ആഭ്യന്തര ബൈക്ക് വില്‍പ്പനയില്‍ ബജാജിനെ പിന്തള്ളി ഹോണ്ട രണ്ടാമത്

ആഭ്യന്തര ബൈക്ക് വില്‍പ്പനയില്‍ ബജാജിനെ പിന്തള്ളി ഹോണ്ട രണ്ടാമത്

ബജാജിന്റെ വില്‍പ്പനയില്‍ 10.45 ശതമാനത്തിന്റെ ഇടിവ് സംഭവിച്ചതായി സിയാം

ന്യൂ ഡെല്‍ഹി : ഇന്ത്യന്‍ വിപണിയിലെ ബൈക്ക് വില്‍പ്പനയില്‍ ബജാജ് ഓട്ടോയെ പിന്തള്ളി ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഈ സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയിലെ വില്‍പ്പന കണക്കുകളുടെ അടിസ്ഥാനത്തിലാണിത്.

ഈ സാമ്പത്തിക വര്‍ഷത്തെ ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ആഭ്യന്തര വിപണിയില്‍ ഹോണ്ട 10,48,143 മോട്ടോര്‍സൈക്കിളുകളാണ് വിറ്റത്. 19.8 ശതമാനത്തിന്റെ വളര്‍ച്ച. അതേസമയം ബജാജ് ഓട്ടോ വിറ്റതാകട്ടെ 10,10,559 യൂണിറ്റ് മോട്ടോര്‍സൈക്കിളുകള്‍. ബജാജിന്റെ വില്‍പ്പനയില്‍ 10.45 ശതമാനത്തിന്റെ ഇടിവാണ് സംഭവിച്ചതെന്ന് സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബീല്‍ മാനുഫാക്ച്ചറേഴ്‌സിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 2016-17 സാമ്പത്തിക വര്‍ഷത്തെ ആദ്യ പകുതിയില്‍ ഹോണ്ട 8,74,852 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളും ബജാജ് 11,28,425 യൂണിറ്റ് മോട്ടോര്‍സൈക്കിളുകളുമാണ് വിറ്റത്.

മാര്‍ക്കറ്റ് ലീഡറായ ഹീറോ മോട്ടോകോര്‍പ്പ് തങ്ങളുടെ അധീശത്വം തുടരുന്ന കാഴ്ച്ച വ്യക്തമാണ്. 10.2 ശതമാനം വളര്‍ച്ചയാണ് ഹീറോ നേടിയിരിക്കുന്നത്. 2016 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ 30,34,504 യൂണിറ്റ് മോട്ടോര്‍സൈക്കിളാണ് ഹീറോ വിറ്റതെങ്കില്‍ 2017 ലെ ഇതേ സമയത്ത് 33,44,292 മോട്ടോര്‍സൈക്കിളുകള്‍ വില്‍ക്കാന്‍ ഹീറോ മോട്ടോകോര്‍പ്പിന് കഴിഞ്ഞു.

സ്‌കൂട്ടര്‍ സെഗ്‌മെന്റില്‍ ചെന്നൈ ആസ്ഥാനമായ ടിവിഎസ് മോട്ടോര്‍ കമ്പനിക്ക് മുന്നില്‍ ഹീറോ മോട്ടോകോര്‍പ്പിന് അടിതെറ്റി. രണ്ടാം സ്ഥാനം ടിവിഎസ് നേടി. ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ഹീറോയുടെ സ്‌കൂട്ടര്‍ വില്‍പ്പന 1.12 ശതമാനം ഇടിഞ്ഞു. എന്നാല്‍ ടിവിഎസ് 41.3 ശതമാനം വളര്‍ച്ചയാണ് ഈ കാലയളവില്‍ കൈവരിച്ചത്.

Comments

comments

Categories: Auto