ഇന്ത്യയില്‍ ക്വിഡ് പ്ലാറ്റ്‌ഫോമില്‍ റെനോ പുതിയ എംപിവി അവതരിപ്പിക്കും

ഇന്ത്യയില്‍ ക്വിഡ് പ്ലാറ്റ്‌ഫോമില്‍ റെനോ പുതിയ എംപിവി അവതരിപ്പിക്കും

റെനോ-നിസ്സാന്റെ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും കോംപാക്റ്റ് എംപിവി നിര്‍മ്മിക്കുന്നത്

ന്യൂ ഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ കോംപാക്റ്റ് മള്‍ട്ടി പര്‍പസ് വാഹനം (എംപിവി) അവതരിപ്പിക്കും. നാല് മീറ്ററില്‍ കുറവ് നീളം വരുന്ന ഈ വാഹനം പുറത്തിറക്കുന്ന കാര്യം ഗ്രൂപ്പ് റെനോ ചീഫ് കോംപിറ്റീറ്റിവ് ഓഫീസര്‍ തിയറി ബൊളോര്‍ സ്ഥിരീകരിച്ചു.

ഇന്ത്യയില്‍ വര്‍ഷം തോറും ഓരോ കാര്‍ പുറത്തിറക്കുകയാണ് ലക്ഷ്യമെന്ന് റെനോ ഇന്ത്യ എംഡി ആന്‍ഡ് സിഇഒ സുമിത് സാഹ്നി ഒക്‌റ്റോബറില്‍ വ്യക്തമാക്കിയിരുന്നു. ആറ് വര്‍ഷം മുമ്പ് ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയ റെനോ നിലവില്‍ ക്വിഡ്, ഡസ്റ്റര്‍, ലോഡ്ജി എന്നീ മൂന്ന് കാറുകളാണ് ഇവിടെ വില്‍ക്കുന്നത്.

റെനോ-നിസ്സാന്റെ സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിലായിരിക്കും പുതിയ കോംപാക്റ്റ് എംപിവി നിര്‍മ്മിക്കുന്നത്. ക്വിഡ്, ഡാറ്റ്‌സണ്‍ റെഡി-ഗോ മോഡലുകള്‍ നിര്‍മ്മിച്ചത് ഈ ചെലവുകുറഞ്ഞ പ്ലാറ്റ്‌ഫോമിലാണ്. ഡാറ്റ്‌സണ്‍ നിലവില്‍ ഇന്ത്യന്‍ വിപണിയില്‍ സബ്-4 മീറ്റര്‍ എംപിവി വില്‍ക്കുന്നുണ്ട്. എന്നാല്‍ നിസ്സാന്റെ വി പ്ലാറ്റ്‌ഫോമിലാണ് ഈ വാഹനം നിര്‍മ്മിച്ചിരിക്കുന്നത്.

ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന പുതിയ എംപിവിയുടെ വില 4 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും

റെനോയുടെ ലോഡ്ജി എന്ന എംപിവിയുടെ അടിസ്ഥാനം ഡസ്റ്ററിന്റെ ബി0 എന്ന പ്ലാറ്റ്‌ഫോമാണ്. ലോഡ്ജിയുടെ താഴെയായിരിക്കും പുതിയ എംപിവിയുടെ സ്ഥാനം. എന്‍ജിന്‍ കാര്യങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ പെട്രോള്‍, ഡീസല്‍ വകഭേദങ്ങള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മാത്രമല്ല വാഹനത്തില്‍ ഏഴ് പേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയും. 2019 അവസാനത്തോടെ പുതിയ എംപിവിയുടെ ഉല്‍പ്പാദനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4 മുതല്‍ 7 ലക്ഷം രൂപ വരെയായിരിക്കും വില.

2017-2022 കാലയളവിലേക്കായി ‘ഡ്രൈവ് ദ ഫ്യൂച്ചര്‍’ എന്ന പേരില്‍ ഗ്രൂപ്പ് റെനോ പുതിയ പദ്ധതി പ്രഖ്യാപിച്ചിരിക്കുകയാണ്. വരുമാനം 70 ബില്യണ്‍ യൂറോയായി വര്‍ധിപ്പിക്കുകയാണ് പ്രധാന ലക്ഷ്യം.

Comments

comments

Categories: Auto