സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് രണ്ട് വര്‍ഷം വരെ സമയമെടുക്കും: ഡെലോയ്റ്റ്

സമ്പദ്‌വ്യവസ്ഥയുടെ തിരിച്ചുവരവിന് രണ്ട് വര്‍ഷം വരെ സമയമെടുക്കും: ഡെലോയ്റ്റ്

സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ചെറുകിട, ഇടത്തരം വ്യവസായങ്ങളെ ഗണ്യമായി ആശ്രയിക്കുന്നു

ന്യൂഡെല്‍ഹി: മാന്ദ്യത്തിലേക്ക് നീങ്ങിയ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവ് നടത്താന്‍ 24 മാസം വരെ സമയമെടുക്കുമെന്ന് ഡെലോയ്റ്റ് ഇന്ത്യ ചെയര്‍മാന്‍ പി ആര്‍ രമേഷ്. 2018 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ സാമ്പത്തിക വളര്‍ച്ച മൂന്ന് വര്‍ഷത്തെ താഴ്ചയായ 5.3 ശതമാനത്തിലെത്തിയതിന്റെ പ്രധാനകാരണങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത് നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി (ജിഎസ്ടി)യുടെ നടപ്പിലാക്കലുമാണ്. മാത്രമല്ല ബാങ്കിംഗ് മേഖല നേരിട്ട വെല്ലുവിളികളും പുരോഗതിക്ക് തടസമായെന്ന് ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി.

ഡൊണാള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ നിലപാടുകള്‍ ഇന്ത്യയുടെ സേവന മേഖലയിലെ നിരവധി തൊഴിലുകളെ ബാധിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇക്കാര്യങ്ങളിലെല്ലാം സമ്പൂര്‍ണ വീണ്ടെടുക്കല്‍ സാധ്യമാകണമെങ്കില്‍ ചുരുങ്ങിയത് 12 മാസമെങ്കിലും വേണ്ടിവരും. ഇത് 24 മാസം വരെ നീളാമെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ആത്യന്തികമായി വീണ്ടെടുക്കല്‍ പ്രക്രിയകള്‍ക്ക് സമയമെടുക്കും. ബാങ്കിംഗ് മേഖലയിലെ ശുദ്ധീകരണം പൂര്‍ണമായിട്ടില്ല. 2019തോടെ ബാങ്കുകള്‍ ബേസല്‍ 3 മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതിലേക്ക് നീങ്ങും. ഇതിനായി വന്‍തോതില്‍ മൂലധനം ആവശ്യമായി വരും. നമ്മുടെ സമ്പദ്‌വ്യവസ്ഥ ഇപ്പോഴും ചെറുകിട, ഇടത്തരം വ്യവസായ (എസ്എംഇ)ങ്ങളെ ഗണ്യമായി ആശ്രയിക്കുന്നു. നോട്ട് അസാധുവാക്കല്‍, ജിഎസ്ടി എന്നിവ ആഘാതം സൃഷ്ടിച്ച പ്രധാന മേഖലകളിലൊന്നാണ് എസ്എംഇകള്‍. നോട്ട് അസാധുവാക്കലിന്റെ ആഘാതം ഹ്രസ്വകാലത്തേക്ക് മാത്രമാണെന്നാണ് കണക്കാക്കിയിരുന്നത്. എന്നാല്‍ ഇതില്‍ നിന്ന് തിരിച്ചുവരുന്നതിനു മുമ്പേ ജിഎസ്ടി എത്തി.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ എന്നിവയോട് അനുകൂലമായാണ് വിദേശ നിക്ഷേപകര്‍ പ്രതികരിച്ചിരുന്നത്. ജിഎസ്ടി പല രാജ്യങ്ങളിലും ഇതിനകം തന്നെ നടപ്പാക്കിയിട്ടുണ്ടെന്നും നമ്മള്‍ നേരത്തേ തന്നെ നടപ്പാക്കേണ്ടതായിരുന്നു എന്നുമാണ് അവര്‍ പറഞ്ഞിട്ടുള്ളത്. കള്ളപ്പണത്തിനെതിരായി ധനമന്ത്രാലയം സ്വീകരിച്ച ബിഇപിഎസ് (ബിസിനസ് ഇറോഷന്‍ ആന്‍ഡ് പ്രോഫിറ്റ് ഷിഫ്റ്റിംഗ്), പിഇഒഎം (പ്ലേസ് ഓഫ് എഫക്ടിവ് മാനേജ്‌മെന്റ്) എന്നീ നടപടികള്‍ ആഗോള മാനദണ്ഡങ്ങളോട് ചേര്‍ന്നു നില്‍ക്കുന്നതാണ്. ഈ സംരംഭങ്ങള്‍ വഴി ബിസിനസ് സുഗമമായി ചെയ്യാവുന്ന രാജ്യങ്ങളെക്കുറിച്ചുള്ള ലോകബാങ്കിന്റെ റാങ്കിംഗില്‍ ഇന്ത്യയുടെ നില മെച്ചപ്പെടുത്താന്‍ സാധിക്കുമെന്ന് കേന്ദ്രം പ്രതീക്ഷിക്കുന്നു.

സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ടുള്ള ജോലികള്‍ക്കുള്ള ഒരു പശ്ചാത്തലം നമ്മള്‍ സൃഷ്ടിക്കേണ്ടതായുണ്ട്. ആവശ്യമുള്ള തൊഴിലുകളുടെയും വിതരണം ചെയ്യപ്പെടുന്ന തൊഴിലാളികളുടെയും എണ്ണത്തില്‍ വലിയ പൊരുത്തക്കേടുണ്ട്. ചിലതരം ജോലികള്‍ സാങ്കേതികവിദ്യ കുറയ്ക്കുമെങ്കിലും മറ്റ് ചില ജോലികള്‍ അവ വര്‍ധിപ്പിക്കും. പാപ്പരത്ത ബില്‍ അടിസ്ഥാനമാക്കിയുള്ള നടപടികള്‍ തുടരുമ്പോള്‍ ആസ്തികള്‍ താഴുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നത് ബാങ്കുകള്‍ക്ക് വലിയ വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments

Categories: Slider, Top Stories