ജിഎസ്ടി ഫയലിംഗ് സുഗമമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു: അജയ് ഭൂഷണ്‍ പാണ്ഡെ

ജിഎസ്ടി ഫയലിംഗ് സുഗമമാക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു: അജയ് ഭൂഷണ്‍ പാണ്ഡെ

നിരവധി പ്രശ്‌നങ്ങള്‍ പരിഹരിക്കാനായതായും ജിഎസ്ടിഎന്‍ ചെയര്‍മാന്‍

ന്യൂഡെല്‍ഹി: ജിഎസ്ടി നെറ്റ്‌വര്‍ക്ക് (ജിഎസ്ടിഎന്‍) നേരിടുന്ന നിരവധി പ്രശ്‌നങ്ങളെ തരണംചെയ്തിട്ടുണ്ടെന്നും തടസങ്ങള്‍ മാറ്റി ഫയലിംഗ് സുഗമമാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും ജിഎസ്ടിഎന്‍ ചെയര്‍മാന്‍ അജയ് ഭൂഷണ്‍ പാണ്ഡെ. ജിഎസ്ടിഎനിന്റെ കാര്യക്ഷമത പരിശോധിക്കുന്നതിന് രൂപീകരിച്ച ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിതല സമിതി ഈ മാസം 28നാണ് അടുത്ത യോഗം ചേരുന്നത് . സെപ്റ്റംബറില്‍ രൂപീകരിച്ച ജിഒഎമ്മിന്റെ മൂന്നാമത്തെ യോഗമാണിത്.

ജിഎസ്ടിഎന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ കൈകാര്യം ചെയ്യുന്ന ഐടി കമ്പനിയായ ഇന്‍ഫോസിസിന്റെ സിഇഒയും യോഗത്തില്‍ പങ്കെടുക്കും. റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ കൂടുതല്‍ സുഗമമാക്കുകയെന്നതാണ് ലക്ഷ്യം. ഐടി നെറ്റ് വര്‍ക്കിന്റെ ഭാവിയിലെ പ്രവര്‍ത്തനം സംബന്ധിച്ച് യോഗത്തില്‍ തീരുമാനിക്കുമെന്നും പാണ്ഡെ വ്യക്തമാക്കി.സോഫ്റ്റ്‌വെയര്‍ സംവിധാനത്തിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് വിവിധ ബിസിനസുകളില്‍ നിന്നുള്ള പ്രതികരണങ്ങളും പരിശോധിക്കും. ജൂലൈയില്‍ 55 ലക്ഷവും, ഓഗസ്റ്റില്‍ 50 ലക്ഷവും റിട്ടേണ്‍ ഫയലിംഗുകളാണ് ജിഎസ്ടിഎന്‍ കൈകാര്യം ചെയ്തത്. അനുവദിച്ചിരുന്ന സമയപരിധിയുടെ അവസാനദിവസമാണ് കൂടുതല്‍ റിട്ടേണുകളും സമര്‍പ്പിക്കപ്പെട്ടത്.

ഒരു പോര്‍ട്ടലില്‍ 50 ലക്ഷം ബിസിനസുകള്‍ റിട്ടേണ്‍ ഫയല്‍ ചെയ്യുന്നത് സമാനതകളില്ലാത്തതാണെന്നും അത്തരത്തില്‍ തിരക്കുപിടിച്ച റിട്ടേണ്‍ ഫയലിംഗ് മൂലം ആദ്യഘട്ടത്തില്‍ ചില പ്രശ്‌നങ്ങളെ നേരിടേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി. ജിഎസ്ടിഎന്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനുള്ള നീക്കത്തിലാണ്. അടുത്ത ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം ജിഎസ്ടിയില്‍ പൊളിച്ചെഴുത്ത് അനിവാര്യമാണെന്ന് കേന്ദ്ര റവന്യു സെക്രട്ടറി ഹസ്മുഖ് ആദിയ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ബുദ്ധിമുട്ടുകള്‍ മറികടന്ന് ജിഎസ്ടി സ്ഥിരത കൈവരിക്കുന്നതിന് ഒരു വര്‍ഷമെങ്കിലും എടുക്കും. ചെറുകിട, ഇടത്തരം കച്ചവടക്കാര്‍ക്ക് മേലുള്ള നികുതി ഭാരം കുറയ്ക്കുന്ന കാര്യം പരിഗണനയിലുണ്ട്. അതിന് പ്രത്യേക കമ്മിറ്റിയെ നിയോഗിച്ചിട്ടുണ്ട്. നവംബര്‍ 10ന് കേന്ദ്രധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ അധ്യക്ഷതയില്‍ ഗുവാഹട്ടിയില്‍ നടക്കുന്ന ജിഎസ്ടി കൗണ്‍സില്‍ ഇക്കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇക്കാര്യത്തില്‍ പെട്ടെന്ന് തന്നെ തീരുമാനം കൈക്കൊണ്ടാലും പ്രാവര്‍ത്തികമാക്കാന്‍ എത്ര സമയമെടുക്കുമെന്ന കാര്യം പറയാന്‍ സാധിക്കില്ലെന്നും ആദിയ പറഞ്ഞു.

Comments

comments

Categories: Slider, Top Stories