തുടര്‍ച്ചയായ രണ്ടാം തവണയും മാരുതി സുസുകി ഡിസയര്‍ ബെസ്റ്റ് സെല്ലിംഗ് മോഡല്‍

തുടര്‍ച്ചയായ രണ്ടാം തവണയും മാരുതി സുസുകി ഡിസയര്‍ ബെസ്റ്റ് സെല്ലിംഗ് മോഡല്‍

ഒരു ദശാബ്ദത്തോളമായി ഇന്ത്യന്‍ വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് മോഡലായിരുന്നു ആള്‍ട്ടോ

ന്യൂ ഡെല്‍ഹി : മാരുതി സുസുകിയുടെ കോംപാക്റ്റ് സെഡാനായ ഡിസയര്‍ തുടര്‍ച്ചയായ രണ്ടാമത്തെ മാസവും ഇന്ത്യയിലെ ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന മോഡലായി വളര്‍ന്നു. മാരുതിയുടെ ആള്‍ട്ടോ കാറാണ് സെപ്റ്റംബര്‍ മാസത്തിലും ഡിസയറിന് പിന്നിലായിപ്പോയത്. സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കുകളനുസരിച്ച് സെപ്റ്റംബര്‍ മാസത്തില്‍ 31,427 യൂണിറ്റ് പുതിയ ഡിസയറാണ് വിറ്റത്. അതേസമയം ആള്‍ട്ടോയുടെ വില്‍പ്പന 23,830 യൂണിറ്റിലൊതുങ്ങി.

ഓഗസ്റ്റില്‍ 21,521 യൂണിറ്റ് ആള്‍ട്ടോ വിറ്റപ്പോള്‍ ഡിസയറിന്റെ വില്‍പ്പന 26,140 യൂണിറ്റായിരുന്നു. ആള്‍ട്ടോ കാറിനെ ഡിസയര്‍ ആദ്യമായി പിന്നിലാക്കിയതും ഈ ഓഗസ്റ്റിലായിരുന്നു. ഒരു ദശാബ്ദത്തോളമായി ഇന്ത്യന്‍ വിപണിയിലെ ബെസ്റ്റ് സെല്ലിംഗ് മോഡലായിരുന്നു ആള്‍ട്ടോ. സെപ്റ്റംബറിലെ പത്ത് ബെസ്റ്റ് സെല്ലിംഗ് പാസഞ്ചര്‍ വാഹന മോഡലുകളില്‍ ആറെണ്ണവും മാരുതി സുസുകി മോഡലുകളാണ്. ബാക്കി നാലെണ്ണം ഹ്യുണ്ടായ്, റെനോ മോഡലുകളാണ്.

സെപ്റ്റംബറിലെ പത്ത് ബെസ്റ്റ് സെല്ലിംഗ് മോഡലുകളില്‍ ആറെണ്ണവും മാരുതി സുസുകിയുടേതാണ്. ബാക്കി നാലെണ്ണം ഹ്യുണ്ടായ്, റെനോ മോഡലുകളാണ്

പട്ടികയില്‍ മാരുതി സുസുകിയുടെ ബലേനോ എന്ന പ്രീമിയം ഹാച്ച്ബാക്കാണ് മൂന്നാം സ്ഥാനത്ത്. 2016 സെപ്റ്റംബറില്‍ 10,623 യൂണിറ്റാണ് വിറ്റതെങ്കില്‍ 2017 സെപ്റ്റംബറില്‍ വിറ്റുപോയത് 16,238 യൂണിറ്റ് ബലേനോ. മാരുതി സുസുകിയുടെ കോംപാക്റ്റ് കാറായ വാഗണ്‍ആര്‍ നാലാമത് ഇടംപിടിച്ചു. വില്‍പ്പന നടന്നത് 14,649 യൂണിറ്റ്. 16,645 യൂണിറ്റ് വില്‍പ്പനയുമായി 2016 സെപ്റ്റംബറില്‍ മൂന്നാം സ്ഥാനത്തായിരുന്നു വാഗണ്‍ആര്‍.

ഹ്യുണ്ടായുടെ ഗ്രാന്‍ഡ് ഐ10 ഹാച്ച്ബാക്കാണ് അഞ്ചാം സ്ഥാനത്ത്. വിറ്റത് 14,099 യൂണിറ്റ്. മാരുതി സുസുകിയുടെ കോംപാക്റ്റ് എസ്‌യുവി വിറ്റാര ബ്രെസ്സ ആറാം സ്ഥാനത്തും (13,268 യൂണിറ്റ്) സ്വിഫ്റ്റ് ഏഴാമതും (13,193 യൂണിറ്റ്) ഇടംപിടിച്ചു. ഹ്യുണ്ടായുടെ പ്രീമിയം ഹാച്ച്ബാക്ക് എലൈറ്റ് ഐ20 ആണ് എട്ടാമത്. വില്‍പ്പന 11,574 യൂണിറ്റ്. ഹ്യുണ്ടായ് ക്രേറ്റ എസ്‌യുവി ഒമ്പതാം സ്ഥാനത്തും (9,292 യൂണിറ്റ്) റെനോ ക്വിഡ് പത്താം സ്ഥാനത്തുമെത്തി (9,099 യൂണിറ്റ്).

Comments

comments

Categories: Auto