ടാറ്റ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ്

ടാറ്റ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ്

അസാധാരണമായ പ്രൊഡക്റ്റ് ഡിസൈന്‍ പരിഗണിച്ച് ഗോള്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം നല്‍കുന്നത്

ന്യൂ ഡെല്‍ഹി : ടാറ്റ മോട്ടോഴ്‌സിന്റെ റേസ്‌മോ സ്‌പോര്‍ട്‌സ് കാറിന് ജര്‍മ്മന്‍ ഡിസൈന്‍ അവാര്‍ഡ് (ജിഡിഎ). അസാധാരണമായ പ്രൊഡക്റ്റ് ഡിസൈന്‍ പരിഗണിച്ച് ഗോള്‍ഡ് കാറ്റഗറിയിലാണ് പുരസ്‌കാരം നല്‍കുന്നത്. കഴിഞ്ഞ ജനീവ മോട്ടോര്‍ ഷോയിലാണ് റേസ്‌മോ പ്രഥമ ദര്‍ശനം നല്‍കിയത്.

ഇറ്റലിയിലെ ടൂറിനിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഡിസൈന്‍ സ്റ്റുഡിയോയിലാണ് റേസ്‌മോ രൂപകല്‍പ്പന ചെയ്തത്. ഹുമാനിറ്റി ലൈന്‍, സ്ലിംഗ്‌ഷോട്ട് ലൈന്‍, ഡയമണ്ട് ഡിഎല്‍ഒ തുടങ്ങി ടാറ്റ മോട്ടോഴ്‌സിന്റെ ഇംപാക്റ്റ് ഡിസൈന്‍ പ്രത്യേതകളെല്ലാം ടാറ്റ റേസ്‌മോയില്‍ കാണാം.

ഓട്ടോമോട്ടീവ് ഡിസൈന്‍ സംബന്ധിച്ച ജര്‍മ്മന്‍ ഡിസൈന്‍ കൗണ്‍സിലിന്റെ ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത് അഭിമാന നിമിഷമാണെന്ന് ടാറ്റ മോട്ടോഴ്‌സ് സിഇഒ ആന്‍ഡ് എംഡി ഗുന്ദര്‍ ബുഷെക് പറഞ്ഞു. ഗ്ലോബല്‍ ടാറ്റ മോട്ടോഴ്‌സ് ഡിസൈന്‍ ടീമിന്റെ വൈദഗ്ധ്യം മനസ്സിലാക്കിയുള്ള സാക്ഷ്യപത്രമാണ് ഈ അവാര്‍ഡെന്നും അദ്ദേഹം പ്രസ്താവിച്ചു. ടാറ്റ മോട്ടോഴ്‌സിന്റെ ഉപ ബ്രാന്‍ഡായ ടാമോയില്‍നിന്നുള്ള ആദ്യ ഇന്നൊവേഷനാണ് റേസ്‌മോ സ്‌പോര്‍ട്‌സ് കാര്‍. ഉല്‍പ്പന്ന രൂപകല്‍പ്പനയിലും സാങ്കേതികവിദ്യയിലുമുള്ള ഇന്നൊവേഷനും ഡിസ്‌റപ്ഷനും തുടരുമെന്നും ഗുന്ദര്‍ ബുഷെക് വ്യക്തമാക്കി.

ഇറ്റലിയിലെ ടൂറിനിലെ ടാറ്റ മോട്ടോഴ്‌സിന്റെ ഡിസൈന്‍ സ്റ്റുഡിയോയിലാണ് റേസ്‌മോ രൂപകല്‍പ്പന ചെയ്തത്

റേസ്‌മോ ഇന്റര്‍നാഷണല്‍ ഡിസൈന്‍ എക്‌സലന്‍സ് പുരസ്‌കാരം നേടിയത് ടാറ്റ മോട്ടോഴ്‌സ് ഡിസൈന്‍ ടീമിന് വലിയ സന്തോഷം പകരുന്നതായി ഡിസൈന്‍ വിഭാഗം മേധാവി പ്രതാപ് ബോസ് പറഞ്ഞു. ടാറ്റ മോട്ടോഴ്‌സിലെ ഡിസൈന്‍, എന്‍ജിനീയറിംഗ് വിഭാഗങ്ങളുടെ ഭാവാത്മക സഹകരണത്തിന്റെ ഫലമാണ് റേസ്‌മോ എന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രണ്ട് പേര്‍ക്ക് യാത്ര ചെയ്യാവുന്ന സ്‌പോര്‍ട്‌സ് കൂപ്പെയായ റേസ്‌മോ മോഫ്‌ളെക്‌സ് പ്ലാറ്റ്‌ഫോമിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ വികസിപ്പിച്ചെടുത്ത ഇന്ത്യയുടെ ആദ്യ ‘ഫിജിറ്റല്‍’ കാറും ഇന്ത്യയുടെ ആദ്യ കണക്റ്റഡ് കാറുമാണ് റേസ്‌മോ. കണക്റ്റഡ് സാങ്കേതികവിദ്യകളായ ക്ലൗഡ് കംപ്യൂട്ടിംഗ്, അനലിറ്റിക്‌സ്, ജിയോ-സ്‌പേഷ്യല്‍, മാപ്പിംഗ്, ഹ്യൂമന്‍-മെഷീന്‍ ഇന്റര്‍ഫേസ് എന്നിവയുമായി ബന്ധപ്പെട്ട് മൈക്രോസോഫ്റ്റിന്റെ സഹകരണമാണ് ലഭ്യമാക്കിയിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ ഗെയ്മിംഗ് പ്ലാറ്റ്‌ഫോമായ ഫോഴ്‌സയില്‍ ലഭ്യമായ ആദ്യ ഇന്ത്യന്‍ സ്‌പോര്‍ട്‌സ് കാര്‍ കൂടിയാണ് റേസ്‌മോ.

Comments

comments

Categories: Auto