യുണൈറ്റഡ് ബ്രൂവെറീസ് ബോര്‍ഡ് നിന്ന് മല്ല്യ പുറത്തായേക്കും

യുണൈറ്റഡ് ബ്രൂവെറീസ് ബോര്‍ഡ് നിന്ന് മല്ല്യ പുറത്തായേക്കും

മല്ല്യയെ ‘മനപ്പൂര്‍വ്വം കളവ് ചെയ്തയാള്‍’ എന്ന് ബാങ്കുകള്‍ പ്രഖ്യാപിച്ചിരുന്നു

ബെംഗളൂരു: യുണൈറ്റഡ് ബ്രൂവെറീസ് ലിമിറ്റഡി(യുബിഎല്‍)ന്റെ ബോര്‍ഡില്‍ നിന്ന് വിജയ് മല്ല്യയെ നീക്കുമെന്ന് റിപ്പോര്‍ട്ട്. ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ നിന്ന് മല്ല്യയെ ഒഴിവാക്കണമെന്നുള്ള സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി)യുടെ നിര്‍ദേശ പ്രകാരമാണിതെന്ന് യുബിഎല്ലുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തി. ഇന്ത്യയിലേക്ക് മല്ല്യ സ്വമേധയാ മടങ്ങിവരാനുള്ള സാധ്യതകളെ ഇത് കുറയ്ക്കുന്നതായും അദ്ദേഹത്തിന്റെ നോമിനിയെ സംബന്ധിച്ച വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിജയ് മല്ല്യയെ ‘മനപ്പൂര്‍വ്വം കളവ് ചെയ്തയാള്‍’ എന്ന് ബാങ്കുകള്‍ പ്രഖ്യാപിച്ചതിന് ശേഷമാണ് സെബിയുടെ നിര്‍ദേശം വന്നത്. യുബിഎല്ലിലെ സംയുക്ത പങ്കാളികളായ ഹെയ്‌നെകെന്‍ ഇന്റര്‍നാഷണലുമായുള്ള സഹകരണ കരാര്‍ പ്രകാരം മല്ല്യയ്ക്ക് ആജീവനാന്തകാലം കമ്പനി ചെയര്‍മാനായും വിരമിക്കലില്ലാത്ത ഡയറക്റ്ററായും തുടരാന്‍ സാധിക്കും. കമ്പനിയില്‍ നിന്ന് പടിയിറങ്ങുന്നുവെങ്കില്‍ മല്ല്യ തന്നെ തന്റെ പിന്തുടര്‍ച്ചാവകാശിയെ നിശ്ചയിക്കേണ്ടതുണ്ട്. എന്നാല്‍, ഇതു സംബന്ധിച്ച് മല്ല്യയുടെയും ഹെയ്‌നെകെന്റെയും പ്രതികരണം ലഭ്യമായിട്ടില്ല.

ഡയറക്റ്റര്‍മാരില്‍ ഒരാളായ സി വൈ പാലിനെ താല്‍ക്കാലിക ചെയര്‍മാനായി യുബിഎല്‍ നാമനിര്‍ദേശം ചെയ്തിട്ടുണ്ട്. കോര്‍പ്പറേറ്റ് ഭരണക്രമത്തിലെ മാനദണ്ഡങ്ങള്‍ ചൂണ്ടിക്കാട്ടി ചെയര്‍മാനെ നിയമിക്കുന്നതിന് ബോര്‍ഡ് സമ്മര്‍ദ്ദവും ചെലുത്തിവരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ നല്ല നിലയിലാണ് നടക്കുന്നത്. എന്നാല്‍, താല്‍ക്കാലിക ചെയര്‍മാനെ വെച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത് ഒരു മികച്ച കോര്‍പ്പറേറ്റ് ഭരണവ്യവസ്ഥയല്ല. പ്രത്യേകിച്ച്, നിലവിലെ ചെയര്‍മാന്‍ ഡയറക്റ്റര്‍ എന്ന നിലയില്‍ പ്രവര്‍ത്തിക്കാത്തതിനാലും കമ്പനിയുടെ നിയന്ത്രണം സംബന്ധിച്ച് പ്രശ്‌നങ്ങള്‍ നേരിടേണ്ടിവരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാലും-ഒരു ബോര്‍ഡ് അംഗം ചൂണ്ടിക്കാട്ടി.

അനുഭാവം പുലര്‍ത്തുന്ന നിരവധി പേര്‍ മല്ല്യയ്ക്ക് പിന്നിലുണ്ടെങ്കിലും ചെയര്‍മാന്‍ സ്ഥാനത്ത് പിന്‍ഗാമിയെ കണ്ടെത്തുകയെന്നത് അദ്ദേഹത്തിന് ഏറെ വെല്ലുവിളികള്‍ നിറഞ്ഞ കാര്യമാണ്. പ്രത്യേകിച്ച് റെഗുലേറ്ററി സംവിധാനങ്ങളുടെ സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാകേണ്ടിവരുമെന്നതിനാല്‍. അതേസമയം, ഈ വര്‍ഷമവസാനത്തോടു കൂടി മല്ല്യയുടെ പിന്‍ഗാമിയെ പ്രഖ്യാപിക്കുമെന്ന് കമ്പനിയോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. റെഗുലേറ്ററി മാനദണ്ഡങ്ങള്‍ പ്രകാരം ഡയറക്റ്റര്‍ ബോര്‍ഡില്‍ നിന്ന് നീക്കം ചെയ്യപ്പെട്ടാല്‍ മല്ല്യ തന്റെ നോമിനിയെ പ്രഖ്യാപിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുകയാണെങ്കില്‍ ഹെയ്‌നെകെനില്‍ നിന്നൊരു നോമിനിയെ തെരഞ്ഞെടുക്കാന്‍ അദ്ദേഹം നിര്‍ബന്ധിതനായേക്കും-ഉന്നത ഉദ്യോഗസ്ഥരിലൊരാള്‍ പറഞ്ഞു. നിയമപരമായി കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്നും പിന്‍ഗാമിയെ നിയോഗിക്കാന്‍ മല്ല്യയോട് ആവശ്യപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഏകദേശം 9,000 കോടി രൂപയുടെ വായ്പകള്‍ തിരിച്ചടയ്ക്കണമെന്ന് ബാങ്കുകള്‍ ആവശ്യപ്പെട്ടതിനാലും കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് അന്വേഷണ ഏജന്‍സികള്‍ നിര്‍ദേശിച്ചതിനാലും 2016ലാണ് മല്ല്യ ഇന്ത്യ വിട്ട് ബ്രിട്ടനിലേക്ക് കടന്നത്. രാജ്യത്തേക്ക് തിരികെയെത്തിക്കുന്നതിന് ഇന്ത്യ നിരന്തര ശ്രമങ്ങള്‍ നടത്തുന്നതിനിടെ ബ്രിട്ടീഷ് പൊലീസ് അടുത്തിടെ മല്ല്യയെ അറസ്റ്റ് ചെയ്യുകയുണ്ടായി. തെറ്റു ചെയ്തിട്ടില്ലെന്ന് അവകാശപ്പെടുന്ന മല്ല്യ ഇന്ത്യയിലെ വിചാരണയില്‍ തനിക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ലെന്നും പറഞ്ഞിരുന്നു.

Comments

comments

Categories: More