പേസ് മികവില്‍ ആകാശം കീഴടക്കി ശിഖ

പേസ് മികവില്‍ ആകാശം കീഴടക്കി ശിഖ

പ്രൊഫഷണല്‍ ക്രിക്കറ്റിലേക്ക് ഏറെ വൈകി വന്ന താരമാണ് ശിഖ പാണ്‍ഡെ. രണ്ടാം വര്‍ഷ എന്‍ജിനീയറിംന് പഠിക്കുമ്പോഴാണ് അവര്‍ ഒദ്യോഗിക ക്രിക്കറ്റ് പരിശീലനത്തിലേക്ക് കടക്കുന്നത്. 2014ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ ഇടം പിടിച്ച ഈ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥ വെറും മൂന്നു വര്‍ഷത്തിനുള്ളില്‍ വനിതാ ലോകകപ്പിലുള്‍പ്പെടെ തിളങ്ങുന്ന നേട്ടവുമായി ഇന്ത്യയുടെ അഭിമാന താരമായി മാറിയിരിക്കുന്നു. ബാറ്റിംഗ് നിരയില്‍ പിന്നിലാണെങ്കിലും ഇന്ത്യന്‍ ടീമിലെ മികച്ച പേസ് ബൗളര്‍മാരിലൊരാളാണ് ഈ ഗോവന്‍ സ്വദേശിനി

മെന്‍ ഇന്‍ ബ്ലൂ എന്നു കേട്ടാല്‍ ഏവര്‍ക്കും പരിചിതമാണ്. ഈ പേരിനു മറുവാക്കു ചാര്‍ത്തി നല്‍കിയ വിമന്‍ ഇന്‍ ബ്ലൂ ക്രിക്കറ്റ് ടീമിന് ഇന്ന് ആരാധകര്‍ ഏറി വരികയാണ്. വനിതാ ക്രിക്കറ്റിനു ഭാവിയില്ലെന്നും കാഴ്ചക്കാരില്ലെന്നും പറഞ്ഞവര്‍ക്കിടയിലേക്കാണ് 2017 ഐസിസി വനിതാ ലോക കപ്പ് ക്രിക്കറ്റിന്റെ ഫൈനലിലേക്കുവരെ നമ്മുടെ പെണ്‍പുലിക്കുട്ടികള്‍ ചെന്നു കയറിയത്. ലോകമെമ്പാടും സാക്ഷിയായി ഇന്ത്യന്‍ വനിതാ ടീമിനെ വാനോളം പുകഴ്ത്തിയ മത്സരമായിരുന്നു ഈ വര്‍ഷത്തെ വനിതാ ലോകകപ്പ് എന്നു പ്രത്യേകം പറയേണ്ടതില്ല. ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിയ വനിതാ സംഘം ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും ആ പോരാട്ടം നമ്മളാരും ഇനിയും മറക്കാറായിട്ടില്ല എന്നതാണ് വാസ്തവം. വിമന്‍ ഇന്‍ ബ്ലൂവിന്റെ ഭാഗമായി മത്സരത്തിലും ഔദ്യോഗിക പദവിയിലും നീലയണിയുന്ന ഒരാളുണ്ട്, ശിഖാ പാണ്‍ഡെ. ലോക വനിതാ ക്രിക്കറ്റിലെ മികച്ച താരോദയമായി വളര്‍ന്ന ശിഖ, കളിക്കളത്തില്‍ ഓള്‍റൗണ്ടര്‍ പദവിയാണെങ്കിലും കളത്തിനു പുറത്ത് ഇന്ത്യയുടെ അഭിമാനം കാക്കുന്ന, ആകാശത്തില്‍ അതിര്‍ വരമ്പുകള്‍ ഭേദിക്കുന്ന ഉദ്യോഗസ്ഥ കൂടിയാണ്. ഇന്ത്യന്‍ ഫോഴ്‌സിലെ ഫ്‌ളൈറ്റ് ലഫ്റ്റനന്റാണ് ഗോവ സ്വദേശിയായ ശിഖാ പാണ്‍ഡെ. ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ റൈറ്റ് ആം മീഡിയം പേസ് ബൗളറാണ് ഈ ഇരുപത്തിയെട്ടുകാരി.

ശിഖയ്ക്ക് എട്ട് വയസുള്ളപ്പോഴാണ് അവരുടെ കുടുംബം ഉത്തര്‍ പ്രദേശില്‍ നിന്നും ഗോവയിലേക്ക് പറിച്ചു നടപ്പെട്ടത്. ചെറുപ്പം മുതല്‍ ക്രിക്കറ്റ് കളിച്ചു തുടങ്ങിയതാണ് ശിഖ. കേന്ദ്രീയ വിദ്യാലയത്തില്‍ ഹിന്ദി അധ്യാപകനായ പിതാവിനൊപ്പം ടിവിയില്‍ കളികണ്ടു തുടങ്ങിയ പെണ്‍കുട്ടി ആ പ്രദേശത്തെ ആണ്‍കുട്ടികള്‍ക്കൊപ്പമാണ് ക്രിക്കറ്റ് കളിച്ചു പരിശീലിച്ചത്. സ്‌കൂള്‍ പഠനം കഴിഞ്ഞതോടെ മുഴുവന്‍ സമയവും ക്രിക്കറ്റ് കളിയിലായി ശ്രദ്ധ. ഹയര്‍ സെക്കന്ററി തലം മുതല്‍ ഗോവയിലെ ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ പങ്കെടുത്തു തുടങ്ങിയിരുന്നെങ്കിലും ഇന്ത്യന്‍ ക്രിക്കറ്റിലെ ഈ വനിതാ പ്രതിഭ ക്രിക്കറ്റില്‍ പ്രൊഫഷണല്‍ പരിശീലനമൊന്നും നേടിയിരുന്നില്ല. ഗോവയ്ക്കു വേണ്ടി മൂന്ന് അര്‍ധ സെഞ്ച്വറികള്‍ നേടി ശ്രദ്ധ നേടിയപ്പോള്‍ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് മേധാവി ക്രിക്കറ്റിനെ ഗൗരവമായി കാണുന്നില്ലേ എന്ന ചോദ്യം ഉന്നയിച്ചതാണ് ശിഖയ്ക്ക് കൂടുതല്‍ പ്രചോദനം നല്‍കിയത്. ഇതോടെ 2008 മുതല്‍ താരം ക്രിക്കറ്റില്‍ ഒദ്യോഗിക പരിശീലനം നേടിത്തുടങ്ങി. അന്ന് ശിഖയ്ക്ക് 19 വയസ്. ഗോവയ്ക്കു വേണ്ടി കളിച്ചതിനു ശേഷം 2010ല്‍ ഇന്ത്യ എ- ടീമില്‍ ഇംഗ്ലണ്ടിനെതിരെയും 2011ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള മത്സരത്തിലും അവര്‍ പങ്കെടുത്തു.

2014 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരായ ടി-20 മത്സരത്തിലായിരുന്നു ശിഖയുടെ അരങ്ങേറ്റം. അതേ വര്‍ഷം ജൂലൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പ്രഥമ അന്താരാഷ്ട്ര ഏകദിന മത്സരത്തിലും ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെനെതിരായി ആദ്യ ടെസ്റ്റ്് പരമ്പരയിലും പങ്കെടുക്കുകയുണ്ടായി. ഈ മത്സരത്തില്‍ മിതാലി രാജിനൊപ്പം നേടിയ 68 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ശിഖയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സായി വിലയിരുത്തപ്പെടുന്നത് അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ അവര്‍ നേടിയ റെക്കോര്‍ഡ് നേട്ടമാണ്. 2014ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 59 റണ്‍സും മൂന്നും വിക്കറ്റും നേടിയാണ് ശിഖ ചരിത്രം കുറിച്ചത്

അവസാന വര്‍ഷ എന്‍ജിനീയറിംഗ് കാലയളവ് ശിഖയെ സംബന്ധിച്ചിടത്തോളം വളരെ നിര്‍ണായകമായ തീരുമാനങ്ങളിലേക്കാണ് നയിച്ചത്. ഇക്കാലയളവില്‍ ശിഖയ്ക്ക് ലഭിച്ച മള്‍ട്ടി നാഷണല്‍ കമ്പനികളിലെ ജോലി വേണ്ടെന്നു വെച്ചത് ക്രിക്കറ്റിനോടുള്ള ഭ്രമം കൊണ്ടുതന്നെ. ” മൂന്നു പ്രമുഖ കമ്പനികളില്‍ ജോലി ലഭിച്ചെങ്കിലും അവരാരുംതന്നെ ജോലിക്കൊപ്പം ക്രിക്കറ്റ് കളിക്കാന്‍ അുവദിച്ചിരുന്നില്ല. എന്നാല്‍ പുരുഷന്‍മാര്‍ക്ക് ഈ ആനുകൂല്യം നല്‍കുകയും ചെയ്തിരുന്നു. ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വരുമെന്നതിനാണ് മികച്ച വരുമാനം ലഭിക്കുമായിരുന്ന ആ ജോലികള്‍ വേണ്ടെന്നു വെച്ചത്,” ശിഖ പറയുന്നു. പിന്നീട് ഒരു വര്‍ഷം പഠനം പാതി വഴിയില്‍ നിര്‍ത്തി ക്രിക്കറ്റ് കരിയറില്‍ മാത്രമായിരുന്നു ശ്രദ്ധ. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ടീമില്‍ കയറിപ്പറ്റാനുള്ള ശ്രമങ്ങള്‍ അന്നു ഫലവത്തായില്ല. ക്രിക്കറ്റിനൊപ്പം പഠനത്തിലും മികവ് പുലര്‍ത്തിയ ശിഖ പിന്നീട് പഠനം തുടരുകയും ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗില്‍ ബിരുദം നേടുകയും ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്കുള്ള പൊതു പരീക്ഷ എഴുതിയ ശിഖയ്ക്ക് സെലക്ഷന്‍ കിട്ടി. പരിശീലനം കഴിഞ്ഞ് ഐഎഎഫ് കേഡറ്റായപ്പോള്‍ തന്റെ ക്രിക്കറ്റ് മോഹങ്ങള്‍ പൊലിയുമോ എന്ന ഭയമുണ്ടായിരുന്നതായി ശിഖ പറയുന്നു. എന്നാല്‍ കമ്മീഷനിംഗ് കഴിഞ്ഞതോടെ ക്രിക്കറ്റ് കളിക്കാന്‍ തന്നെ അനുവദിക്കണമെന്ന് കാണിച്ച് ശിഖ എയര്‍ ഫോഴ്‌സ് സ്‌പോര്‍ട്‌സ് കണ്‍ട്രോള്‍ ബോര്‍ഡിനെ സമീപിച്ചു. ഇത്തരത്തിലുള്ള ഒരു അപേക്ഷ ബോര്‍ഡില്‍ ലഭിക്കുന്നത് ആദ്യമായിട്ടായിരുന്നു. ഐഎഎഫ് പുരുഷ ക്രിക്കറ്റ് ടീം ഉണ്ടെങ്കിലും ഒരു സ്ത്രീ അന്തര്‍ദേശീയ ക്രിക്കറ്റ് കളിക്കാന്‍ അവസരം ചോദിച്ച സംഭവം പുതുമയായി. ബോര്‍ഡ് ശിഖയുടെ ആഗ്രഹത്തോട് അനുഭാവപൂര്‍വമായ നിലപാട് സ്വീകരിച്ചതോടെ ഫ്‌ളൈറ്റ് ലഫ്റ്റനന്റ് ഓഫീസറായ ശിഖയ്ക്ക് 2014ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാന്‍ അവസരം ലഭിച്ചു. എയര്‍ ഫോഴ്‌സില്‍ നിന്നും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് എത്തുന്ന ആദ്യ വനിതാ താരമാണ് ശിഖ. ഇതു മാത്രമല്ല ഗോവയില്‍ നിന്നും ഇന്ത്യന്‍ ടീമിലെത്തുന്ന ആദ്യ വനിതാ താരവും ശിഖ തന്നെയാണ്.

2014 മാര്‍ച്ചില്‍ ബംഗ്ലാദേശിനെതിരായ ടി-20 മത്സരത്തിലായിരുന്നു ശിഖയുടെ അരങ്ങേറ്റം. അതേ വര്‍ഷം ജൂലൈയില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ പ്രഥമ അന്താരാഷ്ട്ര ഏകദിന മത്സരത്തിലും ഓഗസ്റ്റില്‍ ഇംഗ്ലണ്ടിനെനെതിരായി ആദ്യ ടെസ്റ്റ് പരമ്പരയിലും പങ്കെടുക്കുകയുണ്ടായി. ഈ മത്സരത്തില്‍ മിതാലി രാജിനൊപ്പം നേടിയ 68 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ്പ് ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. ശിഖയുടെ കരിയറിലെ മികച്ച പെര്‍ഫോമന്‍സായി വിലയിരുത്തപ്പെടുന്നത് അന്താരാഷ്ട്ര ഏകദിന മത്സരത്തില്‍ അവര്‍ നേടിയ റെക്കോര്‍ഡ് നേട്ടമാണ്. 2014ല്‍ സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ പുറത്താകാതെ 59 റണ്‍സും മൂന്നും വിക്കറ്റും നേടിയാണ് ശിഖ ചരിത്രം കുറിച്ചത്. മൂന്നു വര്‍ഷത്തിനുള്ളില്‍ 2 ടെസ്റ്റ്, 32 ഏകദിന മത്സങ്ങള്‍, 22 ടി-20 എന്ന കരിയര്‍ ഗ്രാഫുമായി ഈ ഗോവ സ്വദേശി ഇന്ത്യയുടെ അഭിമാന പോരാട്ടത്തിനായി കുതിക്കുകയാണ്. 2017ല്‍ വനിതാ ലോക കപ്പില്‍ പങ്കെടുത്ത് ടീം മികച്ച പ്രകടനം കാഴ്ച വെച്ചെങ്കിലും കപ്പില്‍ മുത്തമിടാന്‍ ഇന്ത്യന്‍ വനിതകള്‍ക്കായില്ല. എന്നിരുന്നാലും വനിതാ ലോക കപ്പിന് ആരാധകരേറിയത് ശിഖയ്ക്കും കൂട്ടര്‍ക്കും ഏറെ സന്തോഷം നല്‍കുന്നുണ്ട്. ഇത്തവണത്തെ എല്ലാ മത്സരങ്ങളും ടെലിവിഷനിലൂടെ സംപ്രേക്ഷണം ചെയ്തിരുന്നു. ആരാധകര്‍ ഏറി വരുന്നത് തീര്‍ച്ചയായും വനിതാ ക്രിക്കറ്റിന് പ്രചോദനം നല്‍കുന്ന ഒന്നാണെന്നും ശിഖ പറയുന്നു. ലോകകപ്പിലെ മികച്ച പ്രകടനം മുന്‍നിര്‍ത്തി ചീഫ് ഓഫ് എയര്‍സ്റ്റാഫ് എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവയില്‍ നിന്നും ശിഖ അവാര്‍ഡും കരസ്ഥമാക്കിയിരുന്നു.

Comments

comments

Categories: FK Special, Slider