ഉയരം കൂടിയ സൈക്കിളില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം

ഉയരം കൂടിയ സൈക്കിളില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം

സൈക്കിള്‍ നിര്‍മിതിയില്‍ വ്യത്യസ്ത രൂപകല്‍പ്പനകളുമായി ചണ്ഡിഗഢ് സ്വദേശി. ഏറ്റവും ഉയരം കൂടിയ സൈക്കിളുകള്‍ സ്വയം നിര്‍മിച്ച് കിലോമീറ്ററോളം സവാരി നടത്തിയാണ് രാജീവ് കുമാര്‍ റെക്കോര്‍ഡിടുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സൈക്കിളില്‍ ചണ്ഡിഗഢില്‍ നിന്നും മുംബൈയിലേക്ക് 1650 കിലോമീറ്റര്‍ യാത്ര ചെയ്ത് ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് രാജീവിന്റെ അടുത്ത ലക്ഷ്യം

ഒരു സാധാരണ സൈക്കിളിന്റെ വലുപ്പം നമുക്ക് പരിചിതമാണ്. എന്നാല്‍ മനുഷ്യന്റെ ഇരട്ടിയിലധികം ഉയരത്തിലുള്ള സൈക്കിളായാലോ? ഇത്തരത്തിലൊരു സൈക്കിള്‍ നിര്‍മിച്ച് ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടിരിക്കുകയാണ് ചണ്ഡിഗഢ് സ്വദേശിയായ രാജീവ് കുമാര്‍.

ജോണി എന്ന പേരിലാണ് രാജീവ് കുമാര്‍ പ്രദേശ വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സ്വന്തം സൈക്കിള്‍ പുനര്‍ രൂപകല്പ്പന ചെയ്ത് ആദ്യം എട്ടടി ആറിഞ്ച് ഉയരത്തിലുളള സൈക്കിളാക്കി മാറ്റി. പിന്നീട് ഇതിന്റെ ഉയരം വീണ്ടും വര്‍ധിപ്പിച്ച് പത്തടി രണ്ടിഞ്ചാക്കി മാറ്റിയാണ് ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യമിട്ടിരിക്കുന്നത്. തന്റെ സൈക്കിളിലൂടെ ഇതിനോടകം ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡില്‍ കയറിപ്പറ്റിയ രാജീവിന് ആളുകള്‍ സൈക്കിള്‍ സവാരിയിലേക്ക് തിരിയണമെന്ന അഭിപ്രായമാണുള്ളത്. ഇത് അന്തരീക്ഷ മലിനീകരണം കുറയ്ക്കാന്‍ ഏറെ സഹായിക്കുമെന്ന് ബാര്‍കോഫ്റ്റ് ടെലിവിഷനു നല്‍കിയ അഭിമുഖത്തില്‍ രാജീവ് സൂചിപ്പിച്ചു. ഭൂമിയില്‍ ജനിക്കാന്‍ അവസരം ലഭിച്ച നമ്മള്‍ ഇവിടെ വ്യത്യസ്തമായ എന്തെങ്കിലും ചെയ്യണം. ഈ ചിന്തയില്‍ നിന്നാണ് ഞാന്‍ ഇത്തരത്തില്‍ സൈക്കിള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്,” രാജീവ് പറയുന്നു.

ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ സൈക്കിളാണ് ഈ പുതിയ നിര്‍മിതിയെങ്കിലും രാജീവ് നിര്‍മിച്ച സൈക്കിളുകളില്‍ ഏറ്റവും ഉയരം കൂടിയത് ഇതല്ല എന്നതാണ് യാഥാര്‍ത്ഥ്യം. 1999 ല്‍ ഈ യുവാവ് നിര്‍മിച്ച സൈക്കിളിന്റെ ഉയരം 13 അടി ആയിരുന്നു. എന്നാല്‍ നഗര പരിധിയില്‍ ഈ സൈക്കിള്‍ ഉപയോഗിക്കുന്നത് അധികാരികള്‍ നിഷേധിച്ചതോടെ സൈക്കിള്‍ അഴിച്ചു പണിയേണ്ടി വന്നു. ടീനേജ് പ്രായത്തില്‍ തന്നെ ഇത്തരം സൈക്കിളിന്റെ നിര്‍മിതിയിലേക്ക് ഇറങ്ങിത്തിരിച്ച രാജീവ് സൈക്കിള്‍ നിര്‍മാണത്തെ ഒരു കലയായിട്ടാണ് കാണുന്നത്. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് ഏഴടി ആറിഞ്ച് ഉയരമുള്ള സൈക്കിളില്‍ ചണ്ഡിഗഢില്‍ നിന്നും ഡെല്‍ഹിയിലേക്ക് 16 മണിക്കൂര്‍ ദൂരം സഞ്ചരിച്ചാണ് രാജീവ് ലിംകാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടം കരസ്ഥമാക്കിയത്.

തുടക്കത്തില്‍ ചണ്ഡിഗഢിലെ റോഡുകളില്‍ ഉയരം കൂടിയ സൈക്കിള്‍ ഓടിക്കുന്നതിന് ഏറെ ബുദ്ധിമുട്ടായായിരുന്നുവെന്നും ആളുകളില്‍ ഈ സൈക്കിള്‍ സവാരി ഭയമുണ്ടാക്കിയിരുന്നതായും രാജിവ് പറയുന്നു. രാജീവിന്റെ ഈ സൈക്കിള്‍ നിര്‍മിതിയിലുള്ള പാഷനില്‍ ഇന്ന് ഭാര്യയടക്കമുള്ളവര്‍ പിന്തുണ നല്‍കുന്നുണ്ട്. മറ്റാരുടേയും സഹായമില്ലാതെ രാജീവ് ഒറ്റയ്ക്കാണ് സൈക്കിള്‍ നിര്‍മാണം. ഇതിനാവശ്യമായ ചെലവും സ്വന്തം പോക്കറ്റില്‍ നിന്നുതന്നെ. ഇപ്പോഴത്തെ ഏറ്റവും പുതിയ സൈക്കിളിന് 80,000 രൂപയാണ് ചെലവായത്. സൈക്കിളില്‍ ചണ്ഡിഗഢില്‍ നിന്നും മുംബൈയിലേക്ക് 1650 കിലോമീറ്റര്‍ പൂര്‍ത്തിയാക്കി ഗിന്നസ് ബുക്ക് റെക്കോര്‍ഡ് സ്വന്തമാക്കുകയാണ് രാജീവിന്റെ അടുത്ത ലക്ഷ്യം.

Comments

comments

Categories: FK Special