റെറ നാളുകളിലും ഒബ്‌റോയ് റിയല്‍റ്റി കാഴ്ച്ചവെച്ചത് മിന്നുന്ന പ്രകടനം

റെറ നാളുകളിലും ഒബ്‌റോയ് റിയല്‍റ്റി കാഴ്ച്ചവെച്ചത് മിന്നുന്ന പ്രകടനം

സെപ്റ്റംബര്‍ പാദ വരുമാനത്തില്‍ ഒബ്‌റോയ് റിയല്‍റ്റി കൈവരിച്ചത് 20 ശതമാനം വര്‍ധന

മുംബൈ : റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കഴിഞ്ഞ ആറ് മാസക്കാലത്ത് വമ്പിച്ച മാറ്റങ്ങളാണ് സംഭവിച്ചത്. റിയല്‍ എസ്റ്റേറ്റ് (റെഗുലേഷന്‍ ആന്‍ഡ് ഡെവലപ്‌മെന്റ്) നിയമം അഥവാ റെറ, നോട്ട് അസാധുവാക്കല്‍ റിയല്‍റ്റി വിപണിയില്‍ വരുത്തിവെച്ച ആഘാതങ്ങള്‍ എന്നിവ 2017-18 സെപ്റ്റംബര്‍ പാദത്തില്‍ നിക്ഷേപകരുടെ പ്രതീക്ഷകളെ അസ്ഥാനത്താക്കിയിരുന്നു.

എന്നാല്‍ ഈ അനിശ്ചിതത്വങ്ങള്‍ക്കിടയിലും ഗംഭീര പ്രകടനമാണ് ഒബ്‌റോയ് റിയല്‍റ്റി ലിമിറ്റഡ് കാഴ്ച്ചവെച്ചത്. വരുമാനത്തില്‍ മുന്‍ വര്‍ഷം സെപ്റ്റംബര്‍ പാദത്തേക്കാള്‍ 20 ശതമാനം വര്‍ധനയാണ് കമ്പനി കൈവരിച്ചത്. പ്രതീക്ഷിച്ചതിനേക്കാള്‍ 10 ശതമാനം അധികം. മുംബൈ സബര്‍ബനിലെ ചില പ്രോജക്റ്റുകളില്‍ നല്ല വില്‍പ്പന നടന്നതാണ് ഒബ്‌റോയ് റിയല്‍റ്റിക്ക് അനുഗ്രഹമായത്.

ഇതേസമയം ഒബ്‌റോയ് റിയല്‍റ്റിക്കുകീഴിലെ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളില്‍നിന്നുള്ള (മാളുകള്‍ തുടങ്ങിയവ) വാടക വരുമാനം മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ (2016-17 സെപ്റ്റംബര്‍ പാദം) 25 ശതമാനം വര്‍ധിച്ചു. ആകെ വരുമാനം വര്‍ധിക്കുന്നതിന് ഈ വാടക വരുമാനവും ഒബ്‌റോയ് റിയല്‍റ്റിയെ സഹായിച്ചു. ഒക്യുപന്‍സി നിരക്കുകളും വാടക വരുമാനവും വര്‍ധിക്കുന്നതാണ് ഒബ്‌റോയ് മാളുകളുടെ കാര്യത്തില്‍ കണ്ടത്. മിക്ക പ്രോപ്പര്‍ട്ടികളും ആകര്‍ഷകമായ ലൊക്കേഷനുകളില്‍ പണിതുയര്‍ത്താന്‍ കഴിഞ്ഞത് കമ്പനിക്ക് നേട്ടമായി.

സെപ്റ്റംബര്‍ പാദത്തില്‍ ഒബ്‌റോയ് റിയല്‍റ്റിയുടെ ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 400 അടിസ്ഥാന പോയന്റുകള്‍ വര്‍ധിച്ച് 54 ശതമാനത്തിലെത്തി

എന്നാല്‍ ഹോസ്പിറ്റാലിറ്റി, പ്രോപ്പര്‍ട്ടി മാനേജ്‌മെന്റ് സര്‍വീസസ് സെഗ്‌മെന്റുകളില്‍ സ്തംഭനാവസ്ഥ തുടരുകയാണ് ചെയ്തത്. മുന്‍ വര്‍ഷം ഇതേ കാലയളവിലെ അതേ വരുമാനമാണ് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പാദത്തില്‍ നേടാന്‍ കഴിഞ്ഞത്. എന്നാല്‍ കമ്പനിയുടെ ലാഭസാധ്യതകളെ സ്വാധീനിക്കാന്‍ ഈ രണ്ട് സെഗ്‌മെന്റുകള്‍ക്ക് കഴിയില്ല. 2016-17 സെപ്റ്റംബര്‍ പാദവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം സെപ്റ്റംബര്‍ പാദത്തില്‍ ഒബ്‌റോയ് റിയല്‍റ്റിയുടെ ഓപ്പറേറ്റിംഗ് മാര്‍ജിന്‍ 400 അടിസ്ഥാന പോയന്റുകള്‍ വര്‍ധിച്ച് 54 ശതമാനത്തിലെത്തി. വരുമാനത്തിലെന്നപോലെ ഓപ്പറേറ്റിംഗ് മാര്‍ജിന്റെ കാര്യത്തിലും നിഗമനങ്ങള്‍ തെറ്റിച്ചാണ് ഒബ്‌റോയ് റിയല്‍റ്റി നേട്ടം കൊയ്തത്. നിലവിലെ പ്രോജക്റ്റുകളുമായി ബന്ധപ്പെട്ട് നല്‍കുന്ന ഉല്‍സവകാല ഇളവുകളും അധികച്ചെലവുകളും കമ്പനിയുടെ ലാഭസാധ്യതകളെ പ്രതികൂലമായി ബാധിക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

അതേസമയം, ഗ്ലാക്‌സോ സ്മിത്ക്‌ലൈന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ താനെയിലെ 63 ഏക്കര്‍ സ്ഥലം ഏറ്റെടുത്തത് ഒബ്‌റോയ് റിയല്‍റ്റിയുടെ ഓഹരി വില ഉയരുന്നതിന് കാരണമായി. ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്ത മറ്റ് റിയല്‍റ്റി കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ ഒബ്‌റോയ് റിയല്‍റ്റിയുടെ വായ്പാ-ഓഹരി അനുപാതം 0.19 ആണ്. വിപുലീകരണ, ഏറ്റെടുക്കാല്‍ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ ഈ അനുപാതം കമ്പനിക്ക് പ്രചോദനമാകും. ലിസ്റ്റഡ് കമ്പനികളായ ഡിഎല്‍എഫ്, ശോഭ ഡെവലപ്പേഴ്‌സ് എന്നിവയേക്കാള്‍ മികച്ച റവന്യൂ മിക്‌സ് ആണ് ഒബ്‌റോയ് റിയല്‍റ്റിക്കുള്ളത്.

Comments

comments

Categories: Business & Economy