട്രിക് വാഹനങ്ങള്‍ക്കായുള്ള ഇന്ത്യന്‍ പദ്ധതി മുന്നോട്ടുപോവുകയാണെന്ന് എഡിബി വെബ്‌സൈറ്റിലെ ബ്ലോഗ് ചൂണ്ടിക്കാട്ടുന്നു. ചാര്‍ജിംഗ് അടിസ്ഥാനസൗകര്യങ്ങളുടെ അഭാവമാണ് ഈ വെല്ലുവിളികളില്‍ പ്രധാനം.

ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്കിന്റെ പ്രിന്‍സിപ്പാള്‍ എനര്‍ജി സ്‌പെഷലിസ്റ്റ് സൊഹെയ്ല്‍ ഹസ്‌നീ, ഗയം മോട്ടോര്‍ വര്‍ക്‌സ് ഇന്ത്യ (ജിഎംഡബ്ല്യു) സിഇഒ രാജ ഗയം എന്നിവര്‍ ചേര്‍ന്നാണ് ബ്ലോഗ് എഴുതിയിരിക്കുന്നത്. ദീര്‍ഘകാലാടിസ്ഥാനത്തില്‍ കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാം. എന്നാല്‍ ഇലക്ട്രിക് കാറുകള്‍ വ്യാപകമാകുന്നതിന് ബാറ്ററി സ്വാപ്പിംഗ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് തല്‍ക്കാലം ചെയ്യേണ്ടതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ചാര്‍ജ് തീര്‍ന്ന ബാറ്ററി കൈമാറി റീച്ചാര്‍ജ് ചെയ്ത ബാറ്ററി തിരികെയെടുക്കുന്നതാണ് ബാറ്ററി സ്വാപ്പിംഗ്.

വാഹനങ്ങള്‍ മൂലം രാജ്യത്തെ പല നഗരങ്ങളും രൂക്ഷമായ മലിനീകരണമാണ് നേരിടുന്നത്. പാരിസ് കാലാവസ്ഥാ ഉടമ്പടി അനുസരിച്ച് 2030 ഓടെ ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനം കുറയ്ക്കുന്നതിന് ഇന്ത്യ തങ്ങളുടേതായ പങ്ക് നിര്‍വ്വഹിക്കേണ്ടതായി വരും. സെന്‍ട്രല്‍ ഏഷ്യന്‍ റീജ്യണല്‍ ഇക്കണോമിക് കോഓപ്പറേഷന്‍ രാജ്യങ്ങളില്‍ ക്ലീന്‍ എനര്‍ജിയും ഇലക്ട്രിക് വാഹനങ്ങളും പ്രോത്സാഹിപ്പിക്കുന്നതിന് എഡിബി ടെക്‌നിക്കല്‍ അസ്സിസ്റ്റന്‍സ് സര്‍വ്വാത്മനാ പിന്തുണച്ചുവരികയാണ്.

ചാര്‍ജ് തീര്‍ന്ന ബാറ്ററി കൈമാറി റീച്ചാര്‍ജ് ചെയ്ത ബാറ്ററി തിരികെയെടുക്കുന്നതാണ് ബാറ്ററി സ്വാപ്പിംഗ്

പതിനായിരം ഇലക്ട്രിക് കാറുകള്‍ വാങ്ങുന്നതിന് കേന്ദ്ര സര്‍ക്കാരിന് കീഴിലെ എനര്‍ജി എഫിഷ്യന്‍സി സര്‍വീസസ് ലിമിറ്റഡ് (ഇഇഎസ്എല്‍) ഈയിടെ ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു. 50,000 ഇലക്ട്രിക് മൂന്നുചക്ര വാഹനങ്ങള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ഈ വര്‍ഷം അവസാനത്തോടെ ബിഡുകള്‍ ക്ഷണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ലെഡ് ആസിഡ് ബാറ്ററി ഉപയോഗിക്കുന്ന ആറ് ലക്ഷത്തിലധികം ഇലക്ട്രിക് റിക്ഷകളാണ് ഇന്ത്യന്‍ നിരത്തുകളിലുള്ളത്. ഓരോ വാഹനത്തിലെയും ബാറ്ററി പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുന്നതിന് 8-9 മണിക്കൂര്‍ സമയം വേണ്ടിവരുന്നു. വര്‍ഷത്തില്‍ രണ്ട് തവണ ബാറ്ററി റീപ്ലേസ് ചെയ്യുകയും വേണം.

Comments

comments

Categories: Auto